Home Articlesമലയാറ്റൂരിൻ്റെ “യക്ഷി” മനുഷ്യ മനസ്സിൻ്റെ ദുരൂഹ യാത്ര

മലയാറ്റൂരിൻ്റെ “യക്ഷി” മനുഷ്യ മനസ്സിൻ്റെ ദുരൂഹ യാത്ര

മുബഷിറാ നസ്‌റിൻ

by admin
0 comments

മാജിക് റിയലിസവും സൈക്കോളജിയും ഇഴ ചേർന്നിരിക്കുന്ന മലയാറ്റൂർ രാമകൃഷ്ണന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ് “യക്ഷി”. പാലപ്പൂമണമുള്ള രാത്രികളിലൂടെ മനുഷ്യരക്തം ഊറ്റിക്കുടിച്ച് ഒഴുകി നടക്കുന്ന നിശാസഞ്ചാരികളായ ആളുകൾ നോവലുകളിലൂടെയും സിനിമലളിലൂടെയെല്ലാം കണ്ടു പരിചയിച്ച അറുപതുകളിലാണ് ഒരേ സമയം മനോഹരവും ഭയാനകവുമായ യക്ഷി സങ്കല്പത്തെ മനഃശാസ്ത്രത്തിന്റെ പുറംചട്ടക്കുള്ളിലൊതുക്കി മലയാറ്റൂർ വായനക്കാർക്ക് മുന്നിൽ തുറന്നു വെച്ചത്.

കോളേജ് അധ്യാപകനായ ശ്രീനിവാസൻ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് നോവൽ തുടക്കം മുതൽ ഒടുക്കം വരെ സഞ്ചരിക്കുന്നത്. 

കോളേജ് ലാബിൽ വെച്ച് നടന്ന ഒരു ആസിഡ് അപകടത്തിൽ അദ്ദേഹത്തിന് മുഖത്തിന്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെടുകയും അതോടെ സ്നേഹിച്ചിരുന്ന പെൺകുട്ടി അകലുകയും ചെയ്തതോടെ ഇദ്ദേഹം കടുത്ത വിഷാദരോഗത്തിനടിമപ്പെട്ടു.

ഇതേ തുടർന്ന് ചില വിദ്യാർത്ഥികളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നുമെല്ലാം അപമാനവും ഒറ്റപ്പെടലും അനുഭവിക്കേണ്ടിവന്ന സമയത്താണ് ഇദ്ദേഹത്തിന്റെയുള്ളിൽ ഉന്മാദത്തിന്റെ ആദ്യവേരുകൾ അരിച്ചിറങ്ങുന്നത്. ആ സമയത്താണ് ഒരു ഇദ്ദേഹം യക്ഷികൾ എന്ന പ്രഹേളികയുടെ നിലനിൽപ്പിനെ പറ്റി പഠനം നടത്തി തുടങ്ങിയത്.

തന്റെ മുഖത്തെ അഭിമുഖീകരിക്കുമ്പോൾ ആളുകളുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റങ്ങളും പ്രതികരണങ്ങളും ഇദ്ദേഹത്തെ കൂടുതൽ വിഷാദത്തിലേക്ക് തള്ളിവിട്ടു. ഇതേ തുടർന്നുണ്ടായ അതികഠിനമായ അപകർഷതാ ബോധത്തിനോടുവിലാണ് ഇദ്ദേഹത്തിന് ലൈംഗികശൈത്യം ബാധിക്കുന്നത്.

യാദൃശ്ചികമായി ഇദ്ദേഹത്തെ പരിചയപ്പെടുകയും സ്നേഹത്തിന്റെ കെടാവിളക്കുമായി ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുകയും ചെയ്ത പെൺകുട്ടിയാണ് രാഗിണി. എന്നാൽ അപ്പോഴേക്കും ഇദ്ദേഹം ഉന്മാദത്തിലേക്ക് വഴുതി വീണിരുന്നു.

