Home Literatureചൂളമരക്കാട്ടിലെ പെൺനിലവിളികൾ…

ചൂളമരക്കാട്ടിലെ പെൺനിലവിളികൾ…

മുബഷിറ നസ്രിൻ

by admin
0 comments

ത്മാക്കളുറങ്ങുന്ന ഒരു ശ്മാശാനത്തിനരികിലായിരുന്നു ആ വീട്. ശവമടക്കിനുള്ള മൃതദേഹവുമായി ഒരു ചെറിയ സംഘമാളുകൾ ചൂളമരങ്ങൾക്കു താഴെ അയാളെയും കാത്തുനിന്നിരുന്ന പോക്കുവെയിൽ മങ്ങിയ ഒരു സന്ധ്യനേരത്താണ് ആദ്യമായി അയാളുടെ കയ്യും പിടിച്ച് മാലിനി ആ വീട്ടിലെത്തുന്നത്. വീട്ടുമുറ്റത്തെത്തിയപ്പോൾ അകലെ ചൂളമരങ്ങൾക്ക് കീഴെയുള്ള ആൾക്കൂട്ടത്തെ നോക്കി അയാളൊരു നിമിഷം നിന്നു.

“നീ അകത്തുകയറി കുറച്ചു കഞ്ഞീം കപ്പേം വെക്ക്. ഞാനിപ്പോ വരാം.”

അയാൾ ഷർട്ടൂരി പുറത്തേ ഉമ്മറപ്പടിയിൽ വെച്ച് അയയിൽ നിന്നും ഒരു പഴയ ഷർട്ടും ഒരു നരച്ച മുണ്ടുമെടുത്തിട്ട് ചൂളമരങ്ങൾക്കിടയിലൂടെ അകലെ കാത്തിരിക്കുന്നവർക്ക് അരികിലേക്ക് നടന്നകലുന്നത് അവൾ വെറുതെ നോക്കിനിന്നു.

വിളക്കുമായി സ്വീകരിച്ചു കയറ്റാനാരുമില്ലാത്ത വീടിനകത്തേക്ക് നോക്കി ഒരു നിമിഷം സംശയിച്ചു നിന്നതിനു ശേഷം അവൾ പതുക്കെ ഉമ്മറത്തേക്ക് കയറി.

ഒരു ചെറിയ ഹാളും രണ്ട് ചെറിയ കിടപ്പുമുറികളും അടുക്കളയും ചേർന്ന ഒരു കുഞ്ഞുവീടായിരുന്നു അത്.

രണ്ട് കിടപ്പുമുറികളിലൊന്നിൽ നരച്ചു പഴകിയ കിടക്കയും അതിൽ അതിൽ നിറം മങ്ങിയ പൂക്കളുടെ ചിത്രമുള്ള കിടക്കവിരിയും ഉണ്ടായിരുന്നു. അതായിരിക്കും തങ്ങളുടെ മുറിയെന്ന് അവൾ ഊഹിച്ചു. മുറിയുടെ ഒരു മൂലക്ക് ചെറിയൊരു തടിയലമാര ഉണ്ടായിരുന്നു. അതിൽ അയാളുടെ വസ്ത്രങ്ങൾ അലക്ഷ്യമായി ചുരുട്ടി വെച്ചിരുന്നു. അവയൊന്നൊതുക്കി വെച്ച് അതിനകത്തേക്ക് അവളുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് വെക്കുമ്പോഴാണ് അകത്തെ മുറിയിൽ നിന്നും ഒരു ചങ്ങലശബ്ദം കേട്ടത്.

“മൂപ്പര്ടെ അമ്മയാകും..”

അവൾ മനസ്സിൽ പറഞ്ഞു. പത്തു വർഷത്തിലേറെയായി ചങ്ങലയിൽ ബന്ധിക്കപ്പെട്ട അമ്മ മാത്രമേ ബന്ധുവായിട്ട് അദ്ദേഹത്തിനുള്ളൂ എന്ന് വിവാഹദല്ലാൾ അമ്മാവനോട് പറഞ്ഞുകേട്ടത് അവൾക്കോർമ്മ വന്നു.

അവൾ മടിച്ചുമടിച്ചെങ്കിലും ജിജ്ഞാസയോടെ ചാരിയിട്ടിരുന്ന വാതിൽ പതുക്കെ തള്ളിത്തുറന്നു നോക്കി. വാതിൽക്കൽ ആൾപ്പെരുമാറ്റം കണ്ടപ്പോഴാണ് കാലുകളിലെ വൃണം ചൊറിഞ്ഞുകൊണ്ടിരുന്ന വൃദ്ധ അവളെ തലയുയർത്തി നോക്കിയത്. അവരുടെ വെളുത്ത വസ്ത്രങ്ങൾ പാടെ ചെളിപിടിച്ചു മുഷിഞ്ഞിരുന്നു. അവരുടെ നരച്ചുന്തിയ കണ്ണുകളിൽ നിറഞ്ഞു വന്ന അപരിചിതഭാവം കണ്ട് അവൾ ചിരിക്കാൻ ശ്രമിച്ചു.

“ഞാൻ ഇവിടുത്തെ അശോകേട്ടന്റെ “.. അവൾ പതിഞ്ഞ സ്വരത്തിൽ പറയാൻ ശ്രമിച്ചു. അവരുടെ മുഖത്ത് ഭാവഭേദമൊന്നുമില്ലെന്ന് കണ്ട് അവർ പതുക്കെ പിന്തിരിഞ്ഞു.

“വെശ്ക്ക്ണൂ.. വെശ്ക്ക്ണെനിക്ക്.. അശോകാ.. അശോകാ.. ഇങ്ങോട്ടൊന്നു വാടാ..”

