Home Literatureഅഞ്ച് മരണങ്ങൾ

അഞ്ച് മരണങ്ങൾ

ഷൈനി വർഗീസ്

by admin
0 comments

മയം കുഴിച്ചുമൂടപ്പെട്ട ആ കല്ലറയുടെ തണുപ്പിൽ, നിശ്ശബ്ദത പോലും കട്ടിയായി ഉറഞ്ഞ്, അന്തരീക്ഷം വിറങ്ങലിച്ചു നിന്നു.

ഈർപ്പം കട്ടപിടിച്ച ഭിത്തികളിൽ മഞ്ഞവിളക്കുകൾ വിതുമ്പി കത്തുന്നു. മൂലയിലെ മരക്ലോക്കിൽ സമയം മൂന്നേമുക്കാലിൽ ചങ്ങലയിട്ടതുപോലെ നിശ്ചലമായി, കാരണം ഇവിടെ ഒരു നിമിഷത്തിനും വിലയില്ല.

പ്രവേശന കാവടത്തിനു മുന്നിൽ, താടിയും മീശയും നീണ്ട്, വെളിച്ചം മങ്ങിയ വസ്ത്രം ധരിച്ച മത്തായി വിങ്ങലോടെ ഇരിപ്പുണ്ട്. അദ്ദേഹത്തിൻ്റെ കണ്ണുകളിൽ ഉറ്റവരെ കാത്തിരിക്കുന്ന ആഴമായ ഒരു വിഷാദം നിഴലിക്കുന്നു.

തലയിൽ കെട്ടും കൈമുട്ടുകളിൽ ഉരഞ്ഞ മുറിവുകളുമായി ദാസൻ പ്രവേശിച്ചു. ബൈക്കിൽ നിന്ന് തെറിച്ചു വീണതിൻ്റെ യാതനകൾ ആ മുഖത്ത് കനൽപോലെ തളംകെട്ടി.

“ദാസാ, നീ ഇത്ര വേഗം ഇങ്ങോട്ട് വരാൻഎന്താ കാരണം? തലയിൽ കെട്ട് കണ്ടാൽ അറിയാം, വഴിയരികിൽ തളർന്നു വീണതല്ല.” കല്ലറയുടെ പ്രവേശന കവാടത്തിലേക്കു വന്ന കൂട്ടുകാരനെ കണ്ട് മത്തായി ചോദിച്ചു

നെറ്റിയിലെ കെട്ടിൽ തടവിക്കൊണ്ട് ദാസൻ പുച്ഛത്തോടെ പറഞ്ഞു: “ഹോ! ഒന്നും പറയണ്ട മത്തായി. ഒരു കിലോ പോത്ത് വാങ്ങാൻ പോയതാ. വീട്ടിൽ നിന്ന് ഇറച്ചിക്കടയിലേക്ക് നാലടി ദൂരം. ‘ഹെൽമെറ്റ് എന്തിനാ’ എന്ന് വിചാരിച്ചു. എൻ്റെ വിചാരം ആ പാണ്ടി ലോറിക്കാരന് അറിയില്ലായിരുന്നല്ലോ. ലോറിയുടെ ഹോൺ ഇരമ്പി വന്നതു മാത്രം ഓർമ്മയുള്ളൂ, തെറിച്ചു വീണു. റോഡിൽ പരന്ന ചൂടുള്ള ചോരയാണ് അവസാന ഓർമ… ചെറിയ ആ നിയമം പാലിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ ഇവിടെ വരില്ലായിരുന്നു…”

“നിയമം പാലിക്കാൻ വേണ്ടിയുള്ളതാണ് ദാസാ. നിയമം പാലിക്കാൻ നീ മടിച്ചു, അതിനുള്ള ശിക്ഷയും കിട്ടി, അത്രയേ ഉള്ളൂ. ഈ മുറിയിൽ കിടക്കുന്ന മിക്കവരുടെയും കഥയ്ക്ക് ഒരവസാനമുണ്ടായത് ഏതെങ്കിലും ഒരു ചെറിയ നിയമം തെറ്റിച്ചപ്പോഴാണ്.”

“ഇനി പറഞ്ഞിട്ട് കാര്യമില്ലാലോ. എൻ്റെ ഭാര്യയും മക്കളും ഇപ്പോൾ കരഞ്ഞ് തളർന്നിട്ടുണ്ടാകും.”

“ഇനി നീ സങ്കടപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല.
ആരോ ഇങ്ങോട്ട് വരുന്നുണ്ടല്ലോ.

ആരാണാവോ അടുത്ത അതിഥി.”

