ഈന്തപ്പനയുടെ സാക്ഷ്യം

പി. റ്റി. കോശിയച്ചൻ.
പേർഷ്യയിലെ ഒരു ന്യായാധിപനു മുന്നിൽ രണ്ടു പേരെ ഭടന്മാർ ഹാജരാക്കി. ഒരാൾ നിലവിളിച്ചു കൊണ്ടു പറഞ്ഞു – “ഞാൻ നൂറു സ്വർണ്ണനാണയങ്ങൾ ഈ കച്ചവടക്കാരനു കടം കൊടുത്തു. ഒരു മാസം കഴിഞ്ഞ് പലിശ സഹിതം പണം മടക്കി തരാമെന്നായിരുന്നു വാക്ക്. പക്ഷേ, ഇപ്പോൾ ഒരു നാണയം പോലും ഇയാൾ കടം മേടിച്ചിട്ടില്ലെന്നാണു പറയുന്നത്!” കച്ചവടക്കാരൻ: “അങ്ങുന്ന്, ദയവായി ഇതു വിശ്വസിക്കരുതേ. ഞാൻ യാതൊന്നും ഈ മനുഷ്യനോടു മേടിച്ചിട്ടില്ല. മറിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ അയാൾ ഹാജരാക്കട്ടെ”. ന്യായാധിപൻ: “ശരിയാണ്. തെളിവ് ആവശ്യമാണ്.” അപ്പോൾ, കച്ചവടക്കാരന് ആശ്വാസം തോന്നി. എന്നാൽ, മറ്റേയാൾ വിലപിച്ചു: “അങ്ങുന്നേ, ഞാൻ പണം കടം കൊടുത്തത് ആളുകൾ ഇല്ലാത്ത ഒരു സ്ഥലത്ത്, ഒരു ഈന്തപ്പനയുടെ ചുവട്ടിൽ വച്ചായിരുന്നു. അതിനാൽ, സാക്ഷികൾ ആരുമില്ല.”
ന്യായാധിപൻ: “വേഗം ആ ഈന്തപ്പനയെ എന്റെ മുൻപിൽ ഹാജരാക്കൂ.” ഏതാനും മണിക്കൂറുകൾക്കു ശേഷം, ന്യായാധിപൻ കച്ചവടക്കാരനു സമീപം വീണ്ടും വന്ന് ചോദിച്ചു: “ഹൊ! ആ മണ്ടൻ പോയിട്ട് എത്ര നേരമായിരിക്കുന്നു. ഈന്തപ്പന അടുത്തെങ്ങുമല്ലേ?”
കച്ചവടക്കാരൻ ആശ്വാസത്തോടെ പറഞ്ഞു : “അങ്ങുന്നേ, ആ ഈന്തപ്പന വളരെ ദൂരെയാണ്. ഇനിയും രണ്ടു മണിക്കൂർ സമയമെടുക്കും” ന്യായാധിപൻ മൗനം പാലിച്ചു. ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞ് അയാൾ കരഞ്ഞുകൊണ്ട് മടങ്ങിയെത്തി: ” അങ്ങുന്നേ, ക്ഷമിച്ചാലും. ആ വലിയ ഈന്തപ്പനയെ ഇവിടെ എത്തിക്കുവാൻ എനിക്കു ശക്തിയില്ല”. ന്യായാധിപൻ ഗൗരവത്തോടെ പറഞ്ഞു: “നീ മടങ്ങിയെത്തുന്നതിനു മുൻപേ, ഈന്തപ്പന സാക്ഷി പറഞ്ഞു കഴിഞ്ഞു! ആ ഈന്തപ്പന എവിടെയെന്ന് കച്ചവടക്കാരന് നേരത്തേ അറിവുണ്ടായിരുന്നു.”
ന്യായാധിപൻ കച്ചവടക്കാരനെ തടവറയിൽ അടയ്ക്കുവാനും മറ്റേയാൾക്ക് കൊട്ടാര ഖജനാവിൽ നിന്നും 200 സ്വർണ്ണ നാണയം കൊടുക്കുവാനും ഉത്തരവിട്ടു. (ഗൂഗിൾ). എത്ര രഹസ്യം എന്ന് തോന്നിയാലും എല്ലാ കൃത്യങ്ങൾക്കും എന്തെങ്കിലും തെളിവുകൾ ശേഷിച്ചിരിക്കും. എന്നാൽ ആ തെളിവുകൾ കണ്ടെത്തുന്നത് ശ്രമസാധ്യമാണ്. ഇവിടെ അന്വേഷണ ഉദ്യോഗസ്ഥരുടെ ബുദ്ധി വൈഭവവും പ്രാധാന്യമുള്ളതാണ്. ഈ കഥയിൽ ന്യായാധിപൻ എത്ര വിദഗ്ധമായാണ് കച്ചവടക്കാരനെ കൊണ്ട് ഈന്തപ്പനയെ കുറിച്ച് സംസാരിപ്പിച്ചത്. ഒരു തെളിവ് നശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ കൂടുതൽ ശക്തമായ ചില തെളിവുകൾ ശേഷിക്കുവാനോ പുതുതായി ഉണ്ടാകുവാനോ സാധ്യതയുണ്ട് എന്നത് ആരും വിസ്മരിക്കരുത്. എന്നാൽ ചില കേസുകളിൽ ഒക്കെ തെളിവുകൾ കണ്ടെത്താതിരിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമവും ചില അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്. അവർ പ്രതികളോട് അനുഭാവമുള്ളവരോ, തങ്ങളുടെ ഉത്തരവാദിത്വങ്ങളെ അവഗണിക്കുന്നവരോ അത്രേ. അങ്ങനെയുള്ള ഉദ്യോഗസ്ഥരെയും പ്രതികളുടെ കൂട്ടത്തിൽ കണക്കാക്കേണ്ടതാണ്. എന്നാൽ ആത്മാർത്ഥതയോടെ കേസ് അന്വേഷിക്കുന്ന ഒരു ഓഫീസർക്ക് യുക്തവും വ്യക്തവുമായ എന്തെങ്കിലും തെളിവുകൾ ലഭിക്കാതിരിക്കുകയില്ല. അതൊരു പ്രകൃതി നിയമമാണ്. ഈ ലോകത്തിലുള്ള ഓരോ വ്യക്തിക്കും ഓരോ വസ്തുവിനും പ്രകൃതിയിൽ ഓരോ ഇടമുണ്ട്. ആ വസ്തുവോ വ്യക്തിയോ അവിടെ നിന്നും നീക്കപ്പെടുമ്പോൾ ഉളവാകുന്ന ശൂന്യത തന്നെ ഒരു വലിയ തെളിവാണ്. അത് കണ്ടെത്തുവാൻ കണ്ണുകൾ വേണം എന്നുമാത്രം. നമ്മെ സംബന്ധിച്ചിടത്തോളം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാകാതെ നന്മ മാത്രം ചെയ്യുന്നവരായിരിപ്പാൻ സാധിക്കണം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-