Home ArticlesLess Luggage, More Comfort

Less Luggage, More Comfort

വർഗീസ് പ്ലാമൂട്ടിൽ

by News Desk
0 comments

Less Luggage, More Comfort

വാഷിംഗ്ടൺ ഡി.സി. ഏരിയയിലെ ഒരു വിമാനത്താവളത്തിൽ വെച്ച് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ നായയെ ചവിട്ടിയതിന് 70 വയസ്സുള്ള ഈജിപ്റ്റ്കാരനായ ഗ്രീന്‍കാര്‍ഡുകാരനെ അമേരിക്കയിൽ നിന്ന് നാടുകടത്തിയതായ വാര്‍ത്ത പലരും അറിഞ്ഞുകാണും.

ഈജിപ്തിലെ കെയ്‌റോയിൽ നിന്നുള്ള വിമാനം ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷം പതിവ് സ്ക്രീനിംഗിനിടെ സി.ബി.പി കാർഷിക ഡിറ്റക്ടർ , അഞ്ച് വയസ്സുള്ള ഫ്രെഡി എന്ന ബീഗിൾ നായ, അതിന്‍റെ ഹാൻഡ്‌ലറോടൊപ്പം ബാഗുകൾ പരിശോധിക്കവെ സംശയകരമായ ഒരു സ്യൂട്ട്‌കേസ് കണ്ടെത്തി. പരിശോധനയില്‍ ബീഫ്, അരി, വഴുതന, വെള്ളരിക്ക, കുരുമുളക്, ചോളവിത്തുകൾ, ഔഷധസസ്യങ്ങൾ എന്നിവയുൾപ്പെടെ 100 പൗണ്ടിലധികം ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. തുടര്‍ന്ന് അയാളെ അറസ്റ്റ് ചെയ്യുകയും മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയും ചെയ്തു. പരുക്കേറ്റ ഫ്രെഡിയുടെ ചികിത്സാ ചിലവുകള്‍ നല്‍കാനും ഉടനടി അയാളെ നാടുകടത്താനും മജിസ്ട്രേറ്റ് വിധി പുറപ്പെടുവിച്ചു വെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

നൂറ് പൗണ്ടിലധികം അപ്രഖ്യാപിതവും നിരോധിതവുമായ കാർഷിക ഉൽപ്പന്നങ്ങൾ മനഃപൂർവ്വം കടത്തുന്നതിനും കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ബീഗിളിനെ ആക്രമിക്കുന്നതിനും നിയമം ആരെയും അനുവദിക്കുന്നില്ലെന്ന് സി. ബി.പി.യുടെ വാഷിംഗ്ടൺ ഡിസിയിലെ ഏരിയ പോർട്ട് പോർട്ട് ഡയറക്ടർ ക്രിസ്റ്റീൻ വോ പറഞ്ഞു.

ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ക്കശ്ശമായി നടപ്പാക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഈ വാര്‍ത്തയും അതിന്‍റെ പ്രസക്തിയും നമ്മുടെ ചിന്തയ്ക്ക് വിഷയമാക്കേണ്ടതുണ്ടെന്നു കരുതുന്നു. ആദ്യമായി ഉയരുന്ന ചോദ്യം ഗ്രീന്‍കാര്‍ഡുകാരെ അങ്ങനെയങ്ങു നാടുകടത്താമോ എന്നതാണ്. അതിന്‍റെ വ്യക്തമായ ഉത്തരം അതെ എന്നുതന്നെയാണ്. അമേരിക്കന്‍വിസയ്ക്ക് അപേക്ഷിക്കമ്പോള്‍ ഇവിടത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുകൊള്ളാമെന്ന് രേഖാമൂലം സമ്മതിച്ചാണ് നാം ഇവിടെയെത്തുന്നത്. നിയമം ലംഘിച്ചാല്‍ ഇവിടെനിന്നും പുറത്താക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. അതേ സമയം ഇതുവരെയുള്ള നിയമപ്രകാരം, രാജ്യദ്രോഹക്കുറ്റത്തിനു മാത്രമേ യു.എസ്. പൗരത്വമുള്ളവരെ നാടുകടത്താന്‍ സാധിക്കുകയുള്ളു. നിയമം അനുസരിക്കാനുള്ളതാണ് ഏതു വിഭാഗത്തിനുമെന്നതാണ് അടിസ്ഥാനപരമായി ഓര്‍ത്തിരിക്കേണ്ട സംഗതി.

