ഐ ലവ് യൂ...
പത്ത് കൊല്ലം ഒരുമിച്ച് ജീവിച്ചിട്ടും ആ മനുഷ്യൻ എന്നോട് ഇതുവരെ ഐ ലവ്യൂയെന്ന് പറഞ്ഞിട്ടില്ല. അതിന്റെ മലയാള പതിപ്പ് പോലും കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഓർക്കുമ്പോൾ, വിണ്ട് കീറിയ ഹൃദയ ചിഹ്നമാണ് തെളിയുന്നത്…
അങ്ങേർക്ക് എന്നോട് സ്നേഹമൊക്കെ തന്നെയാണ്. ആ നോട്ടത്തിൽ നിന്ന്, തലോടലിൽ നിന്ന്, ചുംബനത്തിൽ നിന്ന് ഞാനത് അറിയുന്നുണ്ട്. മോൻ ഉണ്ടായതിന് ശേഷം അതൊക്കെ കൂടിയതായിട്ടേ തോന്നുന്നുള്ളൂ… എങ്കിലും, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് ആ മനുഷ്യന് തുറന്ന് പറഞ്ഞാൽ എന്താണ്…!
‘എന്റെ ഗീതേ, വല്ല പൈങ്കിളി സിനിമയും കണ്ടിട്ട് നീയിങ്ങനെ തുടങ്ങല്ലേ… പാട്ട് പാടി ഐ ലവ്യൂയെന്ന് പറയുന്നതൊന്നും ജീവിതത്തിൽ നടക്കില്ല…’
കേട്ടപ്പോൾ വിഷമമായി. സ്നേഹിക്കുന്നവർ തമ്മിൽ പരസ്പരം കാണുമ്പോഴൊക്കെ അത് തുറന്ന് പറയാത്തത് എന്ത് കൊണ്ടാണെന്ന് ചോദിച്ചതിനുള്ള ഉത്തരം ആയിരുന്നുവത്. ഒരു അടിക്ക് പത്ത് പേരെ തെറിപ്പിക്കാനൊന്നും അല്ലല്ലോ ഞാൻ പറഞ്ഞേ… സ്നേഹിക്കുന്നുവെന്ന് കേൾക്കാൻ അത്രമേൽ കൊതി ഉള്ളത് കൊണ്ടല്ലേ…
‘നിങ്ങക്ക് എന്നോട് ശരിക്കും ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നേ…? സിനിമയില് മാത്രമല്ല. ജീവിക്കുന്നവരും അതൊക്കെ പറയുന്നുണ്ട്… എനിക്കറിയാം…’
ചിണുങ്ങിക്കൊണ്ടാണ് ഞാനത് പറഞ്ഞത്. ആ സൂത്രമൊന്നും അങ്ങേരുടെ അടുത്ത് ചിലവായില്ല.
“ഹാ… എന്നാൽ എന്നെ അതിന് കിട്ടില്ല. സ്നേഹം അനുഭവിക്കാനുള്ളതാണ്. പറയാനുള്ളതല്ല….”
ഇത് നല്ല കൂത്തെന്നും പറഞ്ഞ് ഞാൻ മുഖം തിരിച്ചു. എത്രയോ ബന്ധ തലങ്ങളിൽ ജീവിതം പങ്കിടുന്നവർ പരസ്പരം വളരേ പോസ്റ്റിവായി പറയുന്ന ആ മൂന്ന് വാക്ക് പറയാൻ മനുഷ്യർക്ക് എന്തിനാണ് ഇത്രയും മടി? അതിൽ മാനക്കേടും, നാണക്കേടും തോന്നേണ്ടതിന്റെ കാര്യം എന്താണ്? ഏത് ഭാഷയിൽ ആയാലും സ്നേഹിക്കുന്നുവെന്ന ശബ്ദം ഉയർത്താൻ നമ്മുടെയൊന്നും പ്രിയപ്പെട്ടവർക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല.
‘ഗീതേ, എന്തെങ്കിലും വാങ്ങാനുണ്ടോ? കടയ്ക്ക് മുന്നിലാണ്…?’
