ഒരു തിളയ്ക്കുന്ന ഉച്ചനേരത്താണ് പാതി നരച്ച ഒരു കാലൻകുടയുമായി മാധുരിയുടെ ജീവിതത്തിലേക്ക് അയാൾ വീണ്ടും കടന്നുവരുന്നത്.
“ഇവിടെ ജോലി ചെയ്യുന്ന മാധുരി മുരളീധരനെ ഒന്ന് കാണാൻ പറ്റുമോ?”
ഓഫീസിലിരുന്ന് ഫയലുകൾ നോക്കുമ്പോഴാണ് മുമ്പെന്നോ കേട്ടുമറന്ന ആ സ്വരം മാധുരി കേൾക്കുന്നത്.
തൻ്റെ പേര് കേട്ടതും തലയെത്തിച്ചു പുറത്തേക്ക് അവൾ നോക്കി. അയാളെ കണ്ടതും അകത്തു വിങ്ങിനിന്ന ഉച്ചച്ചൂടിനെ തോൽപ്പിക്കുന്ന പൊള്ളൽ അവളുടെ തലക്കുള്ളിൽ നിന്നും പുറപ്പെട്ട് ഉടലു മുഴുക്കെ വ്യാപിച്ചു. ആ ചൂടിൽ അവളുടെ ശരീരവും മനസ്സും ഒരുപോലെ ചുട്ടുപൊള്ളി.അഞ്ചു വർഷങ്ങൾക്ക് ശേഷവും അയാളുടെ മുഖമടച്ചുള്ള അടിയുടെ ഓർമ്മയിൽ അവളുടെ കവിൾ നീറിപ്പുകഞ്ഞു. കുട്ടികളുടെ മുന്നിൽ നിന്നും അയാൾ തന്നെ വിളിച്ചിരുന്ന അസഭ്യവാക്കുകൾ അവളുടെ ചെവിയിൽ വീണ്ടും അലയടിക്കുന്നതുപോലെ അവൾക്ക് തോന്നി. അന്നത്തെപ്പോലെ ചെവി പൊത്തിപ്പിടിച്ചു ഈ ലോകത്തു നിന്നുതന്നെ ഓടിയൊളിക്കാൻ അവൾ കൊതിച്ചു.
“മാധുരിയെ അന്വേഷിച്ചൊരാൾ വന്നിട്ടുണ്ട്.”പ്യൂൺ രാഘവേട്ടൻ വന്നു പറഞ്ഞപ്പോഴാണ് അവൾ ചിന്തയിൽ നിന്നുണർന്നത്.
“ഞാൻ കണ്ടു.” അവൾ വിറക്കുന്ന സ്വരത്തിൽ പറഞ്ഞു.
ഒരു ദീർഘ ശ്വാസമെടുത്തു മനസ്സിനെ പാകപ്പെടുത്തിയാണ് അവൾ അയാൾക്ക് മുന്നിലെത്തിയത്. അഞ്ചു വർഷങ്ങൾക്ക് മുന്നേ കഴിഞ്ഞുപോയ ദിവസങ്ങൾ വീണ്ടും അയാൾ ആവർത്തിക്കാൻ ശ്രമിക്കുകയാണെന്ന് അവൾക്ക് തോന്നി. ഏറ്റുപറച്ചിലുകൾ, ക്ഷമാപണങ്ങൾ, കുമ്പസാരങ്ങൾ… അവൾക്ക് തല പെരുത്തു.
ഓഫീസിന് പുറത്തേ ബെഞ്ചിൽ അയാൾ ഇരിക്കുന്നുണ്ടായിരുന്നു.
“മാധൂ ഇനി പഴയതു പോലൊരിക്കലും ഉണ്ടാവില്ല. ഞാനുറപ്പുതരാം.”
അയാൾ മുഖവുരയൊന്നുമില്ലാതെ പറഞ്ഞു.
“നമ്മുടെ മക്കളെക്കുറിച്ചാലോചിച്ചെങ്കിലും”
അവളിൽ നിന്നും പ്രതികരണമൊന്നുമില്ലെന്ന് കണ്ടപ്പോ അയാൾ വീണ്ടും പറയാൻ ശ്രമിച്ചെങ്കിലും മുഴുവിപ്പിക്കാനായില്ല. കുറ്റബോധം കൊണ്ട് അയാളുടെ ശിരസ്സ് താഴ്ന്നു.
