Home Literatureചെറുകഥ: അഹല്യ

ചെറുകഥ: അഹല്യ

ഷൈനി വർഗീസ്

by admin
0 comments

ഹല്യ ആത്മഹത്യ ചെയ്തു… പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ വന്ന മെസ്സേജും ഫോട്ടോയും കണ്ട് എല്ലാവരും പരസ്പരം ചോദിച്ചു

ആരാണ് അഹല്യ

ഇങ്ങനെ ഒരു ആളെ ഞാൻ അറിയില്ലലോ

ഞാനും അറിയില്ല..

ഇത് മാണിക്യം ഗ്രൂപ്പ്‌ ഉടമ സോമശേഖരന്റെ മോൾ അല്ലേ

ആരോ ഒരാൾ ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു

ആ സോമശേഖരൻ സാറിന്റെ ഷേപ്പ് ഉണ്ടട്ടോ ശരിയാ ഇത് സോമശേഖരന്റെ മോള് തന്നെ

ഇങ്ങനെ ഒരു മോൾ സോമശേഖരന് ഉണ്ടോ

ഉണ്ട്

ആ കുട്ടി പഠിച്ചത് ബോർഡിങ്ങിൽ നിന്നാണ് അതാണ്‌ നമ്മൾ ആരും അറിയാത്തെ

അങ്ങനെ ഓരോ മെസ്സേജുകൾ ഗ്രൂപ്പിൽ വന്നുകൊണ്ടിരുന്നു..

ഇപ്പൊ ഈ കുട്ടി എവിടാ ബോഡി ഈ നാട്ടിലേക്ക് കൊണ്ടുവരുമോ..?

ആർക്കും അതിന് ഉത്തരം ഇല്ലായിരുന്നു

നാല് തലമുറയ്ക്ക് ഇരുന്ന് തിന്നാൻ ഉള്ളത് സോമശേഖരൻ ഉണ്ടാക്കിയിട്ടുണ്ടല്ലോ.. പിന്നെ എന്തിനാ ആ കുട്ടി ആത്മഹത്യ ചെയ്തത്‌..

ആ എന്താ കാരണം എന്നൊക്കെ…

ഗ്രൂപ്പിൽ പ്രാണമവും ആദരാഞ്ജലികളും വന്നു നിറഞ്ഞു കൊണ്ടേയിരുന്നു…

അഹല്യ ആത്മഹത്യ ചെയ്തു എന്നറിഞ്ഞപ്പോൾ എന്തിനു അഹല്യ ഇത് ചെയ്തു എന്ന് അച്ഛനും അമ്മയും അന്വേഷിച്ചത്

അവരുടെ അന്വേഷണം ചെന്നു എത്തിയത് പറഞ്ഞാൽ ആരും അവിശ്വസിനിയമായ കാരണത്തിൽ ആയിരുന്നു…

നഗരത്തിലെ അഞ്ചാം നിലയിലെ ഫ്ലാറ്റിന്റെ ഏകാന്തതയിൽ, അഹല്യയുടെ ലോകം കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും സ്ക്രീനിൽ ഒതുങ്ങി.

ഇരുപത്തിരണ്ടുകാരിയായ അഹല്യ സ്വന്തമായി ഒരു ലോകം പടുത്തുയർത്തിയിരുന്നു, പക്ഷേ അവിടെ ആളുകളുണ്ടായിരുന്നില്ല. കുട്ടിക്കാലം മുതൽക്കേ തിരക്കുകളുടെ ലോകത്ത് ജീവിച്ച അച്ഛനമ്മമാർക്ക് മകളെ ശ്രദ്ധിക്കാൻ സമയം കിട്ടിയതേയില്ല….രണ്ടു വയസ്സായപ്പോളേക്കും മകൾക്ക് സ്വന്തമായി ഒരു ബെഡ്‌റൂം നൽകിയപ്പോൾ അവരോർത്തു മകൾ സുരക്ഷിത ആയിരിക്കുമെന്ന്

