പെൺകരുത്തിന്റെ പ്രതീകമായി ലോകം മുഴുവൻ വാഴ്ത്തുന്ന മലാല ലോകത്തെ അനേകായിരം പെൺകുട്ടികൾക്ക് എന്നും ധൈര്യവും ആത്മവിശ്വാസവും പകരുന്ന ഒരു പാഠപുസ്തകം കൂടിയാണ്.
1997 ജൂലൈ 12 നാണ് പാകിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ വിദ്യാഭ്യാസ പ്രവർത്തകനും കവിയുമായ സിയാവുദ്ധീൻ യൂസുഫ് സായിയുടെയും മാതാവ് ടൂർ പെകൈ യൂസുഫ് സായിയുടെയും മകളായി മലാല ജനിക്കുന്നത്.
ചെറുപ്രായത്തിൽ തന്നെ വിദ്യാഭ്യാസ അവകാശത്തെ കുറിച്ചും താനടക്കമുള്ള പെൺകുട്ടികൾ നേരിട്ടു കൊണ്ടിരിക്കുന്ന അനീതിയെ കുറിച്ചുമെല്ലാം ബോധവതിയായ മലാല 2008ലാണ് ആദ്യമായി വിദ്യാഭ്യാസത്തിനു വേണ്ടിയും താനടക്കമുള്ള പെൺവർഗത്തിന്റെ അവകാശത്തിന് വേണ്ടിയും ശബ്ദമുയർത്തി തുടങ്ങിയത്.
തന്റെ അവകാശങ്ങളെ കുറിച്ചും താനടക്കമുള്ള പെൺകുട്ടികൾ അനുഭവിക്കുന്ന നീതികേടിനെ കുറിച്ചും പരസ്യമായി സംസാരിക്കാൻ ധൈര്യം കാണിച്ച മലാല ചുരുങ്ങിയ കാലം കൊണ്ടു തന്നെ താലിബാൻ തീവ്രവാദികളുടെ നോട്ടപ്പുള്ളിയായി മാറി.
സ്ത്രീകൾക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്നത് വരെ താലിബാൻ വിലക്കേർപ്പെടുത്തിയിരുന്ന ആ സമയത്ത് പെഷവാറിലെ പ്രസ്സ് ക്ലബ്ബിൽ ഒരു കൊച്ചുപെൺകുട്ടി തങ്ങൾക്കെതിരെ സംസാരിച്ചത് അവരെ കൂടുതൽ ചൊടിപ്പിച്ചു.
കൂടാതെ 2009 മുതൽ ബി ബി സി ഉറുദു സൈറ്റിൽ “ഗുൽ മകായി” എന്ന പേരിൽ മലാല എഴുതാൻ തുടങ്ങുകയും ചെയ്തു.
താനടക്കമുള്ള പെൺകുട്ടികൾ തങ്ങളുടെ സ്വന്തം രാജ്യത്ത് നേരിടുന്ന അവകാശലംഘനങ്ങളും നീതികേടും അതുകൊണ്ട് തങ്ങൾ അനുഭവിക്കുന്ന കഷ്ടതകളും പ്രയാസങ്ങളുമെല്ലാം തന്റേതായ ഭാഷയിൽ അവൾ എഴുതിയപ്പോൾ ആ പതിനൊന്നുകാരി പെൺകുട്ടിയേയും അവളുടെ കുഞ്ഞു (വലിയ) സങ്കടങ്ങളെയും ലോകമൊന്നാകെ ഏറ്റെടുക്കുകയും അവരനുഭവിക്കുന്ന അനീതിക്കെതിരെ അവരുടെ കൂടെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ശബ്ദമുയരുകയും ചെയ്തതോടെ ആ കൊച്ചുപെൺകുട്ടിയെ താലിബാൻ കൂടുതൽ ഭയന്നു.
മലാലയുടെ എഴുത്തുകളിലും ആയുധധാരികളെ വിറപ്പിക്കുന്ന അവളുടെ കുഞ്ഞു ശബ്ദത്തിലും ആകൃഷ്ടരായി കൂടുതൽ ആളുകൾ രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും അവളുടെ പിറകിൽ അണിനിരക്കുന്നത് കണ്ട് താലിബാൻ കൂടുതൽ ഭയചകിതരായി. അവളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഇനിയും കൂടുതൽ പെൺകുട്ടികൾ രംഗത്ത് വരുമെന്നും തങ്ങളുടെ ഉദ്യമം പരാജയപ്പെടുമെന്നും അവർ മനസ്സിലാക്കി.
അതുകൊണ്ടുതന്നെ മലാലയുടേ ശബ്ദം ഇനി ഉയരാൻ അനുവദിക്കാതിരിക്കണമെന്നും അതുവഴി ജനങ്ങളുടെ മനസ്സിൽ ഇനിയൊരിക്കലും തങ്ങൾക്കെതിരെ ശബ്ദമുയർത്താൻ തോന്നാത്ത വിധത്തിൽ ഭയം കോരിയിടണമെന്നും അവർ കണക്കു കൂട്ടി.
2012 ഒക്ടോബർ 9നാണ് താലിബാൻ തോക്കുധാരികൾ സ്കൂൾ ബസ് ആക്രമിച്ച് 15 വയസ്സുള്ള മലാലയെ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ മലാലയെ പാക്കിസ്ഥാനിലെ പെഷാവറിൽ നിന്നും കൂടുതൽ സൗകര്യപ്രദമായ ചികിത്സക്ക് വേണ്ടി ഇംഗ്ലണ്ടിലെ ബർക്കിങ് ഹാമിലെ ആശുപത്രിയിലേക്ക് മാറ്റി.
