കോഫിഷോപ്പിന്റെ ചില്ലുവാതിലിനപ്പുറം ചുവന്ന സന്ധ്യാനഗരം മഴപ്പുതപ്പിനടിയിൽ മയങ്ങിക്കിടക്കുന്ന പോലെ മീരക്ക് തോന്നി.പുറത്ത് മഴ ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു. ഒരു പുസ്തകത്താൾ മറിയുന്നതുപോലെ എത്ര പെട്ടെന്നാണ് ഈ നഗരത്തിൽ പകലൊടുങ്ങി സന്ധ്യയാവുന്നതെന്ന് അവൾ ചിന്തിച്ചു.
അടുത്തിടെയാണ് നഗരത്തിരക്കിൽ നിന്നും വിട്ടുമാറി കുറച്ച് ഉള്ളോട്ടായി ആർക്കും പെട്ടെന്ന് കണ്ടെത്താൻ പറ്റാത്ത കോണിൽ ഈ കോഫിഷോപ്പ് അവളുടെ ശ്രദ്ധയിൽ പെട്ടത്. കോഫിഷോപ്പിനൊപ്പം തന്നെ അതൊരു ലൈബ്രറി കൂടിയാണ്.അവിടെയുള്ള ബുക് ഷെൽഫുകളിൽ ഒരു തരി പൊടിയോ അഴുക്കോ കൂടാതെ പുസ്തകങ്ങൾ വായനക്കാരെ കാത്തു കിടന്നു. അവയിൽ കൂടുതലും മനഃശാസ്ത്ര പുസ്തകങ്ങളായിരുന്നു. തൂവെള്ള നിറത്തിലുള്ള തലമുടിയോടുകൂടിയ വൃദ്ധയായിരുന്നു കോഫിഷോപ്പിന്റെ ഉടമസ്ഥ.എപ്പോഴും ശിരസ്സിനു മുകളിൽ കെട്ടിവെച്ചിരുന്ന അവരുടെ തലമുടി ഒരു കുഞ്ഞു തൂവൽക്കൂടു പോലെയാണ് അവൾക്ക് തോന്നിയത്.സമുദ്രം പോലെ ആഴം തോന്നിക്കുന്ന അവരുടെ കണ്ണുകളിൽ സദാ കാരുണ്യം നിറഞ്ഞു നിന്നു. ഇളം നിറങ്ങളിലുള്ള അയഞ്ഞ കമ്പിളി വസ്ത്രങ്ങൾ ധരിക്കുന്ന അവരെ കാണുമ്പോഴൊക്കെയും ഏതോ നാടോടിക്കഥയിൽ നിന്നും ഇറങ്ങി വന്ന നല്ലവരായ മന്ത്രവാദിനിയെ പോലെയാണ് അവൾക്ക് തോന്നിയത്.
നഗരത്തിരക്കിൽ നിന്നും ഉള്ളോട്ടായത് കൊണ്ടായിരിക്കാം അവിടെ ആളുകൾ വരുന്നത് തീർത്തും കുറവായിരുന്നു.പലപ്പോഴും താൻ വരുമ്പോൾ അവിടെ ഒരു കുഞ്ഞു പോലും വരാറില്ലെന്ന് അവളോർത്തു.ഇത്രയും കുറഞ്ഞ വരുമാനം കൊണ്ട് ഈ വൃദ്ധ എങ്ങനെ ഇതരത്തിലൊരു ഷോപ്പ് മുന്നോട്ട് കൊണ്ടു പോകുന്നു എന്ന് പലപ്പോഴും അവൾ അത്ഭുതം കൂറി.