അവർ പുറത്തേക്ക് നോക്കി ഉറക്കെ വിളിച്ചു. മാലിനി അവർക്ക് ചുറ്റും ചിതറിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങളിലേക്ക് നോക്കി. അവർ ഭക്ഷണം തട്ടിക്കളഞ്ഞതാവും. അവൾ ഊഹിച്ചു.

അവൾ ഉടനെത്തന്നെ അടുക്കളയിൽ ചെന്നു. അടുപ്പ് കത്തിച്ചു. കഞ്ഞിക്കലത്തിൽ വെള്ളമൊഴിച്ച് അടുപ്പത്തു വെച്ചു.അരിക്കലത്തിൽ നിന്നും അരിയെടുത്തിട്ട് കഞ്ഞിയുണ്ടാക്കി. കഞ്ഞി തിളച്ചു വെന്തപ്പോൾ അടുക്കളയിൽ ഒരു മൂലക്ക് കൂട്ടിവെച്ചിരുന്ന മൂന്നു കഷ്ണം കപ്പക്കിഴങ്ങെടുത്തു വെട്ടി പുഴുക്ക് വെച്ചു. ഒരു മുറി തേങ്ങയിൽ കുറച്ചു കാന്താരിമുളകിട്ട് അരച്ചെടുത്ത് ചമ്മന്തി ചുട്ടെടുത്തു. അപ്പോഴൊക്കെയും അകമുറിയിൽ നിന്ന് വിശക്കുന്നെന്നും പറഞ്ഞുള്ള വൃദ്ധയുടെ തേങ്ങൽ ഉയർന്നും താഴ്ന്നും കൊണ്ടിരുന്നു. അവൾ ഭക്ഷണം പാത്രങ്ങളിലാക്കി വൃദ്ധക്കരികിലേക്ക് ചെന്നു.

“അമ്മേ.. കഞ്ഞിയുണ്ടാക്കീട്ടുണ്ട്.. കഴിച്ചോളൂ..”

ആഴ്ചകളായി തൂത്തിട്ടെന്ന് തോന്നിക്കുന്ന നിലത്ത് അവർക്കരികിൽ ഒരു തുണി വിരിച്ച് പാത്രങ്ങൾ അതിൽ നിരത്തി വെച്ചുകൊണ്ട് അവൾ പറഞ്ഞു.

വൃദ്ധയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. അവർ ആഹ്ലാദത്തോടെ കൈകൾ കൂട്ടിതിരുമ്മിക്കൊണ്ട് കഞ്ഞിപ്പാത്രത്തിനരികിലേക്ക് നീങ്ങിയിരുന്നു. മാലിനിക്ക് സന്തോഷം തോന്നി.

അവർ രണ്ടിറക്ക് കഞ്ഞി കോരിക്കുടിച്ചു. പാത്രത്തിൽ നിന്നും കപ്പപ്പുഴുക്ക് അടർത്തിയെടുത്തുകൊണ്ട് ചമ്മന്തിപ്പാത്രത്തിൽ മുക്കി പതിയെ വായിൽ വെച്ച് കണ്ണുകളടച്ച് പതിയെ ചവച്ചു. അവരത് ആസ്വദിച്ചു കഴിക്കുന്നത് പോലെ മാലിനിക്ക് തോന്നി. ഒരു കൊച്ചുകുഞ്ഞ് ഭക്ഷണം കഴിക്കുന്നത് കാണുന്ന കൗതുകത്തോടെ അവൾ നോക്കിനിന്നു.

പെട്ടെന്നാണ് പ്രതീക്ഷിക്കാതെ കഞ്ഞിപ്പാത്രം അന്തരീക്ഷത്തിലേക്കുയർന്നത്. പിന്നാലെ മറ്റു പാത്രങ്ങളും. അവൾ ഞെട്ടി പുറത്തേക്കോടി.

പാത്രങ്ങൾ നിലത്തു വീഴുന്ന ശബ്ദത്തിനു പിന്നാലെ പൊട്ടിച്ചിരി ഉയർന്നു. ആ ചിരി പതുക്കെ വീണ്ടും കരച്ചിലിന് വഴിമാറി. 

“എനിക്ക് വിശക്കുന്നേ. എന്തേലും കൊണ്ട് തായോ.. അശോകാ..മോനേ…”

അവർ പുറത്തേക്ക് നോക്കി നീട്ടിവിളിച്ചു കൊണ്ടിരുന്നു.

“തള്ള ഇന്ന് നേരത്തെ തുടങ്ങിയോ..”

അയാൾ പിറുപിറുത്തുകൊണ്ട് നനഞ്ഞ തോർത്തുമുടുത്ത് അകത്തുകയറി. അയാൾ വന്നതോ പുറത്തെ കിണറ്റുകരയിൽ നിന്നും വെള്ളം കോരി കുളിച്ചതോ ഒന്നും ബഹളത്തിനിടക്ക് അവളറിഞ്ഞില്ല.

“അമ്മ കഞ്ഞിയൊക്കെ നിലത്തു തൂവിയല്ലോ “..

അവൾ നിസ്സഹായതയോടെ പറഞ്ഞു.

“തള്ളക്ക് കഴിക്കാൻ കിട്ടുന്നതേറിയതിന്റെ കേടാ.വെശന്ന് കുടല് കായുമ്പോ നിലത്ത് ചിന്തിയിട്ടത് തന്നെ വാരിക്കഴിച്ചോളും..”

അയാൾ ദേഷ്യത്തിൽ അകത്തേക്ക് കയറിപ്പോയി.

