Home Articlesമുഖമില്ലാത്ത, പേരില്ലാത്ത മാലാഖമാർ

മുഖമില്ലാത്ത, പേരില്ലാത്ത മാലാഖമാർ

by admin
0 comments
ളരെ ചെറുതിലെ തന്നെ ഞാൻ ഒരു ഒറ്റയാൻ ആയിരുന്നു വീട്ടിലും , സ്കൂളിലും , കസിൻസിന്‍റെ      ഇടയിലും എല്ലാം ഒറ്റപ്പെട്ട പ്രകൃതം . പുസ്തകങ്ങളും വെച്ച് അങ്ങനെ സ്വപ്നം കണ്ടിരിക്കും മിക്ക കൂട്ടുകാർക്കിടയിലും ഞാൻ മൂന്നാമനായി . അതായതു രണ്ടു ബെസ്റ് ഫ്രണ്ട്‌സ് , അവരിലേക്ക്‌ കേറി വന്ന,  ആവശ്യമില്ലാത്ത ഒരു മൂന്നാം കുറ്റി.
എനിക്കിപ്പഴും ഓർമയുണ്ട് , “നിന്റെ അടുത്ത കൂട്ടുകാരി ആരാ ?” എന്ന് എന്‍റെ അപ്പച്ചി ചോദിച്ചപ്പോൾ , അന്ന് 8 വയസ്സായിരുന്ന ഞാൻ പറഞ്ഞ ഉത്തരം .” – “എനിക്ക് അങ്ങനെ ആരുമില്ല, എന്താച്ചാൽ കുറെ കഴിയുമ്പോൾ അവരെല്ലാം വേറെ കൂട്ടുകാരോടൊപ്പം പോവും ഞാൻ പിന്നെയും തനിച്ചു” .
ഒരു എട്ടു വയസ്സുകാരിയുടെ ഈ ഫിലോസഫി അപ്പച്ചിയെ ഞെട്ടിച്ചു കാണും.
എനിക്ക് സുഹൃത്തുക്കളുണ്ട് . പക്ഷെ ഇല്ല- ‘ആത്മാവ് തൊട്ട സുഹൃത്തുക്കൾ’ ഇല്ല .
ഞാൻ വിഷമിച്ചിരുന്ന സന്ദർഭങ്ങളിൽ , തികച്ചും അന്യരായ ആൾക്കാർ എന്നെ വന്നു കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചിട്ടുണ്ട് .അവരാണോ സുഹൃത്തുക്കൾ ? പിന്നെ ഒരിക്കലും കാണാതെ പോകുന്ന ചിലർ .
കോളേജിലെ അവസാന സെമെസ്റ്ററിലെ ലാബ് എക്സാം കുളമാക്കി വന്ന് , കരയാൻ പോലും പറ്റാതെ, ഒരു കല്ലിന്‍റെ  ഇടുക്കില്‍ , കൂനിക്കൂടിയിരുന്ന എന്‍റെ  അടുത്ത് വന്നു “എന്നോട് എന്തെങ്കിലും പറയണോ , do you need a hug? ” എന്ന് ചോദിച്ച മണിപ്പൂരി പെൺകുട്ടി. അത് വരെ ഞാൻ അവളെ ശ്രദ്ധിച്ചിട്ടു പോലും ഉണ്ടായിരുന്നില്ല .
പിന്നെ ജീവിതം കൈവിടുന്നോ എന്ന് തോന്നിയ സന്ദർഭത്തിൽ എന്നെ വിളിച്ചു , എന്‍റെ  വില എനിക്ക് കാണിച്ചു തന്ന ഹെലൻ , ബ്രിട്ടനിൽ നിന്ന് എന്നെ കാണാൻ വന്ന 85 വയസ്സുള്ള ബിൽ . ഇവരൊന്നും എന്‍റെ  ആരുമായിരുന്നില്ല . പക്ഷെ ഇവരെ കാരണം ഞാൻ തിരിച്ചു വന്നു .
ഈ വർഷം   തമ്മില്‍ കണ്ടപ്പോൾ  ബിൽ എന്നോട് പറഞ്ഞു “ഐ സീ അലോട്ട് ഒഫ് ഗുഡ് തിങ്ങ്സ് ഇൻ യൂ . യൂ ആർ ബ്ലെസ്ഡ് “. കെട്ടിപ്പിടിച്ചു നന്ദി പറയാനല്ലാതെ എന്താ ഞാൻ ചെയ്യുക ?
പിന്നെ എന്‍റെ  എല്ലാ പ്രശ്നങ്ങളും  അറിയുകയും , എന്നെപ്പോലെ  സത്യസന്ധതക്ക് വില കൊടുക്കുകയും ചെയ്യുന്ന എന്‍റെ  ക്ലീനർ – അവരെ എന്‍റെ  ഫ്രണ്ട് എന്നാണ് ഞാൻ പരിചയപ്പെടുത്താറ് . ജോലി ചെയ്ത സമയത്തേക്കാൾ കുറച്ചു പൈസ കൂടുതൽ കൊടുത്താൽ , തിരിച്ചു തരുന്ന അത്ര സത്യസന്ധത . അഞ്ചു വർഷമായി ഞങ്ങള്‍ തമ്മില്‍  പരിചയപ്പെട്ടിട്ട്.
