102
പി. റ്റി. കോശിയച്ചൻ.
+ 91 9495913953

ആശ്രമത്തിനടുത്തുള്ള തടാകത്തില് ധാരാളം അരയന്നങ്ങള് ഉണ്ടായിരുന്നു. സന്ന്യാസി കുളിക്കുവാന് ഇറങ്ങുമ്പോള് അവ അദ്ദേഹത്തിന്റെ അടുത്ത് വന്ന് മുട്ടിയുരുമ്മി നില്ക്കും. ഒരിക്കല് ഇതുകണ്ട ഒരു വേട്ടക്കാരന് സന്യാസി പോയപ്പോള് തടാകത്തിലിറങ്ങി അരയന്നങ്ങളെ പിടിക്കാന് ശ്രമിച്ചു. പക്ഷേ, അവ ഒന്നുപോലും അയാളുടെ അടുത്തെത്തിയില്ല. പിറ്റേദിവസം അയാള് സന്യാസിയുടെ വേഷത്തിൽ തടാകത്തിലിറങ്ങി. അയാളെകണ്ട് അരയന്നങ്ങള് അടുത്തെത്തി. ആദ്യമെത്തിയ രണ്ട് അരയന്നങ്ങളെ അയാള് പിടികൂടി. അപകടം മനസ്സിലാക്കി മറ്റുള്ളവ നീന്തി രക്ഷപ്പെടുകയും ചെയ്തു. പിറ്റെ ദിവസവും അയാള് സന്യാസിയുടെ വേഷത്തിൽ എത്തിയെങ്കിലും ഒരു അരയന്നം പോലും അയാളുടെ അടുത്തേക്ക് വന്നതേയില്ല. അയാള് ചിന്തിച്ചു: ‘അല്പനേരം സന്ന്യാസവേഷം ധരിച്ചപ്പോള് ഈ അരയന്നങ്ങള് എത്ര അടുപ്പമാണ് കാണിച്ചത്. അങ്ങനെയെങ്കില് യഥാര്ത്ഥ സന്യാസിയായാൽ ഇവരില് തനിക്ക് എന്തുമാത്രം സ്വാധീനം ചെലുത്താന് സാധിക്കും!’ അയാള് തലേന്നുപിടിച്ച അരയന്നങ്ങളെ തടാകത്തില് വിട്ട് സന്യാസം സ്വീകരിക്കാന് തീരുമാനിച്ചു. (ഗൂഗിൾ).
വേട്ടക്കാരൻ സന്യാസിയായി രൂപാന്തരപ്പെട്ടു! കാളിദാസന്റെ കഥയും ഇങ്ങനെയാണല്ലോ. ഇവിടെ മനുഷ്യാവസ്ഥയുടെ ഒരു പ്രത്യേക സ്വഭാവം വ്യക്തമാണ്. ബാഹ്യ ക്രമീകരണം കൊണ്ട് ആരും ശ്രേഷ്ഠരാവുന്നില്ല. എന്നാൽ ആത്മാർത്ഥമായി ആഗ്രഹിക്കുകയും മനപ്പൂർവ്വം തീരുമാനിക്കുകയും ചെയ്താൽ ജീവിതത്തിൽ വലിയ രൂപാന്തരം ഉണ്ടാകുവാൻ ഇടയാകും. എത്ര മാത്രം നികൃഷ്ടരായവ്യക്തികൾക്കും വിശുദ്ധരായി തീരുവാനുള്ള സാധ്യത അവരിൽ തന്നെ ഉണ്ട്. എന്നാൽ അങ്ങനെ ആയിത്തീരുവാൻ ഒരു മനസ്സ് ഉണ്ടാവണം.
നമ്മുടെ ഏറ്റവും വലിയ പ്രശ്നം കഴിവില്ല എന്നതല്ല, മനസ്സില്ല എന്നതാണ്. തെറ്റിന്റെ സുഖത്തിലൂടെ ജീവിച്ചവർക്ക് അത് വിട്ടു മാറുവാൻ നിശ്ചയമായും കഴിയുമെങ്കിലും ഇതുവരെയും അനുഭവിച്ച തെറ്റിന്റെ സുഖം വിട്ടുകളയാൻ ഇഷ്ടമില്ല. അതു കൊണ്ടാണ് ചിലരൊക്കെ ശരിയായ മാർഗത്തിലേക്ക് വന്നിട്ടും വീണ്ടും തെറ്റിലേക്ക് മടങ്ങിപ്പോകുന്നത്. ആകയാൽ ജീവിതത്തിൽ ആവശ്യമായത് തെറ്റിന്റെ സുഖങ്ങളെ ഉപേക്ഷിക്കുവാനുള്ള ഒരു മനസ്സാണ്. തെറ്റായ രീതിയിൽ സമ്പാദിക്കുന്ന ധനവും സ്ഥാന മാനങ്ങളും ജഡിക സുഖങ്ങളും ലഹരികളോടുള്ള ആസക്തിയും നമ്മുടെ മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുന്നതിനാൽ അവ വിട്ടുമാറുവാൻ നമുക്ക് ഇഷ്ടമില്ല.
ഇവിടെ ആവശ്യം മനസ്സിനെ നിയന്ത്രിക്കുവാനുള്ള കഴിവാണ്. അതിനുള്ള കഴിവ് നമ്മിൽ ഉണ്ടെങ്കിലും പലപ്പോഴും സ്വന്തം തീരുമാനങ്ങൾ കൊണ്ട് സാധിച്ചില്ല എന്ന് വരാം. നമ്മുടെ തീരുമാനവും സമർപ്പണവും അതോടൊപ്പം വലിയ ദൈവകൃപയും ആവശ്യമാണ്. ഒരു മനുഷ്യന് മറ്റു പലരെയും കീഴ്പ്പെടുത്തുവാൻ കഴിഞ്ഞേക്കും. എന്നാൽ ഏറ്റവും പ്രയാസം സ്വന്തം മനസ്സിനെ കീഴ്പ്പെടുത്തുക എന്നതാണ്. അത് സാധിക്കുമ്പോഴാണ് നാം യഥാർത്ഥത്തിൽ ജീവിത വിജയം കൈവരിക്കുന്നത്. അങ്ങനെ ഒരു ആത്മനിയന്ത്രണം കൈവരിക്കുവാൻ കഴിയാത്തവർ യഥാർത്ഥത്തിൽ മരിച്ച അവസ്ഥ യിലാണ്. ആകയാൽ ശരിയായ ഒരു ജീവിത പാന്ഥാവിൽ എത്തുന്നതിന് ജീവിതത്തിൽ ഒരു പുതുക്കം സംഭവിക്കണം. അതിനായി മനസ്സും ഹൃദയവും ഒരുക്കപ്പെടണം. നാം സ്വയം സജ്ജമാകുന്നതോടൊപ്പം ദൈവകൃപക്കായി പ്രാർത്ഥിക്കുകയും ചെയ്യാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-
*ഫിലിപ്പിയർ 4:13