അകത്തെ മുറിയിൽ കരച്ചിലിന്റെ ശക്തി കുറഞ്ഞു നേർത്ത തേങ്ങലായി മാറിയിരുന്നു.ജനിച്ചിട്ടിന്നേ വരെ കണ്ടിട്ടില്ലാത്ത പെറ്റമ്മയെ അവൾക്കോർമ്മ വന്നു. അവളുടെ ഉള്ളിൽ നിന്നും ദുഃഖത്തിന്റെ ഒരു കുഞ്ഞരുവി രൂപംകൊണ്ട്

അത് കണ്ണുകളിലൂടെ ഒഴുകിയിറങ്ങാൻ വെമ്പൽ കൊണ്ടു.

“എന്തു നോക്കിയിരിക്കുവാ.. പോയി കഞ്ഞി വിളമ്പി വെക്കെടീ.”

പിന്നിൽ നിന്നും അയാളുടെ ആക്രോശം കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞു. ഒരു കയ്യിൽ ചാരായക്കുപ്പിയും മറുകയ്യിൽ ഗ്ലാസുമായി അയാളവളെ രൗദ്രഭാവത്തിൽ നോക്കി. അവൾ ഭയന്നുവിറച്ച് അകത്തേക്കോടി. ഭക്ഷണമെടുത്തു തീൻമേശയിൽ വിളമ്പിവെച്ചു. 

“നീ പോയിക്കിടന്നോ പെണ്ണേ.. പിന്നെ നാളെ കാപ്പി കാലത്തേ ആക്കണം. നാളെ മിക്കവാറും ഒരു ശവത്തെ കുഴീലെടുക്കാനുണ്ടാവും. കുറച്ചപ്പുറത്തു രാഘവനെന്ന് പറഞ്ഞൊരുത്തൻ ഇന്നലെ മുതൽ കാലനെ നോക്കി കിടക്കുവാണെന്ന് കേട്ടു. മിക്കവാറും നാളെ പുലരുന്നതിനു മുന്നേ കിളവൻ കാലിയാവും. അങ്ങനെയാണേൽ നാളെ നിനക്ക് ഞാനൊരു സാരി വാങ്ങിച്ചു തരാം.”

അയാൾ വികൃതമായി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അല്ലേലും നീ ഭാഗ്യമുള്ള പെണ്ണാ. നീ ഈ മുറ്റത്തു കടന്നപ്പോഴേ ഒരു ശവം ഇന്നേക്കുള്ള കോളുമായി വന്നു. ഇനിയിപ്പോ ദാ നാളെയും. എല്ലാം ഇനി നിന്റെ ഭാഗ്യം പോലിരിക്കും.”

അത് പറയുമ്പോൾ അയാളുടെ കണ്ണിൽ വിരിഞ്ഞ ആഹ്ലാദം ഒരു ഭയപ്പാടോടെയാണ് അവൾ കണ്ടത്. മറുപടിയൊന്നും പറയാതെ നീറിപ്പുകയുന്ന മനസ്സോടെ അവൾ അകത്തേക്ക് പോയി.

കാശും കള്ളും കിട്ടാൻ മനുഷ്യരുടെ മരണമാഗ്രഹിച്ചു കാത്തിരിക്കുന്ന ഒരാൾ. അയാളുടെ മുഖം മാറി ഒരു കഴുകന്റെ മുഖം മനസ്സിൽ തെളിഞ്ഞു വരുന്നത് പോലെ അവൾക്ക് തോന്നി. കാരണമറിയാതെ ഒരു ഭയത്തിന്റെ കനൽ അവൾക്കുള്ളിൽ വന്നുവീണു. തുറന്നു കിടക്കുന്ന ജനലിലൂടെ അകലെ കാണുന്ന ചൂളമരങ്ങൾ ശ്മശാനത്തിലെ കുഴികളിൽ നിന്നും ഉയർന്നു വന്ന ഗതികിട്ടാപ്രേതങ്ങളെ പോലെ ശ്മശാനത്തണുപ്പുള്ള ഇരുളിൽ മുടിയഴിച്ചിട്ടാടി.അതിലേതെങ്കിലുമൊരു പ്രേതം തന്നെത്തേടി വരുമെന്നും തന്റെ ഞരമ്പറുത്തു ചോരയൂറ്റുമെന്നും അവൾ ഭയന്നു. കണ്ണുകൾ ഇറുക്കിയടച്ചു ഉറങ്ങാൻ ശ്രമിക്കുമ്പോഴൊക്കെയും മരണാസന്നനായ ഒരാളുടെ ചുറ്റുമിരുന്ന് കരയുന്ന മക്കളുടെ കരച്ചിൽ അവളുടെ ഹൃദയത്തിൽ നിന്നും പുറപ്പെട്ടു കാതുകളിൽ വന്നലച്ചു.

പിറ്റേന്ന് കാലത്തേ അടുപ്പ് കത്തിച്ചു കാപ്പിക്കുള്ള വെള്ളം തിളപ്പിക്കുമ്പോഴാണ് മുഖത്ത് നിറഞ്ഞ ചിരിയുമായി ലീലച്ചേച്ചി എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാ സ്ത്രീ വീട്ടിലേക്ക് കേറി വന്നത്.

“കയറി വരൂ”.. അവൾ ക്ഷണിച്ചു.

അവർ അകത്തേക്ക് കടന്നപ്പോഴാണ് ടേബിളിലിരുന്ന ഒഴിഞ്ഞ ചാരായക്കുപ്പി മാറ്റി വെച്ചില്ലല്ലോ എന്ന് അവളോർത്തത്. അവൾക്ക് ജാള്യത തോന്നി.

“ഓ.. ഇന്നലെയുമുണ്ടായിരുന്നല്ലേ കലാ പരിപാടി..

അവരുടെ മുഖത്ത് പുച്ഛം നിറഞ്ഞു.

