Home Literature‘ഞാൻ ചത്താൽ പോലും നീയറിയില്ലല്ലോ ചെവിടീ…’

‘ഞാൻ ചത്താൽ പോലും നീയറിയില്ലല്ലോ ചെവിടീ…’

കഥ : മരതകം

by News Desk
0 comments

കൂടെ മരതകം ഉള്ളതാണ് ആകെയുള്ള സമാധാനം. പ്രായം കൊണ്ട് മൂത്തതാണെങ്കിലും, നന്നായിട്ടൊന്ന് പൂത്തുലയാൻ പറ്റാത്തതിന്റെ നിരാശയും വെമ്പലുമായാണ് അവൾ ജീവിതത്തിലേക്ക് വന്നത്.

വീട്ടുജോലിക്കാരി എന്നതിനുമപ്പുറം മരതകത്തിന് എന്റെ മേലെ അപ്രഖ്യാപിതമായ ഒരു സ്വാതന്ത്ര്യമുണ്ട്. അത് പരസ്പരം എല്ലാ അർത്ഥത്തിലും വഴങ്ങിയതിന്റെ അവകാശമായിട്ടാണ് അവൾ പ്രകടിപ്പിക്കാറുള്ളത്.

മരതകം അടുത്തേക്ക് വരുമ്പോഴെല്ലാം ഞാൻ ആകൃഷ്ടാനാകും. അവളുടെ ആകൃതിയിൽ സാരി ഞെളിഞ്ഞ് നിൽക്കും. ആ മുഖത്ത് പൂക്കുന്ന പുഞ്ചിരികളുടെ മൂക്കിൽ ഒരു മൂക്കുത്തിയുടെ തെളിച്ചമുണ്ടാകും. അവളുടെ കണ്ണുകളെക്കുറിച്ച് പറയില്ല. അവ കാന്തങ്ങളാണെന്നാണ് ഞാൻ കരുതുന്നത്. ആകെയുള്ള കുഴപ്പമെന്ന് പറഞ്ഞാൽ പെണ്ണിന് കേൾവി കുറച്ച് കുറവാണ്.

ഉറക്കെ പറഞ്ഞാലും പലപ്പോഴും മരതകം എന്നെ കേൾക്കാറില്ല. നിന്റെ കാത് പോയോയെന്ന് എത്രയോ വട്ടം അവളോട് കാറിയിട്ടുണ്ട്. ചെന്ന് നോക്കുമ്പോൾ എനിക്ക് കേൾക്കാത്ത വിധം അവൾ എന്തെങ്കിലും പിറുപിറുത്ത് കൊണ്ട് തന്റെ ജോലി തുടരുകയായിരിക്കും.

അന്ന് പതിവ് പോലെ കാലത്ത് മരതകം വരുമ്പോൾ ഞാൻ ഉമ്മറത്ത് ഇരുന്ന് പത്രം വായിക്കുകയായിരുന്നു. എന്നും കാലത്ത് പത്രം വായിക്കുന്നുവെന്നതിന് അപ്പുറം, പുറംലോകവുമായി യാതൊരു ബന്ധവും എനിക്ക് ഇല്ല.

‘വീട് വിട്ട് പുറത്തിറങ്ങാത്ത നിങ്ങൾ എന്തിനാണ് മനുഷ്യാ എന്നും പത്രം വായിക്കുന്നേ….?’

കാതുകളുടെ മൂട്ടിൽ വന്ന് ഉറക്കെയാണ് അവളത് ചോദിച്ചത്. ശേഷം, അകത്തേക്ക് കയറി പോകുകയും ചെയ്തു. സംഭവം ശരിയാണ്. കൃഷി ഇടത്തേക്ക് അല്ലാതെ എങ്ങോട്ടും പോകാറില്ല. പത്രം വായിക്കുന്നത് കൊണ്ടാണ് വീട് വിട്ട് പുറത്തിറങ്ങാത്തതെന്ന് ഞാൻ അവളോട് പറഞ്ഞതുമില്ല. പറഞ്ഞാലും അവളത് പൂർണ്ണമായി കേൾക്കാൻ പോകുന്നില്ലല്ലോ….