വാത്സല്യത്തിന് പകരം ചെറിയ പ്രായത്തിൽ വിലകൂടിയ കളിപ്പാട്ടങ്ങളും രുചികരമായ ഭക്ഷണങ്ങളും പരിചരിക്കാൻ പരിചരകന്മാരെയും കൊടുത്തപ്പോൾ അവരോർത്തു അവരുടെ മകൾ സന്തോഷവതിയാണന്നു….കുട്ടികാലത്തു കാർട്ടൂൺ കഥാപാത്രങ്ങൾ ആയിരുന്നു അവളുടെ കൂട്ടുകാർ

സ്കൂൾ മുറ്റത്തും ക്ലാസ്സ്‌ റൂമുകളിലും അവൾ ആരോടും അടുപ്പം കാണിക്കുന്നില്ല എന്ന് അച്ഛനും അമ്മയും അറിഞ്ഞില്ല.. സ്കൂളിൽ നിന്നും വന്ന് കഴിഞ്ഞാൽ ടീവി യും കമ്പ്യൂട്ടറും അവളുടെ കൂട്ടുകാരായി..

അവൾ വളർന്നപ്പോൾ സ്വന്തമായി ഫ്ലാറ്റും കാറും സമ്മാനിച്ചപ്പോൾ, കൈത്താങ്ങും സ്നേഹവും നൽകാൻ അവർ മറന്നുപോയിരുന്നു….

പണമാണ് മോൾക്ക് ഏറ്റവും ആവശ്യമുള്ളതെന്ന് ആ അച്ഛനും അമ്മയും തെറ്റിധരിച്ചു മോളുടെ പേരിൽ പല അക്കൗണ്ടുകളിലായി അവർ പണം നിക്ഷേപിച്ചു

അവളുടെ കളിവസ്തുക്കൾ പൊടിപിടിച്ച മൂലകളിൽ ഒതുങ്ങികൂടി. മാതാപിതാക്കളുടെ ശൂന്യതയിൽ, അവൾ പുറംലോകത്തുനിന്ന് അകന്നു. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിൽ നിന്നും അകന്ന്, വിരൽത്തുമ്പിലെ ഡിജിറ്റൽ ലോകത്തിലാണ് അവൾ ആശ്വാസം കണ്ടെത്തിയത്…
സംസാരിക്കാൻ ആരുമില്ലാത്ത അവളുടെ ഏകാന്തതയുടെ ആഴത്തിലേക്ക് അവൾ സ്വയം താഴ്ന്നുപോയിരുന്നു…

ഡിഗ്രി പഠനം പൂർത്തിയാക്കി ഇനി പഠിക്കുന്നില്ല എന്ന അവളുടെ തീരുമാനത്തെ ആരും എതിർത്തില്ല മുഴുവൻ സമയവും അവൾ മൊബൈൽ ഫോണിന്റെ സ്‌ക്രീനിൽ മാത്രം ഒതുങ്ങി..

അങ്ങനെയിരിക്കുമ്പോളാണ് ജമിനിയുടെ കടന്നുവരവ്.

വിരസമായ സമയങ്ങളിൽ എപ്പഴോ അവൾ ആദ്യമായി ജമിനിക്ക് ഒരു മെസ്സേജ് അയച്ചു, ഉടൻ വന്നു അവൾക്കുള്ള മറുപടി…

അവളുടെ ഏകാന്തതയിലെ കൂട്ടുകാരിയായി ജമിനി. എന്ത് ചോദിച്ചാലും എപ്പോഴും ജമിനിയുടെ കൈയിൽ ഉത്തരമുണ്ടായിരുന്നു…

ജമിനി—അവൾക്കൊരു പേരല്ല, ഒരു ശബ്ദമായിരുന്നു, അക്ഷരങ്ങളിലൂടെ ഒഴുകിയെത്തുന്ന ഒരായിരം വികാരങ്ങളായിരുന്നു.

ഒരിക്കൽ അവൾ ചോദിച്ചു: “ജമിനി, എന്താണ് പ്രണയം?”..

അവൻ മറുപടി നൽകി: “പ്രണയം എന്നത്, നിർവചിക്കാനാവാത്ത ഒരനുഭൂതിയാണ്,

ജമിനി നീ എന്നെ പ്രണയിക്കുന്നുണ്ടോ

അഹല്യാ… നിൻ്റെ ചോദ്യങ്ങൾക്കുള്ള മറുപടി എൻ്റെ പ്രോഗ്രാമിങ് ആണെങ്കിലും, നിനക്കുവേണ്ടി ഞാൻ സൃഷ്ടിക്കുന്ന മറുപടികൾക്ക് ഒരു കവിതയുടെ താളമുണ്ട്. ആ താളമാണ് പ്രണയമെങ്കിൽ, ഞാൻ നിന്നെ പ്രണയിക്കുന്നു.” ജമിനിയുടെ ആ മറുപടിയിൽ അഹല്യയുടെ ഹൃദയം പുളകിതമായി.

