Home Articlesഅവൾ നുജൂദ്, വയസ്സ് പത്ത്, വിവാഹമോചിത

അവൾ നുജൂദ്, വയസ്സ് പത്ത്, വിവാഹമോചിത

അറേബ്യയുടെ തെക്കേ തുമ്പത്ത് ഇന്ത്യൻ മഹാസമുദ്രത്തിന്‍റെയും ചെങ്കടലിന്‍റെയും തിരകൾ കൊലുസണിയിക്കുന്ന യമൻ നാട്ടിലായിരുന്നു നുജൂദ് ജനിച്ചുവളർന്നത്.

by News Desk
0 comments
തിരക്കേറിയ ആ കോടതിമുറിയിൽ തനിക്കൊരു പരാതി പറയാനുണ്ടെന്നും പറഞ്ഞ് തനിച്ചു വന്നുനിൽക്കുന്ന ആ കൊച്ചു പെൺകുട്ടിയെ ജഡ്ജിയും കോടതിമുറിയിലുണ്ടായിരുന്ന ജനക്കൂട്ടവും കൗതുകപൂർവം നോക്കി.

“എന്താണ് മോൾക്ക് പറയാനുള്ളത്..?”

 ദൂരെ ഒരു ഗ്രാമത്തിൽ നിന്നും തനിയെ തന്‍റെ പരാതി കോടതിക്കുമുന്നിൽ ബോധിപ്പിക്കാൻ വേണ്ടി വന്ന ആ പത്തുവയസ്സുകാരി പെൺകുട്ടിയോട് ജഡ്ജി വാത്സല്യപൂർവം ചോദിച്ചു.

“ഞാൻ നൂജൂദ്.. എനിക്ക് വിവാഹമോചനം വേണം.”

ആ പത്തു വയസ്സുകാരിയുടെ കുഞ്ഞു ശബ്ദം നാലുദിക്കും വിറപ്പിക്കുമാറുച്ചത്തിൽ യമൻ രാജ്യമൊന്നാകെ മുഴങ്ങിക്കേട്ടു.

നൂജൂദ് എന്ന പത്തുവയസ്സുകാരി യമൻ ബാലികയുടെ ആത്മകഥാപരമായ “ഞാൻ നൂജൂദ്,വയസ്സ് പത്ത്, വിവാഹമോചിത “എന്ന കൃതിയിൽ നിന്നുള്ള ഒരു ശ്രദ്ധേയ ഭാഗമായിരുന്നു മുകളിൽ പറഞ്ഞ കോടതിരംഗം.

അറേബ്യയുടെ തെക്കേ തുമ്പത്ത് ഇന്ത്യൻ മഹാസമുദ്രത്തിന്‍റെയും ചെങ്കടലിന്‍റെയും തിരകൾ കൊലുസണിയിച്ചു കൊണ്ടിരിക്കുന്ന യമൻ നാട്ടിലായിരുന്നു നുജൂദ് എന്ന ആ പെൺകുട്ടി ജനിച്ചുവളർന്നത്.

അറബിക്കഥകളുടെ നാട്ടിലെ അവളുടെ ബാല്യകാലം ഏതൊരു കുട്ടിയേയും പോലെ അവളും ആസ്വദിച്ചിരുന്നു. അവളേറെ സന്തോഷത്തോടെ സ്കൂളിൽ പോവുകയും കൂട്ടുകാരോടൊപ്പം കളിക്കുകയും ചെയ്തു. അക്കാലങ്ങളിൽ ഏറ്റം  സന്തോഷവതിയായിരുന്നു അവൾ. തന്‍റെ വിവാഹമുറപ്പിക്കുവാൻ പോകുന്നുവെന്ന് അവളുടെ ബാബ വന്ന് പറയുന്ന ആ ദിവസത്തിന്‍റെ തുടക്കം മുന്നെ വരെ.

