തന്നിൽ നിന്നും തന്റെ ഇണയെ സൃഷ്ടിച്ചു എന്ന മനുഷ്യോൽപ്പത്തിക്കാധാരമായ പ്രണയത്തിലധിഷ്ഠിതമായ വിശ്വാസത്തെ “വെറും വാരിയെല്ല് മാത്രമാണ് നീ “എന്ന് പുച്ഛിച്ചുതാഴ്ത്തുന്ന ആണഹന്തകളെ അടച്ചാക്ഷേപിക്കുന്നതാണ് ഈ കെ ജി ജോർജ് ചിത്രം.
വാസന്തി, ആലീസ്, അമ്മിണി എന്നീ വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള മൂന്നു സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് ഈ സിനിമ കടന്നു പോകുന്നത്. എന്നാൽ ആണധികാരത്തിനു മുന്നിൽ ഇവർക്ക് ഒരേ സ്ഥാനമാണുള്ളത്.
കുടുംബത്തിനുള്ളിലേക്ക് ജോലിത്തളർച്ചകൾക്ക് ഒടുവിൽ യാത്രാക്ഷീണവുമായി വന്നെത്തുന്ന സ്ത്രീ, അടുക്കളയിൽ കഴിയുന്ന ജോലിക്കാരി, സമ്പന്നനായ ഭർത്താവിന്റെ കളിപ്പാവ പോലെ ആർക്കോ വേണ്ടി സ്വന്തം ജീവിതം വലിച്ചു നീട്ടി മടുത്ത സ്ത്രീ,വീട്, കുടുംബം, വിവാഹ, വിവാഹേതര ലൈംഗികത തുടങ്ങിയ നുറുങ്ങു കാഴ്ചകളിലൂടെയാണ് നായികാജീവിതങ്ങൾ ആഖ്യാനത്തിലേക്ക് പ്രവേശിക്കുന്നത്.
മധ്യവർഗക്കാരിയായ ഒരു വീട്ടമ്മയായിരുന്നു ഇതിൽ സുഹാസിനി അവതരിപ്പിച്ച വാസന്തി എന്ന പെൺകഥാപാത്രം. ഒരു സർക്കാർ ഉദ്യോഗസ്ഥ ആയിരുന്നിട്ട് പോലും ഭർത്താവിന്റെ ആണധികാരങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കാൻ മാത്രം കഴിഞ്ഞിരുന്ന ഒരു സാധാരണ സ്ത്രീ ആയിരുന്നു അവർ. ഒരു പരാജയപ്പെട്ട ജേർണലിസ്റ്റ് ആയിട്ടാണ് ഈ ചിത്രത്തിൽ വേണു നാഗവള്ളിയുടെ ഭർതൃ കഥാപാത്രം എത്തുന്നത്. പകലു മുഴുവനുമുള്ള ഓഫീസ് ജോലിയും വൈകീട്ടുള്ള മടുപ്പിക്കുന്ന വീട്ടുജോലികളും ഭർത്താവിന്റെയും അമ്മായിയമ്മയുടെയും കുത്തുവാക്കുകളും അവഗണനയും നിറഞ്ഞ ലോകത്തിൽ നിന്നും അവൾ രക്ഷപ്പെട്ടത് മനസ്സിന്റെ താളം തെറ്റിത്തുടങ്ങിയതോടെയാണ്. തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ അഭയം തേടുന്ന വാസന്തി കുടുംബത്തിന് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെട്ടിട്ടും ഒരു നല്ല വാക്ക് പോലും ലഭിക്കാതെ പോയ ഹതഭാഗ്യരായ സ്ത്രീകളുടെ പ്രതിനിധിയായാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഭർത്താവിന്റെ ആണധികാരത്തിനോട് തന്നാലാവും വിധം പകരം വീട്ടുന്ന കഥാപാത്രമാണ് ശ്രീവിദ്യ അവതരിപ്പിച്ച ആലീസ് എന്ന സ്ത്രീകഥാപാത്രം. സമ്പന്നനായ ഭർത്താവോ സുഖസൗകര്യങ്ങളോ ഒരിക്കലും ഒരു പെണ്ണിന് സംരക്ഷണമാകില്ലെന്ന് ഊന്നിപ്പറയുന്ന കഥാപാത്രമാണ് ആലീസ്. രാത്രിയിൽ വീട്ടുവേലക്കാരിയെത്തേടി പോവുന്ന ഭർത്താവിനെ തടയാൻ പോലും അവൾക്ക് സാധിക്കുന്നില്ല. സ്വന്തം നേട്ടങ്ങൾക്കായി ഭാര്യയെ മറ്റുള്ളവർക്ക് മുന്നിൽ കാഴ്ച്ച വെക്കാൻ മടിയില്ലാത്തവനായിരുന്നു ഭരത് ഗോപി അവതരിപ്പിച്ച മാമച്ചൻ എന്ന ശ്രീ വിദ്യയുടെ ഭർതൃ കഥാപാത്രം. ആത്മാവിനെ കാർന്നു തിന്നുന്ന അപമാനഭാരത്തിനൊടുവിൽ അവൾ ഭർത്താവിനോട് പകരം വീട്ടുന്നത് മറ്റൊരു പുരുഷനെ പ്രണയിച്ചുകൊണ്ടായിരുന്നു. ഒടുവിൽ കാമുകനാലും തഴയപ്പെട്ടപ്പോൾ ആത്മഹത്യയിലൂടെയാണ് ആണഹന്ത നിറഞ്ഞ ലോകത്തു നിന്നും അവൾ സ്വയം രക്ഷപ്പെടുന്നത്.