മുഷിഞ്ഞ വേഷത്തിൽ, വയറ്റിൽ ചോര കിനിഞ്ഞ പാടുകളുമായി, കണ്ണുകളിൽ ലഹരിയുടെ അവശേഷിപ്പ് പേറി ബീരാൻ അങ്ങോട്ട്‌ വന്നു.

“എടാ ദാസാ! നീ എപ്പോ വന്നു? കുറച്ച് നാളായിട്ട് നിന്നെ കാണാനില്ലായിരുന്നല്ലോ,” ബീരാൻ വന്നതേ ദാസൻ്റെ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു.

“ഞാൻ ഇന്നലെ പുറപ്പെട്ടു. നിനക്കെന്താ പറ്റിയത് ബീരാനെ? വല്ലാതെ ക്ഷീണിച്ചു പോയല്ലോ.”

“ക്ഷീണമോ? എൻ്റെ ജീവിതം ഒരു ‘ഫുൾ ടൈം ലഹരി യാത്ര’ ആയിരുന്നു ദാസാ! ഇന്നലെ, ഒരു ഡീലിൻ്റെ ഇടയിൽ വാക്കു തർക്കം. കത്തി ദേ ഈ പള്ളയ്ക്ക് കേറി. രക്തം വാർന്നു, കിടന്നോടുത്തു കിടന്ന് തീർന്നു. മരിച്ചപ്പോൾ ലഹരി പോയതുകൊണ്ട് സമാധാനമുണ്ട്. തലയ്ക്ക് ഒരു മരവിപ്പില്ല ഇപ്പോൾ.”

“എടാ മണ്ടാ, നിനക്ക് ഇപ്പോഴും തമാശയാണോ? ഉമ്മയും കൂടപ്പിറപ്പുകളും കരഞ്ഞും കാലുപിടിച്ചും പറഞ്ഞതല്ലേ… നീ നിൻ്റെ ജീവിതം വെറുതെ നശിപ്പിച്ചു കളഞ്ഞില്ലേ?”

“എടാ ദാസാ, നിനക്ക് അറിയാൻമേലാഞ്ഞിട്ടാ. ലഹരി തലയ്ക്കു പിടിച്ചാൽ പിന്നെ പടച്ച തമ്പുരാൻ പറഞ്ഞാൽ പോലും തലയിൽ കേറില്ല, പിന്നെയാ ഉമ്മയും കൂടപ്പിറപ്പുകളും. ഇപ്പോൾ തോന്നുന്നുണ്ട്, അവർ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്നത്തെ ഇങ്ങോട്ടുള്ള യാത്ര ഒഴിവാക്കാമായിരുന്നു എന്ന്.”

“ഇനിയെങ്കിലും അവര് സമാധാനം ആയിട്ട് ജീവിക്കട്ടെ ബീരാനെ…”

“എൻ്റെ ഉമ്മയ്ക്ക് എന്നെക്കുറിച്ച് എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു എന്നറിയോ നിങ്ങൾക്ക്?” ബീരാനിൽ നിന്നും ഒരു ദുർബലമായ തേങ്ങൽ ഉയർന്നു.

ആരുടെയോ കാലൊച്ച കേട്ട് മൂന്നുപേരും തിരിഞ്ഞു നോക്കി.

ശരീരം മുഴുവൻ ബാൻഡേജുകളുമായി, രക്തത്തിൽ കുളിച്ച വെളുത്ത ഷർട്ടിൽ ജോസ് അവിടേക്ക് വന്നു. ദേഷ്യവും നിസ്സഹായതയും അയാളുടെ കണ്ണുകളിൽ ഇഴചേർന്നിരുന്നു.

“ഇത് നമ്മുടെ ജോസ് അല്ലേ?

നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ?” ക്ഷീണിതനായി ജോസ് ചോദിച്ചു.

“ഞങ്ങൾ നേരത്തെ എത്തി.”

“നമ്മളൊരുമിച്ചാണോ ഇനി ഇവിടെ?”

“അതെ, നിനക്ക് എന്താ പറ്റിയെ?”

“നിങ്ങൾക്കൊക്കെ ‘അപകടം’ പറ്റി വന്നതായിരിക്കും, അല്ലേ? എൻ്റേത് വെറുതെ… രാഷ്ട്രീയം തലയ്ക്കു പിടിച്ച് കൊടി പിടിച്ചതിൻ്റെ പേരിൽ, ഞാൻ രക്തസാക്ഷിയായതാ! എൻ്റെ ശരീരം ഏറ്റുവാങ്ങാൻ, പാർട്ടി ഓഫീസിൻ്റെ മുന്നിൽ എൻ്റെ പ്രായമായ അച്ഛനും അമ്മയും കാത്തുനിന്നു. അവർക്കുവേണ്ടി ഒരു തുള്ളി കണ്ണീര് പോലും ഉന്നത നേതാക്കൾ പൊഴിച്ചില്ല. എൻ്റെ ഓർമ്മക്കായി ഒരു കൊടിമരം മാത്രം ഉയരും, അത്രതന്നെ,” ജോസ് ദീർഘനിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു നിർത്തി.

