Home Indiaനീതി ആർക്കൊക്കെ വേണ്ടിയാകണം?? നിമിഷ പ്രിയ നീതി അർഹിക്കുന്നുണ്ടോ?

നീതി ആർക്കൊക്കെ വേണ്ടിയാകണം?? നിമിഷ പ്രിയ നീതി അർഹിക്കുന്നുണ്ടോ?

by admin
0 comments

നീതി ആർക്കൊക്കെ വേണ്ടിയാകണം??
നിമിഷ പ്രിയ നീതി അർഹിക്കുന്നുണ്ടോ?

2023-25 കാലഘട്ടത്തിൽ ഏറ്റവും അധികം മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു പേരാണ് നിമിഷ പ്രിയ.യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് . അവളുടെ മോചനത്തിനായി ഇന്ന് മലയാളികൾ ലോകമാകെ ഒരുമിച്ചു നിൽക്കുന്നുണ്ട്. ഫണ്ട് ശേഖരങ്ങൾ, സോഷ്യൽ മീഡിയ കാമ്പയിനുകൾ, പൊതുയോഗങ്ങൾ, കേന്ദ്ര സർക്കാരിലേക്ക് അയക്കുന്ന അഭ്യർഥനങ്ങൾ — എല്ലാം നിമിഷയുടെ പേരിലാണ് നടക്കുന്നത്.

🔺ആരാണ് നിമിഷ പ്രിയ?

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിനി. ഒരു തനി നാട്ടും പുറത്തുകാരി.കുടുംബ ഭാരം താങ്ങാവുന്നതിലും അപ്പുറത്തേക്ക് ആയപ്പോൾ വിദേശത്തേക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ 2008 ൽ ഒരു രജിസ്റ്റേഡ് നഴ്‌സായി നിമിഷ യമനിലേക്ക് പോയി.അവിടെ സർക്കാർ ആശുപത്രിയിൽ വർഷങ്ങൾ ജോലി ചെയ്ത് അത്യാവശ്യം സാമ്പത്തിക ഭദ്രത ഉണ്ടാക്കി. പിന്നീട് 2015-ൽ സ്വന്തമായി ഒരു സ്വകാര്യ ക്ലിനിക്ക് തുടങ്ങി. അതിന്‍റെ സഹസ്ഥാപകനായി തലാൽ അബ്ദുൽ മഹ്ദി എന്ന യമൻ പൗരനും ചേർന്നു.

🔺എന്താണ് നിമിഷ പ്രിയയ്ക്ക് സംഭവിച്ചത്?

2017-ൽ തലാൽ മഹ്ദിയെ ചികിത്സയ്ക്കിടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ, ക്ലിനിക്കിനുള്ളിൽ കെറ്റാമൈൻ കുത്തിവച്ചു കൊലപ്പെടുത്താൻ നിമിഷ ശ്രമിച്ചുവെന്നും, അതിന്റെ ഭാഗമായി പാസ്പോർട്ട് അടക്കം തിരിച്ചുപിടിക്കാനുള്ള ശ്രമം ഏറ്റുമുട്ടലായി മാറിയെന്നും യമൻ പൊലീസ് കണ്ടെത്തി.

🔺നിമിഷയുടെ വാദം

പോലീസിന്റെ കണ്ടെത്തലിനെതിരെയുള്ള നിമിഷയുടെ വാദം ഇങ്ങനെ ആയിരുന്നു, ‘ തലാൽ അവളെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. പാസ്പോർട്ട് അടക്കം തന്റെ എല്ലാവിധ പ്രധാന രേഖകളും അയാൾ സ്വന്തം കസ്റ്റഡിയിൽ വെച്ചു. അതു തിരിച്ചുപിടിക്കുക ആയിരുന്നു ലക്ഷ്യം,
എന്നാൽ കേസ് കൊലപാതകമായി തീർന്നു.

🔺നിയമനടപടികൾ

നിമിഷയുടെ വാദങ്ങൾക്ക് ഒരുതരത്തിലുള്ള ആനുകൂല്യങ്ങളും ലഭിച്ചില്ല.2018-ൽ യമൻ കോടതി നിമിഷ പ്രിയയെ കുറ്റക്കാരിയെന്നു കണ്ടെത്തി, മരണശിക്ഷയ്ക്ക് വിധിച്ചു.കേസിൽ അപ്പീലുകൾ നടത്തി. എന്നാൽ കോടതികൾ ശിക്ഷ നിലനിർത്തി.
അതിന് പ്രധാന കാരണം നിമിഷ പ്രിയയ്ക്ക് യമനിൽ അർഹമായ നിയമ സഹായം ലഭിച്ചില്ല. ഭാഷയുടെ ദൗർബല്യത്തിലാണ് അവൾ കോടതിയിൽ വിചാരണ നേരിട്ടത്.ഭാരത കോൺസുലേറ്റ് ഇടപെടലുകൾ പലപ്പോഴും വൈകി ആയിരുന്നു ലഭിച്ചത് എന്നും, യാതൊരുവിധ പ്രത്യേക നിയമ സഹായവും ലഭിച്ചില്ലെന്നുമാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ.