കല്യാണത്തിന് സമ്മതമല്ലെന്നും പഠിത്തം നിർത്താനോ കൂട്ടുകാരെയും കുടുംബത്തെയും വിട്ട് പോവാനോ തനിക്ക് സാധ്യമല്ലെന്നും പറഞ്ഞു കരഞ്ഞ അവളെ വിവാഹദിവസം കിട്ടാൻ പോകുന്ന പുത്തനുടുപ്പുകളെയും മധുരപലഹാരങ്ങളെയും പുതുപ്പെണ്ണിന് ലഭിക്കുന്ന പ്രത്യേക പരിഗണനകളെയും കുറിച്ചൊക്കെ പറഞ്ഞാണ് മാതാപിതാക്കൾ മനസ്സു മാറ്റിയത്.

എന്നാൽ വിവാഹം കഴിഞ്ഞ് തന്നെക്കാളും മൂന്നിരട്ടി  പ്രായമുള്ള ആ മുപ്പതു വയസ്സുകാരനായ ഭർത്താവിന്‍റെ കൂടെ അയാളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ ഒരിക്കലും അവളോർത്തില്ല അതുവരെയുണ്ടായിരുന്ന തന്‍റെ കളിചിരികളെല്ലാം അയാളുടെ വീട്ടുപടിക്കൽ എറിഞ്ഞുടച്ചിട്ടാണ് അയാൾ തന്നെ ഭർതൃവീട്ടിലേക്ക് കൈ പിടിച്ചു കയറ്റിയതെന്ന്.

ഒരിക്കലും ഒരു പത്തുവയസ്സുകാരി പെൺകുട്ടിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ദുരനുഭവങ്ങളായിരുന്നു ആ വീട്ടിൽ അവളെ കാത്തു നിന്നിരുന്നത്. വിവാഹനാൾ മുതൽ തന്നെ അതിക്രൂരമായി പീഡിപ്പിക്കുന്ന പുകയില മണക്കുന്ന ചുണ്ടുകളുള്ള ഭർത്താവിനെയും എപ്പോഴും ശാപവാക്കുകൾ മാത്രം പറയുകയും എല്ലുമുറിയെ ജോലി ചെയ്യിപ്പിക്കുകയും ചെയ്യുന്ന അമ്മായിയമ്മയെയും അവൾ ഒരുപോലെ ഭയന്നു. നിറയെ തൂണുകളും മുറികളുമുള്ള ആ വലിയ വീട്ടിൽ ജിന്നിന്‍റെ തടവറയിലകപ്പെട്ട അറബിക്കഥകളിലെ രാജകുമാരിയെ പോലെ അവൾ നിസ്സഹായയായി കണ്ണീർ വാർത്തു.

പല രാത്രികളിലും ഭർത്താവിൽ നിന്നും രക്ഷപ്പെടാൻ ഇരുട്ടിൽ തൂണുകളുടെ മറവിൽ ഒളിച്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും അവൾ കണ്ടുപിടിക്കപ്പെടുകയും ബോധം മറയും വരെ നിഷ്ക്കരുണം പീഡിപ്പിക്കപ്പെടുകയും ചെയ്തു. വീട്ടുജോലികളാലും ഭർത്താവിന്‍റെ ഉപദ്രവങ്ങളാലും പാടെ സഹികെട്ട അവൾ എന്നും തനിക്ക് തന്‍റെ വീട്ടിൽ പോവണമെന്നും ഉമ്മിയേയും ബാബയേയും കാണണമെന്നും പറഞ്ഞു കരയൽ പതിവായതോടെയാണ് കുറച്ചു ദിവസം വീട്ടിൽ താമസിച്ചിട്ട് തിരിച്ചു വരാൻ ഭർത്താവ് അനുമതി കൊടുത്തത്.