“ഹഹ! നീ അവരുടെ നേതാക്കൾക്ക് വെള്ളവും വളവുമായി, രക്തസാക്ഷിയായി! അവരുടെ മക്കൾ വിദേശത്ത് പോയി പഠിച്ച് ജോലി കിട്ടി സെറ്റാക്കുമ്പോൾ, നീ പാർട്ടിക്കാർക്കൊരു രക്തസാക്ഷി മണ്ഡപമായി!”

“ഇതും മറ്റൊരു ലഹരിയാണ്. സ്ഥാനമാനങ്ങൾക്കുവേണ്ടി സ്വന്തബന്ധങ്ങളെ പോലും മറന്നും കൊന്നും കൊലവിളിച്ചും പാർട്ടിയെ വളർത്തുന്ന ലഹരി.”

“അറിയാതെ പെട്ടുപോയതാ. ഒരു പഞ്ചായത്ത് ഇലക്ഷനു പോലും സീറ്റ് കിട്ടിയതും ഇല്ല, ജീവനും പോയി… പ്രായമായ എൻ്റെ അപ്പനും അമ്മയ്ക്കും ആരും ഇല്ലാതായി.” ജോസ് പൊട്ടിക്കരഞ്ഞു.

“കരയണ്ട… അവരും നിൻ്റെ പാർട്ടിയുടെ ഇരകളാണ്. അടുത്ത ഇലക്ഷന് സഹതാപ വോട്ട് നേടാൻ വേണ്ടിയുള്ള ഇരകൾ.”

ജോസ് തലയും കുമ്പിട്ടു നിന്നു.
അപ്പോഴാണ് കീറിപ്പറിഞ്ഞ വേഷത്തിൽ, കല്ലേറു കൊണ്ട മുറിവുകളുമായി ശങ്കരൻ അങ്ങോട്ട്‌ വന്നത്.

“നീ കരയണ്ട, ജോസേ. ഞാനും പോയത് ഒരു മണ്ടൻ കാര്യത്തിനാ. മതഭ്രാന്ത് തലയ്ക്കു പിടിച്ചതാ. മറ്റുള്ളവരുടെ മതത്തെ കല്ലെറിയാൻ ഒരു കാരണം വേണമായിരുന്നു. കല്ലെറിഞ്ഞു വഴിയിൽ കുത്തേറ്റു ജീവൻ പോകുമ്പോഴും മതത്തിൻ്റെ പേര് ഉറക്കെ വിളിച്ചു. ദേ, ഒരു മതത്തിനും വേണ്ടാത്തവനായി ഞാൻ ഇവിടെ നിങ്ങൾക്കൊപ്പം എത്തി. സമാധാനത്തോടെ ജീവിക്കാൻ പറ്റാത്ത ലോകത്ത് നിന്നും പോന്നത് നന്നായി.”

നാല് പേരും തങ്ങൾ മരിച്ച കാരണമായ വിഡ്ഢിത്തങ്ങൾ ഓർത്തുകൊണ്ട് നിരാശയിൽ ഇരുന്നു.

“എൻ്റെ ഭാര്യയും മക്കളും… എന്നെ ഓർത്ത് കരയുന്നുണ്ടോ ദാസാ?” മത്തായി നിശബ്ദതയെ ഭേദിച്ചുകൊണ്ട് ചോദിച്ചു.

ദാസൻ പരിഹാസത്തോടെ: “ഹാ! നീ ഇപ്പോഴും അവരെയോർത്ത് ദുഃഖിച്ചിരിക്കുകയാണോ? നീ മരിച്ചതുകൊണ്ട് നിൻ്റെ ജോലി നിൻ്റെ ഭാര്യക്ക് കിട്ടി. ഇൻഷുറൻസ് തുകയും കിട്ടി. അതുകൊണ്ട് അവൾ പുതിയ കാർ വാങ്ങി. കഴിഞ്ഞ ദിവസം ആരോ പറയുന്നത് കേട്ടു, നിൻ്റെ ഭാര്യയുടെ രണ്ടാം കെട്ടാണ് എന്ന്.”

മത്തായി ഞെട്ടലോടെ, കണ്ണുകൾ നിറഞ്ഞ് അലറി: “! നിർത്ത്! നിനക്ക് തെറ്റി… അവൾ അങ്ങനെ ഒന്നും ചെയ്യില്ല. എന്നെ അവൾക്ക് ജീവനായിരുന്നു! ഞാൻ ഇല്ലെങ്കിൽ അവൾ ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ലെന്ന് സങ്കടപ്പെട്ടവളാ. അവൾക്ക് എന്നെക്കുറിച്ചൊരു ദുഃഖവുമില്ലേ?”

