Home Indiaരാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2029 ഓടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് മന്ത്രി.

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2029 ഓടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് മന്ത്രി.

Sanghamam

by admin
0 comments

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ട്രെയിനിനുള്ള ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ നിര്‍മാണം പുരോഗമിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയായാല്‍ രണ്ട് മണിക്കൂറും ഏഴ് മിനിട്ടും കൊണ്ട് മുംബൈയില്‍നിന്ന് അഹമ്മദാബാദിലെത്താം. എല്ലാവരും കാത്തിരിക്കുന്ന രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ എന്നുമുതല്‍ ഓടിത്തുടങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂറത്ത് സ്റ്റേഷനില്‍ ട്രാക്ക് സ്ഥാപിക്കുന്നതടക്കം പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

50 കിലോമീറ്റര്‍ ദൂരമുള്ള സൂറത്ത് മുതല്‍ ബിലിമോറ വരെ 2027 ഓടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു. തൊട്ടടുത്ത വര്‍ഷത്തോടെ താനെ-അഹമ്മദാബാദ് ഘട്ടം പൂര്‍ത്തിയാകും. 2029 ഓടെ ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പൂര്‍ണമായും കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷ ഉറപ്പാക്കാനും ശക്തമായ കാറ്റും ഭൂചലനവും പ്രതിരോധിക്കാനും കഴിയുന്ന അതിനൂതന സാങ്കേതിക വിദ്യകളാണ് ഹൈസ്പീഡ് റെയില്‍ പാളം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ജപ്പാന്റെ ഇ5 സീരീസ് ഷിങ്കന്‍സണ്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നിര്‍മാണം.സൂറത്ത് സ്റ്റേഷനിലെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ട് പ്രമുഖ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ മേഖലയുടെ സാമ്പത്തിക വളര്‍ച്ച ശക്തമാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്ത് മറ്റു നാല് മേഖലകളില്‍ ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ നിര്‍മിക്കാന്‍ പദ്ധതിയുള്ളതായും വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

Sanghamam

You may also like

Leave a Comment