മഞ്ഞുകാലാരംഭത്തിലുള്ള ഒരു ഡിസംബർ മാസപ്പകലിലെ മങ്ങിയ ഒരു ഈറൻ സന്ധ്യാനേരമായിരുന്നു അത്.
വഴിയരികിലുള്ള മാതാവിന്റെ രൂപക്കൂടിനു മുന്നിൽ മെഴുകുതിരി തെളിയിക്കുമ്പോഴാണ് തന്നെ ആരോ നോക്കുന്നുണ്ടെന്ന തോന്നൽ ലിൻഡയുടെ ചിന്തയിൽ ഒരു മഞ്ഞുതുള്ളി പോലെ വന്നു വീണത്. തലയുയർത്തി നോക്കിയപ്പോഴാണ് അകലെ പള്ളിക്കു മുന്നിലുള്ള ചെറിയ ബദാo മരച്ചുവട്ടിൽ മെറൂൺ കളർ ടീ ഷർട്ടിട്ട ഒരു ചെറുപ്പക്കാരൻ കാറിൽ ചാരിനിന്നുകൊണ്ട് അവളെത്തന്നെ സാകൂതം നോക്കി നിൽക്കുന്നത് കണ്ടത്.ഭയപ്പെടുത്തുന്ന എന്തോ ഒന്ന് ആ നോട്ടത്തിലുണ്ടെന്ന് ലിൻഡക്ക് തോന്നി. നോട്ടം കൂട്ടിമുട്ടിയതും അയാൾ പെട്ടെന്ന് മുഖംവെട്ടിച്ച് പള്ളിമുറ്റത്തിരുന്നു കളിക്കുന്ന കുട്ടികൾക്കരികിലേക്ക് നോട്ടം മാറ്റി.
അന്നുമുതലാണ് അയാളുടെ ഭയപ്പെടുത്തുന്ന കണ്ണുകൾ ലിൻഡയെ സ്ഥിരമായി പിന്തുടരുവാൻ തുടങ്ങിയത്. കോളേജിലേക്കുള്ള നടവഴികളിൽ, ബസ് സ്റ്റോപ്പുകളിൽ,റെസ്റ്റോറന്റു
തന്റെ പല നല്ല നിമിഷങ്ങളും അയാൾ മൂലം ഇല്ലാതാവുന്നത് അവളറിഞ്ഞു. തനിച്ചിരുന്നു വായിക്കാറുള്ള പഴയ കോളേജ് ബിൽഡിങ്ങിലെ വരാന്തകൾ, കോളേജ് ഗ്രൗണ്ടിലെ ഒഴിഞ്ഞ കോണിലുള്ള നെല്ലിമരച്ചുവട്ടിലിരുന്ന് കണ്ടിരുന്ന കിനാവുകൾ, കുത്തിക്കുറിച്ചിരുന്ന വരികൾ എല്ലാം നഷ്ടമാവുന്നത് അവളറിഞ്ഞു.
ക്രിസ്മസ് തലേന്ന് പള്ളിയിൽ കരോൾഗാനത്തിനിടക്കാണ് അയാളുടെ വേട്ടയാടുന്ന കണ്ണുകൾ പിന്നെയും കാണുന്നത്. പരിഭ്രമത്തിനിടയിൽ വരികൾ തെറ്റിച്ചു പാടിയ തന്നെ ക്വയർ സംഘത്തിലുള്ള മറ്റു കുട്ടികൾ ഒരു കുറ്റവാളിയെപ്പോലെ നോക്കിയപ്പോഴാണ് അവൾക്ക് സ്ഥലകാലബോധം വന്നത്. ഊരോ പേരോ അറിയാത്തൊരാളുടെ കണ്ണുകളെ ഭയന്ന് താനെത്രകാലം ഇങ്ങനെ ജീവിക്കുമെന്നാലോചിച്ച് അവൾക്ക് പേടി തോന്നി.
പിന്നീട് കുറേ ദിവസങ്ങളായി അയാളെ കണ്ടില്ല. പള്ളിയിലെ ക്രിസ്മസ് പരിപാടികൾക്കിടയിലെല്ലാം അയാളുടെ നോട്ടവും അത് നെഞ്ചിലുണ്ടാക്കുന്ന ഭയക്കുമിളകളും പ്രതീക്ഷിച്ചാണ് താല്പര്യമില്ലെങ്കിലും മമ്മിയുടെയും പപ്പയുടെയും കൂടെ അവൾ പള്ളിയിൽ പോയത്.
