Home Americaറവ. നല്‍വരന്‍-ഫാദര്‍ജി

റവ. നല്‍വരന്‍-ഫാദര്‍ജി

by admin
0 comments

    ശങ്കാരാടി പഞ്ചായത്തില്‍ വളരെ പെട്ടെന്നാണ് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചത്. ആളുകള്‍ കൂട്ടംകൂട്ടമായി മരിച്ചു വീണു. മെഡിക്കല്‍ വിദ്ഗ്ദ്ധര്‍ നെട്ടോട്ടമോടി. എല്ലാ സിദ്ധൗഷധങ്ങളും ജനം പരീക്ഷിച്ചുനോക്കി. ഒരു പ്രയേജനവുമില്ല. കടവ്യാപാര സ്ഥാപനങ്ങളും ഗവണ്‍മെന്‍റ് ഓഫീസുകളും അടച്ചു പൂട്ടി അധികൃതര്‍ സ്ഥലം വിട്ടു. മാസ്ക്ധാരികളായ ദേശീയ-അന്തര്‍ദേശീയ മെഡിക്കല്‍ വിദഗ്ദ്ധര്‍ പഞ്ചായത്തില്‍ ഓടി നടന്നു ഗവേഷണം തുടര്‍ന്നു.
ആതുരാലയത്തില്‍ നിന്നും അഗതികള്‍ ജീവനും കൊണ്ടോടി. ‘കണ്ടവരുണ്ടോ’ കോളത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഫോട്ടോ പത്രത്തില്‍ വന്നപ്പോഴാണ് കക്ഷി മിസ്സാണെന്ന് ജനം അറിഞ്ഞത്. അതോടെ വാര്‍ഡ് മെമ്പേഴ്സും വാനിഷായി.

ഗ്രാമപഞ്ചായത്തിന്‍റെ രണ്ടായിരം അടി മുകളിലൂടെ പറന്ന് ഗവണ്‍മെന്‍റ് വക്താവു  സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി ലാന്‍റ് ചെയ്ത് പത്രപ്രവര്‍ത്തകരോട് പറഞ്ഞു: പ്രശ്നാധിഷ്ഠിതവും തത്വാധിഷ്ഠിതവുമായ വിലയിരുത്തലിനുശേഷമേ മറുപടി പറയാനാകൂ. …. സരിഗമ!

പ്രതിപക്ഷനേതാവ് ഹെല്‍മറ്റും  മാസ്കും ധരിച്ച് എ.സി. കാറില്‍ 80 മൈല്‍ സ്പീഡില്‍ പഞ്ചായത്തിലൂടെ മരണപാച്ചില്‍ നടത്തിയശേഷം മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഊന്നിപറഞ്ഞു.
എല്ലാ ആരാധനായലയങ്ങള്‍ക്കും ആറുമാസത്തേക്ക് ലേ ഓഫ് പ്രഖ്യാപിച്ച് ക്ഷേത്ര ബലവാന്‍മാര്‍ എസ്കേപ്പായി.ബാധ ഭീകരമായിത്തന്നെ തുടര്‍ന്നു. വിവിധമതങ്ങളിലെ അത്യുന്നത ആത്മീയനേതൃ സ്ഥാനികളെകണ്ട് ദുരിതബാധിതന്മാര്‍ക്ക്  ആശ്വാസം പകരുവാന്‍ പഞ്ചായത്തിലേക്ക് എഴുന്നെള്ളണമെന്ന് അനുയായികള്‍ അപേക്ഷിച്ചപ്പോള്‍ ചിലര്‍ക്ക് നടുവേദന, മറ്റുചിലര്‍ ആഴ്ചകളായി ധ്യാനത്തിലാണത്രേ!

