Home Articlesഅക്ഷരങ്ങളിലൂടെ പോരാടിയ “സ്വദേശാഭിമാനി “

അക്ഷരങ്ങളിലൂടെ പോരാടിയ “സ്വദേശാഭിമാനി “

മുബഷിറാ നസ്‌റിൻ

by admin
0 comments
“ഭയകൗടില്യലോഭങ്ങൾ 
വളർക്കില്ലൊരു നാടിനെ “

മലയാളപത്ര പ്രവര്‍ത്തന ചരിത്രത്തിൽ ഇന്നേവരെ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റം മൂർച്ചയുള്ള മുഖക്കുറിപ്പാണ് ഇത്. പ്രമുഖ സാമൂഹ്യ പരിഷ്കർത്താവായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി 1905ൽ ആരംഭിച്ച സ്വദേശാഭിമാനി പത്രത്തിന്‍റേതായിരുന്നു ഈ മുഖക്കുറിപ്പ്. ഈ വാക്കുകൾക്ക് യോജിക്കത്തക്ക വിധത്തിലുള്ള  ധീരനായ ഒരു പത്രാധിപരെ മലയാളത്തിനു സമ്മാനിക്കാനും ഈ പത്രം കാരണമായി.

1906ൽ ആയിരുന്നു രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രം എഡിറ്റർ ആയി നിയമിതനാവുന്നത്. ഭരണാധികാരികളുടെ സ്വജന പക്ഷപാതം, അഴിമതി തുടങ്ങിയവയൊക്കെ നിശിതമായി വിമർശിച്ചുകൊണ്ട് തൂലിക പടവാളാക്കിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ അധികാരികളുടെ കണ്ണിലെ കരടായി മാറി.അതുകൊണ്ടുതന്നെ നെയ്യാറ്റിൻകര താലൂക്കിന്‍റെ പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തല്പരകക്ഷികളുടെ ഗൂഢാലോചനയിലൂടെ അദ്ദേഹം തഴയപ്പെട്ടു.എന്നാൽ “ഈശ്വരൻ തെറ്റ് ചെയ്താലും ഞാൻ അത് റിപ്പോർട്ട് ചെയ്യും” എന്ന് ഉറച്ചു പ്രഖ്യാപിച്ചിരുന്ന അദ്ദേഹത്തെ ഇതൊട്ടും ഉലച്ചില്ല. പദവികളെക്കാളും അധികാരത്തെക്കാളുമൊക്കെ അദ്ദേഹം വില കൽപ്പിച്ചിരുന്നത് തന്‍റെ  നിലപാടുകൾക്കും അവ പ്രചരിപ്പിക്കാൻ സഹായിച്ചിരുന്ന തന്‍റെ എഴുത്തുതൂലികയ്ക്കുമായിരുന്നു.

1907ൽ ശ്രീമൂലം തിരുനാളിന്‍റെ  ദിവാനായിരുന്ന പി രാജഗോപാലാചാരിയുടെ തെറ്റായ ഭരണനയങ്ങളെ വിമർശിച്ചുള്ള ഇദ്ദേഹത്തിന്റെ ലേഖനം അധികാരികളെ കൂടുതൽ ചൊടിപ്പിച്ചു.

അതേ തുടർന്ന് പത്രാധിപരെ എങ്ങനെയും നാടു കടത്താൻ ഉന്നത തല ഗൂഢാലോചനകൾ നടന്നു.രാജാവിനോടും ദിവാനോടും മാപ്പപേക്ഷിച്ചു ഈ നാടുകടത്തൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ ചില സ്നേഹിതർ ഇദ്ദേഹത്തോട് അപേക്ഷിച്ചെങ്കിലും തന്‍റെ ആശയങ്ങളിലും എഴുത്തിലെ സത്യങ്ങളിലും അടിയുറച്ചു വിശ്വസിച്ചിരുന്ന ഇദ്ദേഹം ഒരിക്കലും അധികാരിവർഗ്ഗത്തിന് മുന്നിൽ തല കുനിക്കാൻ തയ്യാറായില്ല.തുടർന്ന് രാജാവും ദിവാനും ചേർന്ന് പത്രം കണ്ടു കെട്ടാനും ഇദ്ദേഹത്തെ നാട് കടത്താനും തീരുമാനിച്ചു.

