അന്തമില്ലാത്ത പെണ്ണ് തനിയേ പുറത്ത് ഇറങ്ങുന്ന രാത്രിയുടെ അപകടത്തെ അറിയാഞ്ഞിട്ടല്ല. എന്തുതന്നെ സംഭവിച്ചാലും ഭയമില്ല. അപ്പോൾ തന്നെ ഊഹിക്കാമല്ലോ, സഞ്ചാരം എങ്ങോട്ടാണെന്ന്…
നാഷണൽ ഹൈവേയിൽ വെളിച്ചങ്ങൾ ഒഴുകുന്നുണ്ട്. തമ്മിൽ തട്ടാതെയും മുട്ടാതെയും പോകുന്ന വാഹനങ്ങൾ ഓളങ്ങളാണെന്ന് തോന്നിപ്പോകുന്നു. ഞാൻ ആക്‌സെലേറ്റർ കൂട്ടി. സ്കൂട്ടർ എന്നെയും കൊണ്ട് എവിടം വരെ പോകുമെന്ന് യാതൊരു പിടുത്തവുമില്ല. ഏതെങ്കിലും വാഹനത്തിൽ പെടുന്നതുവരെ ഓടുമായിരിക്കും.
എതിരിൽ നിന്ന് വെളിച്ചങ്ങൾ വരില്ല. ഡിവൈഡർ കുതിച്ച് അപ്പുറത്തേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. അരികിൽ തട്ടി റോഡിൽ വീണാൽ തീരണമെന്ന് ഇല്ലല്ലോ… തീർന്നില്ലെങ്കിൽ പരിക്കുകളോടെ അനാഥമായി തുടരേണ്ടി വരും. മുറിവിന് മേലെ, ഇനിയൊരു മുറിവ് താങ്ങാനുള്ള ബലം ഇല്ല. പരസ്പരം എങ്ങനെ മുറിക്കാമെന്ന് കരുതുന്ന മനുഷ്യരുടെ ഇടയിൽ കഴിയുകയും വേണ്ട.
മുന്നിൽ ഒരു ലോറിയുണ്ട്. അതിന്റെ പുറകിലേക്ക് ഇടിച്ച് കയറ്റിയാലോയെന്ന് ഓർക്കുകയാണ്. ടയറുകളിൽ അരഞ്ഞ് തീരുമായിരിക്കും. പക്ഷേ, സ്കൂട്ടുറുമായി കൃത്യം അതിന്റെ അടിയിലേക്ക് എങ്ങനെ പോകും. തട്ടിയാലും പുറകിലേക്കല്ലേ തെറിച്ച് വീഴൂ…
ലക്ഷ്യം കണ്ടില്ലെങ്കിൽ വെറുമൊരു ചോരക്കളിയായി ഈ വേഗത അവശേഷിക്കും. എന്നെ ഈ അവസ്ഥയിലേക്ക് എത്തിച്ചവർക്ക് സന്തോഷിക്കാൻ ധാരാളമാണത്. ഇനിയുള്ള ലോകത്ത് ഞാൻ ഇല്ലായെന്ന് അറിയുമ്പോഴും അവർക്കൊക്കെ സന്തോഷം തന്നെയായിരിക്കും…
അച്ഛൻ പാവമാണ്. അമ്മയുടെ വാക്കിന്റെ അപ്പുറത്തേക്ക് നോക്കുക പോലുമില്ല. അമ്മയ്ക്ക് മകനോട് മാത്രമേ താൽപ്പര്യമുള്ളൂ… എന്റെ വിവാഹം കഴിഞ്ഞപ്പോൾ തൊട്ട് ഞാനത് കാണുകയാണ്. എന്തെങ്കിലും സഹായം ചോദിച്ചാൽ, തന്ന സ്വർണ്ണമെല്ലാം എവിടേയെന്ന് ചോദിക്കും. അതൊക്കെ ഭർത്താവ് കൊണ്ടുപോയി കളഞ്ഞെന്ന് കേൾക്കാനാണ് ആ ചോദ്യം. ഞാൻ മിണ്ടാതിരിക്കുമല്ലോ….