🔺എന്താണ് “ദിയാ” നിയമം?

യമൻ നിയമപ്രകാരം, ശിക്ഷാപരിഹാരമായി ദിയാ (blood money) സ്വീകരിക്കാൻ കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് അധികാരം ഉണ്ട്. അവർ അതിന്റെ പ്രതിഫലം സ്വീകരിച്ചാൽ, പ്രതിയുടെ മരണശിക്ഷ റദ്ദാകും.എല്ലാ കുടുംബാംഗങ്ങളും ഒരേ നിലപാട് സ്വീകരിച്ചാൽ മാത്രമേ പ്രതിയ്ക്ക് ശിക്ഷ ഇളവ് ലഭിക്കുകയുള്ളൂ. എന്നാൽ നിമിഷ പ്രിയയുടെ കേസിൽ തലാലിന്റെ കുടുംബം വധശിക്ഷയിൽ തന്നെ ഉറച്ചു നിന്നു. ദിയ സ്വീകരിക്കില്ല എന്നും, നിമിഷയോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല എന്നും ഉറപ്പായും നിമിഷയ്ക്ക് ശിക്ഷ ലഭിക്കണം എന്നും കുടുംബം ഒന്നടങ്കം വാദിച്ചു.

ഈ നിലപാട് കാരണം നിമിഷ പ്രിയയ്ക്കായി പ്രവർത്തിക്കുന്ന ഇന്ത്യൻ സംഘം, മനുഷ്യാവകാശ പ്രവർത്തകർ, മതനേതാക്കൾ എന്നിവരുടെ ഇടപെടലുകൾക്ക് ഒരു പരിധിയുണ്ടായി. എന്നിരുന്നാലും 2025 ജൂലൈയിൽ നിമിഷയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ ചില വഴികൾ തുറന്നു.
2025 ജൂലൈ 16 ന് നിമിഷയുടെ വധശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്‌തു.ഇത് യമൻ ഹൂതി ഭരണകൂടം മനുഷ്യത്വപരമായി എടുത്ത തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.ഇന്ത്യൻ സർക്കാരും, ഭൂരിഭാഗം സാമൂഹിക സംഘടനകളും, മതനേതാക്കളും ഈ തീരുമാനം പ്രതീക്ഷയുടെ പടവുകൾ എന്ന നിലയിലാണ് നോക്കി കാണുന്നത്.

Save Nimisha Priya International Action Council എന്ന കൂട്ടായ്മ, ഭാരതത്തിൽ നിന്നും യമനിലേക്ക് ഇടപെടലുകൾ നടത്തി.സുവിശേഷകനായ ഡോ. കെ. എ.പോൾ – യമനിൽ പ്രവർത്തിച്ചുവെന്നും ഹൂതി നേതാക്കളുമായി നേരിട്ട് ചർച്ചകൾ നടത്തിയെന്നും അവകാശപ്പെട്ടു.സമസ്ത കേരള ജംഇയ്യത്തു ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം A.P അബൂബക്കർ മുസ്ലിയാർ, യമൻ മത നേതാക്കളുമായി ആശയവിനിമയം നടത്തി, പാർഡൺ ഇടപാടുകൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. – എന്നിവരായിരുന്നു നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് പിന്നിൽ.

🔺ഇന്ത്യയുടെ ഔദ്യോഗിക നിലപാട്

വിദേശകാര്യമന്ത്രാലയം, ന്യൂഡൽഹിയിലെ യമൻ എംബസി, കൊണ്‍സുലേറ്റ് ജീവനക്കാർ എന്നിവരുടെ കൺസുലർ സഹായം, നിയമോപദേശം, പരാമർശങ്ങൾ, പാർലമെന്ററികളുടെ അഭ്യർത്ഥനകൾ എന്നിവ എല്ലാം പ്രയോഗിച്ചു വരുന്നു.

പ്രധാനമന്ത്രി ഓഫീസും, കേരള മുഖ്യമന്ത്രിയും, വിപക്ഷ നേതാക്കളും, പബ്ലിക് ആക്ഷൻ ഗ്രൂപ്പുകളും, പരമാവധി സഹായത്തിനായി മുന്നിട്ടിറങ്ങി.

നിമിഷയുടെ മോചനത്തിനായി അഹോരാത്രം കഠിനമായി പ്രവർത്തിക്കുന്നവരിൽ പലരും പൗരാവകാശ പ്രവർത്തകരാണ്, മാധ്യമപ്രവർത്തകരാണ്, സാമൂഹിക പ്രവർത്തകരാണ്.പക്ഷേ, ഈ ശക്തമായ ആവേശം കാണുമ്പോൾ , ഒരു പ്രധാന ചോദ്യമാണ് പലരിലും ഉണ്ടാകുന്നത്.

“കുറ്റം ചെയ്തിട്ടും നമ്മുടെ നാട്ടിലെ ജയിലുകളിൽ കഴിയുന്ന സ്ത്രീകൾക്കായി ഇത്രയും നീതി ചിന്തയുണ്ടാകുന്നുണ്ടോ?”