നഗരത്തിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിലെ ജൂനിയർ ഡോക്ടർ ആണ് മീര. ഹോസ്പിറ്റലിനടുത്തു തന്നെയുള്ള ഹോസ്റ്റലിലാണ് അവൾ താമസിക്കുന്നത്. ഡ്യൂട്ടി അവസാനിക്കുന്ന വൈകുന്നേരങ്ങളിലും പ്രഭാതങ്ങളിലും അല്പ നേരത്തെ വിശ്രമത്തിന് ശേഷം അവൾ നേരെ കോഫിഷോപ്പിൽ വരും.മങ്ങിയ ഇരുട്ട് നിറഞ്ഞ കോഫിഷോപ്പിന്റെ ഏറ്റവും ഒടുവിലത്തെ കോണിൽ ഇരിക്കുമ്പോൾ താൻ ഒരു ഗർഭസ്ഥ ശിശുവാണെന്നും താൻ തന്റെ അമ്മയുടെ ഗർഭപാത്രത്തിനുള്ളിലാണെന്നും അവൾ വെറുതെ സങ്കൽപ്പിക്കും.കോഫിഷോപ്പിന്റെ ചില്ലു വാതിലിനപ്പുറം ദൂരെ നഗരത്തിൽ തിരക്ക് കൂടുന്നതും കുറയുന്നതും വീക്ഷിച്ചു കൊണ്ടിരിക്കുന്നത് ഒരു കപ്പ് കോഫി പതുക്കെ മൊത്തികുടിക്കുന്നത് പോലെ ആസ്വാദ്യകരമായാണ് അവൾക്ക് തോന്നിയത്. ആ നേരത്തൊക്കെയും താൻ ഏകാന്തമായ ഏതോ ഭൂതകാല തുരുത്തിനുള്ളിലാണെന്നും അകലെ കാണുന്ന നഗരം വാർത്തമാനകാലത്തിന്റെ മറ്റേതോ ലോകമാണെന്നും അവൾക്ക് വെറുതെ തോന്നും.
അവളുടെ കണ്ണുകളിൽ സദാ വിഷാദം നിറഞ്ഞു നിന്നു. മരവിച്ച മീൻകണ്ണുകളെ പോലെ നിർജീവമായ മിഴികൾക്ക് ചുറ്റും വിഷാദത്തിന്റെ കറുപ്പുരാശി പടർന്നു നിന്നു. ദിവസം ചെല്ലുംതോറും വിഷാദത്തിന്റെ കറുത്ത ചിതൽപുറ്റ് തന്നെ ഒന്നാകെ മൂടിക്കൊണ്ടിരിക്കുകയാണെന്ന് നല്ല ബോധ്യമുണ്ടായിട്ടും, ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ മികച്ച സൈക്യാട്രി വിദഗ്ധർ ഉണ്ടായിട്ടും അവൾക്കൊരിക്കലും ചികിത്സ തേടാൻ തോന്നിയില്ല.വിഷാദം ഒരു ലഹരി പോലെ അവളെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്ന സമയത്താണ് നഗരത്തിന്റെ ആരുമില്ലാകോണിൽ അവൾ ഈ കോഫിഷോപ് കണ്ടെത്തിയത്.
ഒരു നിറമില്ലാത്ത പുതപ്പ് പോലെ ചാറ്റൽമഴ നഗരത്തിനു മേൽ പെയ്തിറങ്ങുന്നത് നോക്കിയിരുന്ന ഒരു തണുത്തുറഞ്ഞ സായാഹ്നത്തിലാണ് പതിയെ ഒരു മഴക്കൂൺ പൊട്ടിമുളക്കുന്നത് പോലെ അവളിൽ ആത്മഹത്യചിന്ത ഉടലെടുക്കുന്നത്. തന്റെ എഴുത്തുപുസ്തകങ്ങളിൽ ഒരിക്കലും പൂർത്തിയാക്കാനാകാതെ വിരാമമിട്ട അപൂർണമായ കവിതാശകലങ്ങളുടെ വരികൾ അവൾ വെറുതെ ഓർത്തു.ഇവിടെ, ഈ നഗരത്തിൽ തനിക്കേറ്റവും പ്രിയപ്പെട്ട ഇടമായ ഈ കോഫിഷോപ്പിലെ മങ്ങിയ ഇരുട്ടിൽ, സദാ പുസ്തകത്താളുകളിൽ മുഖം പൂഴ്ത്തിയിരിക്കുന്ന വൃദ്ധയുടെ കണ്ണിൽ പെടാതെ താനെന്നും ഉപയോഗിക്കുന്നതിനേക്കാൾ കുറച്ചധികം സ്ലീപ്പിങ് പിൽസിന്റെ ആലസ്യത്തിനിടയിലൂടെ താൻ മരണത്തിന്റെ കയങ്ങളിലേക്ക് പതിയെ ഊളിയിടുന്നതോർത്ത് മനോഹരമായ ഒരു പകൽസ്വപ്നത്തിൽ മുഴുകിയിരുന്ന പോലെ അവൾ പതുക്കെ ചിരിച്ചു.
