ഭാരതരത്ന ബഹുമതിയും ഓസ്ക്കാര്‍ അവാര്‍ഡ് ജേതാവും, ലോകസിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരുവനുമായ സത്യജിത് റേയുടെ മുത്തശ്ശന്‍, ഉപേന്ദ്രകിഷോര്‍ റായ് ചൌധുരിയുടെ ബംഗ്ലാദേശിലെ ഭവനം ഇടിച്ചുപൊളിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തുടങ്ങിയത് വാര്‍ത്തയായിരിക്കുകയാണല്ലോ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി, മമതാ ബാനര്‍ജി ഈ വിവരം പുറത്തുകൊണ്ടുവരികയും ഭാരത സര്‍ക്കാര്‍ ഇടപ്പെട്ട്, ആ വീടിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ വേണ്ട ധനസഹായം ചെയ്യാമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉറപ്പില്‍ ആ വീട് ഇടിച്ചുപൊളിക്കുന്നത് നിര്‍ത്തി വച്ചതും വാര്‍ത്തയില്‍ കണ്ടു.
അങ്ങനെ സത്യജിത് റേയ്ഓര്‍മ്മയിലെത്തി.അദ്ദേഹത്തെയും മിക്ക ഇന്ത്യാക്കാരുടെയും പ്രിയ ഗായകനായ കിഷോര്‍കുമാറിനെയും ചുറ്റിപ്പറ്റിയുള്ള ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കട്ടെ.. 
ലണ്ടനില്‍ ഒരു പരസ്യകമ്പനിയില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് സത്യജിത്ത് റേയ് പഥേര്‍ പാഞ്ചാലി എന്ന Bibhutibhushan Bandyopadhyay എഴുതിയ കഥ വായിക്കുന്നത്. അത് വായിച്ചതോടെ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചുവന്ന് അത് സിനിമയാക്കാന്‍ തീരുമാനിച്ചു.
ആവേശമല്ലാതെ, സിനിമ നിര്‍മ്മിക്കാനുള്ള ഫണ്ട് അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. ഭാര്യയുടെ പണ്ടാങ്ങളെല്ലാം പണയപ്പെടുത്തി കുറെ പൈസയുണ്ടാക്കി. പിന്നെ പരിചയക്കാരോടൊക്കെ കടം വാങ്ങി.
അന്ന് അത്രയൊന്നും പ്രശസ്തനല്ലാതിരുന്ന കിഷോര്‍കുമാര്‍ ഈ വിവരം അറിഞ്ഞു. കിഷോര്‍കുമാറിന്റെ ആദ്യഭാര്യ, റൂമി ദേവിയുടെ അമ്മാവനായിരുന്നു അടുപ്പമുള്ളവര്‍ മണിക്ക്ദാ എന്ന് വിളിച്ചിരുന്ന സത്യജിത് റേയ്. കിഷോര്‍കുമാര്‍-റുമാദേവി ദമ്പതികളുടെ പുത്രനാണ് ഗായകന്‍, അമിത് കുമാര്‍.
മണിക്ക്ദായുടെ അന്നത്തെ അത്യാവശ്യഘട്ടത്തില്‍ കിഷോര്‍ അയ്യായിരം രൂപ മണിക്ക്ദായ്ക്ക് കടമായി നല്‍കി. 1950-കളുടെ തുടക്കത്തില്‍ അയ്യായിരം രൂപയുടെ മൂല്യം എത്രയായിരുന്നുവെന്ന് ഊഹിക്കുക.
പലരില്‍നിന്നും ഇങ്ങനെ ഫണ്ട് സ്വരൂപിച്ചെങ്കിലും വേണ്ട പണം തികയാതെ, അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയുടെ സഹായത്തോടെ, West Bengal Road & Transport Department ആണ് അവസാനം പഥേര്‍ പാഞ്ചാലി നിര്‍മ്മിച്ചതെന്നത് മറ്റൊരു സത്യം.
1955-ല്‍ പഥേര്‍ പാഞ്ചാലി റിലീസ് ആവുകയും നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തു. ഈ സിനിമയാണ് ഇന്ത്യയ്ക്ക് ലോക സിനിമാ ഭൂപടത്തില്‍ ഒരു സ്ഥാനം നല്‍കിയത്.
