Home Newsമൗനം വാചാലം

മൗനം വാചാലം

by admin
0 comments

ശ്രീകുമാര്‍ കൊല്ലകടവ്

 

പിന്നെയും ഓര്‍മ്മകളെന്നെ കുത്തിനോവിക്കുന്നു. പടിയിറങ്ങിപ്പോയ പഴയ സ്മരണകള്‍ ഒരിറ്റു കണ്ണീരിന്‍റെ അകമ്പടിയോടെ കടന്നു വരുമ്പോള്‍ എവിടെയാണോരഭയം എന്നു വെറുതെ ചിന്തിക്കവേ അതും തരുന്നു വ്യാകുലതയുടെ മറ്റൊരു രൂപം. ഹൃദയഭിത്തികളിലെ ഉണങ്ങിപ്പിടിച്ച മുറിവുകളെ വീണ്ടും നനയിച്ചുകൊണ്ട് രക്തം കിനിഞ്ഞൊഴുകുന്നു പിന്നെയും. മുറിവേല്‍പ്പിക്കാനായ് മാത്രം ഒരു പിടി ഓര്‍മ്മകള്‍. പിന്നിട്ട ജീവിതപാതയിലേക്കു തിരിഞ്ഞു നോക്കവേ ഉളളു വല്ലാതെ പിടയുകയാണ്. നൊമ്പരം മാത്രം കൈക്കുമ്പിളില് നീട്ടിപ്പിടിച്ചു കൊണ്ട് ഒരുപാടോര്‍മ്മകള്‍.

ഏകാകിയുടെ ഭ്രാന്തമായ ഓര്‍മ്മകള്‍ എന്നും എന്നെ അലട്ടിക്കൊണ്ടിരിക്കുമ്പോഴും  ഞാ൯ തേങ്ങിയിരുന്നു, കണ്ണീരില്ലാതെ. തേങ്ങുന്ന ഹൃദയവും ശുഷ്കമായി തീര്‍ന്ന ശരീരവും കൊണ്ട് നരച്ച നാട്ടുപാതകള്‍ പലതു ഞാന്‍ പിന്നിട്ടു. എവിടേക്കെന്നറിയാതെ, എന്തിനെന്നറിയാതെ.

നീയെന്തേ ഇങ്ങനെയായി തീര്‍ന്നു  —- ഞാ൯ എന്‍റെ ഹൃദയത്തോടു തിരക്കി. ഹൃദയം മൌനിയായതിനാലാവണം, അതെനിക്കു മറുപടി തന്നില്ല. മൌനത്തിനു ഭാഷയില്ലല്ലോ.

എവിടേക്ക്—? അതൊരു ചോദ്യമായിരുന്നു. ആരോടോ ഞാനാ ചോദ്യം ചോദിച്ചു. ഉത്തരം തരാത്ത മനസ്സിനോടായിരുന്നുവോ? അറിയില്ല. പിന്നെയും കൈപ്പിടിയിലൊതുങ്ങാത്ത മനസ്സു വെറുതെ എന്‍റെ ഓര്‍മ്മകളിലേക്കു പോയി. അപ്പോള്‍ തിരിച്ചറിഞ്ഞ സത്യം എന്നെ പിന്നെയും കുത്തിനോവിച്ചു. നിന്ദിക്കപ്പെട്ടിരുന്ന സ്നേഹസാമ്രാജ്യ ചക്രവര്‍ത്തിയായിരുന്നില്ലേ ഞാന്‍. എങ്കിലും ദുഃഖം മറക്കാ൯ ശ്രമിച്ചു. പാവം മനസ്സ്.

പാതവക്കത്തെ ഉണങ്ങിപ്പിടിച്ച പുല്ലിൽക്കൂടി എന്‍റെ മുണ്ടിന്‍റെ കോന്തല ഇഴഞ്ഞു നീങ്ങി. നഗ്നപാദങ്ങൾ നിറം മാറി. അഴുക്കു പുരണ്ടത് കാലിൽ  മാത്രമായിരുന്നില്ല, മനസ്സിലും എവിടെ നിന്നൊക്കയോ അഴുക്കുകൾ കുന്നുകൂടി. കാറ്റിൽ  പാറുന്ന അലസ്സമായ മുടി കോതിയൊതുക്കി ഞാ൯ വീണ്ടും മുന്നോട്ടു നടന്നു. ചിന്തകൾ തീര്‍ത്ത ചിലന്തിവലയിൽ എന്‍റെ ദുഃഖഭാണ്ഡം ആടിയുലഞ്ഞു.