അവൾ മറുപടിയൊന്നും പറയാതെ കൈകൾ പിണച്ചും വേർപ്പെടുത്തുകയുമാണ്. അവളുടെ കൈകളിൽ അങ്ങിങ്ങായി തെളിഞ്ഞുനിന്ന അയാൾ വലിച്ചുതീർത്ത സിഗരറ്റടയാളങ്ങൾ വിഷ വിത്തുകൾ പോലെ കാണപ്പെട്ടു. അതുകണ്ടതും അയാളുടെ തല കൂടുതൽ താണു.
അസുഖകരമായ മൗനം വീണ്ടും രണ്ടുപേർക്കുമിടയിൽ നിറഞ്ഞപ്പോൾ അയാൾ വീണ്ടും സംസാരിക്കാൻ തുടങ്ങി.
“ഇനിയൊരിക്കലും ഞാൻ പഴയതുപോലെ…”
അന്നേരം അവളുടെ കൈ അറിയാതെ നെറ്റിയിൽ അയാൾ ഗ്ലാസെറിഞ്ഞുടച്ച മുറിപ്പാടിന് നേരെ ഉയർന്നു. അതോടെ സംസാരം വീണ്ടും മുറിഞ്ഞു.
“എനിക്ക് രണ്ട് പെൺമക്കളാണ് അരവിന്ദ്.” അവൾ പറഞ്ഞു.
“എനിക്കല്ല നമുക്ക്”
പിന്നെ എന്തോ ആലോചിച്ചെന്നോണം അവൾ തിരുത്തി.
“എൻ്റെ മക്കൾക്ക് ഞാനൊരു റോൾ മോഡലായിരിക്കണം.നാളെ, എന്നെപ്പോലെ എൻ്റെ പെൺമക്കൾ വേദന സഹിച്ച് ഉറങ്ങുന്ന അവസ്ഥയിലേക്ക് എത്തരുത്. നമുക്കിടയിൽ സംഭവിച്ചതെല്ലാം അവർക്ക് രണ്ടുപേർക്കും അറിയാം.സ്വന്തം സന്തോഷത്തിനോ സ്വാർത്ഥതക്കോ വേണ്ടി പങ്കാളിയുടെയോ, കൂടെ ജീവിക്കുന്നവരുടെയോ മനസ്സോ ശരീരമോ വേദനിപ്പിക്കുന്ന ഒരാളെ, അത് ഫ്രണ്ടായാലും പാർട്ണർ ആയാലും അവോയ്ഡ് ചെയ്യാനാണ് ഞാനവരെ പഠിപ്പിച്ചിരിക്കുന്നത്. ഇനിയും നിങ്ങളെ ഞാൻ സ്വീകരിച്ചാൽ തെറ്റായ സന്ദേശമായിരിക്കും അവർക്ക് നൽകുന്നത്.അത് കൊണ്ട് ഞാനത് ചെയ്യില്ല.”
അങ്ങനെ പറഞ്ഞ് തീർത്തപ്പോൾ എന്തെന്നില്ലാത്ത ധൈര്യം മാധുരിക്ക് തോന്നിയിട്ടുണ്ടാകണം. ആ ഉറച്ച ശബ്ദം അവളിൽ ആവർത്തിച്ച് മുഴങ്ങി. കൂട്ടായി നിൽക്കുമെന്ന് വിശ്വസിപ്പിച്ച് കൂരിരുട്ടിലേക്ക് തള്ളിയിടുന്നവർക്ക് സ്നേഹത്തിൻ്റെ പേരിൽ എത്ര അവസരങ്ങൾ മനുഷ്യന് കൊടുക്കാൻ പറ്റും…! നേരും നെറിയും തൊട്ടില്ലാത്ത ആരെയും തന്നിലേക്ക് ചേർക്കില്ലെന്ന് അവൾ ഉറപ്പിച്ചിരിക്കുന്നു. എത്രയോ വട്ടം അയാൾ ആവർത്തിച്ച് തോറ്റുപോയ പശ്ചാത്താപ വാക്കുകൾക്ക് കാതുകൾ കൊടുക്കാതെ മാധുരി എഴുന്നേറ്റു. താൻ തന്നെ രൂപപ്പെടുത്തുകയാണെന്ന അഭിമാനം മാത്രമായിരുന്നില്ല അവളുടെ നടത്തത്തിൽ; മുന്നോട്ടുള്ള ജീവിതം എങ്ങനെ ആയിരിക്കണമെന്ന കൃത്യതയുടെ ആത്മവിശ്വാസം ഓരോ ചുവടുകൾക്കും ഉണ്ടായിരുന്നു.
കഥ : എരിവേനൽ വഴി നടന്ന് തീരുമ്പോൾ…
രചന : മുബഷിറ