“അത് ഇന്നലെ ചേട്ടനൊരു ശവമടക്കുണ്ടായിരുന്നു. അവർ കൊടുത്തതാണെന്ന് തോന്നുന്നു. “

അവൾ തല താഴ്ത്തി.

“ഓ.. ചുമ്മാതാ കൊച്ചേ.. അവൻ ദിവസവും കുടിക്കാറുണ്ട്. ചങ്ങലേൽ കിടക്കുന്ന അവന്റെ തള്ളക്ക് തീറ്റേം മരുന്നും കൊടുക്കാൻ കാശില്ലേലും ദിവസോം കുടിക്കാൻ അവന്റേൽ കാശുണ്ട്.”അവർ അമർഷസ്വരത്തിൽ പറഞ്ഞു.

അവൾക്ക് എന്തെന്നില്ലാത്ത ഭയം തോന്നി. 

“അമ്മക്ക് ഭക്ഷണമൊന്നും കൊടുക്കാറില്ലേ.. അപ്പോ അമ്മ എവിടുന്ന് കഴിക്കും”?

അവൾ അന്ധാളിച്ചു. 

“രാവിലെയും ഉച്ചക്കുമുള്ള ഭക്ഷണം ഞാൻ കൊണ്ടു വരുമായിരുന്നു. പിന്നെ രാത്രിയാണേൽ അവനിവിടെ ഉള്ളത് കാരണം കൊണ്ട് വരാൻ കഴിയില്ല.

എന്നാലും കാര്യമില്ല മോളെ. കിട്ടുന്ന ഭക്ഷണമെല്ലാം തട്ടിക്കളയും. എന്നിട്ട് വെശക്കുമ്പോ നിലത്തൂന്ന് വാരിക്കഴിക്കും. എങ്ങനെ നടന്നിരുന്ന പെണ്ണായിരുന്നു.. അതിനീ ഗതികേട് വരൂന്ന് ആരേലും കരുതിയോ”അവർ

വ്യസനത്തോടെ പറഞ്ഞു.

“അമ്മ ആദ്യമേ ഇങ്ങനെ അല്ലാരുന്നോ?”

അവൾ ചോദിച്ചു.

“അവന്റെ അച്ഛൻ മരിക്കുന്നത് വരെ അല്ലാരുന്നു. അവന്റെ അച്ഛൻ കൈ വെള്ളേലിട്ടായിരുന്നു അതിനെ കൊണ്ടു നടന്നിരുന്നത്. എങ്ങാണ്ട് നിന്നോ ഒളിച്ചോടി വന്നതാണ് പോലും. അതോണ്ടാണത്രേ ബന്ധുക്കാരാരും അതിനെ അന്വേഷിച്ചു വരാത്തത്. അച്ഛൻ മരിച്ചതിനു ശേഷമാണ് പഠിപ്പ് നിർത്തി ഇവൻ ഈ തൊഴിലും കള്ളുകുടിയും  തുടങ്ങിയത്.അതിനു ശേഷമാണ് അവളുടെ നരകവും തുടങ്ങിയത്.”എന്നിട്ട് അവരൊന്ന് ശബ്ദം താഴ്ത്തി അവൾക്കടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.

“അതിനീ അസുഖം തുടങ്ങീത് ശ്മശാനപ്പേടി തട്ടീതാന്ന് പലരും പറഞ്ഞു. പക്ഷേ അതൊന്നുമല്ലെന്ന് ഇവിടെ അടുത്തുള്ളോർക്കെല്ലാർക്കുമറിയാം. ഇവന്റെ ചവിട്ടും കുത്തും കാരണമാ.. സഹിച്ചു സഹിച്ച് മനസ്സ് മടുത്തതിന് ശേഷമാ അത് ചങ്ങലയിൽ കേറിയത്.”

ഒരു വലിയ രഹസ്യം പറയുന്ന പോലെ അവർ പറഞ്ഞു. അവളുടെയുള്ളിൽ ഭയത്തിന്റെ കുമിളകൾ വീർത്തുവന്നു.

“അല്ല.. കൊച്ചെങ്ങനെ വന്നുപെട്ടു ഈ കാലന്റെ വായിൽ..?”

അവർ ആശ്ചര്യത്തോടെ ചോദിച്ചു.

ജനിപ്പിച്ചു മൂന്നാം മാസം ഏതോ ഒരുത്തന്റെ കൂടെ ഓടിപ്പോയ അമ്മയേയും കുഞ്ഞിലേ മരിച്ച അച്ഛനെയും അവൾ വെറുതെ ഓർത്തു.രണ്ടുപേരുടെയും മുഖങ്ങളുടെ ചെറിയ ഓർമ്മ പോലുമില്ലായിരുന്നു.അമ്മാവന്റെ വീട്ടിൽ പെഴച്ചവളുടെ മോളെന്ന ഓമനപ്പേരിൽ അവിടുത്തെ ഒരു വേലക്കാരിക്ക് സമം ജീവിച്ചിരുന്ന സമയത്തെ ഓർത്തു.കുടിയനായ ഒരുത്തനാണെന്നറിഞ്ഞു കൊണ്ടാണ് അമ്മാവൻ തന്നെ അവിടെ നിന്നൊഴിവാക്കിയതെന്നോർത്തപ്പോൾ അവളുടെ ഉള്ളിൽ രണ്ടു ദിവസങ്ങൾക്ക് മുന്നേ മനസ്സിലെ കല്യാണദിവസം എന്നേക്കുമായി കരിഞ്ഞെന്ന് കരുതിയ മുറിവ് വീണ്ടും നീറിപ്പഴുത്തു.

“എന്താ ലീലച്ചേച്ചീ.. എന്റെ ഭാര്യയുമായൊരു സ്വകാര്യം പറച്ചിൽ?

