Friday, November 13, 2026
Home Malayalamകണക്കുപുസ്തകം…

കണക്കുപുസ്തകം…

കണക്കുപുസ്തകവുമായി കടന്ന് കളഞ്ഞവൻ കളിയാട്ട മണ്ണിൽ വിഷ്ണുമൂർത്തിയായി അവതരിക്കുന്ന കാഴ്ച നേരിട്ട് കാണുകയാണ്...

by News Desk
0 comments

പ്ലസ്ടുവിന് പഠിക്കുന്ന കാലത്ത് കണക്കുപുസ്തകം കൂട്ടുകാരനായ പ്രദീപന് കൊടുത്തിരുന്നു. അതിന്റെ പിറ്റേനാൾ തൊട്ട് അവൻ സ്കൂളിൽ വന്നില്ല. മന്നൻപുറത്ത് കാവിൽ കളിയാട്ടമാണ് പോലും. ഇത്തവണ വിഷ്ണുമൂർത്തി കെട്ടുന്നതും അവനാണെന്നാണ് സംസാരം.

‘ടീച്ചറെ, കണക്ക് പുസ്തകം പ്രദീപന്റെ കൈയ്യിലാണ്…’

കൊടുത്താൽ തിരിച്ച് വാങ്ങേണ്ട ഉത്തരവാദിത്തം ആർക്കാണെന്ന് ചോദിച്ച് ശുഭ ടീച്ചർ എന്നെ വിരട്ടി. കണക്കുപുസ്തകം ഇല്ലാതെ ഇനി ക്ലാസ്സിൽ കയറണ്ടായെന്നും ചേർത്തു. കുട്ടികളുടെ മുന്നിൽ ചൂളിപ്പോയി….പഠിക്കാനാണെന്ന് പറഞ്ഞപ്പോൾ കൊടുത്തതാണ്. പ്രദീപൻ ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് കരുതിയതേയില്ല….

‘എടാ, അവന്റെ വീടറിയോ…?’

“അറിയാം… പക്ഷെ, അവൻ വീട്ടിലുണ്ടാകില്ല… കാവില് പോയാൽ കൈയ്യോടെ പൊക്കാം….”

ഉച്ചയ്ക്ക് ശേഷം ഞങ്ങൾ രണ്ടുമൂന്ന് പേർ സ്കൂളിൽ നിന്ന് മുങ്ങി. നടക്കേണ്ട ദൂരമേയുള്ളൂ കാവിലേക്ക്… റെയിൽപ്പാളത്തിലൂടെ നടക്കുമ്പോൾ അവന്റെ തെയ്യം ഇന്നാണെന്ന് ഒരുത്തൻ പറഞ്ഞു.

‘അല്ലടാ, ഒരു സംശയം… പ്രായപൂർത്തി ആകാത്തവരെക്കൊണ്ട് തെയ്യം കെട്ടിക്കോ…’

”പ്രശ്നം വെച്ചപ്പോൾ ഇത്തവണ മോൻ മതിയെന്നാ കണ്ടത്… അവന്റെ അച്ഛന്റെ കാലിന് പരിക്ക് പറ്റിയെന്നൊക്കെയാണ് കേൾക്കുന്നേ…”

ഹാ എന്തുമാകട്ടെ… എനിക്ക് കണക്കുപുസ്തകം കിട്ടിയാൽ മതി. ഞങ്ങൾ എത്താറായി. ചന്തകൾ കാണാം… കളിപ്പാട്ട വിൽപ്പനക്കാരും, ഐസ് കച്ചവടക്കാരും, കാവ് കൈയ്യേറിയിരിക്കുന്നു. ഞങ്ങളെ പോലെ സ്കൂൾ യൂണിഫോമിലും കുട്ടികൾ ചിതറിയിട്ടുണ്ട്. ചെണ്ടയുടെ ശബ്ദത്തിന് കാതോർത്ത് നീങ്ങി. തോറ്റം തുടങ്ങിയെന്നാണ് തോന്നുന്നത്…

