Home Malayalamഓർമ്മകളിലെ മഞ്ചാടിച്ചുവപ്പ്.

ഓർമ്മകളിലെ മഞ്ചാടിച്ചുവപ്പ്.

മുബാഷിറ നസ്രിൻ

by News Desk
0 comments

യാദൃശ്ചികമായാണ് കഴിഞ്ഞ ദിവസം വെറുതെ മുഖപുസ്തകം സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ,  നിറയെ മഞ്ചാടിമണികൾ നിറഞ്ഞുനിൽക്കുന്ന ആ പേജ് ശ്രദ്ധയിൽപ്പെടുന്നത്.

മഞ്ചാടി കൊണ്ടുള്ള മാലകൾ, നെക്ലേ സുകൾ, ബ്രേസ് ലെറ്റുകൾ പോലെയുള്ള ആഭരണചിത്രങ്ങൾ നിറഞ്ഞ നിറയെ മഞ്ചാടിക്കഥകളും മഞ്ചാടിവിശേഷങ്ങളുമുള്ള ആ പേജ് കണ്ടപ്പോഴാണ് പണ്ടെങ്ങോ മറന്നുപോയ മഞ്ചാടിവിശേഷങ്ങൾ ഓർമ്മയിൽ വന്നെത്തിനോക്കിയത്.

വീടിനടുത്തുള്ള പ്രഭകരേട്ടന്റെ തൊടിയുടെ കിഴക്കേ അതിരിലായിരുന്നു ആ വലിയ മഞ്ചാടിമരം നിന്നിരുന്നത്. എപ്പോഴും ചോരത്തുള്ളികൾ ഇറ്റുവീണപോലെ മഞ്ചാടി മണികൾ ഉതിർന്നു വീണുകൊണ്ടിരുന്ന അതിന്റെ ചുവട്ടിലായിരുന്നു ഞങ്ങൾ കുളം കരയും കിളിത്തട്ടുമെല്ലാം കളിച്ചിരുന്നത്.

മുത്തുപോലെ പൊഴിഞ്ഞു വീഴുന്ന മഞ്ചാടി മണികൾ ഇട്ടുവെക്കാനായൊരു ആകാശനീല നിറത്തിലുള്ള ഡപ്പി ഞാൻ സൂക്ഷിച്ചു വെച്ചിരുന്നു. ദിവസവും ഒരുപാട് മഞ്ചാടിമണികൾ കൊണ്ടുവന്നിട്ടിട്ടും ഒരു അത്ഭുതപാത്രം പോലെ ആ ഡപ്പി നിറയാതെ തന്നെ നിന്നു.

ഒഴിവുസമയങ്ങളിൽ ആ മഞ്ചാടി മണികൾ എണ്ണിത്തിട്ടപ്പെടുത്താൻ ശ്രമിക്കലായിരുന്നു എന്റെ പ്രധാന വിനോദം. എത്ര പ്രാവശ്യം എണ്ണിയാലും എണ്ണം തെറ്റിക്കുന്ന മഞ്ചാടി മണികളെ അനുസരണക്കേട് കാണിക്കുന്ന കുട്ടികളെപ്പോലെ വീണ്ടും വീണ്ടും ചേർത്തുവെച്ച് എണ്ണുന്നത് ശുണ്ഠി പിടിപ്പിക്കുന്നതാണെങ്കിലും എനിക്കിഷ്ടമുള്ള നേരംപോ ക്കായിരുന്നു.

ഒരു വേനലവധിക്കാലത്ത് നാലു ദിക്കിലും ആർത്തു വിളിക്കുന്ന ഞങ്ങൾ കുട്ടിക്കൂട്ടങ്ങളെ ഒരിടത്ത് തളക്കാനെന്നോണം പ്രഭാകരേട്ടന്റെ അമ്മ മഞ്ചാടിക്കൊമ്പിൽ ഞങ്ങൾക്കൊരൂഞ്ഞാല് കെട്ടിയതിന്റെ നാലാം നാളാണ് മഞ്ചാടിമരം മുറിക്കാനായിട്ട് പ്രഭകരേട്ടൻ ആൾക്കാരെയും കൂട്ടി വന്നത്.

“എന്നെ ഈടെ കൊണ്ടരണ കാലം തൊട്ട് ള്ള മരായിരുന്നു. അനക്കത് മുറിക്കണം ന്ന് തന്നെയാണെങ്കീ ഞാനൊന്നും പറയ്ണില്ല”.മഞ്ചാടി മരത്തിനെ ഒന്ന് നോക്കി കണ്ണ് തുടച്ചു പ്രഭാകരേട്ടന്റെ അമ്മ വീട്ടിനകത്തേക്ക് കയറിപ്പോയി.