കൈയ്യിൽ ഉണ്ടായിരുന്ന പത്രത്തിന്റെ താൾ മറിച്ചു. അതിൽ അപ്പിടി കൂട്ടക്കൊലകളും പീഡനങ്ങളും ആയിരുന്നു. തുടർന്ന് വായിക്കാൻ തോന്നിയില്ല. അടുക്കളയിൽ ചെന്ന് മരതകത്തിന്റെ കഴുത്തിൽ ചുംബിക്കാമെന്ന ചിന്തയും കൊണ്ടാണ് എഴുന്നേറ്റത്. അഴിഞ്ഞ് വീണ മുണ്ടിന്റെ തലപ്പിൽ ചവിട്ടി ഞാൻ കമിഴ്ന്നടിച്ച് വീണത് മാത്രമേ ഓർമ്മയുള്ളൂ… നിമിഷമൊന്ന് മാറിയപ്പോൾ എന്റെ നെറ്റി തറയിൽ മുട്ടിയിരിക്കുന്നു. മൂക്ക് ചതഞ്ഞെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…

അസ്സഹനീയമായ വേദനയിലും മരതകമേയെന്ന് നീട്ടി വിളിച്ചു. ശബ്ദം പുറത്ത് വരുന്നുണ്ടോയെന്ന് നിശ്ചയമില്ല. വായ തുറക്കുമ്പോൾ കാറ്റടിക്കുന്നത് പോലെ… പതുക്കെ എഴുന്നേറ്റ് അകത്തേക്ക് പോയപ്പോഴാണ് അവൾ കാര്യം അറിയുന്നതും, പാലം തകർന്ന മൂക്കിൽ തൊട്ട് വെപ്രാളപ്പെടുന്നതും.

‘ഞാൻ ചത്താൽ പോലും നീയറിയില്ലല്ലോ ചെവിടീ…’

എന്നും പറഞ്ഞ് മരതകത്തെ ഞാൻ തള്ളി മാറ്റി. കാര്യം എന്താണെന്ന് മനസിലാകാതെ അവൾ അപ്പോൾ ഏങ്ങിയേങ്ങി കരഞ്ഞു. ഓട്ടോയെ വിളിച്ച് വരുത്തി അവൾ തന്നെയാണ് എന്നേ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചോര പോയ മൂക്ക് തുന്നിക്കെട്ടി ഒരാഴ്ച അവിടെ കിടന്നു.

ആശുപത്രി വിടുന്ന നാൾ മരതകത്തേയും കൊണ്ട് മറ്റൊരു ഡോക്റ്ററെ ഞാൻ കണ്ടു. കേൾവി സംബന്ധമായ പ്രശ്നങ്ങൾ മാത്രം കേൾക്കുന്ന ആ മനുഷ്യൻ മരതകത്തിനോട് സംസാരിച്ചു. ഓഡിയോമീറ്റർ ടെസ്റ്റ്‌ നടത്തിയപ്പോൾ മരതകത്തിന്റെ കാതുകളുടെ കേൾവി ശക്തിയിൽ യാതൊരു തകരാറും ഇല്ല. ഡോക്റ്റർ രണ്ട് വട്ടം പറഞ്ഞപ്പോഴാണ് എനിക്കത് മനസ്സിലായത്.

ആ നേരം മരതകത്തെ വെറുതേയൊന്ന് നോക്കുക മാത്രം ചെയ്തു. എന്തുണ്ടായാലും അടുത്ത് ഇടപെടുന്നവർക്കാണ് കുറവുകളെന്ന് തീരുമാനിക്കും മുമ്പേ സ്വയമൊന്ന് അവലോകനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. മൂക്കിന്റെ പരിക്ക് സുഖമാകുന്നതുവരെ അതിനെക്കുറിച്ച് തന്നെയായിരുന്നു കൂടുതലും ചിന്തിച്ചത്.

ഉറക്കെ സംസാരിച്ച സന്ദർഭങ്ങളിലെല്ലാം മരതകം എന്നെ കേട്ടിരുന്നു. അവൾ പറയുന്ന മറുപടി എന്റെ കാതുകളിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. അവസാനം മൂക്ക് ചതഞ്ഞ് വീണപ്പോൾ സംശയിച്ചത് പോലെ ശബ്ദം ഉയർന്ന് കാണില്ല. പുറം ലോകവുമായി ഇടപെടാത്തത് കൊണ്ടായിരിക്കണം ഇന്ദ്രിയങ്ങളിൽ ഒന്ന് പോയതുപോലും അറിയാതിരുന്നത്…

പിന്നീട് ഹിയറിങ്ങ് എയ്ഡ്‌സ് കാതിൽ ഘടിപ്പിച്ചതിന് ശേഷമുള്ള ഒരുനാൾ നിന്റെ കാത് പോയെടി മരതകമേയെന്ന് മനഃപൂർവ്വം ഞാൻ വിളിച്ച് പറഞ്ഞു. പണ്ടൊക്കെ ഇങ്ങനെ പറയുമ്പോൾ എനിക്ക് കേൾക്കാത്ത വിധം അവൾ എന്തെങ്കിലും പിറുപിറുക്കുമായിരുന്നു.
നിങ്ങൾക്കാണ് കാത് കേൾക്കാത്തത് പൊന്നേയെന്നായിരുന്നു ആ പിറുപിറുക്കലെന്ന് അന്ന് കൃത്യമായി ഞാൻ കേട്ടു…!!!

കഥ : മരതകം
ശ്രീജിത്ത്‌ ഇരവിൽ

You may also like

Leave a Comment