വൃദ്ധനും പോലീസ് ഓഫീസറും.
പി. റ്റി. കോശിയച്ചൻ.
ഒരു വൃദ്ധ ദമ്പതികളുടെ വീടിന്റെ പുറത്ത് രാത്രിയിൽ കേട്ട ശബ്ദം ശ്രദ്ധിച്ചപ്പോൾ കള്ളന്മാർ പൂട്ട് തുറക്കുവാൻ ശ്രമിക്കുകയാണെന്ന് മനസ്സിലായി. വൃദ്ധൻ ഉടൻതന്നെ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു. പോലീസ് ഓഫീസർ വീടിന്റെ അഡ്രസ്സ് വാങ്ങിയിട്ട്, ഇപ്പോൾ ഇവിടെ പോലീസുകാർ ആരുമില്ല അവർ വന്നിട്ട് നാളെ അവിടേക്ക് വരാം എന്നു പറഞ്ഞു . വൃദ്ധൻ ചിന്തിച്ചു നാളെ പോലീസുകാർ വന്നിട്ട് എന്ത് കാര്യം? രണ്ടുമിനിറ്റ് കഴിഞ്ഞ് അദ്ദേഹം വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. പോലീസ് ഓഫീസർ ദേഷ്യപ്പെട്ടു, ഇവിടെ ഇപ്പോൾ പോലീസുകാർ ആരുമില്ല എന്ന് പറഞ്ഞില്ലേ എന്ന് ചോദിച്ചു. വൃദ്ധൻ സൗമ്യനായി മറുപടി പറഞ്ഞു, സർ ഇനി ആരും വരേണ്ട എന്ന് പറയാനാണ് വിളിച്ചത്. നിങ്ങളാരും വരില്ല എന്ന് മനസ്സിലായപ്പോൾ ഞാനാ കള്ളന്മാരെ വെടിവെച്ചു കൊന്നു. നിമിഷങ്ങൾക്കുള്ളിൽ ഒരു വാൻ നിറയെ പോലീസുകാർ അവിടെയെത്തി. അവർ വരുമ്പോൾ കള്ളന്മാർ പൂട്ട് തുറക്കുന്ന ശ്രമത്തിൽ തന്നെയായിരുന്നു. പോലീസുകാർ അവരെ അറസ്റ്റ് ചെയ്തു. എന്നിട്ട് വൃദ്ധനോട് ചോദിച്ചു നിങ്ങൾ കള്ളന്മാരെ വെടിവെച്ചു കൊന്നുവെന്ന് പറഞ്ഞിട്ട് അവരെല്ലാം ജീവനോടെ ഉണ്ടല്ലോ. വൃദ്ധൻ പറഞ്ഞു, അവിടെ പോലീസുകാർ ആരുമില്ലെന്ന് പറഞ്ഞിട്ട് നിമിഷങ്ങൾക്കുള്ളിൽ ഒരു വാൻ നിറയെ പോലീസ്കാർ എങ്ങനെ ഇവിടെയെത്തി? പോലീസ് ഓഫീസർ മറുപടിയില്ലാതെ ഇളിഭ്യനായി നിന്നുപോയി. (ഗൂഗിൾ).
ജീവിതത്തിന്റെ ഓരോരോ മേഖലകളിൽ ഓരോരുത്തരെ നിയമിച്ചിരിക്കുന്നത് പ്രത്യേക ഉദ്ദേശ്യത്തോടെയാണ്. ആതത് സ്ഥാനങ്ങളിൽ ഓരോരുത്തരും നിറവേറ്റേണ്ട ഉത്തരവാദിത്വം അതുല്യമാണ്. പോലീസ് ഓഫീസേഴ്സ് നിർവഹിക്കേണ്ട ഉത്തരവാദിത്വം എത്ര വിലപ്പെട്ടതാണ്! പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് അവരാണ്. എന്നാൽ അവർ അലംഭാവം കാട്ടിയാൽ എത്ര വലിയ വിപത്ത് സംഭവിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഈ വൃദ്ധന്റെ ബുദ്ധി ഉപയോഗിക്കേണ്ടത് അനിവാര്യമായി വരും. ഇത് പോലീസുകാരെ സംബന്ധിച്ചു മാത്രമല്ല, സമൂഹത്തിന്റെ എല്ലാ തുറകളിലും പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് വളരെ യാഥാർത്ഥ്യമായ കാര്യമാണ്. ഉത്തരവാദിത്തപ്പെട്ട ഓരോരോ സ്ഥാനങ്ങളിൽ നിയമിതരായിരിക്കുന്നവർ തങ്ങളുടെ സാമർത്ഥ്യം കൊണ്ട് അവിടെ എത്തിച്ചേർന്നു എന്ന് കരുതാതെ, സാമൂഹ്യ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുവാൻ ദൈവം തങ്ങളെ അവിടെ ആക്കിയിരിക്കുന്നു എന്ന ബോധ്യത്തോടെ പ്രവർത്തിക്കുവാൻ സന്നദ്ധരാവണം.ഓരോ സ്ഥാനത്തിന്റെയും പരിപാവനത മനസ്സിലാക്കി പ്രവർത്തിക്കേണ്ടതാണ്.
മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ തങ്ങളുടെ സ്ഥാനത്തിന്റെ മഹത്വം അവർ അംഗീകരിക്കുകയാണ്. എന്നാൽ പ്രവർത്തനം അങ്ങനെയാകുന്നുവോ എന്നത് ഓരോരുത്തരുടെയും ആളത്തത്തെ ആശ്രയിച്ചിരിക്കുന്നു. നാം ഓരോരുത്തരും നിയോഗിതരായിരിക്കുന്ന സ്ഥാനത്ത് നമ്മെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ നാം ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്യുവാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.
പി. റ്റി. കോശിയച്ചൻ.