മലാലയുടെ ശബ്ദം നിലച്ചാൽ ഭയത്താൽ ജനങ്ങൾ തങ്ങൾക്കെതിരെയുള്ള മുന്നേറ്റങ്ങളിൽ നിന്നും സ്വയം പിന്തിരിയുമെന്ന് ചിന്തിച്ചിരുന്ന താലിബാന്റെ കണക്കു കൂട്ടലുകളെ അപ്പാടെ തെറ്റിച്ചു കൊണ്ടായിരുന്നു പാക്കിസ്ഥാനിലെ കുട്ടികളുടെ പ്രതികരണം. മലാലയുടെ ശബ്ദം നിലച്ചുപോയ സമയത്ത് അനേകായിരം കുട്ടികൾ അവൾക്ക് വേണ്ടി ശബ്ദമുയർത്തി.അന്താരാഷ്ട്ര സമൂഹം അവരുടെ കൂടെ ഭീകരവാദത്തിനെതിരെയുള്ള മുന്നേറ്റത്തിൽ പങ്കാളികളായി.
യു എസ് പ്രസിഡന്റ് ബറാക് ഒബാമ,വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ,യു എൻ സെക്രട്ടറി ബാൻ കി മൂൺ എന്നിവരെല്ലാം മലാലക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു.
ചികിത്സക്ക് ശേഷം മലാലയും കുടുംബവും ഇംഗ്ലണ്ടിൽ സ്ഥിരതാമസം തുടർന്നു. ഇംഗ്ലണ്ടിലാണ് മലാല തന്റെ തുടർപഠനം പൂർത്തിയാക്കിയത്. താലിബാൻ ആക്രമണത്തിനു ശേഷമുള്ള തന്റെ ആദ്യ പിറന്നാളായ പതിനാറാം ജന്മദിനത്തിൽ 2013 ജൂലൈ 12ന് ഐക്യരാഷ്ട്രസഭയിൽ സദസ്സിനെ അഭിസംബോധന ചെയ്യാൻ മലാലക്ക് അവസരം ലഭിച്ചു. ഇതോടെ ഐക്യരാഷ്ട്രസഭയെ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മലാല ചരിത്രത്തിലിടം നേടി.അന്നുമുതൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ നേരിടുന്ന രാജ്യങ്ങളിൽ വെച്ചാണ് മലാല തന്റെ പിറന്നാൾ ആഘോഷിച്ചു കൊണ്ടിരിക്കുന്നത്. പിറന്നാൾ മധുരം പങ്കു വെക്കുന്നതിനോടൊപ്പം തന്നെ അതിലും മധുരം നിറഞ്ഞ വിദ്യാഭ്യാസം അവിടങ്ങളിലെ പെൺകുട്ടികൾക്ക് മലാല ഉറപ്പ് നൽകുന്നു.അതിനായി മലാല ഫണ്ട് എന്ന ഒരു സംഘടന സ്ഥാപിക്കാനും അതിലൂടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം തുടങ്ങിയ പെൺകുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയും സാമൂഹിക നീതിക്ക് വേണ്ടിയും മലാല ഇന്നും പോരാടുന്നു.
മലാലയുടെ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും ലഭിച്ചു.2014ലെ നോബൽ അവാർഡ് കൂടാതെ മറ്റു നിരവധി അവാർഡുകളും അന്താരാഷ്ട്ര അംഗീകാരങ്ങളും അവളെ തേടിയെത്തി.നൊബേൽ അവാർഡിനാർഹയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയിലും അവൾ പ്രശസ്തയായി.
ബ്രിട്ടീഷ് പത്രപ്രവർത്തകയായ ക്രിസ്റ്റിന ലാബുമൊന്നിച്ച് രചിച്ച Iam malala(ഞാൻ മലാല)എന്ന ജീവചരിത്രകൃതിയും മലാല പുറത്തിറക്കി.
കുഞ്ഞുനാൾ മുതലേ താനനുഭവിച്ച അവകാശലംഘനങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരുന്ന സ്വാതന്ത്ര്യവും അവകാശവുമെല്ലാം താലിബാനിൽ നിന്നും പിടിച്ചു വാങ്ങിയതുമെല്ലാം മൂർച്ചയേറിയ അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയും അവൾ ലോകത്തോട് വിളിച്ചു പറഞ്ഞു.കാലാ കാലങ്ങളായി അടിമത്തമനോഭാവത്തിൽ ആയുധബലത്തിനും കയ്യൂക്കിനും മുന്നിൽ പല ശക്തികളുടെയും മുന്നിൽ മുട്ടുകുത്തേണ്ടി വരുന്ന എല്ലാ വിഭാഗങ്ങൾക്കും മലാല എന്ന പെൺകുട്ടിയും, “ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പേനക്കും ഒരു പുസ്തകത്തിനും ലോകത്തെ മാറ്റാനാകും” എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് അവൾ വെട്ടിത്തെളിച്ചു കാണിച്ചു തന്ന പ്രതിരോധമാർഗങ്ങളും ഇന്നും ഒരു പാഠമാണ്.
മലാല യൂസുഫ് സായ് : തോക്കിൻമുനയിൽ തളരാത്ത അക്ഷരവെളിച്ചം.
രചന : മുബാഷിറ നസ്രിൻ