‘അവരും നിന്നെ ഒഴിവാക്കിയതാടി… അടങ്ങി ഒതുങ്ങി നിന്നില്ലെങ്കിൽ ഞാനും ഒഴിവാക്കും… പിള്ളേരൊന്നും ഇല്ലാത്തോണ്ട് എളുപ്പത്തിൽ നടക്കും…’
ഭർത്താവ് പറഞ്ഞതാണ്. ഞാനത് കേൾക്കണം. ആ മനുഷ്യനാണ് ലോകമെന്ന് കരുതി ഉള്ളതെല്ലാം കൊടുത്തു. സ്വന്തമെന്ന് പറയാൻ ഒരു സ്കൂട്ടർ മാത്രമാണ് ഉള്ളത്. വിവാഹത്തിന് മുമ്പ് ജോലിക്ക് പോകുമായിരുന്നു. കെട്ട് കഴിഞ്ഞ ശേഷം അനുവദിച്ചില്ല. വല്ലപ്പോഴും ക്ഷേത്രത്തിൽ പോകുന്നതുവരെ നിർത്തിപ്പിച്ചു. സ്കൂട്ടറിൽ ചുറ്റി തിരിഞ്ഞാൽ അപകടം വരും പോലും! അത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നിയപ്പോൾ ആ നിയന്ത്രണത്തിൽ സുഖമെന്ന് കരുതി ചുരുണ്ടുപോയി…
വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല. അതിന്റെ യാതൊരു പ്രശ്നങ്ങളും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നില്ല. മക്കളെന്ന് വന്നാലും പരസ്പരം നമ്മളില്ലേയെന്നേ പറയാറും, ചിന്തിക്കാറുമുള്ളൂ…
സത്യം പറഞ്ഞാൽ എന്റെ സ്വർണ്ണം മുഴുവൻ തീർന്നതിൽ പിന്നെയാണ് ഭർത്താവിന്റെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിക്കാൻ തുടങ്ങിയത്. വേണമെങ്കിൽ എങ്ങനെയെങ്കിലും ജീവിച്ച് പോയിക്കൊള്ളൂവെന്ന ഭാവം. വീട്ടിൽ നിന്ന് കുറച്ച് പണം ചോദിക്കെന്ന് പറഞ്ഞ് നിർബന്ധിക്കാനും തുടങ്ങുന്നു. കിട്ടിയില്ലെങ്കിൽ അരിശമാണ്. കുഞ്ഞുങ്ങൾ ഇല്ലാതിരുന്നത് നന്നായെന്ന് തോന്നിപ്പോയി. ഒഴിവാക്കും മുമ്പേ ഒഴിഞ്ഞ് പോകാൻ തീരുമാനിക്കുന്നത് അങ്ങനെയാണ്.
‘അമ്മേ, എനിക്കിവിടെ വയ്യ… ഞാൻ അങ്ങോട്ട് വരട്ടേ….’
“വന്നോ മോളെ… ഇവിടുന്ന് പോകുമ്പോ കൊണ്ട് പോയ സ്വർണ്ണമൊക്ക ഉണ്ടെങ്കിൽ ധൈര്യമായി വന്നോ…”
എന്നെ മാത്രമായി വേണ്ടായെന്ന് അമ്മ പറയാതെ പറയുകയായിരുന്നു. അല്ലെങ്കിലും എന്നെ പറഞ്ഞാൽ മതി. പത്ത് പവനൊക്കെ പോരേയെന്ന് അമ്മ അന്ന് ചോദിച്ചതാണ്. ഇരുപത്തിയഞ്ച് തന്നെ വേണമെന്ന് ഞാനാണ് വാശി പിടിച്ചത്. അതിന് വേണ്ടി ചില സമരങ്ങളും ചെയ്തു. അന്നേ, തോന്നിയിരുന്നു. ഒഴിഞ്ഞ് പോകുമല്ലോയെന്ന സമാധാനത്തിലാണ് വീട്ടുകാർ അത് തന്നതെന്ന്.
