91
അനുഭവങ്ങളാൽ തീർത്ത കഥയുടെ കാവൽക്കാരൻ: എം ടി
Author: മുബഷിറാ നസ്‌റിൻ
വായന ഒരു ജീവിതചര്യയായി മാറിയ സ്‌കൂൾകാലം മുതൽക്കേ കണ്ടു പരിചയിച്ച മുഖമായിരുന്നു എം ടി യുടേത്. അക്ഷരങ്ങൾ കൊണ്ട് അദ്ദേഹം ജീവൻ കൊടുത്ത കുട്ട്യേട്ടത്തിയും അപ്പുണ്ണിയുമൊന്നും ഇന്നും മനസ്സിൽ നിന്നും പടിയിറങ്ങാൻ കൂട്ടാക്കിയിട്ടില്ല.
മലയാള സാഹിത്യത്തെ വിശ്വസാഹിത്യത്തിന്റെ വിതാനങ്ങളിലേക്ക് ഉയർത്താൻ കെൽപ്പുള്ളവയായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകൾ. പരന്ന വായനയും അനുവാചകരുടെ മനസ്സിൽ ഇടം പിടിക്കുന്ന എഴുത്തുകളുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. പഷ്ണിമണമുള്ള അദ്ദേഹത്തിന്റെ എഴുത്തുകളിലധികവും നാലുകെട്ടും നടുമുറ്റവും ഭഗവതി കുടിയിരിക്കുന്ന മച്ചും പത്തായപ്പുരയുമെല്ലാം നിറഞ്ഞു നിന്നിരുന്നു. വള്ളുവനാടൻ നാട്ടുജീവിത സംസ്കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തി മനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി.
നാലുകെട്ട്, രണ്ടാമൂഴം എന്നിങ്ങനെ ഒരുപാട് ക്ലാസ്സിക്കുകൾ ചുരുങ്ങിയ കാലം കൊണ്ട് മലയാളസാഹിത്യത്തിന് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു നോവലിസ്റ്റ് എന്ന ലേബലിൽ പുസ്തകരചനകളിൽ മാത്രം സ്വയമൊതുങ്ങാതെ തന്റെ വിശ്രമമില്ലാത്ത തൂലികയെ സിനിമാ തിരക്കഥ രചനകളിലേക്കും അദ്ദേഹം ചലിപ്പിച്ചു. പെൺനോവുകളുടെ കഥ പറയുന്ന “നീലത്താമരയും “, ഓപ്പോളെന്ന് പേരു ചൊല്ലി വിളിച്ചിരുന്നവർ പൊടുന്നനെ ഒരു ദിവസം തന്റെ അമ്മയാണെന്നറിയുന്ന അപ്പുവിന്റെ കഥ പറയുന്ന”ഓപ്പോളും” എന്നിങ്ങനെ അദ്ദേഹത്തിന്റെ തൂലികത്തുമ്പിൽ നിന്നും പിറവിയെടുത്ത കഥയും കഥാപാത്രങ്ങളും നിരവധിയാണ്. ദേശീയ- അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്കാരങ്ങളും എം ടി യുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്.
സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരേപോലെ കടന്നു ചെല്ലാൻ പാകത്തിനുള്ളത്ര ലളിതമായ ലോകമായിരുന്നു എം ടി യുടെ അക്ഷരങ്ങളാൽ സൃഷ്ടിക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ അദ്ദേഹത്തിനെ തേടിയെത്തിയിരുന്നു.
മനം മയക്കുന്ന പച്ച നിറമാർന്ന വള്ളുവനാടൻ ഗ്രാമഭംഗിയും അവിടങ്ങളിലെ നന്മയുടെ ഇളനീർതണുപ്പുള്ള മനുഷ്യരും എം ടി കഥകളിലെയും സിനിമകളിലെയും സ്ഥിരം സാന്നിധ്യമാണ്. ഇവരിലൂടെ പലപ്പോഴും എം ടി തന്നെത്തന്നെയായിരുന്നു വായനക്കാർക്ക് മുന്നിൽ എത്തിച്ചിരുന്നത്. നായർ തറവാടുകളും അവിടങ്ങളിലെ അടുക്കള വഴക്ക് മുതൽ കാരണവന്മാരുടെ കോടതിയിടപാടുകൾ വരെ തന്റെ ജീവിതത്തിൽ നിന്നും ചീന്തിയെടുത്തു കൊണ്ടായിരുന്നു എം ടി എല്ലായിടത്തും അവതരിപ്പിച്ചിരുന്നത്.
മരുമക്കത്തായവും നായർ തറവാടുകളിലെ കീഴ്‌വഴക്കങ്ങളുമൊക്കെ പറയുന്ന എഴുത്തുകളായിരുന്നു എം ടി യുടേത്.
എങ്കിലും മതങ്ങളുടെ അതിർവരമ്പുകൾ മറികടന്നു കൊണ്ട് മനുഷ്യത്വവും സ്നേഹവും ഉയർത്തി പിടിക്കുന്നവരായിരുന്നു എം ടി യുടെ കഥാപാത്രങ്ങൾ. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതിലൂടെ വലിയൊരു സാംസ്‌കാരിക മാതൃകയായിരുന്നു എം ടി മുന്നോട്ട് വെച്ചത്.
എഴുതിത്തീരാത്ത ഒരുപിടി കഥകളും കഥാപാത്രങ്ങളും ബാക്കി വെച്ചുകൊണ്ട് എം ടി വിടവാങ്ങിയിട്ട് ഒരു വർഷമാവാറായെങ്കിലും അദ്ദേഹം ജീവൻ കൊടുത്ത അനേകായിരം കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു.