Friday, November 13, 2026
Home Articlesഅപൂർവ്വ സഹോദരങ്ങൾ

അപൂർവ്വ സഹോദരങ്ങൾ

മുബഷിറാ നസ്‌റിൻ

by News Desk
0 comments

1940 ലായിരുന്നു അമേരിക്കയിലെ ഓഹിയോയിലെ ആശുപത്രിയിൽ ഒരു സ്ത്രീ ഇരട്ടകളായ രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകുന്നത്. ജനിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോ അവർ ഈ രണ്ട് കുട്ടികളെയും ദത്ത് നൽകാനായി പരസ്യം നൽകി.

ഈ പരസ്യം കണ്ടുവന്ന രണ്ടു ദമ്പതികൾ കുട്ടികളെ ദത്തെടുക്കുകയും പരസ്പരം കാണുകയോ അറിയുകയോ ചെയ്യാതെ ഈ രണ്ട് കുട്ടികളും രണ്ടിടങ്ങളിലായി വളരുകയും ചെയ്തു.

നീണ്ട മുപ്പത്തിയൊൻപത് വർഷങ്ങൾക്ക് ശേഷം 1979ലായിരുന്നു ഇവർ രണ്ടുപേരും യാദൃശ്ചികമായി കണ്ടു മുട്ടുന്നത്. ഒരുപോലെയുള്ള തങ്ങളുടെ രൂപം അവരിരുവരെയും അതിശയിപ്പിച്ചു. ശേഷമുള്ള പരിചയപ്പെടലിലാണ് തങ്ങൾ ഇരുവരും ഒരേ ഗർഭപാത്രത്തിൽ ഒരേ സമയം പുറത്തു വന്നവരാണെന്ന സത്യം അവർ മനസ്സിലാക്കുന്നത്. 

ഇതോടെ ഇരുവരും കൂടുതൽ പരിചയപ്പെടുകയും തങ്ങളുടെ കുടുംബങ്ങളെ പരസ്പരം പരിചയപ്പെടുത്തുകയും ചെയ്തു. അപ്പോഴാണ് വിചിത്രമായ ഒരുപാട് സാമ്യതകൾ തങ്ങൾക്കുള്ളതായി അവർ കണ്ടെത്തുന്നത്. 

രണ്ടുപേരുടേയും പേര് ജെയിംസ് എന്നായിരുന്നു. രണ്ട് പേരും സെക്യൂരിറ്റി ഓഫീസർമാർ ആയി ജോലി ചെയ്യുന്നവരായിരുന്നു. രണ്ടു പേർക്കും കുട്ടിക്കാലത്ത് ടോയ് എന്ന് വിളിപ്പേരുള്ള വളർത്തുനായ ഉണ്ടായിരുന്നു. ഇരുവരുടെയും കൈയക്ഷരം പോലും വേറിട്ട് തിരിച്ചറിയാനാവാത്ത വിധം സാമ്യതകൾ ഉള്ളതായിരുന്നു. 

രണ്ടു പേരുടെയും വാഹനങ്ങൾ ഇളം നീല നിറത്തിലുള്ള ഷെവർലെ കാറായിരുന്നു. രണ്ട് പേരും സ്ഥിരമായി പോയ്ക്കൊണ്ടിരുന്ന ഇഷ്ട പിക്നിക് സ്പോട്ട് ഫ്ലോറിഡ ബീച്ച് ആയിരുന്നു. കൂടാതെ രണ്ട് പേരും നിരന്തരമായി പുക വലിക്കുന്ന സ്വഭാവക്കാരായിരുന്നു. ഇതിന്റെ ഫലമായുള്ള ആരോഗ്യ പ്രശ്നങ്ങളും രണ്ടു പേർക്കും ഒരുപോലെയായിരുന്നു. 

കൂടാതെ രണ്ടു പേരും പുനർവിവാഹം ചെയ്തവരായിരുന്നു. രണ്ടു പേരുടെയും ആദ്യ ഭാര്യയുടെ പേര് ലിൻഡ എന്നും നിലവിലെ ഭാര്യയുടെ പേര് ബെറ്റി എന്നുമായിരുന്നു. രണ്ടു പേർക്കും ഓരോ ആൺകുട്ടികൾ വീതമുണ്ടായിരുന്നു. Alan, Allan എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. 

അസ്വാഭാവികമാം വിധം വളരെയധികം സാമ്യതകൾ ഒരുമിച്ചു വന്ന ഈ രണ്ടു സഹോദരൻമാരെക്കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും ഒരുപാട് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുകയും അവർ അസാധാരണ സഹോദരങ്ങൾ ആയി അറിയപ്പെടുകയും ചെയ്തു. 

ഒരുപാട് ഗവേഷകർ ഇവരെ കുറിച്ച് പഠിക്കുകയും പഠനവിവരങ്ങൾ തയ്യാറാക്കുകയും ചെയ്തു. എങ്കിലും ഇവരുടെ ജന്മരഹസ്യത്തെ കുറിച്ച് ആർക്കും കൂടുതലായൊന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഇന്നും നമുക്കുള്ളിലെ ഡി എൻ എ എത്രത്തോളം നമ്മുടെ സ്വഭാവങ്ങളെയും ജീവിതരീതികളെയും സ്വാധീനിക്കുന്നു എന്ന വിഷയത്തേക്കുറിച്ച് സംസാരിക്കുമ്പോൾ തുടക്കത്തിൽ തന്നെ പറയപ്പെടുന്ന ഉദാഹരണങ്ങളായി ഈ രണ്ട് സഹോദരങ്ങളെ നമുക്ക് കാണാവുന്നതാണ്.

അപൂർവ്വ സഹോദരങ്ങൾ
Author: മുബഷിറാ നസ്‌റിൻ

Subscribe to the Newsletter

Get our latest news, ideas, and handpicked updates delivered straight to your inbox.

We don’t spam! Read our privacy policy for more info.

You may also like

Leave a Comment