ഈ ലോകത്ത് എനിക്കെന്ന് നിൽക്കാൻ ആരും ഇല്ലായെന്ന ബോധ്യത്തിന്റെ രാത്രി ആയിരുന്നുവത്. സ്കൂളിലെ ബാക്ക് ബെഞ്ചിൽ നിന്ന് പണ്ടൊരു കുട്ടി പറഞ്ഞ ബഡായികൾ പോലെ ബന്ധങ്ങളെല്ലാം ചിരിക്കുന്നു. കള്ളം ഞാൻ ആണോയെന്ന് പോലും സംശയിക്കേണ്ടിരിക്കുന്നു. ലോകം അവസാനിക്കാൻ പോകുകയാണെന്ന് ആരോ പറയുന്നത് പോലെ….
ബ്ലേഡ് എടുത്ത് കൈത്തണ്ടയിൽ വരയാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് തോന്നി, മുറിയുമ്പോഴും, രക്തം വാർന്ന് തീരുമ്പോഴുമുള്ള ശരീരത്തിന്റെ എരിച്ചിൽ അസ്സഹനീയമാണെന്ന്. തൂങ്ങി തീരാനുള്ള സാധ്യതകളെയും അളന്നു. തൊണ്ട പൊട്ടി ചാകുന്നതിനോളം ഗതികേട് ഒരു മനുഷ്യന് വരാനില്ലെന്ന് തോന്നി. ശേഷമാണ്, സ്കൂട്ടറും എടുത്ത് അന്തമില്ലാതെ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. കണ്ടിട്ടും ഭർത്താവ് തിരിച്ച് വിളിച്ചില്ല.
സങ്കടമാണോ, ദേഷ്യമാണോ ഭരിക്കുന്നതെന്ന് അറിയാതെ ഇരുചക്രത്തിൽ പായുകയാണ്. നിശ്ചിത അകലത്തിൽ അപ്പോഴും ആ ലോറി മുന്നിൽ ഉണ്ടായിരുന്നു. അതിലേക്ക് ഇടിച്ച് കയറ്റാമെന്ന തീരുമാനത്തിലേക്ക് തന്നെ ഒടുവിൽ എത്തിച്ചേർന്നു. പിറകിലോട്ട് തെറിച്ച് വീണാലും പിന്നിൽ നിന്ന് വരുന്ന വാഹനത്തിൽ തീരണം. അതിനായി വേഗതയിൽ കാത്തിരുന്നു.
പുറകിലും ലോറി തന്നെ വേണമായിരുന്നു. അത്രയും കാലം കേൾക്കാതിരുന്ന ദൈവം ആ ആഗ്രഹം സാധിച്ച് തന്നു. മിററിൽ ലോറി തെളിയുന്നു. ഞാൻ തയ്യാറായി. ആക്സിലേറ്റർ മുന്നിലെ ലോറിയിലേക്ക് മുരണ്ടു. പക്ഷേ, എത്ര തിരിച്ചിട്ടും വേഗം കൂടുന്നില്ല. പെട്രോള് തീർന്നുവെന്ന് തോന്നുന്നു. ജീവിതം പിന്നേയും തമാശ ആകുകയാണോയെന്ന് സംശയിച്ച നേരം ആയിരുന്നുവത്…
മുന്നിലെ ലോറി അകലുകയും, പിറകിലേത്തത് അടുക്കുകയും ചെയ്യുകയാണ്. റോഡിന്റെ അരികിലേക്ക് ഞാൻ ഒതുക്കിയില്ല. അത് വന്ന് ഇടിക്കണമേയെന്ന് പ്രാർത്ഥിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ സ്കൂട്ടറോടെ റോഡിൽ വീണു. വേദനിച്ചില്ല. എന്നിലേക്ക് വരുമെന്ന് കരുതിയ ലോറി വെട്ടിച്ച് നിർത്തിയപ്പോൾ വേദനിച്ചു. ആ ലോറിക്കാർ വന്നാണ് എന്നെ ഉയർത്തുന്നത്. മറ്റ് ചില വാഹനങ്ങളും അപായ സൂചനകളെ കത്തിച്ച് നിർത്തിയിരിക്കുന്നു. പരിക്ക് സാരമായിരുന്നില്ല.