തമിഴ്നാട്ടിലെ തിരുനെൽവേലിയിലേക്കായിരുന്നു അദ്ദേഹം നാടുകടത്തപ്പെട്ടത്.ഇദ്ദേഹത്തിന്റെ നാടുകടത്തലിലും പത്രം കണ്ടുകെട്ടലിലുമെല്ലാം കേരളത്തിലങ്ങോളമിങ്ങോളം രാജാവിനും ഭരണാധികാരികൾക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങളുയർന്നു.

“എന്റെ പത്രാധിപർ ഇല്ലാതെ എനിക്ക് പത്രമെന്തിന് അച്ചുകൂടമെന്തിന്..”എന്ന് മനസ്താപപ്പെട്ട അബ്ദുൽ ഖാദർ മൗലവി തന്റെ പത്രവും പ്രസ്സും നഷ്ടപ്പെട്ടതിനു ശേഷവും രാമകൃഷ്ണപിള്ളക്ക് കൂടുതൽ പിന്തുണ നൽകുകയാണ് ചെയ്തത്.

അധികാരിവർഗ്ഗത്തെ കത്തിക്കാൻ കെൽപ്പുള്ള രാമകൃഷ്ണപിള്ളയുടെ വാക്കുകളുടെ അനുരണനങ്ങളും ഇദ്ദേഹത്തെ നാടു കടത്തിയതിലുള്ള പ്രതിഷേധങ്ങളുടെ അലയൊലികളും കേരളവും ഇന്ത്യയും കടന്ന് പുറത്തേക്കും വ്യാപിച്ചിരുന്നു. അതേ തുടർന്നാണ് 1912ൽ പാലക്കാട്‌ വെച്ച് നടന്ന മഹാ സമ്മേളനത്തിൽ വെച്ച് മലേഷ്യയിലെ മലയാളികൾ ഇദ്ദേഹത്തെ സ്വദേശാഭിമാനി എന്ന ബിരുദം നൽകി ആദരിച്ചത്. ഇതേ തുടർന്നാണ് ഇദ്ദേഹം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നറിയപ്പെടുന്നത്.

മലയാളനാട്ടിൽ നിന്നും നാടു കടത്തിപ്പെട്ടെങ്കിലും ഇദ്ദേഹത്തിന്‍റെ  നിലപാടുകളെയോ എഴുത്തിനെയോ തടഞ്ഞു വെക്കാൻ അധികാരിവർഗ്ഗത്തിനടക്കം ആർക്കുമായില്ല. “എന്‍റെ  നാടുകടത്തൽ” എന്ന അദ്ദേഹത്തിന്‍റെ  വിഖ്യാത ആത്മകഥയിലൂടെയും പത്ര പ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന “വൃത്താന്ത പത്രപ്രവർത്തനം” എന്ന പ്രശസ്ത കൃതിയിലൂടെയും മറ്റനേകം എഴുത്തുകളിലൂടെയും അദ്ദേഹത്തിന്‍റെ  തൂലിക നിരന്തരം മലയാളികളോട് സംവദിച്ചു കൊണ്ടിരുന്നു.

