കുരുത്തം കെട്ടവനെ, നശിച്ച കൊറോണാ, നിനക്ക് ഭ്രാന്താണോ?! സാത്താനേ, ലൂസിഫറിന്റെ സന്തതിയെ!
തകരക്ഷീറ്റിട്ടു മറച്ച കുടുസ്സു മുറിയിൽ പൊന്നിനെ ഉറക്കിക്കിടത്തി, തലയിണ കൂട്ടിനു അടുപ്പിച്ചു വെച്ചു അവൾ. റോസാപ്പൂക്കളുടെ ചെറിയ ഡിസൈനിൽ കടും ചന്ദന നിറത്തിലുള്ള ചുരിദാറും ക്രീം നിറമുള്ള സിൽക്ക് ദുപ്പട്ടയും ധരിച്ച് അവൾ ഒരുങ്ങി തുടങ്ങി.
നെടുകേ പൊട്ടിയ കണ്ണാടിയിൽ നോക്കി മുഖത്ത് ചായം തേച്ചു മിനുക്കി. ‘കുസ്‌ബൂ ബിന്ദി’യുടെ പുതിയ കൂടു പൊട്ടിച്ച് ഒന്ന് നെറ്റിയിൽ പതിപ്പിച്ചു. താനിപ്പോഴും ഒരു കൊച്ചു സുന്ദരിയാണ് എന്നതു കണ്ട് അവൾ മന്ദഹസിച്ചു.
തകര ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ‘വ്യാകുല മാതാ’വിന്റെ മുഖത്തേയ്ക്കു കടുപ്പിച്ചു നോക്കി കുറെ പരിഭവം പറഞ്ഞിട്ട് അവൾ പുറത്തിറങ്ങി. അമ്മയോട് തല്ലു കൂടി വീട്ടിൽ നിന്നും ചാടിപ്പോന്നപ്പോൾ എടുത്ത ഒരേ ഒരു മൊതല്. കൊന്ത പൊട്ടിച്ച് കിണറ്റിൽ എറിഞ്ഞിട്ടായിരുന്നു തീവണ്ടി കയറിയത്.
കത്തുകൾ ആശ്വാസമായിരുന്നു. ‘കൽക്കത്തയെന്ന പറുദീസായിൽ നിലത്തു മുഴുവൻ ആപ്പിളും ഓറഞ്ചും വീണു കിടക്കുകയാ മോളേ. ചുമ്മ നടന്ന് പറക്കിയെടുത്താൽ മതീട്ടോ. ഇങ്ങോട്ട് പോരെ!..’ സ്വർണം വിളഞ്ഞു കിടക്കുന്ന മരത്തണലിൽ ദീദിയുടെ നുകത്തിൽ കെട്ടിയിട്ടിട്ട് അവൻ ഹൗറാ പാലം കടന്നു. ദീദിയിൽ നിന്നും വാങ്ങിക്കൊണ്ടു പോയ പ്രതിഫലം മാസങ്ങളെെടുത്താണ് വീട്ടിതീർത്തത്. കണ്ണിൽ ചോരയില്ലാതെ ദീദിയത് കണക്കു പറഞ്ഞു വാങ്ങിച്ചു.
‘ഒന്നു രണ്ടു ഇടപാടുകാരെ കിട്ടാതെ നാളെ എങ്ങിനെ മോക്കടെ പിറന്നാളിന് മധുരം വാങ്ങും! രണ്ടാഴ്ചയായി വെറും കൈയ്യാലെ ആണ് തിരികെ പോരേണ്ടി വന്നത്.
‘ടാ നശിച്ച കൊറോണാ! എന്റെ മോക്കടെ പിറന്നാളു നാളെ. എടാ പിശാചേ, ചതിക്കരുത് ട്ടോ ടാ… ‘ നടപ്പിന്റെ വേഗം കൂട്ടുന്നതിനിടയിൽ അവൾ ഉറക്കെ ശപിച്ചു.
വഴികൾ വിജനമാണ്. നേരം ഇരുട്ടി കഴിഞ്ഞു. ഇരുട്ടിനു മുൻപ് ചെന്നില്ലങ്കിൽ കനമുള്ള മടിശീലക്കാരെ മിടുക്കി പെണ്ണുങ്ങൾ കൊത്തി കൊണ്ടു പോകും. സ്ഥിരം പറ്റുകാരെ വിളിച്ചിട്ടും ഒരു മറുപടിയില്ല. പേടിയാണു പോലും. ഇതിലും വലിയ അണുവിനെ പേടിയില്ലാത്തവരാ ഇവറ്റകൾ! എത്ര നിർബന്ധിച്ചാലാ ‘ഡ്യൂറെക്സ്’ തൊടുന്നത് തന്നെ.
അവൾക്കൊരാശ്വാസം. കണക്കു പറഞ്ഞു പകുതിയും തട്ടിപ്പറച്ചു കൊണ്ടു പോകും. എങ്കിലെന്ത്? ഒന്നും ഇല്ലാത്തതിലും ഭേതമല്ലെ!
ഹൗറാ കടന്ന് രബീദ്ര റോഡിൽ എത്തി അവൾ. നേരം വൈകിയിരിക്കുന്നു. നെറ്റിയിൽ നിന്നും വിയർപ്പു കവിളിലേക്കു ഒഴുകി വന്നത് ദുപ്പട്ടയെടുത്ത് തുടച്ചു. മാർച്ചു മാസം കഠിനമാണ് കൽക്കത്ത. മഴയോ കാറ്റോ ഇല്ലാതെ കൽക്കത്ത മുഖം കറുപ്പിച്ചു നിൽക്കും. കിച്ചുവിന്റെ ദൂക്കാനിൽ നിന്നും ഒരു പാൻ മസാല വാങ്ങി ചവച്ചു കൊണ്ട് അവൾ നടന്നു.