ഒരുനാൾ ജോലി കഴിഞ്ഞ് വരുന്ന വേളയിൽ അങ്ങേര് ഫോണിൽ ചോദിച്ചതാണ്. വീട്ട് സമാനങ്ങളിൽ മിക്കതും തീർന്നിരിക്കുകയാണ്. എന്നിട്ടും, ഒന്നും വേണ്ടായെന്ന് ഞാൻ പറഞ്ഞു. കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ പിന്നെ, എന്ത് കിട്ടിയിട്ടും കാര്യം ഇല്ലെന്നും തോന്നി…
ജീവിതമാണ്. ആഗ്രഹങ്ങളെ അടച്ച് വെച്ച് തുടരുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൂടി കഴിയുന്നില്ല. ഒരു മനുഷ്യന്, താൻ പ്രിയമോടെ ഇടപെടുന്ന മറ്റൊരു മനുഷ്യന് വേണ്ടി നിസ്സാരമായി ചെയ്ത് കൊടുക്കാൻ പറ്റുന്ന മൂന്ന് മുറി ശബ്ദം പോലും എനിക്ക് നേടാൻ കഴിയുന്നില്ല.
‘ഈ വീട്ടിൽ, റവയല്ലാതെ, മറ്റൊന്നുമില്ലേ…? ഒന്നുകിൽ പുട്ട്, അല്ലെങ്കിൽ ഉപ്പുമാവ്…’
“അതേ അച്ഛാ… ഈയിടെയായി അമ്മ ഇത് മാത്രേ ഉണ്ടാക്കുന്നുള്ളൂ… മടുത്തു…”
രണ്ടാളും കൂടി എന്നെ കുറ്റപ്പെടുത്തുകയാണ്. വേണമെങ്കിൽ തിന്നിട്ട് പോയെന്ന് പറഞ്ഞ് ഞാൻ മുഖം ചുളിച്ചു. നിന്റെ അമ്മയ്ക്ക് ചില സീരിയല് കണ്ട് വട്ടായതാണെന്ന് പറഞ്ഞ് അച്ഛൻ മോനെ ചിരിപ്പിച്ചു. എതിർപക്ഷത്ത് ഞാനെന്ന് വന്നാൽ രണ്ടും ഒറ്റക്കെട്ടാണ്. അച്ഛന്റെയല്ലേ മോൻ…
‘ഞാൻ പറഞ്ഞതല്ലേ ഗീതേ… എന്തെങ്കിലും വേണമെങ്കിൽ പറയണമെന്ന്… ടൗണിലെ സൂപ്പർമാർക്കറ്റിന്റെ മുന്നിൽ നിന്നാണ് ഞാൻ വിളിച്ചത്… ഇപ്പോഴും ആ ഐ ലവ്യൂയില് നിൽക്കയാണോ…? ഒരു കാര്യവും ഇല്ലാത്ത കാര്യത്തിന് നീയിങ്ങനെ തുടങ്ങല്ലേ… നിനക്ക് എന്താണ് വേണ്ടത്… ഒരു ഐ ലവ്യൂയെന്ന് കേൾക്കണം… അത്രയല്ലേയുള്ളൂ… ദേ കിടക്കണ്.. ഐ ലവ്യൂ…’
അങ്ങേര് കളിയാക്കുകയാണ്. കേൾക്കാൻ ആഗ്രഹിക്കുന്ന ആ വാചകം വെറുതേ പറഞ്ഞാലൊന്നും അർത്ഥ പൂർണ്ണം ആകില്ല. നോട്ടത്തിന്റെയോ, സ്പർശനത്തിന്റെയോ, ഇടയിൽ അറിയാതെ സംഭവിക്കുമ്പോഴാണ് പ്രസ്തുത ശബ്ദം സ്നേഹമായി കോരിത്തരിപ്പിക്കുക. സങ്കൽപ്പിച്ച് നോക്കൂ… തീർത്തും അപരിചിതനായ മനുഷ്യൻ മനോഹരമായി നമ്മളോട് ചിരിക്കുന്നു. ശേഷം, കണ്ണിൽ നോക്കി ഐ ലവ്യൂയെന്ന് പറയുന്നു…. അത് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടോ എന്നതിനും അപ്പുറം ആ രംഗം മറക്കാൻ പറ്റുമോ…? പറഞ്ഞത് കള്ളമോ, സത്യമോ ആയിക്കോട്ടെ… സ്നേഹിക്കപ്പെടുന്നുവെന്ന നിർവൃതിയിൽ ഒരു തുണ്ട് ചിരിയെങ്കിലും ചിറികൾക്ക് പൊഴിക്കാതിരിക്കാൻ പറ്റുമോ…!
