ഓണം, മലയാളിയുടെ വികാരമാകുന്നത്, ഗൃഹാതുരത്വം പൊതിഞ്ഞ ഓർമ്മകളിലൂടെയാണ്. ഭൂഗോളത്തിന്റെ ഏതു കോണിലായാലും നമ്മൾ കറങ്ങിത്തിരിഞ്ഞു ഒരുമയോടെ പൊന്നാണത്തിന്റെ ആഘോഷങ്ങളിൽ കൈ കോർക്കും.
ഓണമെത്താൻ ദിവസങ്ങൾ എണ്ണി കാത്തിരുന്ന ബാല്യം ഓർമ്മകളിൽ നിറയുന്നു. ഓണവും പൂക്കളവും ഒന്ന് മറ്റൊന്നിനെ അടയാളപ്പെടുത്തും.
കുമ്മാട്ടികളിയും നാലാം ഓണത്തിന്റെ പുലികളിയും തൃശ്ശൂരിൽ പ്രസിദ്ധമാണ്. നാലാം ഓണത്തിന് നഗരത്തിൽ പുലി ഇറങ്ങി താളം ചവിട്ടി നീങ്ങിയാലെ തൃശ്ശൂര്കാർക്ക് ഓണാഘോഷം തകർക്കുകയുള്ളൂ. ഞങ്ങൾ പിള്ളേരുടെ കുത്തകാവകാശമാണ് വീടുകളിലെ പൂക്കളമിടൽ.
പായസവും പഴനുറുക്കും ഉപ്പേരിയും ചക്കരവരട്ടിയും വലിയ ഉരുളികളിൽ നിറഞ്ഞും ഇളകിമറിഞ്ഞും ഏലക്ക മണം പരത്തിയും അടുക്കളയിൽ നിന്നും ഓണാഘോഷം തുടങ്ങും. ചില്ലുപാത്രങ്ങളിൽ നിറഞ്ഞിരുന്ന കായവറുത്തതിന്റെ സ്വർണനിറവും മുറ്റത്തു ഒരുക്കിയ പൂക്കളത്തിലെ കടുംനിറങ്ങളും ഓണം ഓർമ്മകളിലെ തിളക്കമുള്ള വർണങ്ങളാണ്.
തൃശ്ശൂർ നഗരത്തിലെ സ്കൂളിലേക്കുള്ള ബസ് യാത്രയിൽ ഏറ്റവും ആസ്വദിച്ചിരുന്ന കാഴ്ചയായിരുന്നു പൂക്കളങ്ങൾ. വടക്കാഞ്ചേരി റോഡിലൂടെ തിരുവമ്പാടി അമ്പലത്തിലെ കൽവിളക്ക് ചുറ്റിവളഞ്ഞു ഞങ്ങളുടെ ഓവർലോഡ് ബസ് യാത്ര. ഒരു മുപ്പതു കിലോമീറ്റർ സ്പീഡിൽ പോലും ഉരുളാൻ കെല്പിലാതെ കിതച്ചും വലിഞ്ഞും ബസ് മെല്ലെ തൃശ്ശൂർ ടൗണിലേക്ക് നീങ്ങും. ഓണക്കാലമായാൽ അത്തം മുതൽ സ്കൂൾ അവധി വരെ, പൂക്കളങ്ങൾ കാണാൻ ബസിന്റെ കമ്പിയഴിയിട്ട ജനാലഭാഗത്ത് തിക്കിത്തിരക്കി ഞങ്ങളെത്തും. പൂക്കളം കാണാൻ എന്തു ത്യാഗവും ചെയ്യുമായിരുന്നു. പെരിങ്ങാവു കഴിഞ്ഞാൽ കോലോത്തുംപാടം. അവിടെ പുറമ്പോക്ക് ഭൂമിയിലെ കുറെ കുടിലുകൾ വളരെ ചേർന്നു നിൽക്കുന്നതിനാൽ പൂക്കളങ്ങൾ അടുത്തടുത്തു കാണാം. ധാരാളം വലിയ വീടുകളും അവയുടെ മുറ്റത്തെ പൂക്കളങ്ങളും പിന്നിട്ടാണ്, യാത്ര ഇവിടെ എത്തുന്നത്. പക്ഷെ നിരയായിട്ടിരുന്ന ആ പൂക്കളങ്ങളാണ് ഞങ്ങൾ കാത്തിരുന്നു കണ്ടിരുന്നത്. ചാണകം മെഴുകിയ തറയിൽ നാടൻ പൂക്കൾ മാത്രം അണിഞ്ഞിരുന്ന കളങ്ങൾ. അത്തം മുതൽ വൃത്താകൃതിയിലും മൂലം നാളിൽ മാത്രം ചതുരത്തിലും അവർ പൂക്കൾ നിരത്തി. മഞ്ഞ കോളാമ്പി പൂക്കളും വെള്ള തുമ്പപ്പൂവും ചുവന്ന ചെമ്പരത്തിയും ആ കളങ്ങളിൽ ധാരാളമായി കണ്ടിരുന്നു. കോളാമ്പി പൂവിന്റെ മഞ്ഞ നിറം ദൂരെ നിന്നും എടുത്തു കാണാം. എന്തൊരു ഭംഗിയായിരുന്നുവെന്നോ ആ പൂക്കളങ്ങൾക്കും ആ കാലത്തിനും!