എന്നാൽ അന്നും അതിനടുത്ത ദിവസങ്ങളിലും അയാളെ കാണാതായപ്പോൾ അവൾക്ക് നേരിയ ആശ്വാസം തോന്നി. അവൾക്ക് നഷ്ടപ്പെട്ട ഇടങ്ങളും നിമിഷങ്ങളും തിരിച്ചു കിട്ടുമെന്നുള്ള ആഹ്ലാദം അവളുടെ മുഖത്തും മനസ്സിലും നിറഞ്ഞുനിന്നു.
ക്രിസ്മസ് അവധി തീർന്ന് കോളേജ് തുറന്ന് ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു സന്ധ്യനേരത്ത് പള്ളിയിലെ തണുത്ത ഏകാന്തതയിലിരുന്ന് പ്രാർത്ഥിക്കുമ്പോഴാണ് പെട്ടെന്ന് കാരണമില്ലാതെ അയാളുടെ ചിന്ത അവളുടെ മനസ്സിൽ തെളിഞ്ഞുവന്നത്. പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടുപുറകിലെ ബെഞ്ചിൽ അവളെത്തന്നെ നോക്കിയിരിക്കുന്ന അയാളെക്കണ്ടതും അവൾ ഞെട്ടിയെഴുന്നേറ്റു. അവൾ തിരിഞ്ഞ് കർത്താവിന്റെ രൂപത്തിലേക്ക് നോക്കി. എന്തോ ഒരു ധൈര്യം അവൾക്കുള്ളിൽ നിറഞ്ഞു വന്നു.
“നിങ്ങളാരാ..? എന്തിനാ എന്നെ ഫോളോ ചെയ്യുന്നത്..?”
അവൾ ഈർഷ്യയോടെ ചോദിച്ചു.
“സോറി. എനിക്കല്പം സംസാരിക്കാനുണ്ടായിരുന്നു. കുട്ടിയോടല്ല കുട്ടിയുടെ പപ്പയോട്. അതിനെ ക്കുറിച്ച് കുട്ടിയോട് സംസാരിക്കാൻ വന്നതായിരുന്നു”. അയാൾ വിക്കി. അയാളുടെ കണ്ണുകളിൽ അതുവരെ കണ്ടതായി തോന്നിയിരുന്ന ഭയപ്പെടുത്തുന്ന ഭാവം തീരെയും ഇല്ലെന്ന് അവൾ ശ്രദ്ധിച്ചു. “തന്റെ ഓരോ പൊട്ടച്ചിന്തകൾ”.അവൾക്കായാളോട് സഹതാപം തോന്നി. അയാൾക്ക് പപ്പയുടെ അടുക്കൽ നിന്നും എന്തെങ്കിലും കാര്യം സാധിക്കേണ്ടതായിട്ടുണ്ടാകും. അതിനെക്കുറിച്ച് പറയാൻ തന്നെ സമീപിക്കാൻ ശ്രമിച്ചതാവും.
ലിൻഡയുടെ പപ്പ അവിടുത്തെ സ്റ്റേഷനിലെ എസ് ഐ ആണ്. പൊതുവെ കർക്കശക്കാരനായ അയാളോട് നേരിട്ട് പറയാൻ മടിയുള്ള പല കാര്യങ്ങളുമായി പരിചിതരായ ആളുകൾ അവളുടെയെടുത്ത് വരാറുണ്ട്. അയാളുടെ ഒരേയൊരു വീക്നസ് മകൾ മാത്രമാണെന്നത് പരസ്യമായ രഹസ്യമായിരുന്നു.
“എന്താ പപ്പയോട് പറയേണ്ടത്. പറഞ്ഞോളൂ. പിന്നെ ന്യായമായ കാര്യത്തിനേ എന്റെ സഹായം പ്രതീക്ഷിക്കാവുള്ളൂ കേട്ടോ.”
അവൾ പറഞ്ഞു.