പെട്ടെന്നാണ് തന്നെ ആരോ നോക്കുന്നുണ്ടെന്ന തീക്ഷ്ണമായ തോന്നൽ അവൾക്കനുഭവപ്പെട്ടത്.പതുക്കെ തലയുയർത്തി നോക്കിയപ്പോഴാണ് രണ്ട് ടേബിളുകൾക്കപ്പുറമിരുന്ന് വൃദ്ധ തന്നെ നിർന്നിമേഷയായി നോക്കിയിരിക്കുന്നത് അവൾ കണ്ടത്.
“മരണത്തെ കുറിച്ചോർക്കുകയാണല്ലേ..?”പതിഞ്
“നമ്മുടെയെല്ലാം ജീവിതം ഒരുപാട് പേർ ഒരുമിച്ചു ചേർന്നു വായിക്കുന്നൊരു പുസ്തകം പോലെയാണ് കുട്ടീ.. നമ്മൾ നമ്മുടെ ഇഷ്ടത്തിന് ആ പുസ്തകം പെട്ടെന്നടച്ചു വെക്കാൻ തീരുമാനിച്ചാൽ നമ്മുടെ കൂടെയുള്ള അത് വായിച്ചു മതി വരാത്തവർ എന്തു ചെയ്യും..?”പതുക്കെ പിറുപിറുക്കുന്നതുപോലെ വൃദ്ധ പറഞ്ഞു. അവൾ മനസ്സിലാകാത്തതു പോലെ ചോദ്യഭാവത്തിൽ അവരെ നോക്കി.
“ഇപ്പൊ മോൾ പെട്ടെന്നൊരു തോന്നലിൽ മരിക്കാൻ തീരുമാനിച്ചല്ലോ.. അങ്ങനെ സംഭവിച്ചാൽ മോളുടെ വരുമാനത്തിന്റെ തണലിൽ മുന്നോട്ട് പോകുന്ന കുടുംബം എന്തു ചെയ്യും? അച്ഛൻ മോളുടെ പഠനത്തിനു വേണ്ടി എടുത്ത ലോൺ ആരു അടച്ചുതീർക്കും?രോഗിയായ അമ്മയെയും തലച്ചുമടേന്തി മോളെ ഇത്രയും വളർത്തിയ അച്ഛനെയും ആരു സംരക്ഷിക്കും? ഇക്കൊല്ലം കോളേജ് പഠനം തുടങ്ങാനൊരുങ്ങുന്ന അനിയത്തിയെയും പത്താം തരാം കഴിഞ്ഞിരിക്കുന്ന അനിയനെയും ആരു തുടർന്നു പഠിപ്പിക്കും?”വൃദ്ധയുടെ മുഴങ്ങുന്ന ശബ്ദം മറ്റേതോ ലോകത്തു നിന്നെന്ന പോലെ അവൾ കേട്ടു. തന്റെയുള്ളിലെവിടെയോ നോവിന്റെ ഒരു കുഞ്ഞുമഴ പൊടിയുന്നത് അവളറിഞ്ഞു.