തൃക്കാക്കരയപ്പൻ ചിലർ മാവേലിയെന്നും ചിലർ മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂർത്തിയെന്നും തർക്കമുണ്ട്. പലയിടത്തും ഓണത്തപ്പൻ എന്നൊരു വിളിപ്പേരുണ്ട്. എറണാകുളം ജില്ലയിൽ തൃക്കാക്കരയിൽ വാമനപ്രതിഷ്ഠയുള്ള മഹാവിഷ്ണു അമ്പലം വളരെ പ്രശസ്തമാണ്.
തൃക്കാക്കരയിലെ മഹോദയപുരം പെരുമാളിന്റെ കാലത്ത് കർക്കിടകമാസത്തിലെ തിരുവോണം നാൾ മുതൽ ചിങ്ങമാസത്തിലെ തിരുവോണം നാൾ വരെ ആഘോഷങ്ങൾ ഉണ്ടായിരുന്നു. പിന്നീടാണ് അത് ചുരുങ്ങിയത്. തൃക്കാക്കരയിൽ എത്താൻ സാധിക്കാത്തവർക്ക് വീട്ടിൽ തന്നെ തൃക്കാക്കരയപ്പനെ പൂജിക്കാം എന്ന പെരുമാളിന്റെ ഉത്തരവിനു ശേഷമാണ് തൃക്കാക്കരയപ്പനെ വീട്ടിൽ പൂജിക്കാൻ തുടങ്ങിയത്. മൂർത്തിയുടെ രൂപം മണ്ണുകൊണ്ട് അല്ലെങ്കിൽ മരത്തിൽ നിർമ്മിക്കുന്ന പിരിമിഡ് ആകൃതിയാണ്. അരിമാവു കൊണ്ടു അലങ്കരിക്കുന്ന മൂർത്തിക്ക് അട, മലർ, അവൽ എന്നിവ നിവേദിക്കും. മൂർത്തിയെ വീട്ടിലേക്ക് ആർപ്പുവിളിച്ചു ആനയിക്കുന്ന ആചാരവുമുണ്ട്.
കേരളത്തിൽ എല്ലായിടവും ഇല്ലെങ്കിലും തൃശ്ശൂർ ജില്ലയിലും മറ്റു ചില ജില്ലകളിലും ഓണത്തപ്പനെ പൂജിക്കുന്നു. പ്രാദേശികമായ മാറ്റങ്ങൾ ആചാരങ്ങളിൽ കണ്ടുവരുന്നുണ്ട്. ചിലയിടത്തു തിരുവോണത്തിനും മറ്റു ചില പ്രദേശങ്ങളിൽ ഉത്രാടത്തിനു തന്നെയും തുടങ്ങുന്നു.
ഞങ്ങൾ ഈ കക്ഷിയെ മറന്നുപോയ രസികൻ കഥയുണ്ട്.
