ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ജീവനേകിയവരുടെ കഥകൾ കൊണ്ട് ചരിത്രം മുഖരിതമാണ്. എന്നാൽ നമുക്കെല്ലാം സുപരിചിതരായ പ്രമുഖ സ്വാതന്ത്ര്യസേനാനികളെക്കാൾ വളരെയധികം കൂടുതലാണ് നമ്മൾ അറിയുകയോ കേൾക്കുകയോ ചെയ്യാത്ത പോരാളികൾ. സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഏടുകൾക്കിടയിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമേ അവരെക്കുറിച്ച് പ്രതിപാദിക്കുന്നു പോലുമുണ്ടാവൂ. അത്തരത്തിൽ അധികമാരും അറിയാതെ പോയ സ്വാതന്ത്ര്യസമരപോരാളിയാണ് ഇന്ത്യയുടെ ആദ്യത്തെ ചാരവനിതയായി വാഴ്ത്തപ്പെട്ട നീര ആര്യ എന്ന ധീരവനിത.
1902 മാർച്ച് 15ന് ഉത്തർപ്രദേശിലെ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച നീര സുഭാഷ് ചന്ദ്രബോസിന്റെ സമരവീര്യത്തിൽ ആകൃഷ്ടയായാണ് അദ്ദേഹത്തിന്റെ ഇന്ത്യൻ നാഷണൽ ആർമി എന്ന സംഘടനയിൽ അംഗമായത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റെ രാജ്യസ്നേഹത്തിലൂടെയും അർപ്പണബോധത്തിലൂടെയും ബോസിന്റെ പ്രീതിയും വിശ്വാസ്യതയും പിടിച്ചു പറ്റാൻ നീരക്ക് സാധിച്ചു. അതുകൊണ്ടുതന്നെയാണ് ബ്രിട്ടീഷ് രഹസ്യങ്ങൾ ചോർത്തുന്ന ചാരവൃത്തിക്കായി നീര തെരഞ്ഞെടുക്കപ്പെട്ടത്. ചുമതല ഏറ്റെടുത്ത് മാതൃരാജ്യത്തിനായി രഹസ്യ ദൗത്യങ്ങൾ ഏറ്റെടുത്ത് നടത്തിയ നീര, ഇന്റലിജൻസും ഉപഗ്രഹങ്ങളും വരുന്നതിന് വളരെ മുമ്പ് തന്നെ കോഡഡ് മെസ്സേജിങ്ങിൽ പ്രവർത്തിക്കുകയും ഐ എൻ എയുടെ രഹസ്യങ്ങൾ സംരക്ഷിക്കുകയും ചെയ്തു.
ആയുധങ്ങൾ കൈവശം വെക്കാതെ വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു നീര ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധ സമയത്തായിരുന്നു ഐ എൻ എയുടെ രഹസ്യാന്വേഷണ വിഭാഗത്തിനായി നീര രഹസ്യദൗത്യങ്ങൾ ഏറ്റെടുക്കുന്നത്. വളരെ യുക്തിപൂർവ്വം ബ്രിട്ടീഷുകാരുടെ നിർണായക വിവരങ്ങളും രഹസ്യങ്ങളുമെല്ലാം നീര ഐ എൻ എയ്ക്ക് ചോർത്തി നൽകി.
തന്റെ വ്യക്തിജീവിതം പോലും തന്റെ നിയോഗത്തിനു വേണ്ടി ഉപയോഗിക്കാൻ നീര തയ്യാറായി. ഇതിന്റെ ഭാഗമായി റോൺജോൺ ദാസ് എന്ന ബ്രിട്ടീഷ് പോലീസ് ചാരപ്രമുഖനെ നീര വിവാഹം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ ചെറുശബ്ദം ഉയർത്തുന്നവരെപ്പോലും ക്രൂരമായി അടിച്ചമർത്തുന്നയാളായിരുന്നു റോൺജോൺ ദാസ്.
റോൺജോൺ ദാസിലൂടെയാണ് ബ്രിട്ടീഷ് സൈന്യം സുഭാഷ് ചന്ദ്രബോസിനെതിരെ കരുക്കൾ നീക്കുന്ന കാര്യം നീര അറിഞ്ഞത്. ബോസിനെ വധിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം.ഇത് തടയാനുള്ള നീരയുടെ ശ്രമങ്ങളിലൂടെ തന്റെ ഭാര്യ ആരാണെന്നും എന്താണ് ഉദ്ദേശമെന്നും റോൺജോൺ ദാസ് തിരിച്ചറിഞ്ഞു.
നേതാജിക്കെതിരെയുള്ള ബ്രിട്ടീഷ് നീക്കങ്ങൾ അദ്ദേഹത്തെ അറിയിക്കുവാനായി പുറപ്പെട്ട നീരയെ പിന്തുടർന്നെത്തിയ റോൺജോൺ ദാസ് നേതാജിയെ കാണുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു. ആക്രമണത്തിൽ നേതാജി തലനാരിഴക്ക് രക്ഷപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. മറ്റു മാർഗമേതുമില്ലാതെ നീരക്ക് റോൺജോൺ ദാസിനു നേരെ വെടിയുതിർക്കേണ്ടി വന്നു.