മരം മുറിക്കുന്നത് കാണാൻ കുട്ടിക്കൂട്ടങ്ങളെല്ലാം ചുറ്റും കൂടിയിരുന്നു. ആർക്കും പ്രത്യേകിച്ച് സങ്കടമൊന്നും ഉണ്ടായിരുന്നില്ല. എല്ലാവർക്കും മരം മുറിക്കുന്നത് കാണാനുള്ള ആകാംക്ഷ യും ഉത്സാഹവും മാത്രം.മരത്തിൽ നിന്നും ഊഞ്ഞാലിന്റെ കെട്ടഴിച്ച പ്പോഴേ ഞാൻ വീട്ടിലേക്കോടിപ്പോയി. കാരണമില്ലാതെ എനിക്ക് നെഞ്ചു വിങ്ങുന്ന പോലെ തോന്നി. കിടക്കയിൽ കമിഴ്ന്നു കിടക്കുമ്പോൾ പുറത്തു നിന്നും മരം വീഴുന്ന ശബ്ദവും കുട്ടിക്കൂട്ടത്തിന്റെ ആരവവും കേട്ടു. മഴ പെയ്തു തോർന്ന സന്ധ്യ നേരം മണ്ണോടു ചേർന്ന് തടിക്കഷ്ണങ്ങൾ മാത്രമായി കിടക്കുന്ന മഞ്ചാടിമരത്തെ കിടപ്പുമുറിയുടെ ജനാലഴികൾക്കിടയിലൂടെ ഞാൻ അവസാനമായി കണ്ടു.

പിന്നീട് തണൽ വിരിച്ചു നിന്നിരുന്ന മഞ്ചാടിമരം നിന്നിടത്ത് വേനൽച്ചൂടും കൊണ്ട് വെയിൽ സ്ഥിര താമസമാക്കിയപ്പോൾ ഞാനടങ്ങുന്ന കുട്ടീസംഘം മറ്റൊരു തണൽ മരത്തിനു കീഴെ കളിസ്ഥലം മാറ്റി യുറപ്പിച്ചു.

കാലങ്ങൾ കഴിഞ്ഞു വലുതാവും തോറും മഞ്ചാടി ഡപ്പിയോടുള്ള എന്റെ കൗതുകം കുറഞ്ഞുവന്നു. ഇടക്കിടക്ക് അതെടുത്ത് എണ്ണിത്തിട്ടപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്ന എന്റെ ദിവസങ്ങളിൽ നിന്നും ആകാശനീല നിറമുള്ള ആ മഞ്ചാടിഡപ്പി അപ്രത്യക്ഷമായി. ക്രമേണ എല്ലാവരെയും പോലെ ഞാനും മഞ്ചാടിമരത്തെ മറന്നു.

മഞ്ചാടിച്ചിത്രങ്ങൾ നൽകിയ ഒരു പിടിയോർമ്മകളുമായി മുഖപുസ്തകത്തിൽ നിന്നുമിറങ്ങിയപ്പോൾ പെട്ടെന്ന് തോന്നിയത് ഉമ്മാനെ വിളിക്കാനായിരുന്നു.

“ഉമ്മാ മുകളിലത്തെ പഴയ അലമാര യിലോ ഷെൽഫിലോ എന്റെ പഴയ ബുക്കും ബാഗും വെച്ചിടത്ത് ഒരു ഡപ്പിയുണ്ടോ നോക്കുമോ?”

“ഡപ്പിയോ? ഏത് ഡപ്പി..?”

രാത്രി പതിനൊന്ന് ശേഷം വിളിക്കുന്ന മകൾ എന്തോ അത്യാവശ്യത്തിന് വിളിച്ചതാണെന്ന് കരുതിയ ഉമ്മ അമ്പരന്ന് ചോദിച്ചപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ചിരിയൊളിപ്പിക്കാതെ തന്നെ ഞാൻ പറഞ്ഞു. 

“ഒരു കുഞ്ഞുഡപ്പി. ആകാശനീല നിറമുള്ള ഒരു മഞ്ചാടിഡപ്പി…”

ഓർമ്മക്കുറിപ്പ് : ഓർമ്മകളിലെ മഞ്ചാടിച്ചുവപ്പ്
രചന : മുബാഷിറ നസ്രിൻ

You may also like

Leave a Comment