രാമക്ഷേത്രത്തിലെ പൂജാരിക്ക് ഹനുമാനെയാണ് ഇഷ്ടം. ഭാര്യ സൗദാമിനിയത് സൂചിപ്പിക്കുകയും ചെയ്തു.
‘നിങ്ങളോട് കനിയാത്ത ദൈവത്തിന്റെ ഭക്തനാണ് ഹനുമാൻ.. സൂക്ഷിച്ചോളൂ..!’
പഠിക്കാൻ പോയ മകൾ ഒരു ക്രിസ്ത്യാനി പയ്യന്റെ കൂടെ പൊറുതിക്ക് പോയ കാലം തൊട്ട് തുടങ്ങിയതാണ് നമ്പൂതിരിക്ക് രാമനോടുള്ള പിണക്കം. ഏറെ വൈകിയുണ്ടായ മകളായിരുന്നു. അത്രമേൽ അയാൾ അവളെ സ്നേഹിച്ചിരുന്നു…
ഇടം തിരിഞ്ഞാൽ മോള്. വലത്ത് പ്രിയപത്നിയുടെ സങ്കടങ്ങൾ. അതിന്റെയെല്ലാം ഒത്ത നടുവിൽ അയാളും ആ ക്ഷേത്രവും. പിതാവിന്റെ പകരക്കാരനായി എത്തിയതുതൊട്ട് പൂജിക്കുന്ന ശ്രീരാമചന്ദ്രനും മുഖം തിരിച്ചപ്പോൾ അയാൾക്ക് ആശ്വാസമായത് ഹനുമാനാണ്. ദൈവത്തിനും അപ്പുറം ഒരു സാധു ശാന്തിക്കാരന്റെ സുഹൃത്തായി മാറിയ ഹനുമാൻ…
‘എടാ ഹനുമാനെ, നീ നിന്റെ ദൈവത്തോട് പറയണം ഞാൻ പിണക്കത്തിലാണെന്ന്…’
പിണക്കമെന്ന് പേരുള്ള ആ സങ്കടം, ഹനുമാൻ വഴിയാണ് നമ്പൂതിരി ഇപ്പോൾ രാമനോട് പ്രകടിപ്പിക്കാറ്. ഒരു വശത്ത് ഭാര്യയെ ഉപേക്ഷിക്കുക. മറുവശത്ത് പോയി ത്യാഗത്തെക്കുറിച്ച് പ്രസംഗിക്കുക. എന്തിന് പറയുന്നു. എത്രയെത്ര പേരെയാണ് ഈ ദൈവങ്ങളെല്ലാം മറ്റ് എത്രയെത്ര പേർക്ക് വേണ്ടി കൊല്ലുന്നത്. ആരാധിക്കപ്പെടുന്ന രാഷ്ട്രീയ -മത നേതാക്കളിലെല്ലാം ക്രൂരനായ ദൈവമയം പ്രകടമാകുന്നത് വെറുതേയല്ല…!
ഹനുമാന് ചുറ്റും മണിയടിച്ചുകൊണ്ട് സദാസമയം നമ്പൂതിരി രാമനെയും മറ്റ് ദൈവങ്ങളേയും കുറ്റം പറയും. ഒടുക്കം, നീയിതെല്ലാം രാമനോട് പോയി പറഞ്ഞോളൂവെന്ന് വെല്ലുവിളിച്ച് ഹനുമാന് മുന്നിൽ തലകുനിച്ചിരിക്കും.
‘നിങ്ങള് വിളിച്ചാൽ അവള് വരും… നമ്മുടെ മോളല്ലേ….’
സൗദാമിനിയോട് നമ്പൂതിരി കയർത്തു. ശേഷം, ധാർമികതയെ കുറിച്ച് വാചാലമാകുകയായിരുന്നു. ഒരു മകൾ മാതാപിതാക്കളോട് എങ്ങനെ ആയിരിക്കണമെന്നും, എങ്ങനെയൊക്കെ ആകരുതെന്നും വ്യക്തമാക്കാനുള്ള തത്രപ്പാടിലായിരുന്നു അയാൾ. സൗദാമിനി നിരാശയോടെ പിൻവാങ്ങി. തന്റെ ഭർത്താവിന്റെ വാശി കളയാനുള്ള വിദ്യ പറഞ്ഞ് തരണമേയെന്ന് ഇഷ്ട ദേവിയോട് പ്രാർത്ഥിക്കുകയും ചെയ്തു.