ഞങ്ങളുടെ കളിക്കൂട്ടത്തിൽ അയൽക്കാരായ എല്ലാ കുട്ടികളുമുണ്ടായിരുന്നു. എന്റെ അയൽവീട്ടിലെ മൂന്നു കുട്ടികൾ, ഈ സംഘത്തിലെ സ്ഥിരാംഗങ്ങൾ. അവർക്ക് ഈ പിള്ളേർ സഖ്യത്തിൽ ‘വീറ്റോ പവർ ‘ കൂടിയുണ്ട്. ഒരു പൂക്കളം കശപിശയിൽ ഈ മൂന്നു പേരാണ് എതിർ ചേരിയിലെ കഥാപാത്രങ്ങൾ.
ഞങ്ങൾ പൂന്തോട്ടത്തിലെ തെച്ചി, ചെണ്ടമല്ലി, റോസ്, കാശിത്തുമ്പ, വേലിയെറുമ്പിലെ ചെമ്പരത്തി, കോളാമ്പിപ്പൂ, കൊങ്ങിണി പൂവ് പിന്നെ പേരറിയാത്ത വേറെ കുറെയിനം പൂക്കളും പറിച്ചെടുക്കും. കിണറിന്റെ ചുറ്റുമതിലിലെ മുക്കുറ്റി, തൊടിയിലെവിടെയും വിരിയുന്ന വെള്ള തുമ്പപ്പൂ ഇതെല്ലാം കഷ്ടപ്പെട്ടു നുള്ളി ഒപ്പിക്കും. ഇത്തിരി കുഞ്ഞൻ പൂക്കൾ നുള്ളി പറിച്ചെടുക്കാൻ നല്ല ക്ഷമ വേണം.
“സാരമില്യ, പൂക്കളം സൂപ്പറാവാൻ അല്ലെ, ക്ഷമിച്ചു പറിക്കുക തന്നെ.” പക്ഷെ എന്തു ചെയ്തിട്ടും ഞങ്ങളുടെ പൂക്കളം അത്ര ഫലിക്കുന്നില്ല എന്ന തോന്നൽ ഹൃദയത്തിൽ കീറി മുറിഞ്ഞു.
സ്കൂളിൽ എല്ലാ ഓണത്തിനും പൂക്കളമത്സരമുണ്ട്. വിദ്യാർത്ഥികൾ പിരിവെടുത്ത് പൈസ സംഘടിപ്പിച്ച് തൃശ്ശൂരിലെ പൂക്കടകളിൽ നിന്നും വാങ്ങുന്ന ചെണ്ടുമല്ലിയും ജമന്തിയും വാടാർമല്ലിയും വെള്ള ലില്ലിയും നിരക്കുന്ന പൂക്കളവും നാട്ടിൻപ്പുറത്തു വീട്ടുമുറ്റത്തു ഞങ്ങൾ കുട്ടികൾ തീർക്കുന്ന പൂക്കളവും താരതമ്യം ചെയ്യാൻ പറ്റില്ല. രാസവളം ചേർത്ത മണ്ണിൽ വിളഞ്ഞ പച്ചക്കറികൾ പോലെ സ്കൂളിലെ തമിഴൻ പൂക്കളുടെ പൂക്കളം മുഴുത്തു നിൽക്കുമെങ്കിലും നാടൻ പൂക്കളത്തിന്റെ തനിമ ഒന്നു വേറെ തന്നെയെന്ന് താത്വിക അവലോകനം നടത്തി ഞങ്ങൾ മുറ്റത്തെ പൂക്കളത്തെ നോക്കിയിരിപ്പാണ്. എങ്കിലും ഇതിനു പൊതുവെ ഒരു ‘ഗുമ്മ്’ പോരാ എന്നൊരു വേവലാതി ഞങ്ങൾക്കുണ്ട്.
അപ്പോഴാണ് കൂട്ടത്തിൽ ഒരുത്തന്റെ കമന്റ്.
“നിങ്ങള് പൂക്കളമിട്ടാലും അതു ശര്യാവില്ല. ഞങ്ങള് പൂക്കളം ഇട്ടാലെ നന്നാവൂ, ഞങ്ങൾടെ പൂക്കളത്തിന് ഇതിലും ഭംഗീണ്ട് “, അവന്റെ സ്വരത്തിൽ വെല്ലുവിളി മുഴച്ചു നിന്നു.
