വാഷിങ്ടണ്‍: യുഎസില്‍ അതിവേഗം സ്ഥിരതാമസം യാഥാര്‍ഥ്യമാക്കുന്ന ട്രംപ് ഗോള്‍ഡ് കാര്‍ഡ് പദ്ധതിയോട് ഇന്ത്യക്കാര്‍ക്കിടയില്‍ താല്‍പര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് ഭരണകൂടം എച്ച്1ബി വിസാ ഫീസ് ഒരു ലക്ഷം ഡോളറാക്കി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ക്കിടയില്‍ ഗോള്‍ഡ് കാര്‍ഡ് പദ്ധതി ചര്‍ച്ചയാകുന്നത്. സെപ്റ്റംബര്‍ 19ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചതോടെ ട്രംപ് ഗോള്‍ഡ് കാര്‍ഡ് യാഥാര്‍ഥ്യമായി. യുഎസ് ഖജനാവിലേക്ക് 10 ലക്ഷം ഡോളര്‍ (8.8 കോടി രൂപ) സംഭാവന നല്‍കുന്ന യോഗ്യരായവര്‍ക്ക് ട്രംപ് ഗോള്‍ഡ് കാര്‍ഡ് നേടാം.
എച്ച്1ബി വിസാ ഫീസ് വര്‍ധനയെ തുടര്‍ന്ന് ഗോള്‍ഡ് കാര്‍ഡിനോടുള്ള താല്‍പര്യം ഗണ്യമായി വര്‍ധിച്ചതായി ഇമിഗ്രേഷന്‍ സ്ഥാപനങ്ങള്‍ പറയുന്നു. എച്ച്1ബി വിസാ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് ഗോള്‍ഡ് കാര്‍ഡിനോടുള്ള താല്‍പര്യം കുത്തനെ വര്‍ധിച്ചതായി ഒരു കണ്‍സള്‍ട്ടന്‍സിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റെം (STEM) പശ്ചാത്തലമുള്ള 30നും 40നും ഇടയിലുള്ള ടെക് പ്രൊഫഷണലുകളാണ് കൂടുതലായും ഗോള്‍ഡ് കാര്‍ഡിനെക്കുറിച്ച് തിരക്കുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ വലിയ നിക്ഷേപം ആവശ്യമുള്ളതിനാല്‍ ദക്ഷിണേഷ്യന്‍ ക്ലയിന്റുകള്‍ക്കിടയില്‍ താല്‍പര്യം കുറവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഗോള്‍ഡ് കാര്‍ഡിനെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ വലിയ വര്‍ധനവുണ്ടായതായി ഇമിഗ്രേഷന്‍ സ്ഥാപനങ്ങള്‍ പറയുന്നു. ഗോള്‍ഡ് കാര്‍ഡുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ ഈ ആഴ്ച ഏകദേശം 40 ശതമാനം വര്‍ധിച്ചതായി മറ്റൊരു ഇമിഗ്രേഷന്‍ സ്ഥാപന അധികൃതര്‍ പറഞ്ഞു. അതേമയം ഗോള്‍ഡ് കാര്‍ഡ് പുറത്തിറക്കി രണ്ട് ആഴ്ചയോട് അടുക്കുമ്പോള്‍ ഇതുവരെ എത്ര പേര്‍ അപേക്ഷിച്ചുവെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഏകദേശം രണ്ട് ലക്ഷത്തോളം പേര്‍ താല്‍പര്യം പ്രകടിപ്പിച്ചതായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് അവകാശപ്പെട്ടിട്ടുണ്ട്.
സമ്പന്നരായ വിദേശികള്‍ക്ക് യുഎസില്‍ അതിവേഗ സ്ഥിരതാമസം അനുവദിക്കുന്ന പദ്ധതിയാണ് ട്രംപ് ഗോള്‍ഡ് കാര്‍ഡ്. 10 ലക്ഷം ഡോളറാണ് പദ്ധതിയുടെ നിരക്ക്. ഇബി5 നിക്ഷേപക വിസയില്‍നിന്ന് വ്യത്യസ്തമായി, അമേരിക്കന്‍ വ്യവസായത്തിനും വാണിജ്യത്തിനും ഒരു സംഭാവനയായിട്ടാണ് ഈ തുക. ട്രംപ് ഗോള്‍ഡ് മുഖേന കോര്‍പറേറ്റുകള്‍ക്ക് ജീവനക്കാരെയും സ്‌പോണ്‍സര്‍ ചെയ്യാം. ഒരു ജീവനക്കാരന് 20 ലക്ഷം ഡോളറാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. യോഗ്യരായ അപേക്ഷകരെ ഇബി-1 അല്ലെങ്കില്‍ ഇബി-2 വിസാ വിഭാഗങ്ങളില്‍പെടുത്തി സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കും. 80,000 ഗോള്‍ഡ് കാര്‍ഡുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
അതേസമയം സ്ഥിരതാമസത്തിന് അഞ്ച് മില്യണ്‍ ഡോളര്‍ സംഭാവന ആവശ്യമുള്ള ‘ട്രംപ് പ്ലാറ്റിനം കാര്‍ഡ്’ എന്ന പദ്ധതിയും ഭരണകൂടം പരിഗണിക്കുന്നുണ്ട്. പ്ലാറ്റിനം കാര്‍ഡും പുതിയ എച്ച്1ബി വിസാ ഫീസും ചേര്‍ത്ത് 100 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ വരുമാനം നേടാനാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതുപയോഗിച്ച് നികുതി കുറയ്ക്കാനും കടം വീട്ടാനുമുള്ള നടപടികള്‍ ചെയ്യുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.
Reference : Sanghamam