അയ്യായിരത്തോളം വേദവിപരീതികളെ പേപ്പര്‍ കല്പന കൊണ്ടു ശപിച്ചു മുടക്കിയ ഞങ്ങളുടെ പരമ പിതാവിന് ഈ ബാധയും മുടക്കി നിര്‍വ്വീര്യമാക്കാന്‍ കഴിയുമെന്ന് സഭാമാനേജിംഗ് കമ്മറ്റിയംഗം കുഞ്ഞിട്ടന്‍ പറഞ്ഞതനുസരിച്ച് പഞ്ചായത്തുകാര്‍ പിതാവിനെ ചെന്നുകണ്ടു. മഹാവ്യാധിയെ മുടക്കിനിരോധിച്ച് ഒരു കല്പന തന്ന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍, സഭാ മെമ്പേഴ്സ് അല്ലാത്ത, ആല്‍മാവില്ലാത്ത  കീടങ്ങളെ മുടക്കാന്‍ കാനോനില്‍ വകുപ്പില്ലെന്നുത്തരവായി, തിരുവുളമായി. .

ഇനിയെന്തുചെയ്യുമെന്നോര്‍ത്ത് ജനം ടെന്‍ഷനടിച്ചു നടന്നപ്പോഴാണ് അത്ഭുതരോഗശാന്തി കേന്ദ്രത്തിലെ അത്ഭുത സൗഖ്യദായകനായ റവ.നല്‍വരനെപറ്റി കേള്‍ക്കുന്നത്.           പഞ്ചായത്തംഗങ്ങള്‍ വനാന്തരത്തിലെ ആശ്രമത്തിലേക്കോടി. തമ്പേറടിയും അട്ടഹാസവും നടക്കുന്ന വേദിയില്‍ നിന്ന് സൗഖ്യമായവരുടെ പേരുകള്‍ വിളിച്ചു പറയുന്നതു കേട്ടപ്പോള്‍ ശങ്കരാടി പഞ്ചായത്തുകാര്‍ക്ക് ആശ്വാസമായി. റവ.നല്‍വരന്‍ തൊടുമ്പോള്‍ നുറുകണക്കിനാളുകള്‍ വീഴുന്നു, എഴുന്നേല്‍ക്കുമ്പോള്‍ സൗഖ്യമാകുന്നു! വരുവിന്‍, കടന്നു വരുവിന്‍!
രോഗശാന്തി ശുശ്രൂഷ കഴിഞ്ഞ് റവ. നല്‍വരന്‍ വിശ്രമിക്കുമ്പോള്‍ പഞ്ചായത്തംഗങ്ങള്‍ കാല്‍ക്കല്‍ വീണ് സങ്കടം പറഞ്ഞു: അങ്ങ്, അവിടെ വന്ന് രോഗബാധിതരുടെ മേല്‍ കൈവച്ചാല്‍ ബാധ നീങ്ങും. ദയവായി വരണം, ഗ്രാമത്തെ രക്ഷിക്കണം.

ദീര്‍ഘനേരത്തെ മൗനത്തിന് ശേഷം പഞ്ചായത്താകെ വിതറുവാന്‍ ഭസ്മവും പുകയ്ക്കാന്‍ സുഗന്ധദ്രവ്യങ്ങളും തളിക്കാന്‍ വാഴ്ത്തപ്പെട്ട വെള്ളവും നല്‍കി അനുഗ്രഹിച്ചു വിട്ടു. പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല. ബാധയോടാ കളി!
ജനം രോഗശാന്തി കേന്ദ്രത്തില്‍ വീണ്ടും അന്വേഷിച്ചു ചെന്നപ്പോള്‍ റവ. നല്‍വരന്‍ മിസ്സിംഗ്! ചില സാങ്കേതിക കാരണങ്ങളാല്‍ ധ്യാനകേന്ദ്രം ആറുമാസത്തേക്ക് അടച്ചിരിക്കുന്നതായി നോട്ടീസ്. നല്‍വരനെത്തേടി ജനം പാഞ്ഞു. ഇത്രയധികം അത്ഭുത രോഗശാന്തി വരമുള്ള അമാനുഷ അവതാരത്തെ കണ്ടെത്തി ഗ്രാമം രക്ഷിക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജിയില്‍ ‘ഹേബിയസ് കോര്‍പ്പസ്’ ഉത്തരവായി.