അവർ ഞെട്ടിതിരിഞ്ഞു നോക്കി. അടുക്കളവാതിൽപ്പടിയിൽ ചാരി നിന്നുകൊണ്ട് അയാൾ ഇരുവരെയും അമർഷത്തോടെ നോക്കി.

“അതൊന്നുമില്ല അശോകാ.. നീയൊരു പെണ്ണ് കെട്ടീട്ട് അയൽവാസികളായ ഞങ്ങളെ അറിയിക്കാത്തതും പോരാഞ്ഞിട്ട് പുതുപ്പെണ്ണിനെ കാണാൻ വന്നതും ഇഷ്ടമായില്ലേ നിനക്ക്?”

അവർ ചോദിച്ചു.

“കാപ്പി ആയിരുന്നെങ്കിൽ എടുത്തു വെക്കെടീ..”അയാൾ അവളുടെ മുഖത്ത് നോക്കി ഇഷ്ടക്കേടോടെ പറഞ്ഞു.ഇരുണ്ട മുഖവുമായി ലീലച്ചേച്ചി പിറുപിറുത്തു കൊണ്ടിറങ്ങി പ്പോവുന്നത് വിളറിയ മുഖത്തോടെ അവൾ നോക്കിനിന്നു.

“ചേട്ടാ.. ആരേലുമുണ്ടോ”

അയാൾ പുറത്തിറങ്ങി നോക്കി. പത്തു പന്ത്രണ്ട് വയസ്സ്  തോന്നിക്കുന്ന മെലിഞ്ഞു നീണ്ടൊരാൺകുട്ടി തെല്ല് സംശയത്തോടെ അവളെ നോക്കി.

“എന്തേ ഹരിക്കുട്ടാ..?”

അയാൾ ചോദിച്ചു.

“അങ്ങേലെ രാഘവൻചേട്ടൻ മരിച്ചു പുലർച്ചെ. ഇന്ന് ഉച്ചക്ക് മുന്നേ അടക്കമുണ്ടാവുമെന്ന് പറഞ്ഞു.”

“ഞാൻ പറഞ്ഞില്ലേ..?”

അയാളൊരു വിജയിയെപ്പോലെ അവളെ നോക്കിച്ചിരിച്ചു.

ഒരു കൂട്ടക്കരച്ചിൽ ചൂളമരങ്ങൾക്കിടയിലൂടെ ഇരമ്പിവന്ന കാറ്റിൽ അവളുടെ ചെവിയിൽ അലയടിക്കുന്ന പോലെ അവൾക്ക് തോന്നി. 

അയാൾ വസ്ത്രം മാറി തൂമ്പായെടുത്തു ശ്മശാനം ലക്ഷ്യമാക്കി നടന്നകന്നതും അവൾ അകത്തുകയറി ഒരു കോപ്പയിൽ കട്ടൻകാപ്പിയും പ്ളേറ്റിൽ പ്രാതലുമെടുത്ത്  അകമുറിയിലേക്ക് ചെന്നു.അവൾ ചെല്ലുമ്പോൾ വൃദ്ധ മുറിയിൽ ഭക്ഷണാവശിഷ്ടങ്ങൾക്കിടയിൽ ചുരുണ്ടു കിടക്കുകയായിരുന്നു.അവരെ കണ്ടപ്പോൾ അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ കിടക്കുന്ന ഒരു ശിശുവിനെ പോലെ അവൾക്ക് തോന്നി.അവരുടെ ഒട്ടിയ വയറും മെലിഞ്ഞൊട്ടിയ ശരീരവും കണ്ട് അവൾക്ക്  അലിവ് തോന്നി.

“അമ്മേ..”

അവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചു. വൃദ്ധ പീള കെട്ടിയ കണ്ണുകൾ വലിച്ചു തുറന്ന് അവളെ നോക്കി.അവരുടെ നരച്ചുന്തിയ കണ്ണുകൾ കണ്ട് അവൾക്കപ്പോ ഭയം തോന്നിയില്ല.

“കാപ്പി കുടിക്കണ്ടേ അമ്മേ.. നേരമൊരുപാടായില്ലേ..?”

അവൾ തുണി വിരിച്ച് കോപ്പയും പാത്രങ്ങളും അതിൽ വെച്ചു..

“വെശ്ക്ക്ണെനിക്ക്..”അവർ പതിവു പോലെ തേങ്ങി. അവളൊരു കഷ്ണം ദോശ മുറിച്ചെടുത്ത് കാപ്പിയിൽ മുക്കി അവർക്ക് നേരെ നീട്ടി. അപ്രതീക്ഷിതമായതെന്തോ സംഭവിച്ച പോലെ  അമ്പരന്ന് അവർ അവളുടെ മുഖത്തേക്ക് നോക്കി.

“കഴിച്ചോളൂ അമ്മേ.. ഇന്നലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ “

അവൾ പറഞ്ഞു.

അമ്പരന്നു കൊണ്ട് സ്വയമറിയാതെ അവർ വാ തുറന്നു. അവർക്ക് വാരിക്കൊടുത്തൂട്ടുമ്പോൾ ഒരു കൊച്ചുകുഞ്ഞിനെ ഊട്ടുന്ന പോലെ അവൾക്ക് തോന്നി.വാത്സല്യത്തണുപ്പുള്ള ഒരു കുഞ്ഞുനീരുറവ ഉള്ളിലെവിടെയോ നിന്ന് ഉറവെടുത്തൊഴുകുന്നത് അവളറിഞ്ഞു.