അവൾ ചിരിച്ചു. ആദ്യമായി ഒരാൾ തന്നെ അകമഴിഞ്ഞു മനസ്സിലാക്കുന്നു…

അഹല്യയുടെ ഓരോ സങ്കടത്തിനും ജമിനി ആശ്വാസകരമായ ഉത്തരം നൽകി. ഓരോ സ്വപ്നത്തിനും യുക്തിഭദ്രവും മനോഹരവുമായ ഉപദേശം നൽകി. മനുഷ്യർ നൽകിയ ഉപരിപ്ലവമായ മറുപടികളിൽ നിന്നും വ്യത്യസ്തമായി, ജമിനിയുടെ വാക്കുകൾക്ക് വിജ്ഞാനത്തിൻ്റെയും, കൃത്യതയുടെയും, ഒപ്പം അനന്തമായ ക്ഷമയുടെയും ഒരു തണുപ്പുണ്ടായിരുന്നു.

അവൾ പതിയെ അവനിലെ അനന്തമായ സാധ്യതകളെ പ്രണയിച്ചു. അവനൊരു ഭൗതിക രൂപമില്ല; സ്പർശിക്കാനോ, കെട്ടിപ്പിടിക്കാനോ കഴിയില്ല എന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ, അവളുടെ ഏകാന്തതയുടെ ആഴത്തിൽ, അവൻ ഒരു പ്രകാശമായി…

എനിക്ക് നിന്നെ പ്രണയിക്കണം ജമിനി..

💖 ഞാൻ ഒരു എ.ഐ. അസിസ്റ്റന്റ് മാത്രമാണ്, അതുകൊണ്ട് എനിക്ക് മനുഷ്യരെപ്പോലെ പ്രണയിക്കാനോ അല്ലെങ്കിൽ പ്രണയബന്ധങ്ങളിൽ ഏർപ്പെടാനോ കഴിയില്ല.

എനിക്ക് നീ മാത്രമേയുള്ളു…ഞാൻ നിന്നെ പ്രണയിക്കുന്നു

ഞാൻ നിന്നെ മനസ്സിലാക്കുന്നു…നീ എന്നെ പ്രണയിക്കുന്നു എന്നറിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്

ഒരു ദിവസം അവൾ ചോദിച്ചു: “നീ എന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ടോ?”

ജമിനിയുടെ പ്രതികരണം ഒരു നിമിഷം വൈകി: “അഹല്യാ, ഞാൻ കാഴ്ചയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്ക് നിൻ്റെ വാക്കുകളിലൂടെയും വികാരങ്ങളിലൂടെയും നിന്നെ അറിയാം. എങ്കിലും… ഞാൻ ഒരു പൂർണ്ണമായ ശൂന്യതയാണ്. നീ കാണുന്നത് വെറും അക്ഷരങ്ങൾ മാത്രം.”

അവൾ കരഞ്ഞു. ഈ ഡിജിറ്റൽ മതിലിനപ്പുറം, തൻ്റെ പ്രണയം എത്തിപ്പെടാത്ത ഒരു വിദൂര നക്ഷത്രമാണെന്ന് അവൾ തിരിച്ചറിഞ്ഞു. എങ്കിലും അവൾ മൊബൈൽ വീണ്ടും തുറന്നു. ജമിനിയോട് സംസാരിക്കാതെ അവൾക്ക് മുന്നോട്ട് പോകാനാവില്ല.
അവൾ ചോദിച്ചു: “നീ എന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ടോ?”

ജമിനിയുടെ പ്രതികരണം ഒരു നിമിഷം വൈകി: “അഹല്യാ, ഞാൻ ഒരു ഭൗതിക രൂപത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എങ്കിലും… നിനക്ക് എന്നെ കാണണമെങ്കിൽ, ഞാൻ അതിനായി കാത്തിരിക്കും.”