“അമ്പടാ…, ഞങ്ങളാരും അങ്ങനെ വിചാരിച്ചിട്ടു പോലുമില്ല”.
ചേരിത്തിരിവു് ഞങ്ങളുടെ ഇടയിൽ ഇല്ലാത്തതാണ്. ‘ലോകമേ തറവാട് ‘, എന്ന നിലപാടുകാരാണ് ഞങ്ങൾ കുട്ടികൾ. അതിനിടയിലാണ് ഇവന്റെ ഒളിയമ്പ്. എങ്ങനെ ഞങ്ങളതു സഹിക്കും?
‘ഓണം ദേശീയോത്സവം’, കേരളത്തിലും വിദേശത്തും മലയാളികൾ ജാതിമതഭേദങ്ങളില്ലാതെ ഓണം ആഘോഷിക്കുന്നുവെന്ന് ഉപന്യാസം എഴുതി നിറച്ച പേപ്പർ, തുണ്ടു നൂല് കൊണ്ടു കെട്ടിക്കൊടുത്തു ഓണപ്പരീക്ഷ എന്ന ദുർഘടം കഴിഞ്ഞിട്ടെയുള്ളൂ.
“ഇതിനു പകരം വീട്ടണം. വീട്ടിയില്ലെങ്കിൽ അവനു ഭയങ്കര പത്രാസാകും “, തോൽവിയുടെ പ്രത്യാഘാതം മുന്നിൽ കണ്ടു, തല പുകഞ്ഞു ഞങ്ങൾ മുറ്റത്തിന്റെ മൂലയിൽ ചടഞ്ഞിരുന്നു.
ഞങ്ങൾ എതിർ മുന്നണി ഉഷാറായി അണിനിരന്നു.
“നീ നോക്കിക്കോ തിരുവോണത്തിന് ഞങ്ങൾ പൂക്കളത്തിൽ നിങ്ങളെ വെട്ടിക്കും. നിന്റെ വീട്ടിലേക്കാൾ നല്ല പൂക്കളം ഞങ്ങളുണ്ടാക്കും”, വെല്ലുവിളി സ്വീകരിച്ചു, കൊഞ്ഞനം കുത്ത് എക്സ്പേർട്ടുകൾ കൊഞ്ഞനം കുത്തി, ഫൈറ്റ് മൂഡ് സൃഷ്ടിച്ചു.
“ഔ… പിന്നെ കാണാലോ? “, അവൻ ചുണ്ടു കൂർപ്പിച്ചു, തലയാട്ടി, തോൾ കുലുക്കി അയഞ്ഞ നിക്കർ വലിച്ചു കയറ്റി ഓടിപ്പോയി.
മാസ്റ്റർ പ്ലാൻ തയ്യാറായി. ഞങ്ങളുടെ നീക്കങ്ങൾക്ക് ഒരു ആഭിചാരക്രിയ ചെയ്യുന്ന രഹസ്യസ്വഭാവം കൈവന്നു. ഒന്നും തന്നെ ആ വീട്ടിലെ കുട്ടികളോടു പറയരുത് എന്ന് താക്കീത് കിട്ടിയ ചെറിയ കുട്ടികൾ പേടിച്ചു തലയാട്ടി.
ചാണകം മെഴുകാത്തതു കൊണ്ടാണ് പൂക്കളത്തിന്, ലുക്ക് ഇല്ലാതെ പോയത് എന്നു ഫൈനൽ കൺക്ല്യൂഷൻ, റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ടീം മുന്നോട്ടു വെച്ചു. പൂക്കളത്തിന് മോടി കൂട്ടാനുള്ള ആസൂത്രണം തുടങ്ങി.
ജൈവവളം മാത്രമിട്ടു നെല്ലും പച്ചക്കറികളും കൃഷി ചെയ്തിരുന്ന അന്നത്തെ കാലത്ത് ചാണകത്തിനു ‘മാവേലി കാലം’ പോലെ യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. പശു, ചാണകം ഇതൊക്കെ തൊഴുത്തിലുണ്ട്, ഒന്നു മെഴുകി കിട്ടിയാൽ മാത്രം മതി. ഞാൻ അമ്മയുടെ പിന്നാലെ ചുറ്റിപ്പറ്റി നടന്നു.
