”ഇന്ത്യൻ വിഭജനം ഒഴിവാക്കാൻ മഹാത്മാഗാന്ധിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം മുഹമ്മദ് അലി ജിന്നയെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ജവഹർലാൽ നെഹ്റു അത് വിസമ്മതിക്കുകയായിരുന്നു. ഗാന്ധിജിയുടെ വാക്ക് അനുസരിച്ചിരുന്നെങ്കിൽ ഇന്ത്യയും പാകിസ്ഥാനും ഒന്നായി തുടരുമായിരുന്നു.”
2018 ഓഗസ്റ്റിൽ ഗോവയിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ ദലൈലാമ സൂചിപ്പിച്ചത് ഇപ്രകരമായിരുന്നു.
ആരാണ് ദലൈലാമ?
ടിബറ്റൻ ബുദ്ധമത വിശ്വാസപ്രകാരം പതിനാലാമത് ദലൈലാമയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ മുഴുവൻ പേര് ‘ജെറ്റ്സുൻ ജാംപെൽ നവാങ് ലൊബ്സാങ് യേഷെ ടെൻസിൻ ഗ്യാറ്റ്സോ’ എന്നാണ്.
1949-50 കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് ചൈന ടിബറ്റിലേക്ക് അതിക്രമിച്ചു കയറുകയും രാജ്യം കൈയടക്കാൻ ശ്രമിക്കുകയും ചെയ്തു. ടിബറ്റിന്റെ പരമാധികാരം സംരക്ഷിക്കാൻ അന്നത്തെ കൗമാരക്കാരനായ ദലൈലാമയ്ക്ക് സാധിച്ചില്ല.
ചൈനീസ് സൈന്യം ദലൈലാമയെ വധിക്കാനോ തടവിലാക്കാനോ പദ്ധതിയിടുന്നു എന്ന വാർത്ത പരന്നതോടെ ആയിരക്കണക്കിന് ടിബറ്റുകാർ അദ്ദേഹത്തിന്റെ കൊട്ടാരമായ ‘പൊതാല’യ്ക്ക് ചുറ്റും തടിച്ചുകൂടി.
തന്റെ ജനങ്ങളെ വലിയൊരു കൂട്ടക്കൊലയിലേക്ക് തള്ളിവിടാതിരിക്കാനും ടിബറ്റിന്റെ സ്വാതന്ത്ര്യപോരാട്ടം സജീവമായി നിലനിർത്താനും അദ്ദേഹം രാജ്യം വിടാൻ തീരുമാനിക്കുകയായിരുന്നു. ജീവഭയവും കാരണമായിരുന്നിരിക്കാം…
കഠിനമായ തണുപ്പും ഹിമാലയൻ മലനിരകളിലെ ദുർഘടമായ പാതകളും താണ്ടി, രണ്ടാഴ്ചയോളം കാൽനടയായി സഞ്ചരിച്ചാണ് അദ്ദേഹം ഇന്ത്യൻ അതിർത്തിയിലെത്തിയത്.
1959 മാർച്ച് 31-ന് അദ്ദേഹം അരുണാചൽ പ്രദേശിലെ തവാങ് അതിർത്തി വഴി ഇന്ത്യയിൽ പ്രവേശിച്ചു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ദലൈലാമയ്ക്കും അദ്ദേഹത്തോടൊപ്പം എത്തിയ അനുയായികൾക്കും പൂർണ്ണ രാഷ്ട്രീയ അഭയം നൽകി ആദരിക്കുകയായിരുന്നു.
അങ്ങനെ, ചൈനീസ് അധിനിവേശം മൂലം ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്ന മനുഷ്യനാണ് ദലൈലാമ. ഗോവയിൽ വെച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചതിലെ വസ്തുതകൾ പരിശോധിക്കാം.
1947 ഏപ്രിലിൽ അന്നത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭുവുമായി നടത്തിയ ചർച്ചയിൽ ഗാന്ധിജി ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു എന്നത് വാസ്തവമാണ്.
രാജ്യത്തിന്റെ അഖണ്ഡത നിലനിർത്താനും വർഗ്ഗീയ ലഹളകൾ ഒഴിവാക്കാനും ജിന്നയെ പ്രധാനമന്ത്രിയാക്കി മുസ്ലിം ലീഗിനെ ഭരണം ഏൽപ്പിക്കാം എന്നായിരുന്നു ഗാന്ധിജിയുടെ ചിന്ത. നെഹ്റുവും സർദാർ വല്ലഭായ് പട്ടേലും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം ഈ നിർദ്ദേശത്തെ ശക്തമായി എതിർത്തു. അതിന് കാരണം ദലൈലാമ പറഞ്ഞതുപോലെ നെഹ്റുവിന്റെ വ്യക്തിപരമായ സ്വാർത്ഥതയായിരുന്നില്ല. മറിച്ച്, വലിയൊരു ജനവിഭാഗത്തിന്റെ പിന്തുണയില്ലാത്ത, തികച്ചും വിഘടനവാദ നിലപാടുകളുള്ള ജിന്നയുടെ നേതൃത്വത്തിൽ ഒരു സുസ്ഥിരമായ ജനാധിപത്യ ഭരണം സാധ്യമല്ലെന്ന ബോധ്യമായിരുന്നു.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിക്ക് ഈ നിർദ്ദേശത്തോട് യോജിപ്പില്ലെന്ന് മനസ്സിലാക്കിയ ഗാന്ധിജി പിന്നീട് തന്റെ നിർദ്ദേശം പിൻവലിക്കുകയാണുണ്ടായത്.
ദലൈലാമയെപ്പോലെ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടി കഴിയുന്ന ഒരു വിദേശ നേതാവ്, അഭയം നൽകിയ രാജ്യത്തിന്റെ രാഷ്ട്രീയത്തിലോ ചരിത്രപരമായ ആഭ്യന്തര കാര്യങ്ങളിലോ പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്ന വിമർശനമാണ് നയതന്ത്ര വിദഗ്ദ്ധർ ഈ വേളയിൽ ഉന്നയിച്ചത്.
പ്രസ്താവന വലിയ രീതിയിൽ വിദേശ-സ്വദേശി മാധ്യമങ്ങളിൽ ചർച്ചയായതോടെ, തൊട്ടടുത്ത ദിവസം കർണാടകയിലെ ബൈലക്കുപ്പെ ടിബറ്റൻ കേന്ദ്രത്തിൽ വെച്ച് ദലൈലാമ പരസ്യമായി മാപ്പ് പറഞ്ഞു.
”എന്റെ പ്രസ്താവന ഒരു വിവാദത്തിന് കാരണമായതിൽ ഞാൻ ഖേദിക്കുന്നു. പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ജവഹർലാൽ നെഹ്റുവിനെ എനിക്ക് വളരെ അടുത്തറിയാമായിരുന്നു. 1959-ൽ എനിക്കും എന്റെ ജനങ്ങൾക്കും അഭയം നൽകിയത് അദ്ദേഹമാണ്. നെഹ്റുവിനോട് എനിക്ക് എപ്പോഴും വലിയ ബഹുമാനമേയുള്ളൂ.”
—ദലൈലാമ
91 വയസ്സുള്ള അദ്ദേഹം ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലുള്ള ധർമ്മശാലയിലെ മക്ലിയോഡ് ഗഞ്ച് എന്ന സ്ഥലത്താണ് നിലവിൽ താമസിക്കുന്നത്.

Article : ഇന്ത്യയിൽ അഭയം തേടിയ ദലൈലാമ
സ്വന്തം ലേഖകൻ