നാല് മാസം നാട്ടിൽ പോകുന്നു. തിരിച്ചു ഞാൻ എങ്ങനെ വീട് പഴയതു പോലെ ആക്കും എന്ന് പറഞ്ഞപ്പോൾ “ഞാനില്ലേ ? വിളിച്ചാൽ മതി , അപ്പോൾ എത്തും ” എന്ന് പറഞ്ഞു, അത് പ്രവർത്തികമാക്കിയ യെലേന എന്ന ക്രോയേഷ്യൻ സ്ത്രീ .
സൗഹൃദത്തിനും , നന്മക്കും ഒരു മാനദണ്ഡങ്ങളും ഇല്ല എന്ന് എന്നെ പഠിപ്പിച്ചത്, 14 വർഷത്തെ വിദേശവാസം ആണ് . നാട്ടിൽ സൗഹൃദങ്ങൾ ഒരേ പോലുള്ളവർ തമ്മിലാണ്. ഇവിടെ അങ്ങനെ അല്ല .
പിന്നെ ജിമ്മി . ഒരു പൊളിഞ്ഞ ബെഡ് എടുത്തു കൊണ്ട് പോകാൻ ജിമ്മിയെ, ഞാൻ വിളിച്ചപ്പോൾ തന്‍റെ പഴയ ട്രെയ്‌ലറുമായി, ഷോൾഡർ അനക്കാൻ വയ്യാതെ ജിമ്മി വന്നു . അയാളുടെ കൈ കണ്ട ഞാൻ തന്നെ , ആ ബെഡിന്‍റെ  കഷ്ണങ്ങൾ , ട്രെയിലറിൽ കൊണ്ട് പോയി ഇടുക ആയിരുന്നു .തന്‍റെ  മൂന്നു  മക്കളെപ്പറ്റി  അന്ന് അഭിമാനത്തോടെ അന്ന് പറഞ്ഞ ജിമ്മി , രണ്ടു ദിവസം മുമ്പ് , ഫ്രിഡ്‌ജിന്റെ വാതിൽ പൊളിഞ്ഞു പോയപ്പോൾ ഞാൻ വിളിച്ച ആറു പേരിൽ , വന്ന ഒരേ ഒരാളായിരുന്നു.
പണി അറിയാഞ്ഞിട്ടും എന്റെ ഫോൺ മെസ്സേജ് കേട്ടപ്പോൾ വന്നത് , കുഞ്ഞ് മക്കളുടെ പുറത്തു വീഴുമോ എന്ന് പേടിച്ചിട്ടാണ് .
ജിമ്മിയുടെ ആരോഗ്യം അറിയാവുന്ന ഞാൻ ഇത്തവണ ജിമ്മിയെ സഹായിക്കാൻ നിന്നു . അപ്പോഴാണ് പറയുന്നത് വളരെ ‘ഹാപ്പി ഗോ ലക്കി’ ആയിരുന്ന 18 വയസ്സുള്ള മൂത്ത മകൻ , ഒരു വെളുപ്പിന് , തൂങ്ങി മരിച്ചു എന്ന്. അത് മറ്റു രണ്ട് മക്കളെ ബാധിച്ചുവെന്നും.      എനിക്ക് എന്ത് പറയണം  എന്നറിയില്ലായിരുന്നു. ഇവിടെ എന്‍റെ  ജീവിതം “കോഞ്ഞാട്ട ” എന്നും പറഞ്ഞിരിക്കുന്ന ഞാൻ സംസാരിക്കുന്നത് , നിത്യവൃത്തിക്ക് കഠിനവേദനയും അനുഭവിച്ചു തൊഴിൽ ചെയ്യുന്ന , പ്രായപൂർത്തിയായ ഒരു മകൻ ആത്മഹത്യ ചെയ്ത, ഒരച്ഛന്‍റെ  മുന്നിലാണ്. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി .
ഇനിയുമുണ്ട് ഇത് പോലെ ധാരാളം . ഒരിക്കൽ വളരെ വിഷമിച്ചു സ്വിമ്മിങ് പൂളിൽ കരഞ്ഞ (ഞാൻ വിചാരിച്ചു പൂളിൽ കണ്ണീരു ആരും കാണില്ലെന്ന് ) എന്‍റെ  അടുത്ത് വന്നു , “സങ്കടം എന്നോട് പറയാമോ ?” എന്ന് ചോദിച്ച ഒരു തായ്‌വാനീസ് സ്ത്രീ.
എന്‍റെ  കാർ ചീത്ത ആയപ്പോൾ, പൈസക്ക് അത്യാവശ്യം വന്ന് , പോവാൻ വഴിയില്ലാതെ നിന്ന എന്നെ , തന്‍റെ  ജോലി കഴിഞ്ഞു ,ഭക്ഷണം കഴിക്കാൻ വന്നു കാർ പാർക്ക് ചെയ്ത ആൾ , തിരിച്ചു കയറി എന്നെ atm ൽ കൊണ്ട് വിട്ട നൈജീരിയൻ മനുഷ്യൻ,…
ഇവരെ ഒക്കെ ഞാൻ എന്താ വിളിക്കേണ്ടത് … പേരില്ലാ മാലാഖമാരെന്നോ ???
യഥാർഥത്തിൽ ചിലപ്പോൾ മുഖമോ , പേരോ ഇല്ലാത്ത അവരല്ലേ ഒരിക്കലും മറക്കാത്ത കൂട്ടുകാർ ?
ഇവരെ ഞാൻ എന്‍റെ  “കാവൽ മാലാഖമാർ ” എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.

You may also like

Leave a Comment