ആലീസിന്റെ ഭർത്താവ് മാമച്ചൻ മുതലാളിയുടെ കുഞ്ഞിനേയും വയറ്റിലിട്ട് ഒരു അഭയാർത്ഥിയെപ്പോലെ ആ വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്ന പെൺകുട്ടിയാണ് സൂര്യ അവതരിപ്പിച്ച അമ്മിണി എന്ന കഥാപാത്രം. സർക്കാർ ആശുപത്രിയിൽ പ്രസവിച്ച അമ്മിണി കുഞ്ഞിനെ ഉപേക്ഷിക്കുകയാണ്. യഥാർത്ഥത്തിൽ സമൂഹം കൽപ്പിച്ചു നൽകിയ മാതൃത്വം എന്ന മഹനീയ സങ്കല്പമാണ് അമ്മിണി വഴിയിൽ ഉപേക്ഷിക്കുന്നത്. ഒടുവിൽ അഭയകേന്ദ്രത്തിൽ എത്തിപ്പെടുന്ന അമ്മിണി അവിടെ വെച്ച് കഠിനമായ വിഷാദത്തെ തുടർന്ന് ഉന്മാദത്തിലേക്ക് വഴുതി വീഴുന്നു.
ആ റെസ്ക്യൂ ഹോമിൽ നിന്നും മറ്റു സ്ത്രീകൾക്കൊപ്പം ഉന്മാദിനിയായി പുനരധിവാസ കേന്ദ്രത്തിന്റെ വാതിൽ തകർത്ത് ക്യാമറക്കണ്ണുകളെ തട്ടിമാറ്റി തെരുവിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്നതാണ് ക്ലൈമാക്സ്. നൂറ്റാണ്ടുകളായി സമൂഹത്തിൽ നില നിന്നിരുന്ന പുരുഷാധിപത്യത്തിന്റെയും ആണഹന്തയുടെയും കവിളത്തേറ്റ അടിയായിരുന്നു ആ രംഗം. സ്വാതന്ത്ര്യത്തോടൊപ്പം അസ്തിത്വവും സ്വാത്വബോധവും കൂടി വിഷയമാകുന്ന വിധത്തിൽ തെരുവിലേക്ക് ഓടിയിറങ്ങുന്ന സ്ത്രീകളുടെ ദൃശ്യത്തിൽ കെ ജി ജോർജ് എന്ന സംവിധായകന്റെ നിലപാടുകൾ നമുക്കെല്ലാം വ്യക്തമാകുന്നതാണ്.
സൂര്യ എന്ന അഭിനേത്രിയുടെ കറുത്ത ശരീരം ഇത്രമേൽ രാഷ്ട്രീയപ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ട മറ്റൊരു സിനിമയുണ്ടാകുമെന്ന് തോന്നുന്നില്ല.
അവളെക്കാൾ നിലനിൽപ്പും സൗകര്യങ്ങളുമുണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകൾ പരാജയപ്പെട്ടിടത്ത് സമൂഹം തീർക്കുന്ന ആണധികാരപ്പൂട്ടുകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് കുതിക്കുവാനും മറ്റു സ്ത്രീകളെ ഇത്തരത്തിൽ സ്വാതന്ത്ര്യത്തിന്റെ വിളക്കുമേന്തി മുന്നോട്ട് നയിക്കുവാനും സാധിച്ചു എന്നതാണ് അമ്മിണി എന്ന കഥാപാത്രത്തേ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.
തീർച്ചയായും ആലീസും വാസന്തിയും അമ്മിണിയും ഇന്നും നമ്മുടെ സമൂഹത്തിൽ നിന്നും അപ്രത്യക്ഷരായിട്ടില്ല. ഇന്നും നമുക്ക് ചുറ്റുമുള്ള പല പെൺ മുഖങ്ങളിലും ഈ മൂന്നു പെണ്ണുങ്ങളെയും നമുക്ക് കാണാവുന്നതാണ്.
റിലീസായി നാൽപത്തിരണ്ട് വർഷങ്ങൾക്കിപ്പുറവും ഒരു സിനിമയെ പ്രസക്തമാക്കി നിലനിർത്താൻ കഴിയുന്നു എന്നിടത്താണ് സിനിമ മാത്രമല്ല കെ ജി ജോർജ് എന്ന സംവിധായകന്റെ ഉൾക്കാഴ്ച്ചയുള്ള നിലപാടുകളും പ്രേക്ഷകനെ ഇന്നും അമ്പരപ്പിക്കുന്നതായി മാറ്റുന്നത്.

ആദാമിന്റെ വാരിയെല്ല് :കെ ജി ജോർജിന്റെ മൂന്നു പെൺകഥകൾ
രചന : മുബഷിറ നസ്‌റിൻ