“നിന്നെ ഓർക്കാറുപോലും ഇല്ല. അപ്പോഴാണ് നിന്നെ ഓർത്ത് ദുഃഖിക്കുന്നത്… നീ ജീവിച്ചിരുന്നപ്പോൾ നിന്നെ ജീവനായിരുന്നിരിക്കണം, പക്ഷേ ഇപ്പോൾ അങ്ങനെ ഒന്നും അല്ല.”

“നമ്മൾ ജീവിച്ചിരുന്നപ്പോൾ, ഒരൊറ്റ നന്മ പോലും ചെയ്യാനോ, ഒരു നിയമം പാലിക്കാനോ തോന്നിയില്ല. ഇപ്പോൾ തിരുത്താൻ ആഗ്രഹമുണ്ട്, പക്ഷെ ശരീരമില്ല, വാക്കുകളില്ല! ഇതാണ് ഏറ്റവും വലിയ തമാശ!” ശങ്കർ നിരാശയോടെ പറഞ്ഞു

“അതൊക്കെ കള! നമുക്ക് ചെയ്യാൻ പറ്റുന്ന ഒരേയൊരു നന്മയുണ്ട്! നമ്മുടെ ഈ ദുരന്തങ്ങൾ ഒരു പാഠമാക്കി, ഒരു ‘അവിശ്വാസ പ്രേതസംഘം’ ഉണ്ടാക്കാം. ഹെൽമെറ്റ്‌ ഇടാത്തവരെ പേടിപ്പിക്കാം, ലഹരി ഉപയോഗിക്കുന്നവരെ ഓടിക്കാം, രാഷ്ട്രീയക്കാരെയും മതവെറിയന്മാരെയും പേടിപ്പിച്ച് സമാധാനമുണ്ടാക്കാം. നമുക്ക് നമ്മളായിട്ട് ചെയ്യാൻ പറ്റാത്ത നന്മകൾ, പ്രേതങ്ങളായിട്ട് ചെയ്യാമല്ലോ!”

മത്തായി ഒഴികെനാലു പേരും, ആ ആശയത്തോട് യോജിച്ചു.

ദാസൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “ഇത് പഴയ സിനിമയിലെ കഥപോലെ ഉണ്ട്‌! ഈ ന്യൂജെൻ കാലത്ത് ആരും പ്രേതങ്ങളെ പേടിക്കില്ല മത്തായി നാലുപേരോടുമായി പറഞ്ഞു. ഹെൽമെറ്റ്‌ ഇടാത്തവരെ പേടിപ്പിക്കാൻ പോയാൽ അവർ മൊബൈലിൽ വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഇടും. നമ്മൾ വെറും ‘വൈറൽ കണ്ടന്റ്’ ആകും.”

ബീരാൻ നിരാശയോടെപറഞ്ഞു: “മാത്തായി പറയുന്നതിലും കാര്യമുണ്ട്. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്സാപ്പും പോരാഞ്ഞിട്ട് ജമിനിയും അരങ്ങ് വാഴുന്ന ലോകത്തേക്ക് നമ്മൾ ചെന്നാൽ… അവര് ചിരിച്ച് മരിക്കും

ഇനി നമുക്കൊന്നും ചെയ്യാൻ കഴിയില്ല കൂട്ടുകാരേ…” ദാസൻ ചോദിച്ചു

“ഇല്ല,” മത്തായിയുടെ നിരാശ കലർന്ന ശബ്ദം ഉയർന്നു. “ജീവിച്ചിരുന്നപ്പോൾ ചെയ്യാൻ പറ്റുന്നതൊന്നും മരിച്ചു കഴിഞ്ഞ് ചെയ്യാൻ പറ്റില്ല. മരിച്ചുകഴിഞ്ഞാൽ ചെയ്യാൻ പറ്റാത്തതിനെ ഓർത്ത് സഹതപിക്കാൻ മാത്രേ കഴിയൂ…”

തങ്ങളുടെ മണ്ടത്തരങ്ങൾ ഓർത്ത് നിരാശരായ ആ നാല് പേർ, ഏത് ലോകത്തേക്ക് പോയാലും മനുഷ്യൻ്റെ മണ്ടത്തരങ്ങളെ മാറ്റാൻ തങ്ങൾക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, നിശ്ശബ്ദരായി കല്ലറയുടെ തണുപ്പിലേക്കു ഒതുങ്ങി.

അഞ്ച് മരണങ്ങൾ
രചന: ഷൈനി വർഗീസ്

You may also like

Leave a Comment