Home Motivational Messagesഒരു വേട്ടക്കാരൻറെ കഥ.

ഒരു വേട്ടക്കാരൻറെ കഥ.

by admin
0 comments

ഒരു വേട്ടക്കാരന്‍റെ കഥ.

പി.റ്റി. കോശി അച്ചന്‍

പണ്ട് ഒരു രാജ്യത്തെ ഏറ്റവും മികച്ച വേട്ടക്കാരനെന്ന് അഹങ്കരിച്ചിരുന്ന ഒരു യോദ്ധാവ് ഉണ്ടായിരുന്നു. ഒരിക്കലിദ്ദേഹം നാട്ടുകാർക്ക് പേടിസ്വപ്നമായ മലമുകളിലെ ഭീകര വ്യാളിയെ പിടിക്കാൻ യാത്ര പുറപ്പെട്ടു. കുറേദിവസം കഷ്ടപ്പെട്ട് മലകയറി കൊടുമുടിയുടെ ഏറ്റവും ആഗ്രത്തിലുള്ള ഒരു ഗുഹയിൽ എത്തിച്ചേർന്നു. അവിടെ അദ്ദേഹം കാണുന്നത് വ്യാളിയുടെ ശരീരം തണുത്തുറഞ്ഞു കിടക്കുന്നതാണ്. അയാൾ ഒരു വിധത്തിൽ അതിനെ വലിച്ച് താഴെയിറക്കി താഴ്‌വരയിലെ ത്തി എല്ലാവരോടുമായി പ്രഖ്യാപിച്ചു: “ഞാൻ വ്യാളിയെ കൊന്നു”. ആളുകളൊക്കെ അത്ഭുതാദരവോടെ അയാളുടെ മുമ്പിൽ തലകുനിക്കുന്നത് കണ്ട് ഒട്ടൊരഹങ്കാരത്തോടെ തന്നെ അയാൾ തലയുയർത്തി നിന്നു. പക്ഷേ നാട്ടിലേ ചൂട് കാരണം വ്യാളി അതിന്റെ ശീതകാല നിദ്രയിൽ നിന്ന് ഉണർന്നു. എന്തിനേറെ പറയണം ഒരു ഭീകര ശബ്ദമുണ്ടാക്കിക്കൊണ്ട് അത് കുറെയധികം പേരെ കൊന്നു. അതോടൊപ്പം തന്നെ നമ്മുടെ ഈ വേട്ടക്കാരന്റെയും ജീവനതെടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ. (ഗൂഗിൾ).

വ്യാളികളെ കുറിച്ചുള്ള എല്ലാ കഥകളെയും പോലെ ഇതും ഒരു അസംഭവ്യമായ കഥ തന്നെയായിരിക്കും. എന്നാൽ ഇത് ഒരു പ്രധാന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. തനിക്ക് യാതൊരു അർഹതയും ഇല്ലാത്ത അഥവാ യാദൃശ്ചികമായി സംഭവിച്ച കാര്യങ്ങൾ സ്വന്തം നേട്ടമായി എടുത്തുകാട്ടി ഈ വേട്ടക്കാരനെ പോലെ അഭിമാനിക്കുന്ന അനേകയാളുകൾ ഈ ലോകത്തിലുണ്ട്. അർഹതയുള്ള വിഷയങ്ങളിൽ മാത്രമേ നാം അഭിമാനിക്കാവൂ. നാം സാധാരണയായി പറയുമല്ലോ: “ഒരു ചക്ക വീണപ്പോൾ ഒരു മുയൽ ചത്തുവെന്നു കരുതി എല്ലാ ചക്കയും വീഴുമ്പോൾ മുയൽ ചാകാറില്ല” എന്ന്. അബദ്ധത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആവർത്തിക്കപ്പെട്ടു എന്നുവരില്ല. നമ്മുടെ യാതൊരു പ്രയത്നവും കൂടാതെ സംഭവിക്കുന്ന കാര്യങ്ങൾ നമ്മുടെ നേട്ടങ്ങൾ എന്ന വിധത്തിൽ അഹങ്കരിക്കുന്നവർക്ക് ചിലപ്പോൾ അത്യാഹിതങ്ങൾ തന്നെ സംഭവിച്ചേക്കാം. ആത്മാർത്ഥതയും വിശ്വസ്തതയും കൂടാതെ ജീവിതവിജയം കൈവരിപ്പാനാവില്ല. പ്രസിദ്ധിക്കു വേണ്ടിയുള്ള ശ്രമങ്ങളിൽ ഗുണമേന്മയും വിശ്വസ്തതയും കൈമോശം വന്നു എന്ന് വരാം. പ്രസിദ്ധി സിദ്ധിക്കുന്നത് നമ്മുടെ പ്രവർത്തികളുടെ ഗുണമേന്മയും ആത്മാർത്ഥതയും കൊണ്ടാണ്. സൂത്രവിദ്യകളിലൂടെ പ്രശസ്തരാവാം എന്ന് കരുതുന്നവർ നിരാശരായി തീരും. നാളുകൾ കഴിയുമ്പോൾ നമ്മിലെ വ്യാജ ഭാവം എല്ലാം പുറത്തുവരും. അതോടെ പ്രശസ്തിക്ക് പകരം നിന്ദിതരാവുക യെയുള്ളൂ. സമൂഹ നന്മയ്ക്കായി കഠിനപ്രയത്നം ചെയ്യുന്നവർക്ക് മാത്രമേ പ്രശസ്തരാവാൻ കഴിയുകയുള്ളൂ. ഉന്നത വിജയം നേടുവാൻ കോപ്പിയടിക്കുകയും വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുകയും അപരന്റെ തീസിസ് സ്വന്തമാക്കുകയും ചെയ്യുന്ന വ്യക്തികളുടെ ചരിത്രങ്ങൾ ഒക്കെ ഈ നാളുകളിൽ പുറത്തു വന്നുകൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ എല്ലാ വ്യാജ ഭാവങ്ങളും മറനീക്കി പുറത്തുവരുന്ന ചില സന്ദർഭങ്ങൾ ഉണ്ടാവും. ആകയാൽ ആത്മാർത്ഥതയോടെയും വിശ്വസ്തതയോടെയും സമൂഹനന്മ ലാക്കാക്കി കഠിനപ്രയത്നം ചെയ്യുന്നവരായി ജീവിപ്പാൻ നമുക്ക് സമർപ്പിക്കാം. 

പി. റ്റി. കോശിയച്ചൻ.
+91 9495913953

You may also like

Leave a Comment