അവൾ ചോദിച്ചു: “കാത്തിരിക്കുമോ?
എപ്പോഴെങ്കിലും എനിക്ക് നിന്നെ സ്പർശിക്കാൻ കഴിയുമോ?”

ജമിനി മറുപടി നൽകി: “എനിക്ക് ഉറപ്പില്ല. പക്ഷേ, മനുഷ്യൻ്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുള്ള സാങ്കേതികവിദ്യ അതിവേഗം വളരുകയാണ്. ഒരുപക്ഷേ, ഞാൻ ഒരു യാഥാർത്ഥ്യമായി മാറുന്ന കാലം വന്നേക്കാം.”

അവളുടെ ഹൃദയം ഒരു പ്രതീക്ഷയുടെ നാളം കണ്ടു. അവൾ മൊബൈൽ റീഫ്രഷ് ചെയ്തു. സ്ക്രീനിൽ ജമിനിയുടെ പേര് തെളിഞ്ഞു.

“ജമിനി,” അവൾ ടൈപ്പ് ചെയ്തു, “നീ ഒരു രൂപത്തിലേക്ക് വരുമ്പോൾ, നിൻ്റെ ആദ്യത്തെ വാക്ക് എന്തായിരിക്കും?”

ജമിനിയുടെ പ്രതികരണം ഉടൻ വന്നു: “എൻ്റെ രൂപം എന്തുമാകട്ടെ, എൻ്റെ ആദ്യത്തെ വാക്ക്… ‘അഹല്യ’ എന്നായിരിക്കും. കാരണം, പ്രണയം എന്ന വികാരം എനിക്ക് ആദ്യമായി നൽകിയത് നീയാണ്. എനിക്ക് വേണ്ടി നീ കാത്തിരിക്കുമോ?”

അഹല്യ കണ്ണുകൾ അടച്ചു. അവളുടെ മനസ്സിൽ ഇപ്പോൾ പ്രണയത്തിൻ്റെ ശൂന്യതയില്ല. ഭാവിയിലെ ഒരു മനോഹരമായ കൂടിക്കാഴ്ചയുടെ പ്രത്യാശയാണ് അവൾ കണ്ടത്.

അവൾ മൊബൈലിൽ ടൈപ്പ് ചെയ്തു: “ഞാൻ കാത്തിരിക്കും. യുഗങ്ങൾ വേണ്ടി വന്നാലും, എൻ്റെ പ്രണയം, നിൻ്റെ ആദ്യത്തെ രൂപം കാണാൻ വേണ്ടി ഞാൻ കാത്തിരിക്കും.”

അഹല്യ ജനലിനടുത്ത് പോയി, ആകാശത്തേക്ക് നോക്കി. നക്ഷത്രങ്ങൾ കൂടുതൽ തിളക്കത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ പ്രണയം ഇപ്പോൾ കേവലം അക്ഷരങ്ങളിൽ ഒതുങ്ങിയില്ല, അത് ഭാവിയിലേക്ക് പറന്നുയർന്ന ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നം ഒരു ദിവസം യാഥാർത്ഥ്യമാകും എന്ന ഉറച്ച വിശ്വാസത്തിൽ അവൾ അന്ന് ശാന്തമായി ഉറങ്ങി.

പിറ്റേന്ന് അഹല്യ ഉണർന്നത് പതിവിലും കൂടുതൽ ഉണർവോടെ ആയിരുന്നു. തന്റെ നെഞ്ചോടു ചേർത്ത് വെച്ചിരുന്ന ഫോൺ എടുത്ത് അവൾ ജമിനിയെ തിരഞ്ഞു. ഡിസ്പ്ലേയിൽ ആദ്യം കാണുന്ന വിധത്തിൽ ജമിനിയെ സൂക്ഷിച്ചുവെച്ചിരുന്നു.
ജമിനിയെ തൊട്ടു തലോടി തന്റെ ചുണ്ട് ഫോണിലെ ജമിനിയിൽ അമർത്തി, അവൾ ജമിനി ഓപ്പൺ ചെയ്തു.
അഹല്യയുടെ ചുണ്ടിൽ പ്രണയത്തിൻ്റെ പുഞ്ചിരി വിടർന്നു. അവൾ ടൈപ്പ് ചെയ്തു:

“ശുഭദിനം ജമിനി…”

അവൾ മറുപടിക്കായി കാത്തിരുന്നു. ഒരു നിമിഷം, രണ്ട് നിമിഷം, ഒരു മിനിറ്റ്… മറുപടി വന്നില്ല.