ഏറെ ക്ഷീണിച്ചപ്പോഴാണ് ഒന്നു വിശ്രമിക്കണമെന്നു തോന്നിയത്. ആലിലകൾ നിഴൽപുളളികൾ തീര്‍ത്ത ഏറെക്കുറെ ഇളകിപ്പൊളിഞ്ഞ ആല്‍ത്തറയിൽ കയറിയിരിക്കുമ്പോൾ  ഒരു നെടുവീര്‍പ്പുയര്‍ന്നു. അപ്പോഴും എന്‍റെ മൌനം എന്നോടൊന്നും പറഞ്ഞിരുന്നില്ല.

ആല്‍ത്തറയിലിരുന്ന് എന്‍റെ ഓര്‍മ്മകൾ അയവിറക്കവേയാണ് അയാൾ ആ വഴി വന്നത്, കൂടെ ഒരു കൊച്ചു കുട്ടിയും. അയാളെ കണ്ടപ്പോഴേ ഞാനല്പം ഭയന്നു. വായിച്ചിട്ടുളള ഏതോ കഥയിലെ പ്രതിനായകനായി ഞാനയാളെ ചിത്രീകരിച്ചു. മുഖം നിറയുന്ന കൊമ്പ൯  മീശയും തെമ്മാടിയുടെ ശൈലിയിലുളള നടത്തവും എന്നിൽ അറപ്പുളവാക്കി. അല്പം മുഷിഞ്ഞ കൈലിമുണ്ട് അയാൾ ആവോളം മടക്കിക്കുത്തിയിരിക്കുന്നു. കുപ്പായക്കൈകൾ മേല്പോട്ടു ചുരുട്ടി വച്ചിരിക്കുന്നു. അയാളുടെ ചുവന്നു കലങ്ങിയ കണ്ണുകൾ എന്നിലെ ഭയം എന്ന വികാരത്തിനു തീവ്രത കൂട്ടി. പതിയെ എന്‍റെ ശ്രദ്ധ ആ കുട്ടിയിലേക്കു തിരിഞ്ഞു. ഒരു കൊച്ചു പെൺകുട്ടി.

ഓമനത്തം തുളുമ്പുന്ന കൊച്ചു മുഖം ആകെ വാടിയിരിക്കുന്നു. അവളുടെ മുടി എണ്ണ കണ്ടിട്ട് നാളുകളേറെയായെന്നു തോന്നുന്നു. വരണ്ട മുഖം. ഉണങ്ങിപ്പിടിച്ച ചുണ്ടുകൾ. നെറ്റിയിലും മുഖത്തും വിയ൪പ്പു ചാലുകൾ. രണ്ടു പേരും ഒന്നും മിണ്ടിയിരുന്നില്ല. പക്ഷേ ആ കുട്ടി എന്നെ ദയനീയമായെന്നോണം ഒന്നു നോക്കി. അവളുടെ ആ നോട്ടത്തിന്, ആ മൌനത്തിന് എന്തൊക്കെയോ അര്‍ത്ഥങ്ങളുണ്ടായിരുന്നു.

എനിക്കു വിശക്കുന്നു എന്നാണോ അവളു പറഞ്ഞത്, അതോ ദാഹിക്കുന്നു എന്നോ, അതുമല്ലെങ്കിൽ  ഈ കശ്മലനിൽ  നിന്നും തന്നെ രക്ഷപെടുത്തണമെന്നോ. ഒന്നും അറിയാ൯ കഴിഞ്ഞില്ല. പക്ഷേ ആ മൌനം എന്തിന്‍റെയൊക്കെയോ സൂചനയായിരുന്നു.

