252
നിന്നെ തല്ലാറുണ്ടെന്ന കാര്യം ഈ വരുന്നോരോട് പറയല്ലേ പെണ്ണേ..
ചുംബിച്ചതിലും കൂടുതൽ ചവിട്ടിയിട്ടുണ്ട്.
ചത്തെന്ന് തോന്നും വിധം നീ തെറിച്ച് വീണിട്ടുമുണ്ട്…
എന്നിട്ടും ഇഴഞ്ഞ് വന്നെന്റെ
കാലിൽ തന്നെ വീണു…
വീടില്ലാത്തോളേ…
പോകാൻ ഇടമില്ലാത്തോളേ..
സ്വപ്നങ്ങളിൽ പോലും കുഞ്ഞില്ലാത്തോളേ…
ജീവിക്കാൻ കൊതിയില്ലാത്തോളേ…
എന്റെ രോഗ വീഴ്ച്ചയിൽ
ജീവിതം പാടേ മാറുമ്പോൾ,
നിന്റെ ദയ കാത്ത് ഇങ്ങനെ തളർന്ന് കിടക്കുമ്പോൾ,
നിന്റെ ലോകം തെളിയുന്നത് കാണുന്നില്ലേ…
ഈ മൗന പരിചരണം മതിയായി,
അതൊരു കടലായി,
ഉടലെടുക്കുന്ന തിരയായി,
വരുംകാല ജീവിതം
സുഖമെന്ന വാർത്തയായി,
വിധിയുടെ ശബ്ദമായി,
കതകിൽ മുട്ടുന്നത് കേൾക്കുന്നില്ലേ…
മറയാൻ പോകുന്ന മുറ്റത്തേക്ക്
മറവിയില്ലാത്തോർ വരുന്നു.
എന്നെ അവസാനമായി
കാണാൻ ജീവനുള്ളോർ വരുന്നു.
ഇത്രനാൾ എല്ലാരും കണ്ട കാഴ്ച്ചയിൽ,
ഞാനും നീയും പത്തോട് പത്ത് പൊരുത്തമുള്ളോർ..
വെറുത്ത് പോയ
കഥകളെല്ലാം പറഞ്ഞ്,
എന്നെ കള്ളമാക്കല്ലേ ഈ മണ്ണാകും നേരം…
ഉള്ളിൽ ചിറക് മുളച്ചതിൽ ആനന്ദമുണ്ടെങ്കിലും,
പുറമേ കരഞ്ഞ് രക്ഷിക്കുക..
നാലാൾ കാൺകെ മാറിൽ വീഴുക…
മരിച്ചാലും മറക്കാനാകാത്ത
ശിക്ഷയായി അസ്ഥിയിൽ പതിയാൻ,
പാരിൽ പൊടിയാൻ,
മറ്റെന്താണ് പെണ്ണേ ഈ ജീവിത കരയിൽ….!!!
കവിത : ശിക്ഷ
രചന : ശ്രീജിത്ത് ഇരവിൽ
രചന : ശ്രീജിത്ത് ഇരവിൽ