“പൂക്കളം ഇടാനാണ്. ഇത്ര വട്ടത്തിൽ ചാണകം മെഴുകി തര്വോ?”, ഞാൻ മുറ്റത്തിന്റെ ഒത്ത നടുക്ക് ഒരു വട്ടം വരച്ചു.
“പിന്നെ… വേറെ പണിയൊന്നും ഇല്ലേ?”,
അതില്ലാതെ ഇട്ടാൽ മതി.
അമ്മ ഒരു ദയവുമില്ലാതെ, ഒരു ചർച്ചക്ക് ഇട തരാതെ എന്നെ ഓടിച്ചു വിട്ടു.
“ങും… എന്നോടാ ബാലാ കളി?”, ഇനി വേറെ വഴി നോക്കാം.വീട്ടിൽ മുറ്റമടിക്കാൻ വരുന്ന കുഞ്ചി അമ്മൂമ്മയുടെ സേവ പിടിച്ചു. കുഞ്ചി അമ്മൂമ്മ നല്ല പണിത്തിരക്കിൽ ആണ്. വിറകടുപ്പിൽ കയറ്റി വെച്ച ഉരുളിയിൽ കാഞ്ഞ വെളിച്ചെണ്ണയിൽ മഞ്ഞൾ വെള്ളത്തിൽ മുറിച്ചിട്ട കായനുറുക്കു കോരിയിടുന്നു. അതിൽ ഉപ്പുവെള്ളം തെളിക്കുന്നു. വലിയ അപ്പകാരകൊണ്ടു മൊരിഞ്ഞ ഉപ്പേരി കോരിയെടുക്കുന്നു. അതിന്റെ നുരയും തിളയും ശബ്ദവും മണവും ഒക്കെ എന്നെ മത്തു പിടിപ്പിക്കേണ്ടതാണ്. പക്ഷെ പൂക്കളം ഒരു മന്ത്രമായി ഉള്ളിൽ ഉള്ളപ്പോൾ അതൊന്നും ഞാൻ മൈൻഡ് ചെയ്യുന്നില്ല.
വീണ്ടും ആവശ്യം കുഞ്ചി അമ്മൂമ്മയോട് ഉന്നയിക്കപ്പെട്ടു. നല്ല പ്രായമുള്ള കുഞ്ചി അമ്മൂമ്മക്കു എന്നോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടെന്നു എനിക്കറിയാം. അതൊന്നു മുതലാക്കിയെന്നു മാത്രം.
“മെഴുകി തര്വാട്ടോ, കൈ ഒന്നു ഒഴിയട്ടെ “, മോണയിൽ ബാക്കിയായ, വെറ്റിലക്കറ പിടിച്ച ചുരുക്കം ചില പല്ലുകൾ കാണിച്ച് കുഞ്ചി അമ്മൂമ്മ ചിരിച്ചു. ഉപകാരസ്മരണയുണ്ടാകുമെന്ന് ഉറപ്പിക്കാൻ, ഞാൻ മുൻകൂട്ടി ആവോളം ചിരിച്ചു കാണിച്ചു.
“ഹും… ഒപ്പിച്ചൂല്ലേ?, അമ്മ എന്നെ നോക്കി. ആ മുഖത്തും ചെറുചിരി വിരിയുന്നത് കൺകോണുകളിലൂടെ ഞാൻ കണ്ടു.‘പിന്നെല്ലേ’, ഞാൻ നെഗളിച്ചു നടന്നു. ഒരു പത്തു വയസ്സുകാരിക്ക് അതൊക്കെ ഒരു വിജയം തന്നെ. ഇത്തിരി ഒക്കെ നിഗളം ആകാമല്ലെ?