ഇടയ്ക്ക് എന്‍റെ മുഖത്തേക്കു നോക്കിയ അയാൾ ആംഗ്യം കൊണ്ട് എന്തോ ചോദിച്ചു. എവിടേക്ക് എന്നാവും ചോദ്യമെന്നു ഞാനൂഹിച്ചു. ഉത്തരമായ് എന്തു പറയും എന്നു ഞാനോര്‍ത്തു. അല്പം ദൂരേക്ക് എന്നു ഞാ൯ മറുപടിയും കൊടുത്തു. എന്‍റെ ഉത്തരത്തിനു കാക്കാതെ അയാളു ഭക്ഷണപ്പൊതി തുറന്നു. പിന്നെ ആ കുട്ടിയെ വിളിച്ചിരുത്തി ഭക്ഷണം കൊടുത്തു. അപ്പോഴും അവളെന്നെ ദയനീയമായ് ഒന്നു നോക്കി.

എന്തൊക്കയോ എനിക്കു ചോദിക്കണമെന്നുണ്ടായിരുന്നു. ഒന്നും ചോദിക്കാ൯എന്‍റെ മൌനം അനുവദിച്ചിരുന്നില്ല. ആ അവസ്ഥയില്‍ ഞാനെന്‍റെ മൌനത്തെ ശപിച്ചു. എന്‍റെ ശാപവാക്കുകളൊന്നും പുറത്തേക്കു വന്നിരുന്നില്ല. കാല്‍മുട്ടില്‍ മുഖവും കമഴ്ത്തി കുറെ നേരമങ്ങനെ ഞാന്‍ കണ്ണടച്ചിരുന്നു. അവളുടെ കരച്ചിലാണ് എന്നെ ആ ഇരുപ്പില്‍  നിന്നും ഉണര്‍ത്തിയത്. പെട്ടെന്നു ഞാ൯ തിരിഞ്ഞു നോക്കി. ആ കാഴ്ച കണ്ട് ഞാ൯ ഞെട്ടിപ്പോയി. കവിളിനെ നനയിച്ച കണ്ണീ൪ച്ചാലുകൾ    എച്ചിൽകൈ കൊണ്ട് അവൾ തുടയ്ക്കുന്നു. കോപത്തോടെ നടന്നകലുന്ന ആ മനുഷ്യനെ ഒന്നുമറിയാതെ ഞാ൯ നോക്കി. എന്‍റെ മൌനം മുറിഞ്ഞു.

എന്തു പറ്റി മോളേ…   കരഞ്ഞുകൊണ്ടിരുന്ന കുട്ടി എന്‍റെ നേരേ നോക്കി.

ബ…..ബ……..ബ   വാ പിളര്‍ത്തിക്കൊണ്ട് എന്തോ വികൃതശബ്ദമുണ്ടാക്കി. കരച്ചിലിനിടയിൽ അവളുടെ വികൃതശബ്ദങ്ങള് എന്‍റെ മനസ്സില് നൊമ്പരത്തിന്‍റെ മറ്റൊരു കൂനയും കൂടി കോറിയിട്ടു. മിണ്ടാപ്രാണിയായിരുന്ന അവളുടെ കവിളിനെ നനയിച്ചുകൊണ്ട് കണ്ണുനീരു പിന്നെയും ഒഴുകി. ആ ചുടുകണ്ണീരിന് ധാരാളം കഥകൾ പറയാനുണ്ടാവും. ഊമയുടെ കണ്ണുനീരിന്‍റെ അര്‍ത്ഥങ്ങള്‍ ഞാ൯ തിരക്കിയില്ല. അവളുടെ മൌനം എനിക്കെല്ലാം പറഞ്ഞു തന്നു. അവളും ദുഃഖത്തിന്‍റെ മറ്റൊരു പര്യായമാവാം. ഒന്നും പറയാതെ നടന്നകന്ന മനുഷ്യന്‍റെ മൌനവും അയാളെ എനിക്കു വര്‍ണ്ണിച്ചു തന്നു. അയാളൊരുപക്ഷേ ഉപേക്ഷിച്ചു പോയത് തനിക്കു കൈവന്ന ദുഃഖത്തെയാവാം. എങ്കിലും ഞാനയാളെ വെറുത്തു.

