Home Finance Articlesനന്ദിത : എഴുതിത്തീരാത്ത ഒറ്റവരിക്കവിത.

നന്ദിത : എഴുതിത്തീരാത്ത ഒറ്റവരിക്കവിത.

മുബഷിറ നസ്‌റിൻ 

by News Desk
0 comments

മുഖപുസ്തകത്തിൽ സജീവമാകാൻ തുടങ്ങിയ ആദ്യനാളുകളിലാണ് സ്വപ്നം മയങ്ങുന്ന കണ്ണുകളുള്ള ആ പെൺകുട്ടിയുടെ ഫോട്ടോ ഞാൻ ആദ്യമായി കാണുന്നത്.

"നേർത്ത വിരലുകൾ കൊണ്ട് 
ആത്മാവിനെ തൊട്ടുണർത്താൻ
ഇന്ദ്രിയങ്ങൾക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ
ഇനി നിനക്ക് കടന്നുവരാം"

ഈ നാലു വരി കവിതാശകലത്തിൽ ആകൃഷ്ടയായാണ് നന്ദിതയെ ഞാൻ കൂടുതൽ തിരഞ്ഞത്.

വയനാട്ടിലെ മടക്കിമല എന്ന ഗ്രാമപ്രദേശത്തായിരുന്നു നന്ദിതയുടെ ജനനം.പഠനശേഷം മുട്ടിൽ വയനാട് മുസ്ലിം ഓർഫനെജ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന സമയത്താണ് ഒരു എഴുതിത്തീരാത്ത കവിതാശകലം പോലെ നന്ദിത ഒരു ദുപ്പട്ടക്കുരുക്കിൽ ജീവിതം അവസാനിപ്പിക്കുന്നത്.

പഠനകാലഘട്ടങ്ങളിലോ കോളേജ് അധ്യാപികയായുള്ള ഔദ്യോഗികകാലങ്ങളിലോ ഒരിക്കൽ പോലും നന്ദിത എഴുതുമായിരുന്നുവെന്ന് സുഹൃത്തുക്കൾക്കോ വീട്ടുകാർക്കോ മരണശേഷം നന്ദിതയുടെ കവിതകൾ കണ്ടെടുത്ത ഭർത്താവ് അജിത്തിനോ അറിയുമായിരുന്നില്ല. മരണശേഷം മാത്രം എഴുത്തുകാരിയായ പെൺകുട്ടിയായിരുന്നു നന്ദിത.

പ്രണയവും വിഷാദവും മരണവുമെല്ലാം ഇഴുകിച്ചേർന്ന വരികളായിരുന്നു നന്ദിതയുടെ കവിതകളുടെ പ്രത്യേകത.

നന്ദിതയുടെ കവിതയെഴുത്തു പോലെ അജ്ഞാതമായിരുന്നു നന്ദിതയുടെ മരണകാരണവും. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ മരണത്തിലേക്ക് നടന്നുപോയൊരു പെൺകുട്ടി എന്ന ചിന്തകൾക്കും വിലയിരുത്തലുകൾക്കുമൊടുവിലാണ് ഭർത്താവ് അജിത്ത് നന്ദിതയുടെ നമ്പർ ലോക്കിട്ട് ഭദ്രമായി സൂക്ഷിച്ച ഇരുമ്പുപെട്ടിയിൽ നിന്നും നന്ദിത തന്റെ ജീവിതം പോലെ രഹസ്യമായി സൂക്ഷിച്ച കവിതാശകലങ്ങൾ കണ്ടെടുക്കുന്നത്.

നന്ദിതയുടെ പല വരികളും മരണത്തെ ഒരു നിഗൂഢസൗന്ദര്യം കണക്കെ വരച്ചിടുന്നവയായിരുന്നു. മരണത്തിനോടുള്ള പ്രണയം ഒരു ലഹരി പോലെ നന്ദിതയെ എന്നും മോഹിപ്പിച്ചിരുന്നു എന്ന് നന്ദിതയുടെ പല വരികളിലും വരച്ചിട്ടിരുന്നു.

അതുകൊണ്ടായിരിക്കാം കേവലം ഇരുപത്തിയൊൻപതാം വയസ്സിൽ തന്നെ അത്രമേൽ സ്നേഹിക്കുന്ന പുരുഷനേയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ വിട്ട് ജീവിതത്തിന്റെ താളുകൾ അടച്ചുവെച്ച് മരണത്തിന്റെ തണുത്ത വയലറ്റുപൂക്കൾ തേടി നന്ദിത യാത്രയായത്.

നന്ദിതയുടെ കവിതയും ജീവിതവും മരണവുമൊക്കെ ചർച്ചയായതോടെ നന്ദിതയുടെ കവിതകൾക്കുള്ള ആരാധകരെ കണ്ട് നന്ദിത പ്രണയകാലഘട്ടങ്ങളിൽ അജിത്തിന് അയച്ചിരുന്ന പ്രണയലേഖനങ്ങൾ പുസ്തകമാക്കുവാൻ താല്പര്യം പ്രകടിപ്പിച്ച് പല പ്രസാധകരും അജിത്തിനെ സമീപിച്ചിരുന്നുവെങ്കിലും തങ്ങളുടെ സ്വകാര്യതകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുവാനോ വിറ്റു കാശാക്കുവാനോ അജിത്ത് തയ്യാറായിരുന്നില്ല.

“ചില ജന്മങ്ങളുണ്ട്. പൂമോട്ട് പോലെ വിടർന്നു വരുന്നു. അഴക് ചൊരിയുന്നു. പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു. വെറും മണ്ണിലേക്ക്. കാരണമെന്തെന്നറിയില്ല. ആർക്കുമത് ഗണിച്ചെടുക്കാനുമാകില്ല.”

നന്ദിതയുടെ കവിതാപുസ്തകത്തിന്റെ അവസാന താളുകളിൽ സുഗതകുമാരിടീച്ചർ കുറിച്ചിട്ട ഈ വാക്കുകളെ പോലെ നിഗൂഢമായ ജീവിതവും മരണരഹസ്യവും കൊണ്ട് നന്ദിത ഒരു ശീർഷകമില്ലാത്ത കവിത പോലെ ഇന്നും വായനക്കാരുടെ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു.

നന്ദിത : എഴുതിത്തീരാത്ത ഒറ്റവരിക്കവിത.

Author: മുബഷിറ നസ്‌റിൻ 

You may also like

Leave a Comment