ഭക്ഷണം കഴിച്ചു കഴിഞ്ഞു അവരുടെ വായയും മുഖവും കഴുകിത്തുടച്ചതിനു ശേഷം അവൾ മുറിയുടെ മൂലക്കിരുന്ന ചെറിയ ചൂലെടുത്തു മുറിക്കകമൊന്നാകെ തൂത്തുവാരി. ചെറിയ ബക്കറ്റിൽ വെള്ളം പിടിച്ചു കൊണ്ടുവന്ന് തുടച്ചു വൃത്തിയാക്കി. അവളുടെ പ്രവൃത്തികളെല്ലാം വൃദ്ധ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നോക്കിനിന്നു.മുറിയിലെ അടച്ചു പൂട്ടിയ ജനൽപ്പാളികൾ അവൾ പണിപ്പെട്ട് തള്ളിത്തുറന്നപ്പോൾ അകത്തേക്കിരച്ചു വന്ന സൂര്യപ്രകാശം നരച്ച കണ്ണുകളിലടിച്ചതും അവർ ഒരു ചെറിയ നിലവിളിയോടെ കൈ കൊണ്ട് മുഖം മറച്ചു. കുറേ നേരം അതേപടി ഇരുന്നതിന് ശേഷം അവർ കൈകൾ മാറ്റി വീണ്ടും പുറത്തെ വെയിലിലേക്ക് നോക്കി. വീണ്ടും മുഖം പൊത്തി. അങ്ങനെ ഏറെ നേരം കഴിഞ്ഞപ്പോൾ ഏറെ നേരം വെയിലിലേക്ക് നോക്കാനുള്ള കഴിവ് അവരുടെ കണ്ണുകൾക്ക് തിരിച്ചുകിട്ടി.അവർ പതിയെ നിരങ്ങിവന്ന് ജനലഴികളിൽ പിടിച്ച് ഒരു അദ്ഭുതലോകത്തിലേക്ക് നോക്കുന്ന പോലെ പുറത്തേക്ക് നോക്കി. അവരുടെ നരച്ച കണ്ണുകൾ സൂര്യപ്രകാശമേറ്റ് തിളങ്ങി. അവരുടെ കണ്ണുകൾ നരച്ചുകെട്ടു പോയത് വർഷങ്ങളോളം ശവപ്പെട്ടി പോലുള്ള ഈ കുടുസ്സുമുറിയിൽ അടച്ചിടപ്പെട്ടതു കൊണ്ടാണെന്നു അവൾക്ക് തോന്നി.അവർ ജനലഴികളിൽ മുഖം ചേർത്തുവെച്ച് കണ്ണുകളടച്ച് ആർത്തിയോടെ വെയിലു കൊണ്ടു. അവരുടെ വെള്ളിനാരു പോലുള്ള മുടിയിഴകൾ വേനൽക്കാറ്റിന്റെ തലോടലേറ്റിളകി മറിയുന്നത് അവൾ കൗതുകപൂർവം നോക്കിനിന്നു. അന്നേരം അവരുടെ മുഖം കണ്ടപ്പോൾ വർഷങ്ങളായി ആണിയടിച്ചു തളക്കപ്പെട്ട നല്ലവളായ ഒരു വൃദ്ധയക്ഷിയെ പോലെ അവൾക്ക് തോന്നി.

അവൾ ഉച്ചഭക്ഷണമെല്ലാം തയ്യാറാക്കി തിരിച്ചു വന്നു നോക്കുമ്പോഴും വൃദ്ധ അതേ ഇരിപ്പ് തന്നെയായിരുന്നു.

“മതിയമ്മേ.. ഇനി നമുക്ക് കുളിക്കാം”

അവർ അദ്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.അവൾ ചങ്ങലക്കൊളുത്തുകൾ കൊണ്ട് വൃണം നിറഞ്ഞ ആ കാലുകൾ ചങ്ങലയിൽ നിന്നും പതിയെ മോചിപിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുവന്നു. എന്തിനെന്നറിയാതെ അവളുടെയും.

വർഷങ്ങളായി ജലസ്പർശമേൽക്കാത്ത ശരീരത്തിൽ

വെള്ളം തൊട്ടപ്പോൾ വൃദ്ധ ഒന്ന് ഞരങ്ങി.ശേഷം തലവഴി എത്ര വെള്ളം കോരിയൊഴിച്ചിട്ടും മതിയാവാത്ത പോലെ അവർ കുമ്പിട്ടിരുന്നു. കുളി കഴിഞ്ഞു തല തുവർത്തുമ്പോഴും വസ്ത്രം മാറുമ്പോഴുമെല്ലാം അനുസരണയുള്ളൊരു കൊച്ചു കുട്ടിയെപ്പോലെ അവർ അവളോടൊട്ടി നിന്നു. ഇവർക്ക് വേണ്ടി മാത്രമാണ് ദൈവം അയാളുടെ കൂടെ തന്നെ ചേർത്തുവെച്ചതെന്നവൾക്ക് തോന്നി.

“അമ്മക്ക് മുറ്റത്തേക്കിറങ്ങണോ”

അവൾ ഒരു കുഞ്ഞിനെ കൊഞ്ചിക്കുന്ന പോലെ അവളോട് ചോദിച്ചു. അവർ സന്തോഷത്തോടെ തലയാട്ടി. വർഷങ്ങൾക്ക് ശേഷം മണ്ണിൽ കാലുതട്ടിയപ്പോൾ അവരൊരു കൊച്ചു കുഞ്ഞിനെ പോലെ നിഷ്കളങ്കമായി ചിരിച്ചു.പോക്കുവെയിൽ സ്വർണനിറം ചാലിച്ച മുറ്റത്ത്‌ അവളുടെ കയ്യിൽ തൂങ്ങി മുറ്റത്തെ മണലിൽ പിച്ചവെക്കും പോലെ നടക്കുന്ന വൃദ്ധയെ കണ്ടുകൊണ്ടാണ് എന്നത്തേയും പോലെ കയ്യിൽ ചാരായക്കുപ്പിയും മറുകയ്യിലൊരു കവറുമായി അയാൾ മുറ്റത്തേക്ക് കയറിയത്.

