Home Poemsകവിത : മമ മലയാളമേ…

കവിത : മമ മലയാളമേ…

ശ്രീദേവി വിജയൻ

by admin
0 comments
മലകള്, കാടുകള്, കേരനിരകളും
ചിരി പൊഴിച്ചിടും കാട്ടുചോലയും
ഹരിതസുന്ദരം വയലിന്നീണവും
അതിമനോഹരം തീരഭൂവിത്.
നിരയായ്, കാവലായ് സഹ്യസാനുവും
തഴുകി സാന്ത്വനം ചൊല്ലുമാഴിയും
നവ സുഗന്ധമോടെത്തും തെന്നലും
മതിമനോഹരീ ദേവീ, മോഹിനീ.
വിവിധ ദിക്കുകള് തന്നിലെങ്കിലും
മനതിലെപ്പോഴും നിന്നെയോര്ത്തിടും
തവ കുരുന്നുകള്ക്കെന്നുമെന്നുമേ
അരുളൂ നന്മകള്, നേരിന് പാതയും.
മധുരമധുരമാം മൊഴികള് കോമളം
നയനമോഹനം ദൃശ്യഭംഗിയും
പ്രിയതരങ്ങളാം പൈതൃകങ്ങളും
പകരമേതുമേ ചിന്തനീയമോ?
കലകള് നിറയുമീ ലാസ്യ നടനവും
തരള മൃദുലമാം ലോല ഭാവവും
അറിവിതേകിടും മുഗ്ദ്ധകാന്തിയും
മഹിതേ, ശോഭിതേ, കൈവണങ്ങിടാം.
മഴുവെടുത്തതാം മനിതര് നാടിനെ
ദുരിത ഭൂമിയായ്‌ തീര്ത്തുവെങ്കിലും
തിരികെ നന്മകള് എത്തിടും ദൃഢം
ഉണരുമെങ്കിലോ നാടിന് മക്കള് നാം
(വരയും വരികളും – ശ്രീദേവി വിജയന്)

You may also like

Leave a Comment