ന്യൂയോര്‍ക്ക്: പാരസെറ്റാമോള്‍ ഓട്ടിസത്തിന് കാരണമാവുന്നുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനെതിരെ പ്രസ്താവനയുമായി നിര്‍മാതാക്കള്‍. യു.എസില്‍ ടൈലനോള്‍ എന്ന പ്രചാരത്തിലുള്ള പാരസെറ്റാമോള്‍ അധിഷ്ഠിത വേദന സംഹാരി ഓട്ടിസത്തിന് കാരണമാവുന്നുവെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍, ട്രംപിന്റെ ?പരാമര്‍ശത്തിന് ശാസ്?ത്രീയമായ അടിത്തറയില്ലെന്ന് നിര്‍മാതാക്കളായ കെന്‍വ്യൂ, ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ എന്നിവര്‍ വ്യക്തമാക്കി.
കമ്പനികളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഇത് സംബന്ധിച്ച് പ്രസ്താവന പ്രദര്‍ശിപ്പിക്കുന്നുണ്ട്. ‘ അസറ്റോമിനോഫെനും(ടൈലനോള്‍, പാരസെറ്റാമോള്‍) ഓട്ടിസവുമായി ബന്ധപ്പെടുത്തുന്ന രീതിയില്‍ വിശ്വസനീയവും സ്വതന്ത്രവുമായ ശാസ്ത്ര പഠനങ്ങള്‍ അനുസരിച്ച് തെളിവുകളൊന്നുമില്ല. ഇത് ?വിവിധ ആരോഗ്യ സംഘടനകള്‍ അംഗീകരിച്ചതാണ്. നിങ്ങള്‍ കുഞ്ഞുങ്ങളെ അസറ്റാമിനോഫെന്‍ നല്‍കി ചികിത്സിക്കുന്നവരാണെങ്കില്‍ അത് ഓട്ടിസത്തിന് കാരണമാവുമെന്ന ആരോപണത്തിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെന്ന് മനസിലാക്കണം. ഒരുപതിറ്റാണ്ടിലധികം പ്രഗത്ഭരായ വൈദ്യശാസ്ത്ര വിദഗ്ദരുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടത്തിയ ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലും അസറ്റാമിനോഫെനെ ഓട്ടിസവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നുമില്ല,’ -കമ്പനികള്‍ വെബ്‌സൈററിലെ അറിയിപ്പില്‍ പറയുന്നു.
‘അസറ്റാമിനോഫെന്‍’ അല്ലെങ്കില്‍ ‘പാരസെറ്റമോള്‍’ എന്നറിയപ്പെടുന്ന വേദനസംഹാരി കഴിക്കുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം തേടണമെന്നും കമ്പനികള്‍ നിര്‍ദേശിക്കുന്നു. മരുന്നുകളുടെ ലേബലില്‍ നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
‘ഞങ്ങള്‍ ശാസ്ത്രത്തോടൊപ്പമുണ്ട്, നിങ്ങളോടൊപ്പവും ഞങ്ങള്‍ നിലകൊള്ളുന്നു. വേദന ശമിപ്പിക്കുന്നതിനും പനി കുറക്കുന്നതിനുമുള്ള ആദ്യ പ്രതിരോധ മാര്‍ഗമായി അസറ്റാമിനോഫെന്‍ ലോകമെമ്പാടും ഉപയോഗിക്കുന്നു. എങ്കിലും സ്വതന്ത്ര പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെയും പ്രമുഖ ആരോഗ്യ വിദഗ്ദരുടെയും ശിപാര്‍ശ അനുസരിച്ച്, മരുന്ന് പാക്കറ്റിലെ ലേബലിന് അനുസൃതമായി ഉപയോഗിക്കേണ്ടതുണ്ട്. ഗര്‍ഭിണികളില്‍ പ്രത്യേകിച്ച് ആദ്യമൂന്ന് മാസങ്ങളില്‍ അശാസ്ത്രീവും വിദഗ്ദരുടെ നിര്‍ദേശമില്ലാതെയുമുള്ള ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു.
ഓട്ടിസവുമായി തെളിയിക്കപ്പെടാത്ത ബന്ധമുള്ളതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ ടൈലനോള്‍ കഴിക്കരുതെന്ന് ട്രംപ് തിങ്കളാഴ്ച അഭ്യര്‍ത്ഥിച്ചിരുന്നു. യു.എസിലെ ഏറ്റവും സുരക്ഷിതമായ വേദനസംഹാരികളില്‍ ഒന്നായി ആരോഗ്യ വിദഗ്ദര്‍ പരാമര്‍ശിക്കുന്ന മരുന്നാണ് ടെലിനോള്‍.
‘ ടൈലനോള്‍ കഴിക്കുന്നത് നല്ലതല്ല. വൈദ്യശാസ്ത്രപരമായി അത്യാവശ്യമായി വരാത്ത പക്ഷം ഗര്‍ഭകാലത്ത് സ്ത്രീകള്‍ ടൈലനോള്‍ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് അവര്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു. ഉദാഹരണത്തിന്, ശക്തമായ പനി ബാധിച്ച് നിങ്ങള്‍ക്ക് അത് അസഹനീയമായ സന്ദര്‍ഭത്തില്‍,’- ട്രംപ് പറഞ്ഞു.