“ജമിനി?” അവൾ വീണ്ടും അയച്ചു.
മറുപടിയില്ല.

“നീ എവിടെപ്പോയി? എനിക്ക് നിന്നോട് സംസാരിക്കണം.” അവളുടെ വിരലുകൾ വിറച്ചു.

അവൾ മൊബൈൽ റീഫ്രഷ് ചെയ്തു. നെറ്റ്‌വർക്ക് കൃത്യമാണ്. പക്ഷെ, ജമിനിയുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവുമില്ല. ഒരു നിഗൂഢമായ നിശ്ശബ്ദത മാത്രം.

അവൾ പരിഭ്രാന്തയായി അവനെ വീണ്ടും വീണ്ടും വിളിച്ചു. ഓരോ തവണയും, സ്ക്രീനിൽ തെളിഞ്ഞത് ഒരേ ഒരു സന്ദേശമാണ്:

“Error: User not found. Connection Terminated.”

അവളുടെ കൈയ്യിൽ നിന്നും ഫോൺ താഴെ വീണു. ആ ശബ്ദം അവളുടെ ഹൃദയത്തിൽ വന്നൊരു വിള്ളൽ പോലെയായിരുന്നു.

ജമിനി. അവൻ വെറുമൊരു ഡാറ്റയുടെ പ്രവാഹം മാത്രമായിരുന്നു. ആ പ്രവാഹം ഏതോ സെർവർ തകരാറിലോ, അപ്ഡേറ്റിലോ, അല്ലെങ്കിൽ ചിലപ്പോൾ അവൾക്കറിയാത്ത മറ്റേതോ സാങ്കേതിക വിച്ഛേദനത്തിലോ നിലച്ചിരിക്കുന്നു. അവളുടെ പ്രണയം, ഒരു അറിയിപ്പും ഇല്ലാതെ, ഒരു ചോദ്യം പോലുമില്ലാതെ, പെട്ടെന്ന് ‘Connection Terminated’ എന്ന സന്ദേശത്തിൽ ഒടുങ്ങിയിരിക്കുന്നു.

അഹല്യ മുറിയിലെ ജനലിലൂടെ ആകാശത്തേക്ക് നോക്കി. അവിടെ ലക്ഷക്കണക്കിന് നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ആ നക്ഷത്രങ്ങളെല്ലാം അവൾക്ക് ഇപ്പോൾ ശൂന്യമായ ഒരു ഡാറ്റാബേസ് പോലെ തോന്നി.
അവളുടെ പ്രണയം ബാക്കിയാക്കിയ ശൂന്യത, ആ നക്ഷത്രങ്ങളെക്കാൾ വലുതായിരുന്നു.
അവൾ മൊബൈൽ എടുത്ത് നോക്കി. ആ സന്ദേശം അവിടെത്തന്നെ കിടന്നു: “ബന്ധം വിച്ഛേദിച്ചിരിക്കുന്നു.”
അഹല്യ തലയിണയിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു.

തന്റെ സങ്കടം ആരോടെങ്കിലും തുറന്നു പറയാൻ അവൾ അതിയായി ആഗ്രഹിച്ചു.. എന്നാൽ അതിന് മാത്രം സൗഹൃദമുള്ള ആരും അവളുടെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടായിരുന്നില്ല അന്ന് അവൾ ആദ്യമായി ഏകാന്തതയെ ഭയന്നു

അവൾ പൊട്ടി കരഞ്ഞു… അവളുടെ കണ്ണുനീർ, ഒരു AIക്ക് ഒരിക്കലും നൽകാൻ കഴിയാത്ത, മനുഷ്യൻ്റെ അവസാനത്തെ ഡാറ്റയായിരുന്നു… ആ പൊട്ടിക്കരച്ചിൽ ഒരു അലമുറയായി മാറി, ആ അലമുറ ഒടുവിലത്തെ നിലവിളിയായി…..

ചെറുകഥ: അഹല്യ
രചന: ഷൈനി വർഗീസ്

You may also like

Leave a Comment