പ്രദീപന്റെ മുഖം വ്യക്തം. ഹിരണ്യകശിപുവിനെ ബന്ധപ്പെടുത്തി അവൻ എന്തൊക്കെയോ താളത്തിൽ പാടുന്നുണ്ട്… മരണമില്ലാത്ത ആ കഥാപാത്രത്തെക്കുറിച്ച് അമ്മൂമ്മ പറഞ്ഞത് ഓർക്കുകയായിരുന്നു… പ്രഹ്ലാദന്റെ അച്ഛനാണെന്നോ… മകൻ മഹാവിഷ്ണുവിനെ ആരാധിക്കുന്നതിൽ ആൾക്ക് ദേഷ്യമാണെന്നൊക്കെ കേട്ടിട്ടുണ്ട്… എന്റെ ദേഷ്യം, പ്രദീപനോടാണ്. നാളെ തരാമെന്ന് പറഞ്ഞ് കണക്കുപുസ്തകം വാങ്ങിപ്പോയ കൂട്ടുകാരനോടാണ്…

‘തോറ്റം കഴിഞ്ഞെടാ… പോയി ചോദിക്ക്…’

കൂട്ടുകാരൻ പറഞ്ഞു. എനിക്കെന്തോ ഭയം തോന്നി. പ്രദീപന്റെ കൂടെയുള്ളവരെല്ലാം മുതിർന്നവരാണ്. തോറ്റം കഴിഞ്ഞ് അവർ നേരെ പോയത് അറയുടെ പരിസരത്തായി ഒരുക്കിയ ഓല പന്തലിലേക്കായിരുന്നു… ഞങ്ങൾ പിന്തുടർന്നു. ക്ലാസ്സിൽ ഉണ്ടായിരുന്ന ആളേയല്ല… പ്രദീപന്റെ കണ്ണുകളുടെ ഭാവം മനസ്സിലാകുന്നുമില്ല.

‘വേണ്ടടാ… തെയ്യം കഴിഞ്ഞിട്ട് ചോദിച്ചാൽ മതി… ബുദ്ധിമുട്ടാക്കിയാൽ പരദേവത കോപിക്കും…’

കൂട്ടത്തിലൊരുത്തൻ അങ്ങനെ പറയുക കൂടി ചെയ്തപ്പോൾ ചോദിക്കണ്ടായെന്ന് ഞാനും വെച്ചു. മഹാവിഷ്ണുവിന്റെ നരസിംഹാവതാരത്തെ ആസ്പദമാക്കിയുള്ള തെയ്യമാണ് വിഷ്ണുമൂർത്തി. ചിലപ്പോൾ ശപിച്ചാലോ…!

ഞാൻ പ്രദീപനെ നിരീക്ഷിച്ചു. മഞ്ഞയും ചുവപ്പും നിറത്തിൽ മുഖത്തെഴുത്ത് ആരംഭിച്ചിരിക്കുന്നു. കണ്ണുകൾക്ക് ചുറ്റും കറുപ്പ്… പാളയിൽ തുണിയും പട്ടും അലങ്കരിച്ച് കിരീടം പോലെ തലയിൽ വെച്ചു. മുടിയുടെ വശങ്ങളിൽ കുരുത്തോലയുടെ ഭംഗിയുണ്ട്. ചുവന്ന പട്ടുതുണികൊണ്ടുള്ള ഉടയാടയാണ് ധരിച്ചിരിക്കുന്നത്. കഴുത്തിലും മാറിലും സ്വർണ്ണനിറത്തിലുള്ള വലിയ ആഭരണങ്ങളും വളകളും.