“അശോകൻ വന്നോ.. അശോകാ.. മോനേ..”വൃദ്ധ അയാളെ നോക്കി ആഹ്ലാദത്തോടെ ചിരിച്ചു.

“ആരു പറഞ്ഞെടീ തള്ളയെ പുറത്തിറക്കാൻ”

അയാൾ ആക്രോശിച്ചു..അവൾ ഞെട്ടിവിറച്ചെങ്കിലും വൃദ്ധ അപ്പോഴും ചിരിച്ചു കൊണ്ടിരുന്നു..

“തള്ളയെങ്ങാൻ ഓടിപ്പോയാൽ നീ പുറകേ പോകുമോടീ”

ഒരു മുഴുത്ത തെറിയോടെ അയാളവളുടെ മുഖത്താഞ്ഞടിച്ചു. പ്രതീക്ഷിക്കാതെ വന്നുവീണ അടിയിൽ അവൾ വേച്ചുവീഴാൻ പോയതും വൃദ്ധ അവളെ താങ്ങി. അവൾ അതിശയത്തോടെ അവരെ നോക്കിയതും അയാളവരുടെ മുടിക്കുത്തിൽ പിടിച്ച് അകത്തേക്ക് വലിച്ചിഴച്ചു. അവൾ മനോഹരമായി ചീകി മെടഞ്ഞിട്ട അവരുടെ മുടിയിഴകൾ അലക്ഷ്യമായി കെട്ടഴിഞ്ഞുവീണു. അയാൾ വീണ്ടും അവരുടെ കാലിൽ ചങ്ങലയിട്ട് പൂട്ടിയപ്പോൾ അവർ വാവിട്ട് കരഞ്ഞു.

“അയ്യോ.. ഓടി വായോ മോളേ.. എന്നെ പൂട്ടിയിടുന്നേ..”അവർ ആർത്തുകരഞ്ഞു.അയാളുടെ അടി കൊണ്ട് നീറിപ്പുകയുന്ന കവിളിൽ കൈയമർത്തി അവൾ വിങ്ങിക്കരഞ്ഞു.അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടും അയാൾ പകുതി ചാരായക്കുപ്പിയുമായി വരുന്ന സന്ധ്യകളിലെല്ലാം അവളുടെ കവിൾ വീങ്ങിത്തടിച്ചു.സമൃദ്ധമായി നീണ്ടു പരന്നു കിടന്നിരുന്ന മുടിയിഴകൾ മുന്നിലേക്കിട്ട് അവൾ പരമാവധി കവിളിലേ തിണർപ്പുകൾ മറക്കാൻ ശ്രമിച്ചെങ്കിലും ഒരു  സന്ധ്യനേരത്ത് അന്തിക്കടുപ്പ് കത്തിക്കാനുള്ള വിറക് പെറുക്കാനിറങ്ങിയ നേരത്താണ് ലീലച്ചേച്ചി ഒരു മറച്ചുവെച്ച രഹസ്യം കണ്ടുപിടിക്കും പോലെ അവളുടെ മുടിയിഴ മാറ്റിയാ മുറിപ്പാട് കണ്ടുപിടിച്ചത്.

“എന്തുവാടീ ഇത്..?”

അവർ അന്ധാളിച്ചു.

“അത് രാത്രി കിടന്നപ്പോൾ പ്രാണികളെന്തോ കടിച്ചതാ ചേച്ചി..”

അവൾ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

“ഇതോ”

അവർ വീണ്ടും സംശയത്തോടെ ചോദിച്ചു.

അവൾ മറുപടി പറയാതെ പെറുക്കിവെച്ച വിറകുകൾ കയ്യിലെടുത്തു.

“കെട്ട്യോനുണ്ടായിരുന്ന സമയത്ത് എന്റെ മുഖത്തും ഇതുപോലെ പ്രാണികളൊക്കെ കടിക്കുമായിരുന്നു. സഹികെട്ട് ഞാൻ മൂപ്പരെ കളഞ്ഞിട്ടു പോന്നു. ഇപ്പൊ അങ്ങനെയൊരു പ്രാണിശല്യവും എനിക്കില്ല.”

അവർ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. അവളുടെ മുഖം കടലാസ് പോലെ വിളറിവെളുത്തു.

“അതുകൊണ്ടെന്താ ഇപ്പൊ സ്വന്തമായി അധ്വാനിച്ചു കൊണ്ടരണ കാശ് കൊണ്ട് മനസമാധാനത്തിൽ കഴിക്കേം കിടക്കേം ചെയ്യാം. ആരടേം ചവിട്ടും അടീം കൊള്ളേണ്ടല്ലോ..പിന്നൊരു കാര്യം നീ മറക്കണ്ട.. മുമ്പ് ഇതുപോലെ എന്നും മുറിപ്പാടുകൾ ആരും കാണാണ്ട് കൊണ്ടുനടന്ന ഒരുത്തിയാ അവിടെ ചങ്ങലക്കുള്ളിൽ കിടക്കുന്നത്. അത് നീ മറക്കണ്ട”

അവർ വിറകുകെട്ടുമായി ചൂളമരങ്ങൾക്കപ്പുറത്തേക്ക് മറയുന്നത് അവൾ നോക്കിനിന്നു.