നാളുകൾ കഴിഞ്ഞു. ക്ഷേത്രത്തിലെത്തിയാലും വീട്ടിലെത്തിയാലും നമ്പൂതിരിക്ക് ഹനുമാനെ സ്തുതിക്കാനേ നേരമുള്ളൂ… ആ വാനരഭഗവാനെ പുകഴ്ത്തിക്കൊണ്ടുള്ള കീർത്തനങ്ങളും മൂളി അയാൾ തന്റെ വിഷമങ്ങളെ മറക്കാൻ ശ്രമിച്ചു. ഉള്ളിൽ ഹനുമാൻ മാത്രം… താൻ ക്ഷേത്രത്തിൽ പോയിക്കഴിഞ്ഞാൽ പിന്നെയുള്ള സൗദാമിനിയുടെ ലോകത്തെക്കുറിച്ച് അയാൾ ചിന്തിച്ചതേയില്ല…
ഒരിക്കൽ രാമന് ചാർത്താനുള്ള ചെക്കിപ്പൂക്കളും അതിന്റെ ഇലകളും കോർത്തിണക്കി തുന്നിച്ചേർത്ത മാല, നമ്പൂതിരിയെടുത്ത് തന്റെ ഇഷ്ട്ടയാൾ ഹനുമാന് കൊടുത്തു. പിന്നെ ആ ക്ഷേത്രത്തിൽ പൊടിപൂരമായിരുന്നു. വർഗീയതയുടെ എല്ലാ പടലങ്ങളും ഭൂമിയിൽ നിന്ന് താനേയുയർന്നു.. പൊതു ശത്രുവിനെ ഇല്ലാതാക്കാൻ കിട്ടിയ തക്കം പോലെ പശ്ചാത്തലം അയാൾക്ക് പാടേ എതിരായി.
രാമനെ സേവിക്കാതെ ഹനുമാനെ പ്രീതിപ്പെടുത്തുന്ന നമ്പൂതിരിയെ പുറത്താക്കണമെന്ന് രാമഭക്തർ ന്നടങ്കം പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ലെന്ന് ഹനുമാൻ ഭക്തരും വാദിച്ചു. വാദങ്ങൾക്കിടയിൽ ഉന്തും തള്ളും കയ്യേറ്റവുമുണ്ടായി. ഓടുന്നതിന് ഇടയിൽ പഠിപ്പുരയുടെ തൂണിലിടിച്ച് ഒരാൾ മരിക്കുകയും ചെയ്തു. പൊടിപൂരം അങ്ങനെയാണ് അവസാനിച്ചത്.
