167
(വൃത്തം- മാരകാകളി)
ശ്രാവണം വന്നു, മലയാളമണ്ണിന്റ
ഭാവന വീണ്ടുമുണർന്നു.
ചെത്തിയും മുല്ലയും മുക്കുറ്റിയും പിന്നെ
ഇത്തിരി തുമ്പയും പൂത്തു.
ഉത്രാടപ്പാച്ചിൽ കഴിഞ്ഞു തിരുവോണം
എത്രയും വേഗമണയും.
തൃക്കാക്കരയുടെ മുറ്റം മുഴുവനും
പൂക്കളം കൊണ്ടു നിറഞ്ഞു.
കുട്ടിത്തമുള്ളൊരാൾ ചൊല്ലുന്നു, മാവേലി
ചുറ്റുവട്ടത്തൊന്നുമില്ല.
അത്തക്കളത്തിൽ മൺകോലമായ് വാമനൻ
എത്തിയാരാദ്ധ്യനായ് മേവി.
നേരു ജയിക്കാതിരിക്കുവാനന്തണൻ
പോരിനു വന്നതായീടാം.
ഒന്നും പറയുവാനാവാതെ നില്ക്കുമെൻ
മുന്നിലുണരുന്നു സത്യം.
പൊന്നുതിരുമേനി നമ്മുടെ മാവേലി
ഇന്നും തടവിലാണത്രേ!
മന്വന്തരം കാത്തിരിക്കാതെ നീതിയെ
ഇന്നു സ്വതന്ത്രമാക്കേണം.