കണക്കുപുസ്തകവുമായി കടന്ന് കളഞ്ഞവൻ കളിയാട്ട മണ്ണിൽ വിഷ്ണുമൂർത്തിയായി അവതരിക്കുന്ന കാഴ്ച നേരിട്ട് കാണുകയാണ്…

‘വാടാ… നമുക്ക് ചന്തയുടെ ഭാഗത്തേക്ക്‌ പോകാം… പ്രദീപനെ തെയ്യം കഴിഞ്ഞ് നോക്കാം…’

കൂടെ വന്നവർ നിർബന്ധിച്ചപ്പോഴാണ് അവിടെ നിന്ന് പിൻവലിഞ്ഞത്. കടലാസ്സിൽ പൊതിഞ്ഞ പാലൈസ് തിന്നുമ്പോഴും, സോപ്പ്, ചീപ്പ് കണ്ണാടി തുടങ്ങിയവയിൽ വളയം എറിയുമ്പോഴും, പ്രദീപനെപ്പോലെ തെയ്യം കെട്ടാൻ പറ്റിയിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു.

എത്ര ആൾക്കാരാണ് ഭക്തിയോടെ അവനെ കാണാൻ വന്നിരിക്കുന്നത്…! എനിക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് അവനുള്ളത്…! വിഷയം കണക്കെന്ന് വരുമ്പോൾ അവൻ എന്നയല്ലേ പകർത്തുന്നത്….! ആ കാരണത്തിലല്ലേ, കഴിഞ്ഞ നാലഞ്ച് നാളുകളായി ശുഭ ടീച്ചർ എന്നെ വിരട്ടുന്നത്… അങ്ങനെ ചിന്തിച്ചപ്പോൾ പ്രദീപനോട് വീണ്ടും ദേഷ്യം തോന്നി.

‘നിങ്ങള് വരുന്നുണ്ടോ… എനിക്കെന്റെ പുസ്തകം ഇപ്പം കിട്ടണം…’

എന്നും പറഞ്ഞ് ഞാൻ ക്ഷേത്രത്തിലേക്ക് നടന്നു. വിഷ്ണുമൂർത്തി വാളും പരിചയും കൈയ്യിലേന്തി കനൽക്കൂമ്പാരത്തിലൂടെ നടക്കുകയാണ്. ശേഷം, കൈകൊണ്ടും ശരീരംകൊണ്ടും അത് തല്ലി കെടുത്താനും. അതിൽ വീണ് നിരങ്ങാനും ശ്രമിക്കുന്നു. സഹായികൾ പിടിച്ച് വലിക്കുന്നു. തിരിയോലകൾ ചുറ്റിയത് കൊണ്ട് ആള് ഭദ്രമാണ്. എന്നാലും കാണുമ്പോൾ പേടി തോന്നുന്നുണ്ട്. ചെണ്ടയുടെ മുറുക്കത്തിൽ രസം തോന്നുന്നുണ്ട്….

ഞങ്ങൾ പ്രദീപനെ നോക്കി നിൽക്കുകയാണ്. ആ ഭക്തസാഗരത്തിൽ നിന്ന് അവൻ ഞങ്ങളെ കാണുന്നുണ്ടോയെന്ന് അറിയില്ല. നേരം പോകുന്നു. അടുത്തേക്ക് പോയി കണക്കുപുസ്തകം ചോദിക്കാനുള്ള അവസരത്തിനായി കാത്തിരുന്നു. വിഷ്ണുമൂർത്തിയുടെ അനുഗ്രഹം വാങ്ങാൻ ആൾക്കാർ തിക്കുകയാണ്. ശ്രദ്ധിച്ചപ്പോൾ പരിചയമുള്ള ഒരു മുഖം…

‘എടാ, ശുഭ ടീച്ചറല്ലേയത്…?’