“അയ്യോ.. എനിക്ക് വേണ്ടി ലിൻഡ സംസാരിക്കണ്ട. എനിക്ക് പപ്പയെ ഒന്ന് കണ്ടാൽ മതി. ഇപ്പൊ പപ്പ വീട്ടിലുണ്ടാകുമോ?”അയാൾ ചോദിച്ചു.
“പപ്പക്കിന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. പെട്ടെന്ന് പോവാണെങ്കിൽ കാണാം.”
പുറത്തേക്ക് നടന്നുകൊണ്ട് ലിൻഡ പറഞ്ഞു.
” ഒരുപാടൊന്നുമില്ല. പത്തു മിനുട്ട് ഡ്രൈവേ ഉള്ളൂ. “അവൾ പറഞ്ഞു.
“ലിൻഡയുടെ പപ്പ എന്റെ കുടുംബത്തിന് ഒരുപാട് ഉപകാരങ്ങൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു എന്റെ അച്ഛൻ മരിച്ചത്. മരിക്കുന്നതിന് മുന്നേ അച്ഛൻ അവസാനമായി എന്നോട് പറഞ്ഞാരുന്നു. ലിൻഡയുടെ പപ്പയെ ഒന്ന് വന്ന് കാണണമെന്ന്”
ഡ്രൈവിങ്ങിനിടയിൽ ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. അവൾക്ക് തന്റെ പപ്പയെക്കുറിച്ചോർത്ത് അഭിമാനം തോന്നി.
“പപ്പ എന്തൊക്കെ ചെയ്‌തെന്നറിയണ്ടേ ലിൻഡക്ക്?”ഒട്ടും സ്പീഡില്ലാതെ ഡ്രൈവ് ചെയ്യുന്നതിനിടയിൽ അയാൾ ചോദിച്ചു.
“എന്തു ചെയ്തു”? അവൾ അഭിമാനത്തോടെ ചോദിച്ചു.
“ലിൻഡയുടെ അതേ പ്രായമായിരുന്നു എന്റെ അനിയത്തിക്ക്. മെഡിസിന് പഠിച്ചോണ്ടിരിക്കുവായിരുന്നു.കോ
അയാൾ കുറച്ചു നേരം നിശബ്ദമായി. ഒരു അസുഖകരമായ മൗനം കറിനുള്ളിൽ നിറഞ്ഞു നിന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യം കേട്ട പോലെ ലിൻഡ അമ്പരന്ന് അയാളുടെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകളിലെ തനിക്ക് പരിചിതമായ തന്നിൽ ഭയം ജനിപ്പിക്കുന്ന ഭാവം നിറഞ്ഞത് അവൾ ഉൾക്കിടില ത്തോടെ കണ്ടു.
“അനിയത്തിക്ക് വേണ്ടി പോലീസ് സ്റ്റേഷനിൽച്ചെന്ന എന്നെയും അച്ഛനെയും അമ്മയുടെ മുന്നിലിട്ട് ലിൻഡയുടെ പപ്പ തല്ലി. അനിയത്തിയുടെ ഭാവിക്ക് വേണ്ടി കെഞ്ചിയ എന്റെ അമ്മയെ അസഭ്യം പറഞ്ഞു.” അയാൾ ഭയങ്കരമായി കിതച്ചു. ഒരു വന്യമൃഗത്തിന്റെ പോലെ അയാളുടെ ഭാവം മാറിയത് ലിൻഡ കണ്ടു. പെട്ടെന്നാണ് കാറിന്റെ സ്പീഡ് കൂടിയത്. ചീറിപ്പായുന്നൊരു വലിയ വെടിയുണ്ട പോലെ മുന്നിൽകാണുന്ന വഴികളിലൂടെ അയാൾ ഭ്രാന്തമായി കാറോടിച്ചു.
“അയ്യോ ഇതാണെന്റെ വീട്. ഇവിടെ നിർത്തൂ. പ്ലീസ് സ്റ്റോപ്പ് ദ കാർ. “കാറിന്റെ ഡോറിൽ കൈ കൊണ്ടടിച്ചു കൊണ്ട് അവൾ അലറിക്കരഞ്ഞു.ഗ്ലാസും ഡോറുമെല്ലാം ലോക്കായിരുന്നു.