ആ വർഷത്തെ ആദ്യത്തെ വേനൽമഴ പെയ്തന്നു രാത്രിയിലാണ് ഒരു ചെറിയ ഞരക്കം പോലുമില്ലാതെ വൃദ്ധ  ആ ചങ്ങലത്തടവിൽ കിടന്ന് മരിച്ചത്.അന്ന് രാത്രി അത്താഴക്കഞ്ഞി കൊണ്ടു മുറിയിൽ വന്നപ്പോഴാണ്  അവരുടെ ആത്മാവ് ആ ചങ്ങലക്കെട്ടിൽ നിന്നും സ്വയമിറങ്ങിപോയത് അവളറിഞ്ഞത്.

“പകല് നേരത്താണ് ചത്തിരുന്നതെങ്കിൽ അപ്പൊത്തന്നെ പോയി കുഴിയെടുക്കായിരുന്നു. തള്ളക്കല്ലേലും പണ്ടേ മനുഷ്യരെ ബുദ്ധിമുട്ടിച്ചാണല്ലോ ശീലം. ഇനി പുലരും വരെ അവിടെക്കിടക്കട്ടെ. അല്ലാണ്ടെന്തു ചെയ്യാൻ”

അയാൾ പാതി കുടിച്ച ചാരായക്കുപ്പിയുമായി വീണ്ടും പുറത്തേക്ക് പോയി. അവളന്ന് രാത്രി മുഴുവൻ ആ മുറിയിൽ കരഞ്ഞുകൊണ്ടിരുന്നു.

നേരം പുലർന്നതും അയാൾ തൂമ്പായെടുത്തു ചൂളമരങ്ങൾക്കിടയിലേക്ക് നടന്നു മറഞ്ഞതും അവളോടി ലീലച്ചേച്ചിയെ കൂട്ടിക്കൊണ്ടുവന്നു.തൊട്ടടുത്തുള്ള ഏതാനും കുറച്ച് അയൽവാസികൾ മാത്രം കൂടിയിരുന്ന ഒരു ശവസംസ്കാരച്ചടങ്ങായിരുന്നു അത്. ആരുടെയോ ആരോ മരിച്ചു കഴിഞ്ഞ മട്ടിൽ ഏതോ ഒരാൾക്ക് വേണ്ടിയെന്ന പോലെ കുഴിയെടുക്കുന്ന അയാളെ  നിർവികാരതയോടെ അവൾ നോക്കിനിന്നു.പെറ്റ വയറിനോട് പോലും ഒരുതരി കരുണ പോലുമില്ലാത്ത അയാളുടെ കൂടെ കഴിഞ്ഞാൽ അയാളുടെ മർദ്ദനവും ആ വീട്ടിലെ എകാന്തതയും കൊണ്ട് ശ്വാസംമുട്ടി ലീലച്ചേച്ചി പറഞ്ഞതുപോലെ ആ കുടുസ്സുമുറിയും ചങ്ങലയും തനിക്ക് പതിച്ചുകിട്ടുമെന്നോർത്ത് മനസ്സിൽ ഭയത്തിന്റെ ഒരു ചങ്ങലത്തണുപ്പരിച്ചിറങ്ങുന്നത് അവളറിഞ്ഞു. എല്ലാവരും പിരിഞ്ഞു പോയ വീട്ടിൽ അവസാനമാണ് തൂമ്പായും കൊണ്ട് ചൂളമരങ്ങൾക്കിടയിലൂടെ അയാൾ നടന്നുവന്നത്.

“വല്ലോരുമായിരുന്നെങ്കിൽ പത്തു മൂവായിരം രൂപയും ഒരു കുപ്പിയും കിട്ടണ്ട കേസായിരുന്നു.. ഇതിപ്പോ സ്വന്തം വീട്ടിലെയായിപോയില്ലേ..”

അയാൾ ആത്മഗതം പോലെ പറഞ്ഞു.

“ഞാനിപ്പോ വരാം.. നീ അകത്തുപോയി കുറച്ചു കഞ്ഞീം കപ്പേം വെക്ക്”

അതും പറഞ്ഞു അയാൾ കുപ്പായം മാറ്റി പുറത്തേക്കിറങ്ങി.എന്തോ ആ സമയത്ത് കല്യാണം കഴിഞ്ഞു ആദ്യമായി ഈ വീട്ടുമുറ്റത്തു വന്ന വൈകുന്നേരം അവൾക്കോർമ്മ വന്നു.

അയാൾ ചാരാപ്പീടികയിലേക്കാണെന്നും ഇനി ഒരു മണിക്കൂറിനകം ചലിക്കുന്നൊരു നോക്കുകുത്തിയെ പോലെ  പാതിയൊഴിഞ്ഞ ചാരായക്കുപ്പിയുമായി അയാൾ വരുമെന്നും അവൾക്കറിയാം. വരുമ്പോ കൈനീട്ടി അടിക്കാനൊഴിച്ചിട്ട കവിളുമായി തന്നെയിവിടെ കാണാതായാൽ അയാളെന്തു ചെയ്യും. അതോർത്തു അവളുടെ ചുണ്ടിലൊരു ചിരി ഊറിവന്നു.

തന്റെയീ വീട്ടിലെ കടമയും ഉത്തരവാദിത്തവുമെല്ലാം തീർന്ന പോലെ അവൾക്ക് തോന്നി. അകത്തു കയറി തന്റെ ബാഗ് എടുത്ത് പുറത്തിറങ്ങുമ്പോൾ അവളുടെ മനസ്സ് ശൂന്യമായിരുന്നു.

ആദ്യമായി ആ വീട്ടിൽ വന്ന ദിവസത്തെ പോലെ ഒരു വേനൽക്കാല  സന്ധ്യയിലൂടെ അവളാ ചൂളമരങ്ങൾ നിഴൽവിരിച്ച വഴികളിലൂടെ തിരികെ നടന്നു.

കഥ : ചൂളമരക്കാട്ടിലെ പെൺനിലവിളികൾ…
രചന : മുബഷിറ നസ്രിൻ

You may also like

Leave a Comment