പിറ്റേന്ന്, മോനെ സ്കൂളിൽ വിട്ട് അങ്ങേർക്ക് കൊണ്ടുപോകാനുള്ള ഭക്ഷണം എടുത്ത് വെക്കുമ്പോൾ ഫോൺ വന്നിരുന്നു. അയലത്തെ ശാരികയാണ്. ടൗണിൽ പോകുന്നുണ്ട് പോലും… വരുന്നെന്ന് ഞാനും പറഞ്ഞും. ആ ധൃതിയിൽ പണികളൊക്കെ പെട്ടെന്ന് തീർത്തു. അങ്ങേര് ഇറങ്ങിയതിന്റെ പിന്നാലെ ചലിക്കുകയും ചെയ്തു
ഞങ്ങൾ സ്കൂട്ടറിൽ പോകുകയാണ്. സംസാര വിഷയവും ഐ ലവ്യൂ തന്നെ ആയിരുന്നു…
‘ വിജേഷേട്ടൻ ഇടയ്ക്ക് പറയും… പക്ഷെ, എന്നോട് മാത്രമല്ല പറയുന്നതെന്ന് തോന്നുന്നു… ഇതിലൊന്നും വലിയ കാര്യമൊന്നും ഇല്ലെടീ…’
പറഞ്ഞ് തീരും മുമ്പ് മുന്നിൽ പോകുന്നുണ്ടായ കാറ് ധൃതിയിൽ നിന്നു. ഞങ്ങളുടെ സ്കൂട്ടർ പോയി ഒറ്റ ചാർത്തായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ഞങ്ങളെ ആരാണ് ഉയർത്തിയതെന്ന് പോലും ഓർമ്മയില്ല… ശാരികയുടെ നെറ്റിയിൽ രക്തം… എന്റെ കൈകാലുകൾക്ക് റോഡിൽ ഉരഞ്ഞതിന്റെ മുറിവ്… സൈറൻ ഇട്ട് ആംബുലൻസ് അടുത്തേക്ക് വന്നിട്ടും ശബ്ദം എത്രയോ ദൂരത്ത് നിന്ന് കേൾക്കുന്നത് പോലെ…
അപകടം സംഭവിച്ചപ്പോൾ ഉണ്ടായിരുന്ന പരിഭ്രാന്തിയെല്ലാം ആശുപത്രിയിൽ എത്തിയപ്പോൾ മാറിയിരുന്നു. രണ്ടുപേരുടെയും പരുക്കുകൾ സാരമല്ല. എന്നിരുന്നാലും, ഒന്ന് രണ്ട് ആഴ്ച റസ്റ്റ് എടുക്കാനുള്ള വകുപ്പുണ്ട്. വിവരം അറിയിച്ചതിനെ തുടർന്ന് ഓടി കിതച്ചെത്തിയ അങ്ങേരെ കണ്ടപ്പോൾ ഞാൻ ചിരിക്കുകയായിരുന്നു. ആ കണ്ണുകൾ കലങ്ങിയിരിക്കുന്നു…. ശ്വാസം ഉയരുകയും താഴുകയും ചെയ്യുന്നു.
‘നീയിത് എന്ത് പണിയാ ഗീതേ കാട്ടിയേ? പുറത്തേക്ക് പോകുന്ന കാര്യം പറഞ്ഞില്ലല്ലോ….!’