വിവാഹം കഴിഞ്ഞ് ഏറെ നാൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ അവൾ ഒരുപാട് സന്തോഷിച്ചു. ഇനിയൊരിക്കലും തിരികെ ഭർതൃവീട്ടിലേക്ക്, ആ നരകത്തിലേക്ക് താൻ തിരിച്ചുപോകില്ലെന്ന് അവൾ മനസ്സിലുറപ്പിച്ചു. അതേ തുടർന്ന് തന്‍റെ ഭർത്താവിന്‍റെ ഉപദ്രവങ്ങളെ കുറിച്ചും ഭർതൃവീട്ടിൽ താനനുഭവിച്ച യാതനകളെ കുറിച്ചുമെല്ലാം അവൾ തന്‍റെ മാതാപിതാക്കളോട് പറഞ്ഞപ്പോൾ അത് വകവെക്കാതെ തന്നെ വീണ്ടും ആ വീട്ടിലേക്ക് തന്നെ തിരിച്ചയക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളോട് അവൾക്ക് ദേഷ്യം തോന്നി. തണലാവുമെന്ന് കരുതിയ മാതാപിതാക്കൾ തന്നെ കൈവിട്ടപ്പോൾ ഇനിയെന്ത് എന്ന ചിന്തയിൽ അവളുടെ കുഞ്ഞുമനസ്സ് നീറുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾക്ക് കോടതിയിൽ പോകാമെന്നും അവർ പരിഹാരം കാണുമെന്നും ആരോ പറഞ്ഞ് അവളറിഞ്ഞത്.

അങ്ങനെയൊരു ദിവസം ഉമ്മ റൊട്ടി വാങ്ങാൻ കൊടുത്തയച്ച നൂറ്റിയൻപതു രൂപയുമായാണ് ആ പെൺകുട്ടി ബസ്സ്‌ കയറി യമനിലെ കോടതിമുറിക്കകത്തു വെച്ച് ചരിത്രത്തിലിടം നേടിയത്.തന്‍റെ വ്യക്തിപരമായ പ്രശ്നം എന്ന രീതിയിലാണ് തന്‍റെ വേദനകൾ അവൾ കോടതിക്കു മുന്നിൽ തുറന്നു പറഞ്ഞതെങ്കിലും നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുറങ്ങേണ്ട ഇളംപ്രായത്തിൽത്തന്നെ വിവാഹിതയും വീട്ടമ്മയുമാവേണ്ടി വന്ന ഒരുപാട് അറേബ്യൻ പെൺകുട്ടികളുടെ പ്രതിനിധിയായിട്ടായിരുന്നു കോടതി ആ കുഞ്ഞുപെൺകുട്ടിയെ കണ്ടത്. അതുകൊണ്ടുതന്നെ നുജൂദ് എന്ന പത്തുവയസ്സുകാരിയുടെ നേരിട്ടുള്ള പരാതിയിന്മേൽ കോടതി നടപടിയെടുക്കുകയും അതുകൂടാതെ യമനിൽ പെൺകുട്ടികളുടെ വിവാഹപ്രായം പതിനേഴു വയസ്സായി ഉയർത്തുകയും ചെയ്തു.

നുജൂദിന്‍റെ കഥ ശുഭപ്രതീക്ഷയുടെ ഒരു സന്ദേശം കൂടെ നൽകുന്നുണ്ട്.കാലാകാലങ്ങളായി നിലനിന്നിരുന്ന വലിയൊരു അടിമത്തത്തിന്‍റെ ചങ്ങല പൊട്ടിച്ചെറിഞ്ഞവൾ.അറേബ്യൻ ഉപഭൂഖണ്ഡത്തിലൊന്നാകെ മാറ്റത്തിന്‍റെ അലയൊലികൾ സൃഷ്ടിച്ചവൾ.ബാലവിവാഹം ഒരു ആചാരമായും സംസ്ക്കാരമായും കൊണ്ടുനടന്ന, അടുത്ത കാലം വരെ അതിനൊരു മാറ്റമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കാതിരുന്ന ഒരിടത്താണ് അവൾ വിപ്ലവം സൃഷ്ടിച്ചത്.നുജൂദ് കാണിച്ച ആ ധൈര്യത്തെ പിൻപറ്റി ഒരുപാട് പെൺകുട്ടികൾ കണ്ണുനീരിന്‍റെ മണമുള്ള ദാമ്പത്യജീവിതങ്ങളിൽ നിന്നും ഇറങ്ങി വരാനും വിവാഹമോചിത എന്ന് സ്വയം പരിചയപ്പെടുത്താനും ധൈര്യം കാണിച്ചു. 