കിഷോര്‍കുമാര്‍ ചെയ്ത സഹായം മണിക്ക്ദാ മറന്നില്ല.
അറുപതുകളുടെ തുടക്കത്തില്‍ ടാഗോറിന്റെ “ഒഴിഞ്ഞ കിളിക്കൂട്” (നഷ്ത്തെനീര്‍) ചാരുലത എന്ന പേരില്‍ സത്യജിത് റേയ് സിനിമയാക്കാന്‍ ആരംഭിച്ചു. അതില്‍ ടാഗോറിന്റെ തന്നെ ഒരു ഗാനമുണ്ട്.
അക്കാലങ്ങളില്‍ ഗായകനായി പേരെടുക്കാന്‍ കഴിയാതെ, ഇടയ്ക്ക് ചില കോമഡി സിനിമകളില്‍ അഭിനയിച്ച് ഉപജീവനം കഴിച്ചിരുന്ന കിഷോറിനെക്കൊണ്ട് ആ പാട്ട് പാടിക്കണം എന്ന് മണിക്ക്ദാ ആഗ്രഹിച്ചു.
അന്ന് മുംബൈയില്‍ ആയിരുന്ന കിഷോറിനെ ബന്ധപ്പെട്ട് ഈ വിവരം അറിയിച്ചു.
താന്‍ ചില ഷൂട്ടിംഗുകളുടെ തിരക്കിലാണ്, തന്നെയുമല്ല, തന്റെ മാതാവ് തീരെ സുഖമില്ലാതെ കിടപ്പിലാണ്, അതുകൊണ്ട് കല്‍ക്കത്തയില്‍ വരാന്‍ സാധിക്കില്ല, മണിക്ക് മാമാ ഇവിടെ വന്നാല്‍ ഞാന്‍ റിക്കാര്‍ഡിംഗിനുള്ള എല്ലാ സൌകര്യങ്ങളും ചെയ്തുവയ്ക്കാം, ഇവിടെ വരാമോ എന്ന് കത്തെഴുതി ചോദിച്ചതിനെ തുടര്‍ന്ന് റേയ് ബോംബെയില്‍ ചെന്ന്, അവിടെ വച്ച് ആ ഗാനം റെക്കോര്‍ഡ് ചെയ്യുകയുമാണ് ഉണ്ടായത്.
റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ “രവീന്ദ്രസംഗീതം നിനക്ക് നല്ലപോലെ വഴങ്ങുമല്ലോ” എന്ന് മണിക്ക് മാമാ പറഞ്ഞപ്പോള്‍, കിഷോര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു..
“മാമാ, ഞാന്‍ പറഞ്ഞാല്‍ അതാരും വിശ്വസിക്കുകയില്ല. അതൊരു കടലാസില്‍ എഴുതി തരാമോ?”
“അമി ചീനിഗോ ചീനി തോമാരെ” എന്നയാ പാട്ടിന്റെ മാധബീ മുഖര്‍ജിയും സൌമിത്ര ചാറ്റര്‍ജിയും ചേര്‍ന്നുള്ള സീനിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു..
ഈ പാട്ട് പാടിയതിന്റെ പ്രതിഫലം കിഷോര്‍ വാങ്ങില്ലായെന്ന് ശഠിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം 1984-ല്‍ റേയ് Ghare Baire (The Home and The World) എന്ന സിനിമ നിര്‍മ്മിച്ചപ്പോള്‍ അതില്‍ മൂന്നു പാട്ടുകള്‍കൂടി കിഷോര്‍ പാടുകയുണ്ടായി. പക്ഷെ, അതിനോടകം കിഷോര്‍ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള ഗായകന്‍ ആയിക്കഴിഞ്ഞിരുന്നു..
പക്ഷെ, ഇന്നും നിരവധി ബംഗാളികള്‍ കിഷോര്‍കുമാറിനെ ചാരുലതയിലെ ആ ഗാനത്തിന്റെ പേരില്‍ ഓര്‍ക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്.
https://youtu.be/EA9x7-XDMzI?si=87Nn-wF-pknYa6Kp