പോലീസ് വന്നു. കോടതി ഇടപെട്ടു. ആകെയുള്ള സന്തതിയുടെ ഒളിച്ചോട്ടത്തിൽ മനംനൊന്ത് നിൽക്കുന്ന ആ മാതാപിതാക്കളുടെ പ്രാണൻ പറിഞ്ഞ് പോയെന്ന് പറഞ്ഞാൽ മതിയല്ലോ… പരസ്പരമൊന്ന് ആശ്വസിപ്പിക്കാൻ പോലും പറ്റാതെ രണ്ടും തേങ്ങുകയാണ്. കേസ് നടത്താൻ പോലും പണമില്ല. പുറമേ സമ്പത്തുണ്ടെന്ന് തോന്നിപ്പിക്കുന്ന പേരിലെ വാലോട് പോലും അയാൾക്ക് അമർഷം തോന്നി. ലോകം മുഴുവൻ എതിരായി നിൽക്കുന്ന അനുഭവം ആ സാധുക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
‘ദേ, നമ്മളെ മോള് വന്നിട്ടുണ്ട്…’
സൗദാമിനിയുടെ ശബ്ദം. നമ്പൂതിരി കേട്ടഭാവം കാട്ടിയില്ല. അകത്തളത്തെ ഇരുത്തിയിൽ അനങ്ങാതെ ഇരിക്കുകയാണ്. കണ്ണുകൾ കലങ്ങിയിട്ടുണ്ട്. തറയിലെ തന്റെ കാലുകളിലേക്ക് തന്നെ കണ്ണീരിറ്റ് വീഴുന്നത് അയാൾ കാണുകയാണ്. ആ കാഴ്ചയിലേക്കാണ് മകളുടെ കൈകൾ നീണ്ടതും, പിതാവിന്റെ കുതിർന്ന പാദങ്ങളിൽ തൊട്ടതും…
‘നമുക്കിവിടുന്ന് പോകാം അച്ഛാ…’
ഒരു ലഹളയുണ്ടായതിന്റെ എല്ലാ കാരണവും പേറി പൂജാരിക്ക് ആ നാട്ടിൽ തുടരാൻ തോന്നിയില്ല. ഓടിപ്പോയ മോള് വന്ന് വിളിച്ചപ്പോൾ സൗദാമിനിയേയും കൂട്ടി നമ്പൂതിരി ഇറങ്ങി. കാറിലെ പിൻസീറ്റിലാണ് ഇരിക്കുന്നത്. ഗ്രാമം വിട്ട് അകലുന്നതിന്റെ ഹൃദയചലനം അയാൾ അറിയുകയാണ്. പറിച്ചെടുക്കുന്ന വേരുകളുടെ നോവുകൾക്കും അപ്പുറം ഇനിയും ആഴാൻ മണ്ണുണ്ടോയെന്ന് ആലോചിക്കുകയാണ്… ആയുസ്സിന്റെ അവസാന ഭാഗത്തേക്ക് എത്തുമ്പോഴുള്ള മനുഷ്യരുടെ ഓരോ ആഗ്രഹങ്ങളല്ലേ…
സൗദാമിനി നമ്പൂതിരിയുടെ തോളിലേക്കും, അവിടെ നിന്ന് മാറിലേക്കും ചാഞ്ഞു. ആഗ്രഹിച്ച ജീവിതത്തിലേക്കെന്ന പോലെ തെളിയുകയാണ് അവളുടെ മുഖം. അതിന്റെ നിറവ് പീലികളിൽ തൂകി നിൽക്കുന്നുണ്ട്.
‘നിങ്ങള് മിണ്ടാതായപ്പോഴാണ് രാമൻ മിണ്ടിയത്…’
കേട്ടപ്പോൾ നമ്പൂതിരി വിങ്ങിപ്പോയി. സൗദാമിനി തന്റെ മനുഷ്യനെ കൂടുതൽ ചേർത്ത് പിടിച്ചു. നഷ്ടപ്പെട്ടതെല്ലാം ഇപ്പോഴാണ് തിരിച്ച് കിട്ടിയത്. ആ ഭാവമാണ് രണ്ടുപേർക്കും. അവർ ചെറുപ്പം ആയെന്ന് തോന്നുന്നു. ചേർന്ന് ജീവിച്ച് കൊതി തീരാത്തവരുടേതെന്ന പോലെ രണ്ടുപേരുടേയും വിരലുകൾ കോർക്കപ്പെട്ടു. മുന്നിലിരിക്കുന്ന മകളത് ശ്രദ്ധിച്ചപ്പോൾ എല്ലാവരും പരസ്പരം മറന്ന് ചിരിക്കുകയായിരുന്നു.
ജ്യാള്യത കൊണ്ടായിരിക്കണം, കാറ് ഒടിക്കുന്ന മരുമകന്റെ മുഖത്തോട്ട് നോക്കാൻ നമ്പൂതിരിക്ക് അപ്പോഴും സാധിച്ചില്ല. മോളെ കെട്ടിയ ക്രിസ്ത്യാനി പയ്യന്റെ മുഖമാണോ ഉള്ളിലെ രാമനെന്ന് അയാൾ ആ നേരം നിറകണ്ണുകളോടെ സംശയിച്ച് പോയി…!!!

കഥ : രാമൻ
രചന : ശ്രീജിത്ത് ഇരവിൽ