Home Motivational Messagesനിധി കുംഭങ്ങൾ തേടി.

നിധി കുംഭങ്ങൾ തേടി.

by admin
0 comments

നിധി കുംഭങ്ങൾ തേടി.

പി. റ്റി. കോശിയച്ചൻ.


രണ്ട് സ്നേഹിതർ ബീച്ചിലൂടെ നടക്കുകയായിരുന്നു. ദൂരെ തിരമാലകളുടെ മേൽ തുള്ളി കളിച്ച് എന്തോ ഒന്ന് കരയോട് അടുക്കുന്നത് പോലെ അവർക്ക് തോന്നി. അവർ പറഞ്ഞു: “അത് നിധിയുമായി വരുന്ന ഒരു കപ്പൽ ആയിരിക്കും”. അത് വന്നെടുക്കുന്ന ദിശ നോക്കി അവർ മുന്നോട്ടു നടന്നു. കുറെ കഴിഞ്ഞപ്പോൾ അവർ പറഞ്ഞു അത് കപ്പൽ ഒന്നുമല്ല ഏതോ മുക്കുവരുടെ വഞ്ചി ആയിരിക്കാം. അത് കരയോട് അടുത്തുകൊണ്ടിരുന്നു. അതിന്‍റെ അരികിൽ എത്തുവാൻ അവർ ഓടി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അവർ പറഞ്ഞു അത് വഞ്ചി ഒന്നുമല്ല വല്ല നിധി കുംഭങ്ങളും ആയിരിക്കും. അവർ കൂടുതൽ ശക്തിയോടെ ഓടി. വളരെ ദൂരം ഓടി. അപ്പോഴേക്കും ആ വസ്തു കരയിലെത്തിയിരുന്നു. അവർ ആ വസ്തുവിന്റെ അടുത്തെത്തി. അത് അവർ ഊഹിച്ചത് ഒന്നുമായിരുന്നില്ല, വെറുമൊരു പാഴ്തടി ആയിരുന്നു. (ഗൂഗിൾ).

ഇന്ന് എല്ലാവരും ഓട്ടമാണ്. നിൽക്കാൻ സമയമില്ല, ഓട്ടം തന്നെ ഓട്ടം! എന്തിനുവേണ്ടി? നിധി കുംഭങ്ങൾക്കു വേണ്ടി എന്നു പറയാം. എന്നാൽ പലർക്കും ലഭിക്കുന്നതോ ചില പാഴ്ത്തടികൾ മാത്രം. നമ്മുടെ ഈ ജീവിതം കൊണ്ട് നാം എന്താണ് നേടുന്നത്? ഇന്ന് എല്ലാവർക്കും തിരക്കാണ്, ഓട്ടമാണ്. നേട്ടങ്ങൾ കൊയ്യുവാനുള്ള ഓട്ടം! കുറെ വർഷങ്ങൾക്കു മുൻപ് തൊഴിലില്ലായ്മ വേതനം വാങ്ങുന്ന ചില ആളുകളെ ഗവൺമെന്‍റ് ചില ജോലികൾ ഏൽപ്പിക്കുവാൻ ശ്രമിച്ചു. പക്ഷേ അവർക്കാർക്കും അതിന് സമയമില്ലായിരുന്നു. എല്ലാവരും ‘വലിയ തിരക്കിലാണ്’ എന്നാണ് മറുപടി നൽകിയത്. തൊഴിൽ ഇല്ലാത്തതുകൊണ്ടാണ് വേതനം നൽകുന്നത്! എങ്കിലും എല്ലാവരും ബിസിയാണ്.

ഇന്ന് നമ്മുടെ പ്രയത്നങ്ങൾ കൊണ്ട് നാം എന്താണ് നേടുന്നത്? നമ്മുടെ നേട്ടങ്ങൾ എത്രമാത്രം പ്രയോജനം ഉള്ളതാണ്? പലപ്പോഴും ചില പാഴ്ത്തടികൾ പോലെ പ്രയോജനം ഇല്ലാത്തവയായി തീരാറില്ലേ? ജീവിതത്തിൽ ആത്യന്തികമായി പ്രയോജനപ്പെടാത്ത നേട്ടങ്ങൾ കൊണ്ട് എന്തു ഗുണം? മലയാളത്തിലെ ഒരു ചൊല്ലുണ്ട് : “നായ് ക്ക് ഇരിക്കാൻ നേരമില്ല, നായ് നടന്നാൽ ഫലവുമില്ല”. ഇത് നായയെ കുറിച്ച് പറയുന്നതാണോ നമ്മെക്കുറിച്ച് പറയുന്നതാണോ? നമ്മുടെ ജീവിതം കൊണ്ട് എന്താണ് നേടുന്നത്? യഥാർത്ഥത്തിൽ എന്താണ് നാം നേടേണ്ടുന്നത്? ഭൗതികമായ നേട്ടങ്ങൾ ഒക്കെയും കാലക്രമേണ പാഴ്ത്തടി പോലെ നിഷ്പ്രയോജനങ്ങളായി ഭവിക്കും. തന്റെ ജീവിത നേട്ടങ്ങളെക്കുറിച്ച് ഒരു ധനിക കർഷകനോട് ശ്രീബുദ്ധൻ പറയുന്ന വാക്കുകൾ ഇപ്രകാരമാണ്: “ഞാനൊരു വെറും സാധു കർഷകൻ, വിളവെല്ലാം മാനവർക്കായൊപ്പം കൊയ്യുവാൻ കൊടുക്കും ഞാൻ”. തന്റെ ജീവിത നേട്ടങ്ങളെല്ലാം മാനവ സമൂഹത്തിനായി അദ്ദേഹം സമർപ്പിക്കുകയാണ്. അതെ സാമൂഹ്യ നന്മയ്ക്ക് ഉതകാത്ത ഒരു നേട്ടവും നേട്ടമല്ല. അതു മാത്രമേ ആത്യന്തികമായി ഒരു നിക്ഷേപം ആവുകയുള്ളൂ. 

പി. റ്റി. കോശിയച്ചൻ.
+1 9495913953
—————-

 

You may also like

Leave a Comment