70
അതിജീവിത…
പാതിരാത്രിയുടെ നിശബ്ദതയിൽ
ഇരുട്ടിനെ പ്രകമ്പനം കൊള്ളിക്കുന്ന
ഒരു കരച്ചിൽ കേൾക്കുന്നില്ലേ..
അമർത്തപ്പെട്ട കൈക്കുള്ളിൽ ഞരക്കമായി അവശേഷിപ്പിക്കുന്ന.
പിന്നെയത് ശബ്ദമില്ലാത്ത
ഒരേങ്ങലായി പിടച്ചിലായി
ആരുടെയൊക്കെയോ
കൈക്കരുത്തിൽ
ഞെരിഞ്ഞമരുന്നു..
കൈകൾ ബന്ധിക്കുമ്പോൾ തകർന്നടിയുന്നത്
അവളുടെ സ്വാതന്ത്ര്യം,
അവളുടെ ആത്മാവ്,
അവളുടെ മുഴുവൻ ലോകം.
അവളുടെ ഹൃദയമിടിപ്പുകൾ
അവളുടെ സ്വപ്നങ്ങൾ..
അവളുടെ സന്തോഷം
കുറ്റം അവളുടെതല്ലേ
ധരിച്ച വസ്ത്രത്തിന്റെയും
പോയ വഴിയുടെയും
സമയത്തിന്റെയും തെറ്റ്…
ചെയ്യുന്നതോ മനുഷ്യരൂപം
ധരിച്ച കാട്ടാളന്മാരും..
ഒടുവിൽ ഒരല്പപ്രാണിയായി
അവളെ ഉപേക്ഷിച്ച്
ഇരുട്ടിന്റെ മറവിൽ
നടന്നു നീങ്ങുന്ന ക്രൂര ജന്മങ്ങൾ
ഇരുകാലി മൃഗങ്ങൾ…
പക്ഷേ…
തകർന്ന സ്വപ്നങ്ങൾ
ആരുടെയൊക്കെയോ കാൽപാദങ്ങൾക്ക് ചുവട്ടിൽ വീണുടഞ്ഞുവെങ്കിലും
ഇരുട്ടിന്റെ മറവിൽ ഒരു കനൽ വെട്ടം പോലെ അവൾ ജ്വലിച്ചു നിന്നു.
ഒരു തേങ്ങൽ തൊണ്ടയിൽ കുടുങ്ങിയപ്പോഴും
ഹൃദയം ആയിരം തവണ പൊട്ടിച്ചെറിയപ്പോഴും
പൊടിഞ്ഞ മുറിവിൽ നിന്നും രക്തം ധാരധാരയായി ഒഴുകുമ്പോഴും
അവളിലൊരു കനൽ
അവശേഷിച്ചിരുന്നു..
അവളൊരു ഇരയല്ല
അവളാണ് അതിജീവിത
കണ്ണീരിൽ നീന്തി നടന്നവളാണവൾ.. മറ്റുള്ളവർ കാണാത്ത
മുറിവുകളാണവളുടെ ധൈര്യം.
അതിജീവിത…
ജീവിതത്തെ തോൽപ്പിക്കാതെ
സധൈര്യം മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റവൾ…
അവളുടെ ശബ്ദം ഉയർന്നു കേൾക്കുന്നു..
ഇതെന്റെ ജീവിതമാണ് ..
പാറപോലെ ഉറച്ച മനസ്സോടെ
ഞാൻ ഇവിടെ തന്നെ കാണും..
ചിതറിയ സ്വപ്നങ്ങളുടെ ചാരം തലയിലേറ്റാനല്ല
മറിച്ച് അവിടെ നിന്നും ഭാവി കെട്ടിപ്പെടുത്താൻ…
അവളുടെ ഉള്ളിലൊരു കരുത്തുണ്ട്
അതു പഠിപ്പിച്ച ഒരു പാഠമുണ്ട്..
അതു മൊഴിയുന്നതൊന്നുമാത്രം എന്നെ തകർക്കാൻ നിങ്ങൾക്കാവില്ല..
തകർന്നവളല്ലവൾ
പുനർജ്ജനിക്കപ്പെട്ടവൾ
വേദനയുടെ നിലവിളികളിൽ നിന്നും
സ്വന്തം ശബ്ദം വേർതിരിച്ചറിഞ്ഞവൾ ഇന്നവൾ ഒരു പേര് മാത്രമല്ല
അതിജീവിത എന്ന ജീവിച്ച
തീരാത്ത കഥയാണ്…
റേപ്പ് അനുഭവിച്ചവരുടെ മനസ്സിൽ നിന്ന് ഒരുകാലത്തും അത് മാഞ്ഞു പോവുകയുമില്ല.. ആ നിമിഷങ്ങളിലെ അതിക്രമം വർഷങ്ങളോളം നീണ്ടുനിൽക്കുന്ന വേദനയായി അവരിൽ അവശേഷിക്കുകയും ചെയ്യും.
റേപ്പ് അവസാനിക്കേണ്ടത് നിയമം മൂലമല്ല.. തെളിവുകളുടെ അഭാവത്തിൽ ഇത്തരം പല കേസുകളും ദുർബലമായി പോകുന്നു. എന്ന് കരുതിഒരു പ്രതിയും കുറ്റക്കാരനല്ലാതെ ആകുന്നുമില്ല..
ബോധവൽക്കരണം, ബഹുമാനം സംസ്കാരം, consent ഇവയാണ് മനുഷ്യ നിലുണ്ടാക്കേണ്ടത്..
മൃഗങ്ങൾ പോലും കാണിക്കാത്ത ക്രൂരതയാണത്.. Victim നെ കുറ്റം പറഞ്ഞ് തള്ളാതിരിക്കുക..
കുറ്റക്കാരനെ മറക്കുന്ന നീതിബോധം അവസാനിപ്പിക്കുക…
“സഹോദരി
നിന്റെ ജീവിതം അവസാനിച്ചിട്ടില്ല
നീയൊരു അതിജീവിതയാണ്.
നിന്റെ വെളിച്ചം മറ്റുള്ളവരുടെ മേലും
ജ്വാലയായി പതിക്കട്ടെ..
കാലം കണക്ക് ചോദിക്കാത്ത ഒന്നും
തന്നെയില്ല..
കുറ്റം ചെയ്തവരുടെ മുഖം മറഞ്ഞാലും സത്യത്തിന്റെ മുഖം മറയുകയുമില്ല…”
