135
ചെറിയ കുട്ടികൾക്ക് പാടിക്കൊടുക്കുവാൻ ഒരു പാട്ട്
കാക്കപ്പെണ്ണിന്റെ കല്യാണം
==========================
കാക്കപ്പെണ്ണിന് കല്യാണം
കറുത്ത പെണ്ണിനു കല്യാണം.
കാ കാ കാ കാ കാറിവിളിച്ചു
പാറിനടന്നു കാക്കച്ചി
കല്യാണത്തിന് കൂടാനായി
ചെന്നു ക്ഷണിച്ചവളെല്ലാരേം.
പന്തലൊരുക്കി തത്തമ്മ
പച്ചതത്തമ്മ
സദ്യയൊരുക്കി കൊക്കമ്മാവൻ
കൂടെക്കൂടി കുളക്കോഴി.
പാട്ടു പാടാൻ ഓടിയെത്തി
കൂടില്ലാത്തൊരു കുയിലമ്മ
പാട്ടിനൊത്ത് പീലിനിവർത്തി
നൃത്തം ചെയ്തു മയിലച്ഛൻ.
അത്തിമരത്തിൽ കൊത്തിക്കൊത്തി
താളമിട്ടു മരംകൊത്തി
മൊഞ്ചു കാട്ടി ചിറകുകൾ വീശി
പഞ്ചവർണ്ണക്കിളിയെത്തി.
കല്യാണത്തിനൊരുങ്ങുമ്പോൾ
കാക്കപ്പെണ്ണിനുമൊരു മോഹം
ചായം പൂശി മിനുക്കേണം
ഉള്ള കറുപ്പ് മറയ്ക്കേണം.
താലീയും മാലയുമായവനെത്തി
കാക്കച്ചെക്കൻ മണവാളൻ
രൂപം മാറിയ കാക്കപ്പെണ്ണിനെ
കണ്ടവനൊട്ടുമറിഞ്ഞില്ല.
പെണ്ണിനെ മാറ്റിയ കല്യാണത്തിനു
ഞാനില്ലെന്നു പറഞ്ഞിട്ട്
താലീം മാലയും വലിച്ചെറിഞ്ഞു
പറന്നു പോയി കാക്കച്ചൻ.
കാക്കപ്പെണ്ണിൻ്റെ കല്യാണം…