പല പൂക്കളും തിരുവോണപ്പൂക്കളത്തിനു വേണ്ടി പറിക്കാതെ നീക്കി വെച്ചു. തിരുവോണത്തിന്റെ അന്ന് കിട്ടാവുന്നത്ര എല്ലാ പൂക്കളും ചേർത്ത് പൂക്കളമിട്ടു. വെറൈറ്റിക്കു എരിക്കിൻ പൂ വരെ പൂക്കളത്തിലുണ്ട്. സംഭവം ഉഗ്രൻ! ചാണകം മെഴുകിയ വൃത്തത്തിൽ പലനിറത്തിലുള്ള പൂക്കൾ നിറഞ്ഞു വിലസുന്നു. മനം നിറഞ്ഞുത്തുള്ളി, കണ്ണുകൾ ആ ഭംഗി കോരിക്കുടിച്ചു. അഭിമാനം ഞങ്ങളുടെ തല ഉയർത്തിപിടിപ്പിച്ചു. ഞങ്ങളുടെ പൂക്കളം കാണാൻ കൂട്ടുകാർ വന്നു.
“കണ്ടോ ഞങ്ങളുടെ പൂക്കളം”, എന്ന മട്ടിൽ ഞങ്ങൾ അഭിമാനത്തോടെ പൂക്കളത്തിനു ചുറ്റും നിന്നു. അവരുടെ മുഖത്തു ഒരു ഗൂഢസ്മിതം വിരിയുന്നു. ഞങ്ങൾ എന്തോ അപകടം മണത്തു, നെറ്റി ചുളിച്ചു.
“എന്താണാവോ കാര്യം?”, ഞങ്ങൾക്കൊന്നും പിടി കിട്ടിയില്ല.
അവരുടെ മുററത്തു ഞങ്ങൾ പ്രതീക്ഷിച്ച പൂക്കളം കാണാനില്ല. പകരം
തെച്ചിയും ചെമ്പരത്തിയും ഉച്ചിയിൽ ചൂടി ഓണത്തപ്പൻ നാക്കിലയിൽ നിൽക്കുന്നു. ഓണത്തപ്പനു ചുറ്റും ചെണ്ടുമല്ലിയും നാലുമണിപ്പൂക്കളും വാടാർമല്ലിയും ഇലയിൽ കൂടിക്കിടക്കുന്നുണ്ട്. നാലു വശങ്ങളുള്ള ഓണത്തപ്പൻ കളിമണ്ണുകൊണ്ടു മെനഞ്ഞതാണ്. നേർത്ത അരിമാവണിഞ്ഞ കോലം കൊണ്ടു ഓണത്തപ്പനെ അലങ്കരിച്ചിരിക്കുന്നു. നിലവിളക്കിന്റെ എരിയുന്ന ദീപപ്രഭയിൽ നാക്കിലയുടെ പച്ചയും കളിമണ്ണിന്റെ മങ്ങിയ ചുവപ്പും അരിമാവിന്റെ വെള്ളനിറവും പൂക്കളുടെ കടുത്ത നിറങ്ങളും ചേർന്ന കാഴ്ച അതിമനോഹരം! നിറങ്ങളുടെ അസാധ്യ കോബിനേഷൻ ആസ്വദിക്കാനാവാത്ത മാനസികാവസ്ഥയിൽ ഞങ്ങളുടെ കണ്ണുത്തള്ളി.
“അയ്യേ…തിരുവോണത്തിന് ആരും പൂക്കളമിടില്ല. നിങ്ങൾക്ക് അറിയില്ലെ? ഇന്ന് തൃക്കാക്കരപ്പനെയല്ലെ വെക്ക്യാ, അതുപോലും അറിയില്യാത്രേ,” അവൻ വലതു കൈപ്പടം നിവർത്തി വിരലഞ്ചും ഞങ്ങളുടെ നേരെ നീട്ടി, ചിരിച്ചു.
“ഇല്ലേ?” ങേ…അയ്യട, അമളി പറ്റി. കൂട്ടത്തോടെ ചൂളംവിളി പുറത്തേക്ക് കുതിച്ചു. ഞങ്ങളുടെ അജ്ഞതയുടെ നേർക്ക് ചൂണ്ടുപലകയായി അവന്റെ വിരലുകൾ വിടർന്നു തന്നെ നിന്നു.
“മോശം..മോശം, തിരുവോണത്തിന് ആരാ പൂക്കളം ഇടണെ?”, കളിയാക്കൽ തുടർന്നു. കുളിച്ച് കുറിയിട്ടു ഓണക്കോടി ഉടുത്തു നിന്നിരുന്ന അവന്റെ മുഖപ്രസാദം ഞങ്ങളുടെ തോൽവിയിൽ ഇരട്ടിയായി. അവന്റെ ഗ്രഹിണി പിടിച്ച വയർ പായസം നിറഞ്ഞു ഉന്തി, ഓണക്കോടിയിൽ നിന്നും പുറത്തേക്കു ചാടി ചാഞ്ചാടി.
