ആടുജീവിതത്തിൽ നിന്നും വ്യത്യസ്തമായി അന്നുവരെ അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത പുതുമയേറിയ ഒരു പ്രമേയമാണ് ഒരു ത്രില്ലർ -കുറ്റാന്വേഷണ രീതിയിലൂടെ എഴുത്തുകാരൻ വായനക്കാരിലേക്കെത്തിക്കുന്നത്.
ഒരു ത്രില്ലെർ നോവൽ എന്ന വിശേഷണത്തിനോട് നീതി പുലർത്തുന്ന തരത്തിൽ വായനക്കാരനെ മിടിക്കുന്ന ഹൃദയവുമായി വരികളിലൂടെ കൂടെ നടത്തുന്ന കടമ ബെന്യാമിൻ മനോഹരമായി നിർവഹിച്ചിരിക്കുന്നു.
തികഞ്ഞ കയ്യടക്കത്തോടെയാണ് ബെന്യാമിൻ ഈ നോവൽ പണിതുയർത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, നമ്മൾ അക്ഷരങ്ങളിലൂടെയും വരികളിലൂടെയും നടന്ന് കായലുകളുടെ രാജ്യമായ ഡീഗോ ഗാർഷ്യയിലേക്കും കഥാ നായകനായ ക്രിസ്റ്റി അന്ത്രപ്പേറിലേക്കും അന്ത്രപ്പേർ കുടുംബത്തിലേക്കും ചേരർ പെരുന്തെരുവിലേക്കും വല്യപപ്പയിലേക്കും സെന്തിലിലേക്കും അൻപിലേക്കും എല്ലാമെത്തുന്നു.
ഒരു അപ്രതീക്ഷിത സാഹചര്യത്തിൽ കഥാനായകനായ ക്രിസ്റ്റി ഒരു കൊലപാതകത്തിന് സാക്ഷി ആവേണ്ടി വരികയും കൊല്ലപ്പെട്ടത് തന്റെ സഹപാഠിയായിരുന്ന സെന്തിൽ ആയിരുന്നെന്നും ക്രിസ്റ്റി തിരിച്ചറിയുന്നു.ആ കൊലക്ക് പിന്നിൽ പ്രവർത്തിച്ചവരെ തേടി കഥാനായകൻ ഇറങ്ങുന്നിടത്താണ് അതുവരെ ഒരു സാധാരണ നോവലായിരുന്നു എഴുത്ത് പെട്ടെന്ന് ഒരു ത്രില്ലെർ രീതിയിലേക്ക് മാറുന്നത്.പട്ടാപ്പകൽ ഒരു ജനത്തിരക്കേറിയ കഫെയിൽ, ആൾക്കൂട്ടത്തിനിടയിൽ വെച്ച് കൊല്ലപ്പെട്ട സെന്തിൽ എന്ന ചെറുപ്പക്കാരന്റെ ദുരൂഹ മരണം റിപ്പോർട്ട് ചെയ്യുകയോ അറിയുകയോ ചെയ്യാത്ത പോലീസുകാരും പിന്നീട് ഒരു കാർഡിയാക് അറസ്റ്റ് എന്ന ഒറ്റവാക്കുത്തരത്തിൽ ആ മരണത്തിനെ തിരുത്തിക്കുറിച്ച ആശുപത്രി അധികൃതരും തുടങ്ങി വിചിത്രമായ അനുഭവങ്ങളിലൂടെ വായനക്കാരെ എഴുത്തുകാരനൊപ്പം നടത്തുകയാണ് അദ്ദേഹം ചെയ്യുന്നത്.
ഫ്രാൻസിസ് ഇട്ടിക്കോരക്ക് ശേഷം ദുരൂഹത നിറഞ്ഞ സാത്താൻ സേവ മലയാളിക്ക് മുന്നിലവതരിപ്പിച്ച നോവലാണ് മഞ്ഞവെയിൽ മരണങ്ങൾ.”മറിയം സേവ “എന്ന പേരിലാണ് ഒരു രഹസ്യം പോലെ അതിനെ വായനക്കാർക്ക് മുന്നിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.
അന്ത്രപ്പേർ കുടുംബത്തിന്റെ രഹസ്യനിലവറകളിലൂടെ, വില്യാർ വട്ടത്തിലൂടെ,ദുരൂഹമരണങ്ങളിലൂടെ ഒരു പദപ്രശ്നം പൂരിപ്പിക്കുന്ന ആ മരണങ്ങളെയെല്ലാം തമ്മിൽ ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന കഥാനായകനിലൂടെ ഈ മരണങ്ങളുടെയും വിചിത്രാനുഭവങ്ങളിലൂടെയും വായനക്കാരനെ ത്രസിപ്പിച്ച് ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ പറ്റുന്ന രീതിയിൽ എഴുതപ്പെട്ട നോവലാണ് ഇത്.
ഈ നോവലിന്റെ ഉൾപ്പിരിവുകളിലൂടെ കടന്നു പോവുമ്പോൾ നാം തിരിച്ചറിയുന്നു.അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷവും ആടുജീവിതവും കേവല യാദൃശ്ചികതകളുടെ സൃഷ്ടിയായിരുന്നില്ല എന്ന്.
രചന : മുബഷിറ നസ്‌റിൻ