പരുക്കുകൾ സാരമില്ലെന്ന് കണ്ടതിന് ശേഷമാണ് അങ്ങേരത് പറഞ്ഞത്. ശേഷം, ഞാൻ കിടക്കുന്ന ബെഡിൽ ഇരുന്നു.
‘ശാരിക വിളിച്ചപ്പോൾ പോകണമെന്ന് തോന്നി… സാധനങ്ങളൊക്കെ തീർന്നിരിക്കുകയല്ലേ….’
“എന്തെങ്കിലും പറ്റിയിരുന്നുവെങ്കിലോ….!”
എന്നും പറഞ്ഞ് അങ്ങേര് തന്റെ നെറ്റിയിലെ വിയർപ്പ് തുടക്കുകയും, ശ്വാസം നീട്ടി നെടുവീർപ്പിടുകയും ചെയ്തു. ആ നേരമാണ് ഞാനത് ചോദിച്ചത്.
‘ പറ്റിയിരുന്നെങ്കിൽ…?’
ചോദ്യം മനസ്സിലാകാത്ത കുട്ടിയെ പോലെ അങ്ങേര് എന്നെ സൂക്ഷിച്ച് നോക്കി.
‘പറ… എനിക്കെന്തെങ്കിലും പറ്റിയിരുന്നുവെങ്കിൽ വിഷമം ആകുമായിരുന്നോ…?’
നീയിത് എന്ത് ചോദ്യമാണ് ചോദിക്കുന്നതെന്ന അർത്ഥത്തിൽ അങ്ങേര് കുറച്ചുകൂടി അടുത്തേക്ക് നിരങ്ങി. അത് പിന്നെ ഇല്ലാണ്ടിരിക്കുമോയെന്ന് ചോദിച്ച് വെച്ച് കെട്ടിയ എന്റെ കാൽമുട്ടിൽ ആ മനുഷ്യൻ പതിയേ വിരലുകൾ മുട്ടിക്കുകയാണ്. അങ്ങനെ കേട്ടപ്പോൾ ഉള്ളിൽ നിന്നൊരു കരച്ചിൽ കണ്ണിൽ മുട്ടി നിന്നത് പോലെ തോന്നി.
‘ എന്തിനാ, വിഷമം വരുന്നേ…?’
ആ നീറുന്ന കണ്ണുകളോട് കൂടി തന്നെ ഞാനത് ചോദിച്ചു. മുട്ടി നിൽക്കുമ്പോഴല്ലേ പ്രിയപ്പെട്ടവരോടത് പറയാൻ കഴിയൂ… അവർക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചതിന് ശേഷം എത്ര ഉറക്കെ പറഞ്ഞാലും കാര്യം ഇല്ലല്ലോ…
‘പറ… എനിക്ക് എന്തെങ്കിലും പറ്റിയാൽ, എന്തിനാ വിഷമം വരുന്നേ…?’
എത്രയോ നാളുകളിൽ തന്നെ കുരുക്കിയ വാചകത്തിലേക്ക് എത്തിപ്പിക്കാൻ ഭാര്യ കാട്ടുന്ന സൂത്രമായി അങ്ങേർക്ക് അത് തോന്നിയോയെന്ന് അറിയില്ല. തോന്നിയിട്ടുണ്ടാകണം. അപ്പോഴും, മറുപടി മലയാളത്തിൽ ഉണ്ടാകുമെന്നാണ് കരുതിയത്. പക്ഷെ, കണ്ണുകളിൽ നിന്ന് നീർച്ചാലുകൾക്ക് ഒഴുക്കാൻ പാകം അങ്ങേരത് ഇംഗ്ളീഷിൽ തന്നെ പറഞ്ഞു. കണ്ണീരും ചിരിയും സ്പർശിച്ച ആ അടക്കം വന്ന ശബ്ദം കേട്ടിട്ട് മതി വരാത്തത് പോലെയാണ് തോന്നിയത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് പ്രയാസം തോന്നാനുള്ള ആ കാരണം അങ്ങേരുടെ സ്വരത്തിൽ കാതുകളിൽ മുഴങ്ങുകയാണ്…
‘ഐ ലവ്യൂ…!!!”