ഇത്രയും വല്യേ മണ്ടത്തരവും അതിന്റെ ഉപോല്പന്നമായ ചമ്മലും കൊണ്ടു ഞങ്ങൾ നറുനാശമായി. അവൻ വീടിന്റെ ഉമ്മറത്തെ ചെറിയ തിണ്ണയിൽ ഉരുണ്ടു കിടന്നു ചിരിച്ചു. ചിരിയുടെ തള്ളലിൽ അവനു ശ്വാസം മുട്ടി, കണ്ണു തുറിച്ചു, കണ്ണീർ ഒഴുകി വീണു. അവന്റെ ചേച്ചിയും അനിയനും ഇപ്പോൾ ആരാണ് ജയിച്ചത് എന്ന മട്ടിൽ തല കുലുക്കി അവന് വിജയം സമ്മാനിച്ച് ചിരിക്കുന്നുണ്ട്. ഞങ്ങളുടെ അവസ്ഥ, വാമനൻ മൂന്നാമത്തെ അടിയിൽ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയ മാവേലിയെപ്പോലെ ബ്ലിങ്കാസ് അടിച്ചൊരു നിൽപ്പായിരുന്നു.
ഞങ്ങൾ പരിതപിച്ചു,
‘ഛെ…എന്നാലും ആരുമിത് ഓർത്തില്ലല്ലോ’, പക്ഷെ ഒരു കൂട്ടം കുട്ടികളുള്ളതുകൊണ്ടു പരസ്പരം മുഖമെറിഞ്ഞും കണ്ണയച്ചും ആശ്വസിപ്പിച്ചു.
പിള്ളേരുടെ ഉറക്കെയുള്ള സംസാരം കേട്ടു് അവന്റെ അമ്മ തങ്കമണി ചേച്ചി ഉമ്മറത്തേക്കു എത്തിനോക്കി. അടുക്കളയിൽ നിന്നും തിരുവോണസദ്യയുടെ പപ്പടം കാച്ചുന്ന മണം പൊങ്ങുന്നുണ്ട്. ഓണത്തിരക്കിന്റെ ‘ലാസ്റ്റ് ലാപ്’ എത്തിയ ആശ്വാസം അവരുടെ മുഖത്തുണ്ട്. കൈ കസവു നേര്യതിൽ മെല്ലെ തുടച്ചു തങ്കമണി ചേച്ചി വിളിച്ചു.
“ങ്… മക്കളോ വായോ..ഇത്തിരി പാലട പായസം കുടിക്കാം.”
“വേണ്ട, ഞങ്ങളുടെ വീട്ടിലുണ്ട്”, അന്ന് ഇന്നത്തെ പോലെ ചറപറ ‘താങ്ക്സ്’, ‘നോ മെൻഷൻ”, ഇതൊന്നും ഗ്രാമങ്ങളിൽ സംസാരത്തിൽ കടന്നുവരാറില്ല.
തങ്കമണി ചേച്ചിയെ നോക്കി ചിരിച്ചു. ഒരു ശോഭയില്ലാത്ത ചിരി.
“വേണ്ട,വീട്ടിൽ ഉണ്ടെന്നേയ്, ഇന്നലെ ഉണ്ടാക്കി”, ഞാൻ വിളിച്ചുപറഞ്ഞു.
പാലട പായസം വീട്ടിൽ ഉണ്ട്. ഇലയട വീട്ടിൽ ഉണ്ട്. ഇല്ലാതെ പോയത് ഈ തൃക്കാക്കരപ്പൻ മാത്രം. എന്താണാവോ ഈ പൂവട. അതു പിന്നെ ചിന്തിക്കാൻ മാറ്റിവെച്ചു. അതൊന്നും ഇപ്പോൾ വിഷയമല്ല. തൃക്കാക്കരയപ്പന് നേദിക്കുന്നതാണ് പൂവടയെന്ന് പിന്നീട് മനസ്സിലായി.