നാടു കടത്തലിനെ തുടർന്ന് വിവിധയിടങ്ങളിൽ താമസിക്കേണ്ടി വന്നെങ്കിലും 1915ൽ ഇദ്ദേഹവും കുടുംബവും കേരളത്തിൽ കണ്ണൂരിലെത്തി.  കണ്ണൂരിൽ വെച്ച് വാർദ്ധക്യസഹജമായ അസുഖങ്ങളാൽ മലയാളത്തിന്റെ  ആദ്യത്തെ ധീരനായ പത്രകാരൻ അന്തരിക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്‍റെ മരണ ശേഷം ഭാര്യയായിരുന്ന ബി കല്യാണികുട്ടിയമ്മയുടെ വ്യാഴവട്ട സ്മരണകൾ എന്നറിയപ്പെടുന്ന പുസ്തകത്തിലൂടെയാണ് ഇദ്ദേഹത്തെക്കുറിച്ചും ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തെ കുറിച്ചും ജനങ്ങൾ കൂടുതൽ മനസ്സിലാക്കുന്നത്.

“എഴുതിക്കൊണ്ടിരിക്കെ മരിക്കണമെന്നതാണ് എനിക്ക് ആഗ്രഹം “എന്ന് ഉദ്ഘോഷിച്ച മലയാളപത്രപ്രവർത്തനത്തിന്‍റെ  പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം എഴുതാൻ ബാക്കിവെച്ച ഒരുപാട് ആശയങ്ങളുമായി ഇന്നും പയ്യാമ്പലം കടപ്പുറത്ത് ശാന്തനായി ഉറങ്ങുന്നു. മാധ്യമപ്രവർത്തനം വെറും തൊഴിൽ അല്ലെങ്കിൽ ജീവനോപാധി എന്നതിലേക്ക് ചുരുങ്ങിയ ഇന്നിന്റെ കെട്ട കാലത്താണ് ഇദ്ദേഹത്തെ പോലുള്ള തൂലിക തീപ്പന്തമാക്കി ആ വെളിച്ചത്തിൽ അധികാരികളുടെയും നീച ഭരണങ്ങളുടെയും ദുർമുഖങ്ങൾ സമൂഹത്തിന് മുന്നിൽ തുറന്നു കാണിച്ചു തന്ന സ്വദേശാഭിമാനിയെ പോലുള്ള “പത്രപ്രവർത്തകൻ “എന്നുറച്ചു വിളിക്കാൻ സാധിക്കുന്നവരുടെ നഷ്ടം നമ്മൾ മനസ്സിലാക്കുന്നത്.

“എഴുതിക്കൊണ്ടിരിക്കെ മരിക്കണമെന്നതാണ് എനിക്ക് ആഗ്രഹം “എന്ന് ഉദ്ഘോഷിച്ച മലയാളപത്രപ്രവർത്തനത്തിന്‍റെ  പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം എഴുതാൻ ബാക്കിവെച്ച ഒരുപാട് ആശയങ്ങളുമായി ഇന്നും പയ്യാമ്പലം കടപ്പുറത്ത് ശാന്തനായി ഉറങ്ങുന്നു. മാധ്യമപ്രവർത്തനം വെറും തൊഴിൽ അല്ലെങ്കിൽ ജീവനോപാധി എന്നതിലേക്ക് ചുരുങ്ങിയ ഇന്നിന്റെ കെട്ട കാലത്താണ് ഇദ്ദേഹത്തെ പോലുള്ള തൂലിക തീപ്പന്തമാക്കി ആ വെളിച്ചത്തിൽ അധികാരികളുടെയും നീച ഭരണങ്ങളുടെയും ദുർമുഖങ്ങൾ സമൂഹത്തിന് മുന്നിൽ തുറന്നു കാണിച്ചു തന്ന സ്വദേശാഭിമാനിയെ പോലുള്ള “പത്രപ്രവർത്തകൻ “എന്നുറച്ചു വിളിക്കാൻ സാധിക്കുന്നവരുടെ നഷ്ടം നമ്മൾ മനസ്സിലാക്കുന്നത്


അക്ഷരങ്ങളിലൂടെ പോരാടിയ “സ്വദേശാഭിമാനി “

മുബഷിറാ നസ്‌റിൻ

You may also like

Leave a Comment