കുട്ടിയോട് ഞാ൯ ആംഗ്യ രൂപത്തിൽ ചിലതു ചോദിച്ചറിഞ്ഞു. ആ വന്നയാൾ അവളുടെ ആരുമായിരുന്നില്ല. അവള്‍ക്ക് നൊമ്പരം മാത്രം സമ്മാനിച്ച ക്രൂരനായൊരു കാട്ടാളനായിരുന്നു. ജന്മം നല്‍കിയവര്‍ കാലത്തിനൊപ്പം നടന്നകന്നു യവനികയും കഴിഞ്ഞു പോകവേ അവളും അവളുടെ മൌനവും പിന്നെയും ബാക്കിയായി. ആ മൌനത്തെ അയാളു മുതലെടുത്തു. ഊമപ്പെൺകുട്ടി ഭിക്ഷ നടത്തി. അവളുടെ മൌനം വിറ്റ് അയാള്‍ ജീവിച്ചു.

അവ്യക്തമായ ഭാഷയില്‍കൂടിയാണെങ്കിലും എല്ലാമറിഞ്ഞപ്പോഴേക്കും ഞാനും കരഞ്ഞു പോയിരുന്നു. നൊമ്പരമൊതുക്കാനാവാതെ എന്‍റെ മൌനം മുറിഞ്ഞു. അപ്പോഴാണ് ഞാനവളെ ആദ്യം കണ്ട നിമിഷത്തെപ്പറ്റി ഓര്‍ത്തത്.

എന്നെ രക്ഷിക്കണേ………. ആ യാചന ആ മൌനത്തിനുണ്ടായിരുന്നു.  എന്‍റെ മൌനം അതിനുത്തരവും കൊടുത്തു. രക്ഷാസങ്കേതമില്ലാതെ അലയുന്ന ഞാ൯ നിന്നെ രക്ഷിക്കാം. നീയും കൂടിക്കോളൂ ഈ മൌനസംഘത്തിൽ.

മദ്ധ്യാഹ്ന വെയിലിൽ മുഖം കുനിച്ചു നടക്കവേ അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു. എന്‍റെ കൈയ്യിൽ അവളുടെ കുഞ്ഞു വിരലുകൾ തൂങ്ങിയാടി. ഞങ്ങൾ ഒപ്പത്തിനൊപ്പം ഒരുപാടു നടന്നു. ഞങ്ങളുടെ യാത്രക്കിടയിൽ വാമൊഴി ഉണ്ടായിരുന്നില്ല. മൌനമെന്ന മാധ്യമം എന്നെയും അവളെയും വല്ലാതെ അടുപ്പിച്ചു. വാമൊഴിയിലും ഭേദമായിരുന്നു ഞങ്ങളുടെ ആംഗ്യ വിക്ഷേപങ്ങള്‍. അവൾക്കു  ഞാ൯ കഥകൾ പറഞ്ഞു കൊടുത്തു, പാട്ടുകൾ പാടിക്കൊടുത്തു, ദൂരെയുളള കാഴ്ചകളു വിവരിച്ചു കൊടുത്തു. ഒരു ചിരിയോടെ ഞാനവളുടെ മുഖത്തേക്കു നോക്കി. അതേറ്റു വാങ്ങി അവളും ചിരിക്കവേ ഞാ൯ കൃതാര്‍ഥനായി.

ഞാ൯ പറഞ്ഞ കഥകൾക്കും, പാടിയ പാട്ടിനും ഒക്കെ ഒരേ ഒരു മാധ്യമം- എന്‍റെ ഉറഞ്ഞു കൂടിയ മൌനം. കൂടു വിട്ടിറങ്ങവേ ഏകാകിയായിരുന്ന എന്‍റെ ഹൃദയത്തിനു കൂട്ടായി മറ്റൊരു ഹൃദയത്തെ കിട്ടി. എന്‍റെ മൌനത്തിനു കൂട്ടായി മറ്റൊരു മൌനത്തെ. പക്ഷേ ആ മൌനത്തിന് ആയിരം നാവുകളുണ്ടായിരുന്നു. എന്നും വാചാലമായിരുന്നു ഞങ്ങളുടെ മൌനം.

 

 

 

 

You may also like

Leave a Comment