ദേശീയതലത്തിൽ വോളിബോൾ, ഫുട്ബോൾ താരം ആയിരുന്ന അരുണിമ സിൻഹയ്ക്ക് 2011-ൽ ദാരുണമായ ഒരു അനുഭവമുണ്ടായി. ട്രെയിൻ യാത്രയ്ക്കിടെ ആയിരുന്നു സംഭവം…
ഒരു സംഘം മോഷ്ടാക്കൾ അരുണിമയുടെ സ്വർണ്ണമാല തട്ടിയെടുക്കാൻ ശ്രമിക്കുകയും അത് തടഞ്ഞ അവളെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്തു.
എതിരെ വന്ന മറ്റൊരു ട്രെയിൻ അരുണിമയുടെ ഇടതുകാലിലൂടെ കയറിയിറങ്ങി. രാത്രി മുഴുവൻ ട്രാക്കിൽ കിടന്ന അവൾ അടുത്ത ദിവസം രാവിലെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഒടുവിൽ ഡോക്ടർമാർക്ക് അവളുടെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച നാല് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ആ പ്രദേശത്തെ പിടിച്ചുപറി സംഘങ്ങളിൽ ഉൾപ്പെട്ടവരായിരുന്നു.
കേസിന്റെ തുടക്കത്തിൽ അരുണിമ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും അല്ലെങ്കിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതുകൊണ്ട് ചാടിയതാണെന്നും വരുത്തിത്തീർക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ അലഹബാദ് ഹൈക്കോടതി ഇതിൽ ഇടപെടുകയും റെയിൽവേ പോലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
അരുണിമയുടെ ഭാഗത്ത് തെറ്റില്ലെന്ന് കോടതി വിധിച്ചു. റെയിൽവേയോട് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു.
അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിച്ചെങ്കിലും, ആ രാത്രി റെയിൽവേ ട്രാക്കിൽ സഹായമില്ലാതെ കിടന്ന മണിക്കൂറുകളും പിന്നീട് നേരിടേണ്ടി വന്ന മാനസിക വിഷമങ്ങളും അരുണിമയ്ക്ക് ചെറുതായിരിക്കില്ല. എന്നിട്ടും, അവൾ ആ യാഥാർഥ്യത്തെ ധീരമായി അഭിമുഖീകരിച്ചു.
ആശുപത്രിയിൽ കിടക്കുമ്പോഴാണ് താൻ എവറസ്റ്റ് കീഴടക്കും എന്ന ഉറച്ച തീരുമാനത്തിലേക്ക് അരുണിമ എത്തിയത്. പലരും ഇത് കേട്ട് പരിഹസിച്ചെങ്കിലും അവൾ പിന്മാറിയില്ല. ഇന്ത്യയിൽ നിന്ന് എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായ ബചേന്ദ്രി പാലിന്റെ കീഴിലായിരുന്നു അരുണിമയുടെ പരിശീലനം. ഒരു കാല് പോയല്ലോയെന്നല്ല ; ഒരു കാല് മാത്രമല്ലേ പോയുള്ളൂവെന്നാണ് അവൾ ചിന്തിച്ചത്…
അപകടം നടന്ന് കൃത്യം രണ്ട് വർഷത്തിനുള്ളിൽ, 2013 മെയ് 21-ന് കൃത്രിമ കാലുമായി എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ലോകത്തിലെ ആദ്യത്തെ വനിതാ ആംപ്യൂട്ടി (Amputee) എന്ന റെക്കോർഡ് അരുണിമ സ്വന്തമാക്കി.

എവറസ്റ്റ് കൂടാതെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ (Kilimanjaro, Elbrus, Kosciuszko, Aconcagua, Vinson, Carstensz Pyramid) അരുണിമ കീഴടക്കിയിട്ടുണ്ട്.
2015-ൽ പത്മശ്രീ നൽകി രാജ്യം അരുണിമയെ ആദരിച്ചു.
തന്റെ ജീവിതകഥ വിവരിച്ചുകൊണ്ട് ‘Born Again on the Mountain’ എന്ന പുസ്തകം അരുണിമ രചിച്ചിട്ടുണ്ട്.
അംഗപരിമിതിയുള്ള കായികതാരങ്ങളെ സഹായിക്കുന്നതിനായി ഉത്തർപ്രദേശിൽ ഒരു സ്പോർട്സ് അക്കാദമി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലാണ് അരുണിമ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
”നമുക്ക് നഷ്ടപ്പെട്ടതിനെക്കുറിച്ചോർത്ത് കരയാതെ, ഉള്ളത് വെച്ച് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിച്ചാൽ ഏത് എവറസ്റ്റും നമുക്ക് കീഴടക്കാം” എന്നതാണ് അരുണിമയുടെ ജീവിതം നമുക്ക് നൽകുന്ന ഏറ്റവും വലിയ പാഠം.
എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ലോകത്തിലെ ആദ്യത്തെ വനിതാ ആംപ്യൂട്ടി
ശ്രീജിത്ത് ഇരവിൽ