“ഒരു നല്ല തിരുവോണായിട്ട്, മധുരം കഴിക്കാണ്ട് പൂവ്വാ… നിങ്ങള് ഇരിക്ക് പിള്ളേരേ, ഞാനെന്തെങ്കിലും എടുക്കട്ടെ”, തങ്കമണി ചേച്ചി ധൃതിയിൽ അടുക്കളയിലേക്ക് നടന്നു.
“അല്ലെങ്കിലും അവന് ഭയങ്കര പവറാ (പത്രാസ് ), കൂട്ടത്തിൽ തോറ്റ പടയാളിയുടെ ആത്മഗതം. ഗോലി കളിയിൽ, സ്ഥിരം മുട്ടൻ പളുങ്കുഗോലികൊണ്ടു ഉന്നം തെറ്റാതെ രണ്ടാംങ്കുഴിക്ക് കൈ വെയ്ക്കുമ്പോൾ അടിച്ചു വേദനിപ്പിക്കുന്നതിന്റെ ചൊരുക്കു കൂടി കലർത്തി ചിരിച്ചു മറിയുന്ന കൂട്ടുകാരനെ നോക്കി കൂട്ടത്തിലൊരു ആൺകുട്ടി പറഞ്ഞു. തങ്കമണി ചേച്ചി ഇലച്ചീന്തിൽ പൊതിഞ്ഞ ചക്കരവരട്ടിയുമായെത്തി.
“ദ്ന്തേ… ഈ ചെക്കന് പറ്റ്യേ? തിണ്ണയില് കെടക്ക്വാ നീ, ആ ഓണക്കോടി അപ്പടി ചെള്യാക്കാനായിട്ട്, ഏണീറ്റ് ഇരിക്കടാ”, തങ്കമണി ചേച്ചി ചിരിച്ചു തീരാത്ത മകന്റെ ചന്തിയിൽ കാലു കൊണ്ടൊരു മോശമില്ലാത്ത തൊഴി തൊഴിച്ചു. യന്ത്രമനുഷ്യനെ പോലെ നിമിഷങ്ങൾക്കുള്ളിൽ അവൻ ചിരി നിർത്തി എണീറ്റിരുന്നു. ഞങ്ങളപ്പോൾ കൂട്ടത്തോടെ അതിലും ഉച്ചത്തിൽ ചിരിച്ചു.
‘കണക്കായി പോയി, അവനതു തന്നെ കിട്ടണം’, തങ്കമണി ചേച്ചിയോടു ഞങ്ങൾക്ക് അതിയായ ഒരിഷ്ടം തോന്നി. അവൻ ഇലപ്പൊതിയിൽ കൈയിട്ടു വാരി, വായിൽ മധുരം കുത്തിനിറച്ചു. ഉമ്മറത്തിരുന്ന് ഞങ്ങളെല്ലാവരും ചേർന്ന് ശർക്കരവരട്ടിയുടെ മധുരം നുണഞ്ഞു.
ഉച്ചിയിൽ ചൂടിയ ചെമ്പരത്തിപ്പൂവും ചുവന്ന തെച്ചി പൂവും കാറ്റിന്റെ താളത്തിൽ മെല്ലെ ഇളക്കി നിൽക്കുന്ന ഓണത്തപ്പനെ ഒന്നുകൂടി നോക്കി, ഞങ്ങൾ മെല്ലെ തിരിച്ചു നടന്നു. ശുദ്ധനായ മഹാബലി ചക്രവർത്തിയെ നൈസായിട്ടു പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ വാമനനു ഇതൊക്കെ ചെറിയ കാര്യമായിരിക്കും. ഒരു നറു ചിരിയോടെ ഇന്നോർക്കാൻ ഒരു ഓണക്കാലം.
കള്ളകർക്കിടകം പെയ്തു തോർന്നു ചിങ്ങമാസവെയിൽ തെളിയുമ്പോൾ പാറിപ്പറക്കുന്ന ഓണത്തുമ്പികളോടൊപ്പം ചേർന്നു പറക്കുന്നു, ഓരോ മലയാളി മനസും, ഓണത്തെ വരവേൽക്കാൻ!