നിമിഷയുടെ കഥ കേൾക്കുമ്പോൾ, നമ്മളിൽ സഹതാപം തോന്നും. സഹജീവിയോടും സ്വന്തം നാട്ടുകാരിയോടും ഉള്ള പരിഗണനയാണ് ഇതൊക്കെയും. അതിൽ തർക്കമില്ല. അവരുടെ അനുഭവങ്ങൾ സത്യമായിരിക്കാം, അവർ അനുഭവിച്ച മാനസികപീഡനങ്ങൾ യഥാർത്ഥമായിരിക്കാം.

എന്നാൽ ചില ചോദ്യങ്ങൾ മുന്നിൽ തന്നെ നിൽക്കും.

അവൾ ഒരാളെ കൊലപ്പെടുത്തിയതല്ലേ?

അവളുടെ നീതി നമ്മൾ ആവശ്യപ്പെടുമ്പോൾ, അതുപോലെ തന്നെ മറ്റു സ്ത്രീകൾക്ക് വേണ്ടി എന്തുകൊണ്ട് പോരാടുന്നില്ല?

•ഇന്ത്യയിലെ ജയിലുകൾ

ഇന്ത്യയിലെ വിവിധ ജയിലുകളിൽ അനവധി സ്ത്രീകൾ കഴിയുന്നുണ്ട്. പലരും ദാരിദ്ര്യത്തിൽ നിന്നും കുടുംബ പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചവരാണ്. ചിലർക്കത് നിർഭാഗ്യമായി ഒരു കുറ്റകൃത്യത്തിൽ അവസാനിച്ചു.
പലപ്പോഴും ഇവരെ കുടുംബം ഉപേക്ഷിച്ചിട്ടുണ്ട്. സമൂഹം അവരെ “കുറ്റവാളികൾ” എന്ന മുദ്രയിലാക്കുന്നു. സമൂഹത്തിന്റെ പരിഗണനയിൽ നിന്നും അവർ ഒഴിഞ്ഞുപോകുന്നു.

അവർക്കായി ആരെങ്കിലും നീതി തേടുന്നുണ്ടോ?
അവർക്കായി ക്യാമ്പയിൻ നടക്കുന്നുണ്ടോ?
അവരുടെ കുട്ടികൾക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം ലഭിക്കുന്നുണ്ടോ?
ശരിക്കും പറഞ്ഞാൽ ഇല്ല.

ഒരു ക്രിമിനലിനെ മനുഷ്യനായി കാണാൻ കഴിയുന്ന നന്മയും കരുണയും നമ്മളിൽ ഉണ്ടെങ്കിൽ, നിമിഷ പ്രിയയെ പോലെ, അല്ലെങ്കിൽ അതിനേക്കാൾ സഹതാപം അർഹിക്കുന്ന മറ്റ് അജ്ഞാതമായ സ്ത്രീകളെയും അതേ കണ്ണിൽ കാണാൻ നമുക്ക് കഴിയണം.

മാധ്യമങ്ങൾ പ്രകടമാക്കുന്ന തിരഞ്ഞെടുത്ത കരുണ
നിമിഷ പ്രിയക്കു മാത്രം ആണോ?
മാധ്യമങ്ങൾ ആർക്കാണ് കവറേജ് നൽകുന്നത്?
ആരെല്ലാം “സിംബോളിക്” കണ്ണികളായി മാറ്റപ്പെടുന്നു?
അതിനു പിന്നിലെ തിരഞ്ഞെടുക്കലുകളെന്താണ്?

നിമിഷക്ക് നീതി ആവശ്യപ്പെടുന്നത് തെറ്റല്ല. എന്നാൽ അത് മാത്രം ആവശ്യപ്പെടുമ്പോൾ, അതിനപ്പുറത്തുള്ള സ്ത്രീകളെ ഒരിക്കൽ പോലും ചിന്തിക്കാതെ പോകുന്നതാണ് തെറ്റ്

പ്രഭാഷണങ്ങളിൽ, സാമൂഹിക ചർച്ചകളിൽ, ഉദ്ധാരണങ്ങളിൽ ഇവർ ഇടംപിടിക്കാറില്ല. അവരുടെ പേരുകൾ അറിയപ്പെടാറുമില്ല. അതിന്റെ പിന്നാലെ അവർ തികച്ചും സാമൂഹത്തിൽ വെറുക്കപ്പെട്ടവർ ആയി മരണം കാത്ത് കഴിയുന്നു.

നീതി എങ്ങനെയായിരിക്കണം?
നീതിക്ക് പേര്, വംശം, ദേശം, മതം, ജനകീയത അങ്ങനെ ഏതുമില്ല.
നീതിക്ക് ഒരു മാനദണ്ഡമുണ്ട് — തുല്യത.
അല്ലെങ്കിൽ അത് നീതിയാകില്ല.

നീതി നിശ്ചയിക്കേണ്ടത് നീതി പീഡമാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്

Arsha Vijayan
usamalayalee.com

You may also like

Leave a Comment