പ്രധാനവാർത്തകൾ
*കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി.
കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര ഓഡിറ്റ് നടത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കെഎംഎസ്‌സിഎല്‍ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടത്തും. വയനാട് മെഡിക്കല്‍ കോളജ് ഗോഡൗണില്‍ പെട്ടി പൊട്ടിക്കാതെ മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് നിര്‍ദേശം.
*ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍; ജയരാജനെ തള്ളി എം വി ഗോവിന്ദന്‍.
എംഎല്‍എമാരായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ പ്രതികരണത്തില്‍ വെട്ടിലായി സിപിഐഎം. പ്രതികരണം ചര്‍ച്ചയായതോടെ എം വി ജയരാജന്റെ നിലപാട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളി. പാര്‍ട്ടിയുടെ ഭാഗമായല്ല എം വി ജയരാജന്‍ സംസാരിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എം വി ജയരാജന്റെ പ്രതികരണം.
*ആനക്കൊമ്പ് കേസ്; പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; വനം വകുപ്പിന് കണക്കുകള്‍ കൈമാറി
ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍. കൈവശമുള്ള ആനക്കൊമ്പിന്റെയും ആനക്കൊമ്പ് കൊണ്ട് തീര്‍ത്ത കരകൗശല വസ്തുക്കളുടെയും കണക്ക് കൈമാറി. മലയാറ്റൂര്‍ ഡിഎഫ്ഒയ്ക്കാണ് കണക്ക് കൈമാറിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി.
*‘നിലപാടിൽ നിന്ന് പിന്നോട്ടില്ല’; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നിലപാടിൽ ഉറച്ച് സി പി ഐ
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് സിപിഐ. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് പി പി സുനീർ വ്യക്തമാക്കി. പിണറായി വിജയൻ പറഞ്ഞത് പാർട്ടിയുടെ നിലപാടാണോ എന്നത് സിപിഐഎം വ്യക്തമാക്കണമെന്നും പി പി സുനീർ പറഞ്ഞു.
*സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ പരാതി വ്യാജം: പരാതി നൽകിയത് സഹപാഠിക്ക് പ്രണയം തോന്നാത്തതുകൊണ്ട്
പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്. സഹപാഠിക്ക് തന്നോട് പ്രണയം തോന്നാത്തത് പരാതിക്ക് കാരണമായെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതോടെ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം. പൊലീസിന് മുമ്പിലും മജിസ്ട്രേറ്റിന് മുമ്പിലും പെൺകുട്ടി നൽകിയ മൊഴിയിൽ പീഡനം നടന്നതായി പറഞ്ഞിട്ടില്ല.
*പ്രണയത്തിന് എന്ത് അതിര്‍ത്തി! പെണ്‍സുഹൃത്തിനെ കാണാന്‍ അതിര്‍ത്തി കടന്നെത്തിയ പാക് അധീന കശ്മീര്‍ സ്വദേശിയെ തിരിച്ചയച്ച് ഇന്ത്യ.
പെണ്‍സുഹൃത്തിനെ കാണാന്‍ അതിര്‍ത്തി കടന്നെത്തിയ പാക് അധീന കശ്മീര്‍ സ്വദേശിയെ ഇന്ത്യ തിരിച്ചു. മെയ് മാസം 31നാണ് ഉറി സെക്ടര്‍ സ്വദേശി സീഷാന്‍ അഹ്മദ് മിര്‍ നിയന്ത്രണരേഖ കടന്നത്. നുഴഞ്ഞുകയറ്റശ്രമം എന്ന് കരുതി സിലികോട്ട് ഗ്രാമത്തില്‍ വച്ച് ഇയാളെ സേന പിടികൂടി. സേനയ്ക്കും ഗ്രാമവാസികള്‍ക്കും മാത്രം പ്രവേശനമുള്ള ഗ്രാമമാണ് സിലികോട്ട്.