പോലീസും പട്ടാളവും പാഞ്ഞു. ഒടുവില്‍ ഘോരവനത്തിലെ ഒളിസങ്കേതത്തില്‍ നിന്ന് റവ. നല്‍വരനെ പിടികൂടി കോടതിയില്‍ ഹാജരാക്കി. ആയിരങ്ങളെ സൗഖ്യമാക്കിയ അത്ഭുത സിദ്ധിയുള്ള താങ്കള്‍ പഞ്ചായത്തിലെ അടിയന്തിരഘട്ടത്തില്‍ സ്വന്തം സിദ്ധി ഉപയോഗിക്കാതെ ഒഴിഞ്ഞു മാറിയതെന്താണെന്ന് ജഡ്ജി ചോദിച്ചു.
വാഗ്ദത്താധിഷ്ഠിത രോഗങ്ങളായ മുടന്ത്, ബധിരത, ഭൂതം തുടങ്ങിയവയ്ക്കുള്ള കടുത്ത കൈ മാത്രമേ തന്‍റെ കയ്യിലുള്ളൂ എന്നും ഇത് പുതിയയിനം ബാധയാണ്, ഞാന്‍ നോക്കിയാല്‍ നേടില്ലെന്നും റവ. നല്‍വരന്‍ ഉവാച.

“എങ്കിലും ഒന്നു ശ്രമിച്ചു നോക്കുന്നതിലെന്താണ് തെറ്റ്, അനേകം ജനങ്ങളുടെ ജീവന്‍റെ പ്രശ്നമല്ലേ”- ജഡ്ജി ചോദിച്ചു.

ഏകാന്തതയിലിരുന്ന് ശക്തി പ്രാപിക്കാന്‍ ഏകദേശം രണ്ടാഴ്ച വേണമെന്നായി റവ. നല്‍വരന്‍.
ശക്തിപ്രാപിക്കാന്‍ നല്‍വരനെ രണ്ടാഴ്ച ഹൗസ് അറസ്റ്റില്‍ സൂക്ഷിക്കാനും ശേഷം പിന്നാലെ പോലീസ് എസ്കോര്‍ട്ടോടെ ബാധബാധിത പ്രദേശത്ത് കൊണ്ടുപോയി സൗഖ്യദായക ശുശ്രൂഷ നടത്താനും ഉത്തരവായി.

ശക്തിപ്രാപിക്കല്‍ തുടരുന്നതിനിടയ്ക്ക് നല്‍വരന് പനിയും ചുമയും ഫിറ്റ്സും കലശലായി. ആശുപത്രിയിലെ അടിയന്തിര അത്യാഹിത വിഭാഗത്തില്‍ അഡ്മിറ്റാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചു! തീവ്രപരിചരണ വിഭാഗത്തിലെ മെഡിക്കല്‍ വിദഗ്ദ്ധരുടെ ചികിത്സമൂലം അത്ഭുത രോഗശാന്തിയും സൗഖ്യവും വിടുതലും ലഭിച്ച നല്‍വരന്‍ ശങ്കരാടി പഞ്ചായത്തിലെ ജനക്കൂട്ടത്തിന്‍റെ മുമ്പാകെ പറഞ്ഞ സാക്ഷ്യം: ദൈവത്തിന്‍റെ സൗഖ്യം എല്ലാ മനുഷ്യരുടെയും അവകാശമാണ്. പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊക്കെ അത ് ഫ്രീയാണ്. അതിന് ആത്മീയ ഏജന്‍റ്മാരുടെയും കൈമടക്കിന്‍റെയും ആവശ്യമില്ല. ദൈവത്തിന്‍റെ സൗഖ്യസ്പര്‍ശത്തിന്‍റെ വിരലുകളാണ് പ്രാര്‍ത്ഥനയും മെഡിക്കല്‍ കെയറും.
* * *                                  ****                            **********
“ദൈവഭക്തി ആദായസൂത്രമാക്കരുത്” – 1 തീമൊത്തി 6 :5

You may also like

Leave a Comment