സാധാരണയായി ഇത്തരമാളുകൾ മാനസികമായി പ്രതിരോധം തീർക്കുന്നത് പങ്കാളിയെ ഏതെങ്കിലും രീതിയിൽ സംശയിച്ചു കൊണ്ടായിരിക്കും. ശ്രീനിയും അതു പോലെയായിരുന്നു. ഒരു സാധാരണ പെൺകുട്ടിയായ രാഗിണിയെ അയാളുടെ മനസ്സ് യക്ഷിയായി സങ്കല്പിച്ചു. ഈ സങ്കല്പത്തിനാക്കം കൂട്ടാൻ യക്ഷികളെ കുറിച്ചുള്ള ഗവേഷണത്തിലൂടെ പഠിച്ചെടുത്ത കാര്യങ്ങൾ അയാളുടെ ഉന്മാദമനസ്സ് അയാളുടെ തലച്ചോറിൽ ഊട്ടിയുറപ്പിച്ചു.

രാഗിണിയുടെ അതീവ സൗന്ദര്യം, സമൃദ്ധമായ കാർകൂന്തൽ എന്നീ ‘യക്ഷിയടയാളങ്ങൾക്ക്’ പുറമേ അവളുടെ പാദങ്ങൾ നിലം സ്പർശിക്കുന്നില്ലെന്നും പാലപ്പൂമണമുള്ള രാത്രികളിൽ അയാൾ തന്റെ ജാരനായ ഗന്ധർവനെ കാത്തിരിക്കുന്നവളാണെന്നും അയാളുടെ ഉന്മാദമനസ്സ് അയാളെ പറഞ്ഞു പഠിപ്പിച്ചു.

പൂർണമായും ഉന്മാദാവസ്ഥയിലെത്തിയ ഒരു വ്യക്തിയുടെ മിഥ്യാധാരണകളാലും മിഥ്യാദർശനങ്ങളാലും ശ്രീനിവാസൻ എന്ന കഥാപാത്രത്തിന്റെ മനസ്സ് താളം തെറ്റി കുത്തിയൊഴുകുന്നത് വായനക്കാരന് മനസ്സിലാകും. അതുകൊണ്ടു തന്നെ ഭാര്യയായ രാഗിണിയുടെ കൊലപാതകത്തിലേക്ക് അയാളെ നയിച്ച മാനസികാവസ്ഥയും തിരിച്ചറിയാനാകും. രാഗിണിയെ താൻ കൊന്നിട്ടില്ലെന്നും പുകച്ചുരുളുകളായി അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നതാണെന്നും വിലപിക്കുന്ന ഇദ്ദേഹത്തിന്റെ മിഥ്യാധാരണയും വായനക്കാരന് ഉൾക്കൊള്ളാൻ സാധിക്കും.

അതുവരെ എഴുത്തുകാരാരും കടന്നു ചെന്നിട്ടില്ലാത്ത മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക്, മനുഷ്യസ്വപ്നങ്ങളുടെ ഉറവിടങ്ങളിലേക്ക്, ഉന്മാദാവസ്ഥയിലുള്ള ഒരാളുടെ ചിന്തകളുടെ ഉള്ളറകളിലേക്ക് ഒക്കെ വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന നോവലാണ് യക്ഷി. അതുകൊണ്ടു തന്നെയാണ്  എഴുതപ്പെട്ട് അൻപതിലേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പലരുടെയും ഇഷ്ടപുസ്തകങ്ങളുടെ പട്ടികയിൽ ഈ നോവൽ ഇടം പിടിക്കുന്നത്.

മലയാറ്റൂരിന്റെ ഈ നോവലിനെ ആസ്‌പദമാക്കിയാണ് 1968ൽ കെ എസ് സേതുമാധവന്റെ സംവിധാനത്തിൽ സത്യൻ, ശാരദ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച യക്ഷി എന്ന സിനിമ പുറത്തിറങ്ങിയത്.

പിന്നീട് അകം എന്ന പേരിൽ രണ്ടായിരത്തി പതിനൊന്നിൽ ഫഹദ് ഫാസിലും അനുമോളും യക്ഷിയെയും ശ്രീനിയെയും സ്‌ക്രീനിൽ പുനരവതരിപ്പിക്കുകയുണ്ടായി. ശാലിനി ഉഷാ നായർ എന്ന സംവിധായികയുടേതായിരുന്നു ആ ഉദ്യമം.

മലയാറ്റൂരിൻ്റെ “യക്ഷി” മനുഷ്യ മനസ്സിൻ്റെ ദുരൂഹ യാത്ര
രചന : മുബഷിറാ നസ്‌റിൻ

You may also like

Leave a Comment