“കരയാതെ ലിൻഡാ. ഞങ്ങടെ കഥ തീർന്നിട്ടില്ല. തീർന്നിട്ട് നമുക്ക് തീരുമാനിക്കാം നമുക്കിനി പപ്പയുടെ അടുത്തേക്ക് പോണോ വേണ്ടായോന്ന്.”അയാൾ വികൃതമായി ചിരിച്ചു.
“ലോകത്തിനു മുന്നിലൊന്നാകെ ഒരു ഡ്രഗ് അഡിക്റ്റായി ചിത്രീകരിക്കപ്പെട്ട എന്റെ അനിയത്തി കോളേജിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കപ്പെട്ട അന്ന് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു.മകൾ ഡോക്ടറായി വീട്ടിൽ വരുന്നതും കാത്തിരുന്ന ഹൃദ്രോഗിയായ എന്റെ അച്ഛൻ അന്ന് കിടപ്പിലായതാണ്. കഴിഞ്ഞ മാസം അച്ഛനും.” അയാളുടെ മുഖം വലിഞ്ഞു മുറുകി. ഇത്രയുമല്ലേയുള്ളൂ ഒരു “നന്മ നിറഞ്ഞ നാടിന്റെ കാവലാളിന്”ഒരു കുടുംബത്തിനോടുള്ള പ്രതിബദ്ധത?
അയാൾ മുരൾച്ചയുടെ സ്വരത്തിൽ ചോദിച്ചു.
“പപ്പക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു. ഇനി ഒരിക്കലും പപ്പ ആരോടുമങ്ങനെ”.. കരച്ചിലിനിടയിൽ അവളുടെ വാക്കുകൾ മുറിഞ്ഞു.
തന്റെ പപ്പ കാരണം സ്വന്തം കുടുംബം നഷ്ടപ്പെട്ട ഒരാളാണ് തന്റെ കൂടെയുള്ളതെന്നും തന്റെ പപ്പ ചെയ്ത ക്രൂരതക്ക് പകരമായി തന്റെ ജീവനെടുത്താലും അയാൾക്ക് തൃപ്തി വരില്ലെന്നും അയാളുടെ മുഖഭാവം കാണും തോറും അവൾക്ക് തോന്നി.ഹാൻഡ് ബാഗിലെ പെപ്പർ സ്പ്രെയിൽ അവൾ പതിയെ തൊട്ടു.
പെട്ടെന്നാണ് വണ്ടി സഡൻ ബ്രേക്കിട്ട് നിന്നത്. അവൾ ഞെട്ടിതിരിഞ്ഞു നോക്കി. തന്റെ വീട്ടുമുറ്റത്തെത്തിയിരിക്കുന്
യൂണിഫോമിൽ ഡ്യൂട്ടിക്ക് പോവാൻ റെഡിയായി വീട്ടിൽ നിന്നിറങ്ങുമ്പോഴാണ് മാത്യു ജോർജ് വീട്ടുമുറ്റത്തു വന്നുനിന്ന കാറിൽ നിന്നും കരഞ്ഞു തളർന്ന മുഖവുമായിറങ്ങുന്ന ലിൻഡയെ കണ്ടത്.
“എന്തുപറ്റി മോളെ”തന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ അകത്തേക്ക് കയറിപ്പോകുന്ന മോളെ അയാൾ പരിഭ്രമത്തോടെ നോക്കി.
ശേഷം സംശയത്തോടെ അയാൾ കാറിലേക്ക് നോക്കി. കാറിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന ചെറുപ്പക്കാരനെ കണ്ടതും പ്രേതത്തെ കണ്ടതുപോലെ അയാളുടെ മുഖം വിളറിവെളുത്തു.അയാളിന്നേ വരെ ഒരു മുഖത്തും കാണാത്ത ഒരുതരം പുച്ഛം നിറഞ്ഞ ചിരിയോടെ ആ ചെറുപ്പക്കാരൻ ഗേറ്റും കടന്ന് അകലേക്ക് തന്റെ കാഴ്ച്ച ക്കപ്പുറത്തേക്ക് മറയുന്നത് ലോകത്തിലേറ്റം നിസ്സഹായനെ പോലെ അയാൾ നോക്കിനിന്നു.