അടുത്തതായി നാം നമ്മോടുതന്നെ ചോദിക്കേണ്ട ചോദ്യം നാട്ടില്‍നിന്നും മടങ്ങുമ്പോള്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഗേജില്‍ ഉള്‍പ്പെടുത്തുന്നത് അത്യാവശ്യമാണോ എന്നുള്ളതാണ്. ഇന്ത്യന്‍ സ്റ്റോറുകള്‍, ആമസോണ്‍, കോസ്റ്റ്കോ തുടങ്ങിയ ഹോള്‍സെയില്‍ ക്ലബ്ബുകള്‍ ഇവിടെയെല്ലാം നാട്ടില്‍ കിട്ടുന്ന എല്ലാ സാധനങ്ങളും ലഭ്യമാണെന്നുള്ളതാണ് എന്‍റെ അനുഭവം. നാട്ടിലെ വിലയ്ക്ക് അവ ഇവിടെ കിട്ടുകയില്ലെന്നുള്ളതും അംഗീകരിക്കുന്നു. ഇന്ത്യന്‍ സ്റ്റോറില്‍ ചെല്ലമ്പോള്‍ അവയുടെ വിലയെ ഇന്ത്യന്‍ രൂപയിലാക്കി ഗുണിക്കുന്നതാണ് നമ്മുടെ ഒരു വീക്നെസ്. ഏതായാലും നാട്ടല്‍ പോകുന്നുണ്ട് അപ്പോള്‍ കഴിയുന്നിടത്തോളം കൊണ്ടുപോരാം അങ്ങനെ പോകും നമ്മുടെ ചിന്താഗതി. അത് സ്വാഭാവികം മാത്രം. പക്ഷെ ഇവിടെ ലാന്‍ഡു ചെയ്യുന്നതിനു മുമ്പ് കസ്റ്റംസ് ക്ലിയറന്‍സിനുള്ള അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ഭക്ഷണവസ്തുക്കള്‍ ഉണ്ടോ എന്ന് കോളത്തില്‍ ഇല്ലെന്ന് ടിക് ചെയ്യുന്നത് ഇനിമുതല്‍ സൂക്ഷിച്ചുവേണം എന്ന് മാത്രം ഓര്‍മ്മപ്പെടുത്തുകയാണ് ഈ കുറിപ്പിന്‍റെ ഉദ്ദേശം. ഇതുവരെ ഇല്ലെന്നു ടിക് ചെയ്തവരുടെ ബാഗുകള്‍ അവര്‍ റാന്‍ഡം പരിശോധനയിലൂടെ കണ്ടത്തിയാല്‍ അവ നീക്കം ചെയ്യുകയും ചെറിയ തുക പിഴയിടുകയുമായിരുന്നു പതിവ്. ബാക്ടീറിയ പോലുള്ള അപകടകാരികളായ അണുക്കളുടെ വ്യാപനം തടയുന്നതിനാണ് ഈ നിയമമെന്നത് നാം ഓര്‍ക്കണം. സാഹചര്യം മാറി ഇനി എന്താണ്, ഏതാണ് എന്ന് ആര്‍ക്കറിയാം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടിവരികയില്ല.

ഇന്ത്യന്‍ റെയില്‍വേയുടെ Less Luggage, More Comfort’ എന്ന ആപ്തവാക്യം ഇവിടെ ഓര്‍ക്കാം.

കൂറ്റന്‍ കച്ചവട സ്ഥാപനങ്ങളോടും ഓണ്‍ലൈന്‍ ഭീമന്മാരോടും കിടപിടിക്കുവാന്‍ പാടുപെടുന്ന, നമ്മുടെ ബിസിനസ് മാത്രം ലക്ഷ്യമിട്ട്, ജീവിതമാര്‍ഗ്ഗമായി ആരംഭിക്കുന്ന ഇന്ത്യന്‍ സ്റ്റോറുകളെ നിലനിര്‍ത്തേണ്ടത് നമ്മുടേയും കൂടി ഉത്തരവാദിത്തമാണെന്നും ഈ അവസരത്തില്‍ നമുക്കോര്‍ക്കാം.

രചന : വർഗീസ് പ്ലാമൂട്ടിൽ
അവതരണം : സുധീർ സുലൈമാൻ.

You may also like

Leave a Comment