“മോളുടെ ഒരു കപ്പ് കാപ്പി നേരം എനിക്ക് തരുമോ”? വൃദ്ധ അവൾക്കഭിമുഖമായി വന്നിരുന്നു ചോദിച്ചു. അവൾ യാന്ത്രികമായി തലകുലുക്കി.അര മണിക്കൂർ നേരം കൊണ്ട് അവർ തന്നോട് ഒരു മനുഷ്യായുസ്സിനെ മുഴുവൻ പറ്റി സംസാരിച്ചതായി അവൾക്ക് തോന്നി. ഇനിയും ഒരുപാട് കാലം ശാന്തമായി ഒഴുകാനുള്ള തന്റെ ജീവിതത്തെപ്പറ്റി,താൻ ഏറെ കാലം ഉറക്കമിളച്ചു ആശിച്ചു നേടിയ തന്റെ ജോലിയെ പറ്റി, തന്റെ കുടുംബത്തെ പറ്റി, തന്നെ അഗാധമായി സ്നേഹിക്കുന്ന തന്റെ പുരുഷനെ പറ്റി, തന്നിൽ വിരിയാൻ കാത്തിരിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങളെ പറ്റി, താനിതുവരെ പോയിട്ടില്ലാത്ത യാത്രകളെപ്പറ്റി, കണ്ടിട്ടില്ലാത്ത ഭൂമിയിടങ്ങളെ പറ്റി, വായിച്ചിട്ടില്ലാത്ത പുസ്തകങ്ങളെ പറ്റി, എഴുതിത്തുടങ്ങിയിട്ടില്ലാത്ത വരികളെ പറ്റി ഒക്കെ അര മണിക്കൂർ നേരം കൊണ്ട്, തന്റെ ഒരു കപ്പ് കാപ്പി നേരം കൊണ്ട് ആ വൃദ്ധ തന്നോട് പറഞ്ഞു തീർത്തത് അവൾ ആശ്ചര്യത്തോടെ കേട്ടിരിക്കുന്നതിനിടയിൽ തന്റെ കുടുംബത്തെ അവർക്കെങ്ങനെയറിയാം എന്ന് അന്വേഷിക്കാൻ അവൾ വിട്ടുപോയി. ഏറെ കാലമായി തന്റെ ആത്മാവിനെ പൊതിഞ്ഞിരുന്ന വിഷാദത്തിന്റെ കരിമ്പടം തന്നിൽ നിന്നും അഴിഞ്ഞു വീണതായി അവൾക്ക് തോന്നി.
പുറത്ത് ഒരു മഴപ്പകൽ കൂടി അലിഞ്ഞു തീരാനൊരുങ്ങുകയായിരുന്നു. നേരിയ ചുവന്ന കസവു ഞൊറികളണിഞ്ഞ പോലുള്ള സന്ധ്യാകാശം നഗരത്തിനു മേൽ വീണ്ടുമൊരു മഴക്കമ്പളം അണിയിക്കാൻ തുടങ്ങുകയായിരുന്നു.ബുക് ഷെൽഫിനരികെ നിന്നും മടക്കിവെച്ച കുടയെടുത്തു പുറത്തേക്കിറങ്ങുമ്പോൾ അവൾക്കെന്തെന്നില്ലാത്ത ഉന്മേഷം അനുഭവപ്പെട്ടു. ഏറെ കാലത്തെ ഏകാന്ത തപസ്സിനുശേഷം പ്യൂപ്പ പൊട്ടിച്ചു പുറത്തുവന്ന ഒരു പുതുശലഭമാണ് താനെന്ന് അവൾക്ക് തോന്നി.
നിരത്ത് അവസാനിക്കുന്നിടത്തു നിന്ന് തിരിഞ്ഞു നോക്കുമ്പോൾ ദൂരെ ഒരു ചെറിയ കാപ്പിക്കപ്പ് പോലെ ആ കോഫിഷോപ്പും അതിന്റെ മുമ്പിൽ ഒരു മെഴുകുപ്രതിമ പോലെ തന്നെ സാകൂതം നോക്കിനിൽക്കുന്ന ആ വൃദ്ധയെയും മഴനൂലുകൾക്കിടയിലൂടെ അവൾ അവ്യക്തമായി കണ്ടു. അന്ന് രാത്രി ഏറെ കാലങ്ങൾക്ക് ശേഷം സ്ലീപ്പിങ് പിൽസിന്റെ സഹായമില്ലാതെ, വിഷാദസ്വപ്നങ്ങളില്ലാതെ അവൾ സുഖമായി ഉറങ്ങി.
പിറ്റേന്ന് വൈകുന്നേരത്തെ ഡ്യൂട്ടി കഴിഞ്ഞ് പതിവുള്ള വിശ്രമം പോലുമില്ലാതെയാണ് അവൾ നഗരത്തിന്റെ ആ ആളില്ലാകോണിലെത്തിയത്. വലിയ ആമത്താഴ് കൊണ്ട് പൂട്ടിക്കിടക്കുന്ന കോഫിഷോപ്പിന്റെ വാതിൽ കണ്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത പരിഭ്രമം തോന്നി. ഇതുവരെ ഒരിക്കലും ഇങ്ങനെ ഉണ്ടാകാത്തതാണ്.ഒരു ദിവസം കൊണ്ട് ഷോപ്പിന് ഒരുപാട് മാറ്റം വന്നതുപോലെ അവൾക്ക് തോന്നി. ഷോപ്പിന്റെ വരാന്തയിലെ കൽത്തൂണുകളും ഭിത്തിയും ചെറിയ ബൾബുകളും ഒരുപാട് കാലം ആൾപെരുമാറ്റമില്ലാത്ത പോലെ തോന്നിച്ചു.
