തൊടുപുഴയില്‍ ഷാജന്‍ സ്‌കറിയ എത്തിയാല്‍ ഇനിയും അടിക്കും എന്ന മാത്യൂസ് കൊല്ലപ്പള്ളിയുടെ ഭീഷണി പോസ്റ്റ് നിര്‍ണായകമായി; പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പ്രതികളായ അഞ്ചു സിപിഎം പ്രവര്‍ത്തകരെയും തിരിച്ചറിഞ്ഞു; വധശ്രമത്തിന് കേസ്; മറുനാടന്‍ ചീഫ് എഡിറ്ററെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ്.
തൊടുപുഴ: ‘മറുനാടന്‍ മലയാളി’ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ തൊടുപുഴയില്‍ വെച്ച് മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞു. സിപിഎം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും ഒളിവിലുള്ള പ്രതികളെ പിടികൂടാനുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ചാണ് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജന്‍ സ്‌കറിയ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ച ശേഷമായിരുന്നു അതിക്രമം. വാഹനത്തിന് അകത്തിരിക്കുന്ന ഷാജന്‍ സ്‌കറിയയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമം തടയാന്‍ ശ്രമിക്കുന്നതായും ഇതില്‍ കാണാം. ഷാജന്‍ സ്‌കറിയ നല്‍കിയ വിവരങ്ങളുടെയും ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.( കപ്പാട്, മറുനാടന്‍ മലയാളി)