38
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാവുന്നു. ഇന്നു മുതൽ 8-ാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നു. 24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ. വരെ മഴ പെയ്യാം. ഇന്നുമുതൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെലുങ്കാനയുടെ കിഴക്കൻ മേഖലക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ തീവ്ര ന്യൂനമർദ്ദം (depression) സ്ഥിതി ചെയ്യുകയാണ്. ഇത് വടക്കോട്ട് നീങ്ങി അടുത്ത 6 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. ലക്ഷദ്വീപിനും സമീപ പ്രദേശങ്ങൾക്കും മുകളിലും തെക്കൻ തമിഴ്‌നാടിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നു.