‘ഒന്നും പറ്റിയിട്ടില്ല മോളെ… കരയല്ലെ… ആശുപത്രിയിലേക്ക് പോകാം… പേടിക്കാനൊന്നുമില്ല…’
ആ പറഞ്ഞ മനുഷ്യനാണ് ഡ്രൈവറെന്ന് മനസ്സിലായി. ഒന്നും പറ്റാത്തത് കൊണ്ടാണ് കണ്ണുകൾ ഒഴുകുന്നതെന്ന് അവരാരും അറിഞ്ഞില്ല. ആശുപത്രിയിൽ എത്തി. ട്രിപ്പ് ഇടേണ്ട കാര്യമേയുള്ളു പോലും.
വേണ്ടപ്പെട്ടവരെ അറിയിക്കൂവെന്ന് ഡോക്റ്റർ പറഞ്ഞപ്പോൾ ആരുമില്ലെന്ന് മൊഴിഞ്ഞു. ഈ രാത്രിയിൽ പിന്നെ എങ്ങോട്ടായിരുന്നുവെന്ന് കൂടി ആ മാഡം ചോദിച്ചപ്പോൾ വീണ്ടും കരഞ്ഞുപോയി. അതൊരു മറുപടിയായി കണ്ട് ഡോക്റ്റർ പിന്നീടൊന്നും ചോദിച്ചില്ല.
ഗ്ലൂക്കോസ് കുപ്പി കാലിയായപ്പോൾ ഡോക്റ്റർ വീണ്ടും വന്നിരുന്നു. ഒരു വിസിറ്റിംഗ് കാർഡ് തന്നു. വർക്കിംഗ് വുമൺ ഹോസ്റ്റലാണ്. ജോലി കണ്ടുപിടിക്കാൻ താനും സഹായിക്കാമെന്ന് മാഡം പറഞ്ഞു. പിന്നേയും എന്തൊക്കെയോ മൊഴിഞ്ഞു. അപ്പോഴും ഞാൻ കരഞ്ഞു. എനിക്കെന്ന് നിൽക്കാൻ മാത്രമല്ല; എന്നെ വേണ്ടത്, എനിക്ക് മാത്രമാണെന്ന് പറഞ്ഞ് തരാൻ ഒരാൾ വന്നിരിക്കുന്നു…
ശരിയാണ്. ഇന്നേവരെ എന്നെ ഒറ്റക്ക് നിർത്തി ചിന്തിച്ചതേയില്ല. തനിയേ ജീവിക്കാനുള്ള ധൈര്യം ഇല്ലാത്തവർക്ക് എളുപ്പത്തിൽ തോന്നുന്ന ബുദ്ധി മാത്രമേ കഴിഞ്ഞ നേരങ്ങളിലൊക്കെയും തലയിൽ ഉണ്ടായിരുന്നുള്ളൂ… അത് മര്യാദയ്ക്ക് പ്രാവർത്തികമാക്കാനുള്ള ധൈര്യം പോലും കാട്ടിയില്ല.
പ്രശ്നം മുഴുവൻ എന്റേതാണ്. കുറച്ച് കൂടി പക്വമായി തീരുമാനങ്ങൾ എടുക്കേണ്ടിയിരിക്കുന്നു. ജീവിതം എളുപ്പമല്ല. മുന്നിൽ അപകടമെന്ന് കണ്ടാൽ സാഹചര്യത്തിന്റെ വളയം തിരിക്കാൻ ഓരോ മനുഷ്യരും പഠിക്കേണ്ടിയിരിക്കുന്നു. എങ്ങനെയാണെന്ന് ചോദിച്ചാൽ, ഞാൻ തീരുമെന്ന് കണ്ട അവസാന നിമിഷത്തിൽ ആ ലോറി മാറിയത് പോലെ…!!!

കഥ : തനിയേ ഒരു പുലരിയിലേക്ക്….
ശ്രീജിത്ത് ഇരവിൽ