കൂട്ടുകാർ അതേയെന്ന് പറഞ്ഞു. പഠിപ്പിക്കുന്ന കുട്ടിയുടെ മുന്നിൽ തലകുമ്പിട്ട് മഞ്ഞൾക്കുറി വാങ്ങി പിൻവാങ്ങുന്ന ടീച്ചറുടെ അടുത്തേക്ക് ഞാൻ ചലിച്ചു. സ്കൂൾ യുണിഫോമിലായത് കൊണ്ട് ടീച്ചർ പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു…

‘നിങ്ങളെന്താ ഇവിടെ? ‘

ടീച്ചറുടെ ചോദ്യം…

”പ്രദീപനോട് കണക്കുപുസ്തകം വാങ്ങാൻ… “

എന്റെ മറുപടി. ശുഭടീച്ചർ ചിരിക്കുകയാണ്. അതൊക്കെ അവൻ സ്കൂളിൽ വരുമ്പോൾ ചോദിച്ചാൽ മതിപോലും…

‘പുസ്തകമില്ലാതെ ക്ലാസ്സിൽ കയറണ്ടായെന്ന് ടീച്ചറല്ലേ പറഞ്ഞേ…’

ബഹളത്തിൽ ശരിക്കും കേട്ടില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ, കേൾക്കാത്തത് പോലെ ടീച്ചർ പോയി. എന്തായാലും വന്ന സ്ഥിതിക്ക് അനുഗ്രഹം വാങ്ങാമെന്ന ധാരണയിൽ കൂട്ടുകാരനായ വിഷ്ണുമൂർത്തിയുടെ അടുത്തേക്ക് നീങ്ങി. ഞങ്ങളെ കണ്ടതിന്റെ വ്യത്യാസമൊന്നും പ്രദീപന്റെ മുഖത്തില്ല. എല്ലാവരെയും പോലെ ഞാനും കുമ്പിട്ടു.

‘എന്തേ വരാത്തതെന്ന് നോം ചിന്തിച്ചിരുന്നു… കണക്ക് കൂട്ടലെല്ലാം തെറ്റിയല്ലേ… സാരമില്ല.. ഇവിടം വരെ വന്നില്ലേ… ഇനി നോം നോക്കിക്കൊള്ളാം… പരദേവതയുണ്ട് ന്റെ കുട്ട്യോൾക്ക്…’

എന്നും പറഞ്ഞ് തെയ്യം എന്റെ തലയിൽ തൊട്ട് അനുഗ്രഹിക്കുകയും, മഞ്ഞൾക്കുറി നുള്ളി കൈയ്യിൽ തരുകയും ചെയ്തു… എന്ത് അർത്ഥത്തിലാണ് പ്രദീപനത് പറഞ്ഞതെന്ന് അറിയില്ല. കണക്കുപുസ്തകവുമായി കടന്ന് കളഞ്ഞവനെ പിടികൂടാൻ കളിയാട്ട മണ്ണിലേക്ക് പോയതാണ്. എവിടെയാടാ എന്റെ പുസ്തകമെന്ന് ചോദിക്കാൻ തക്കം നോക്കി നിന്ന എന്നെ പിടിച്ച് കൂട്ടുകാരനായ വിഷ്ണുമൂർത്തി അനുഗ്രഹിച്ചിരിക്കുന്നു…

ഭക്തിയിലെ യുക്തിയൊക്കെ അവിടെ നിൽക്കട്ടെ… അനുഭവത്തിൽ ആ മഞ്ഞൾക്കുറി പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്ലാദം പിൽക്കാലത്ത് സമ്മാനിച്ചിരുന്നു…. കണക്കെന്ന് കേൾക്കുമ്പോൾ സൗഹൃദത്തിന്റെ കളിയാട്ടമെന്ന് ഓർക്കാൻ പാകം തലയിൽ കൊണ്ടിരുന്നു…!!!

കഥ : കണക്കുപുസ്തകം…
ശ്രീജിത്ത്‌ ഇരവിൽ

Subscribe to the Newsletter

Get our latest news, ideas, and handpicked updates delivered straight to your inbox.

We don’t spam! Read our privacy policy for more info.

You may also like

Leave a Comment