“ആരാ… എന്തു വേണം..”ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. നിരത്തിന് കുറച്ചപ്പുറത്തെ പെട്ടിക്കടക്ക് മുന്നിൽ നിന്ന് ഒരു മധ്യ വയസ്കൻ അവളെ സംശയത്തോടെ നോക്കി.
“ഈ കോഫിഷോപ്പെന്താ ഇന്ന് തുറക്കാഞ്ഞതെന്നറിയുമോ..”? അവൾ അയാളോട് ചോദിച്ചു.
“കോഫി ഷോപ്പോ..?” പൊടിഞ്ഞു വീണുകൊണ്ടിരുന്ന ചെറിയ മഴക്കഷ്ണങ്ങളെ വകവെക്കാതെ അവൾക്കരികിലേക്ക് വന്നുകൊണ്ട് അയാൾ അതിശയത്തോടെ ചോദിച്ചു.
“ഇതെന്റെ ഒരു അകന്ന ബന്ധുവിന്റെ ക്ലിനിക്കായിരുന്നു. ഒരു വർഷം മാത്രമേ ഇത് തുറന്നു പ്രവർത്തിച്ചിരുന്നുള്ളൂ.. കാര്യം അവരൊരു സൈക്യാട്രിസ്റ്റായിരുന്നെങ്കിലും
ഷോപ്പിന് പിന്നിലെ കാടു മൂടിക്കിടക്കുന്ന ഭാഗത്തേക്ക് വിരൽ ചൂണ്ടി അയാൾ പറഞ്ഞു.അപ്പോഴാണ് അവിടെ അനാഥമായി കിടക്കുന്ന പൊടി പിടിച്ച ചെയറുകളും ടേബിളുകളും ബുക് ഷെൽഫും അവൾ കണ്ടത്. എന്തിനെന്നറിയാതെ ഒരു കരച്ചിൽ അവളുടെ ഉള്ളിൽ തികട്ടി വന്നു.
പാട മൂടിയ തണുത്ത കാപ്പിപ്രതലം പോലെ അകലെ മഴയാകാശം കാറുമൂടിക്കിടന്നു. ദൂരെ നിന്നും അടുത്ത മഴയുടെ ആരവം അവൾ കേട്ടു.
“ചേട്ടാ.. ഈ പുസ്തകങ്ങൾ മുഴുവൻ ഞാനെടുക്കുകയാണ്.. എന്തു വില വേണം..ചേട്ടൻ പറഞ്ഞോ..”ഒട്ടും ആലോചിക്കാതെ മഴ നനയുന്നതിനു മുമ്പേ ഷെൽഫിലെ പുസ്തകങ്ങൾ ഓരോന്നായി പെട്ടെന്നെടുത്ത് വരാന്തയിൽ കൊണ്ട് വെക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“അല്ല… കൊച്ചിനെങ്ങനെയറിയാം ഇവിടിങ്ങനൊരു കടയുണ്ടെന്ന്..?”അയാൾ അത്ഭുതത്തോട്കൂടി ചോദിച്ചു. പുസ്തകങ്ങളൊന്നായി മഴ നനയാതെ എടുക്കുന്ന വ്യഗ്രതയിൽ അവളാ ചോദ്യം കേട്ടില്ല. ദൂരെ എവിടെയോ നിന്നൊരു മഴപ്പക്ഷി തേങ്ങിക്കരയുന്നത് പോലെ അവൾക്ക് തോന്നി. അത് തന്റെ ഉള്ളിൽ നിന്നാണെന്ന് പെട്ടെന്ന് തന്നെ അവൾ തിരിച്ചറിഞ്ഞു. ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾക്കിടയിൽ കാരണമില്ലാതെ ഒരു കരച്ചിൽ അവളുടെയുള്ളിൽ കുരുങ്ങിക്കിടന്നു.
കഥ : അവളുടെ ഒരു കപ്പ് കാപ്പി നേരം
രചന : മുബാഷിറ നസ്രിൻ