വിവാഹമോചനം ലഭിച്ചതിന് ശേഷം തന്നെ സംരക്ഷിക്കാനായി മുന്നോട്ടുവന്ന ഷാദ് എന്ന അഭിഭാഷക യുടെ കൈ പിടിച്ച് കോടതിയിൽ നിന്നും പുറത്തേക്കിറങ്ങി വരുന്ന നുജൂദിനോട് ഇനി എന്താണ് ആഗ്രഹമെന്ന ഷാദിന്‍റെ ചോദ്യത്തിന് “എനിക്ക് കുറച്ചു പുതിയ കളിപ്പാട്ടങ്ങൾ വേണം.ചോക്ലേറ്റും കേക്കും തിന്നാനും തോന്നുന്നുണ്ട്.”എന്നായിരുന്നു കുഞ്ഞുനുജൂദിന്‍റെ നിഷ്കളങ്കമായ മറുപടി.

അതേ, വിവാഹവും വിവാഹമോചനവുമെല്ലാം കഴിഞ്ഞുവെങ്കിലും അവള്‍ കേവലമൊരു  കൊച്ചു പെൺകുട്ടി മാത്രമായായിരുന്നു. പത്തു വയസ്സ്  പ്രായമുള്ള  നിഷ്ക്കളങ്കയായ   പെൺകുട്ടി.

നുജൂദ് പിന്നീട് ഷാദിന്‍റെ സഹായത്തോടെ വീണ്ടും സ്കൂളിൽ ചേരുകയും മുടങ്ങിപ്പോയ തന്‍റെ പഠിത്തം പുനരാരംഭിക്കുകയും ചെയ്തു.എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നുതന്നെ അവൾ പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേറ്റു വന്നു. അതുകൊണ്ടുതന്നെ മനക്കരുത്തിന്‍റെയും ആത്മധൈര്യത്തിന്‍റെയും അന്താരാഷ്ട്ര ബിംബമായി ദി ന്യൂയോർക്കർ അവളെ വിശേഷിപ്പിച്ചു.

വീടിന്‍റെ പൂമുഖത്തിണ്ണയിലിരുന്ന് സന്തോഷത്തോടെ അതിലേറെ സ്വാതന്ത്ര്യത്തോടെ ചിത്രം വരച്ചുകൊണ്ടിരിക്കെയാണ് ഒരു നോവലിസ്റ്റ് അവളെ കാണാനായെത്തിയത്. അവൾ അപ്പോൾ ധാരാളം ജനാലകളും കിളിവാതിലുകളുമുള്ള നിറപ്പകിട്ടാർന്ന ഒരു കെട്ടിടം വരയ്ക്കുകയായിരുന്നു.ചിത്രം ശ്രദ്ധിച്ച അദ്ദേഹം  കുസൃതിയോടെ അവളോട് ചോദിച്ചു. 

“ഇത് വീടോ, സ്‌കൂളോ അതോ ഹോസ്റ്റലോ..?

മനോഹരമായി ചിരിച്ചുകൊണ്ട് അവൾ മറുപടി പറഞ്ഞു.

“ഇതൊരു വീടാണ്. സന്തോഷത്തിന്‍റെ വീട്.ഈ വീട് നിറയെ സന്തോഷമുള്ള കൊച്ചുപെൺകുട്ടികളാണ്.”

വായിച്ചറിഞ്ഞതിൽ ഇന്നുവരെ നുജൂദിനോളം അത്ഭുതപെടുത്തിയ മറ്റൊരു പെൺകുട്ടിയില്ല. ഹൈസ്കൂൾ കാലങ്ങളിലെപ്പോഴോ വായിച്ച അവളുടെ വാക്കുകളും കുഞ്ഞുമുഖവും ഇന്നും ഓർക്കുന്നതും ഇന്നലെ വായിച്ചപോലെ അവളെ എഴുതുന്നതും അവൾ തെളിയിച്ച ആ ധീരതയുടെ പ്രകാശം നമുക്കിടയിലെ ഇരുട്ട് നിറഞ്ഞ പെൺജീവിതങ്ങളെക്കൂടി പ്രകാശഭരിതം ആക്കട്ടെയെന്ന പ്രാർത്ഥനയോടെയാണ്.

 

അവൾ നുജൂദ്, വയസ്സ് പത്ത്, വിവാഹമോചിത
Author:മുബഷിറാ നസ്‌റിൻ

You may also like

Leave a Comment