Wednesday, October 7, 2026
Home Articlesഖസാക്കോർമ്മകളും ഒരു തസ്രാക്ക് യാത്രയും..

ഖസാക്കോർമ്മകളും ഒരു തസ്രാക്ക് യാത്രയും..

മുബഷിറ നസ്‌റിൻ 

by News Desk
0 comments

പാലക്കാട്‌ വഴി യാത്ര ചെയ്യുമ്പോഴൊക്കെയും പ്രദേശത്തിന്റെ കാവൽക്കാരെ പോലെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കരിമ്പനക്കൂട്ടങ്ങളെ കാണുമ്പോൾ ആ കണ്ണടമുഖമാണ് ഓർമ്മയിൽ തെളിയുന്നത്. തസ്രാക്ക് എന്ന ഒരു കൊച്ചു പാലക്കാടൻ ഗ്രാമത്തെ മലയാളികളെയൊന്നാകെ പരിചയപ്പെടുത്തിയ ഒ വി വിജയനെ.

ഒ വി വിജയൻ എന്ന എഴുത്തുകാരനെ എക്കാലവും അടയാളപ്പെടുത്താൻ സഹായിക്കുന്ന പുസ്തകമാണ് ഖസാക്കിന്റെ ഇതിഹാസം. എത്ര പ്രാവശ്യം വായിച്ചാലും പിന്നെയുമാ വരികളിലേക്ക് തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാന്ത്രികത ഈ പുസ്തകത്താളുകളിൽ അദ്ദേഹം ഒളിപ്പിച്ചു വെച്ചിരുന്നു.വായനക്കാരെയെല്ലാം ആ പുസ്തകത്തിൽ നിന്നും പുറത്തിറങ്ങുന്നത് വരെ ഖസാക്ക് എന്ന ഗ്രാമത്തിൽ, അവിടുത്തെ കഥാപാത്രങ്ങൾക്കിടയിൽ തളച്ചിടുന്ന ഒരു വായനാനുഭവമായിരുന്നു ഖസാക്കിന്റെ ഇതിഹാസം.

എന്റെ വായനകളിൽ ഏറ്റവും മനോഹരമായി എനിക്കനുഭവപ്പെട്ട എഴുത്തുകളിലൊന്നായിരുന്നു ഒ വി വിജയന്റെ ഈ ഇതിഹാസം.ഹൃദയത്തിലേക്ക് വിവർത്തനം ചെയ്ത സ്വകാര്യമായൊരു ദേജാവു. അതായിരുന്നു എനിക്ക് ഈ “ഇതിഹാസരചന “.

ഖസാക്കിന്റെ ഇതിഹാസം വായിച്ച് ഏറെ നാൾ കഴിഞ്ഞാണ് അത് എഴുത്തുകാരന്റെ സാങ്കല്പിക ഗ്രാമമല്ലെന്നറിഞ്ഞത്. അതേ തുടർന്നുള്ള അന്വേഷണങ്ങൾക്കൊടുവിലാണ് തസ്രാക്ക് എന്ന വിജയനോർമ്മകൾ നിറഞ്ഞ കുഞ്ഞുഗ്രാമത്തെ കുറിച്ചറിഞ്ഞത്. പിന്നീടങ്ങോട്ട് ആ ഗ്രാമം നേരിൽ കാണാനുള്ള ത്വരയായിരുന്നു ഉള്ളു നിറയെ.ഏറെ നാളത്തെ ആഗ്രഹങ്ങൾക്കും ഒരു അവധിദിന കാത്തിരിപ്പിനുമൊടുവിലാണ് തസ്രാക്കിനെ വായിച്ച നാൽവർ സംഘത്തിനൊപ്പം പാലക്കാട്ടേക്ക് ആനവണ്ടി കയറിയത്.

കരിമ്പനപ്പട്ടകളിൽ കാറ്റുപിടിക്കുന്ന ഒരു ഈറൻ നനവാർന്ന വൈകുന്നേരത്തിലാണ് അവിടെ എത്തിയത്. നോവലിൽ അദ്ദേഹം വരച്ചിട്ട കാറ്റു വന്നുലക്കുമ്പോൾ പരസ്പരം രഹസ്യം പറയുന്ന കരിമ്പനക്കൂട്ടങ്ങളും, അറ്റംകാണാവയൽപച്ചയും, ചിലമ്പിച്ച മയിൽ ശബ്ദങ്ങളും എന്തിനേറെ രവിയുടെ ഞാറ്റുപുരയും അള്ളാപ്പിച്ച മൊല്ലാക്കയുടെ പള്ളിയുമെല്ലാം ഇന്നും”ഖസാക്കിന്റെ ഇതിഹാസ സ്മാരകങ്ങളായി” നമുക്ക് തസ്രാക്കിൽ കാണാവുന്നതാണ്.

വിജയൻ സാറിന്റെ എഴുത്തുകളിലൂടെ മലയാളിഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ കഥാപാത്രശില്പങ്ങളും, അദ്ദേഹത്തിന്റെ പ്രശസ്ത കാർട്ടൂണുകളും പുസ്തകമോർമ്മകളും ഒരുപാട് ഓർമ്മചിത്രങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ സ്മാരകവും അവിടെ പ്രദർശിപ്പിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററിയും മലയാളി വായനക്കാരുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ദൃശ്യാനുഭവങ്ങളാണ്.

ഏറെ കൊതിച്ച ആ തസ്രാക്ക് ദിവസത്തിൽ നിന്നും തിരിച്ചു പോരുമ്പോഴും, ദൂരെയെവിടെയോ അകലെ കരിമ്പനകൾ തലയുയർത്തി നിൽക്കുന്ന ആരും കാണായിടത്ത് ഏതെങ്കിലും കരിമ്പനച്ചുവട്ടിലിരുന്ന് ഒരിക്കലും മഷി വറ്റാത്ത തൂലിക കൊണ്ട് അദ്ദേഹം ഖസാക്കിനൊരു രണ്ടാം ഭാഗമെഴുതുകയായിരുന്നുവെങ്കിലെന്ന്  ഞാൻ വെറുതെ കൊതിച്ചു. അദ്ദേഹത്തിന്റെ കാലടിപ്പാടുകൾ ഇവിടെ നിന്നും മാഞ്ഞു പോയിരിക്കാമെങ്കിലും അത് അമരുമ്പോഴുണ്ടായ നേർത്ത ഇരമ്പം ഇന്നും ഈ വഴികൾ ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ടാവും. തീർച്ച.

ഖസാക്കോർമ്മകളും ഒരു തസ്രാക്ക് യാത്രയും..
മുബഷിറ നസ്‌റിൻ 

You may also like

Leave a Comment