Home Articlesനഷ്ടസ്വപ്നങ്ങളുടെ “ഇന്നലെ”കൾ: ഒരു പത്മരാജൻ ക്ലാസ്സിക്.

നഷ്ടസ്വപ്നങ്ങളുടെ “ഇന്നലെ”കൾ: ഒരു പത്മരാജൻ ക്ലാസ്സിക്.

മുബഷിറ നസ്‌റിൻ

by admin
0 comments

ഉള്ളു പൊള്ളിയടരുന്ന നീറ്റലോടെ കണ്ടുതീർത്ത സിനിമകൾ ഒരുപാടുണ്ട് ഇഷ്ടചിത്രങ്ങളുടെ പട്ടികയിൽ. എന്തുകൊണ്ടോ ശുഭപര്യവസായിയായി അവസാനിക്കുന്ന സിനിമകളെക്കാളും ഉള്ളിലൊരു ചെറു മുറിവെങ്കിലും കോറിയിട്ട് അവസാനിക്കുന്ന സിനിമകളോടായിരുന്നു എനിക്ക് കൂടുതൽ പ്രിയം. ആ മുറിവുകളുടെ നീറ്റലിലായിരിക്കും ആ സിനിമകൾ എക്കാലവും ഞാൻ ഓർത്തിരിക്കുന്നത്. അത്തരത്തിൽ ഒരു ഉണങ്ങാമുറിവ് ഉള്ളിൽ കോറിയിട്ടുകൊണ്ട് അവസാനിച്ച് ഇന്നും ഒരു ചെറു വിങ്ങലോടെ ഓർമ്മിക്കുന്ന സിനിമയാണ് “ഇന്നലെ.”

സഹയാത്രികരെല്ലാം മരണപ്പെട്ട ഒരു തീർത്ഥാടനബസ് യാത്രയിൽ നിന്നും അദ്ഭുതകരമാം വിധം രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു പെൺകുട്ടിയായിരുന്നു ഗൗരി.

എന്നാൽ ജീവൻ തിരിച്ചുപിടിക്കാൻ പറ്റിയ ഗൗരിക്ക് തന്റെ ഓർമ്മകളെ അതുപോലെ കൈപ്പിടിയിൽ ഒതുക്കാനായില്ല. 

ആക്സിഡന്റിൽ തലക്കേറ്റ ക്ഷതം മൂലം അവളുടെ ഓർമ്മ പൂർണമായും നഷ്ടപ്പെട്ടു. വീണുടഞ്ഞ പളുങ്കുഡപ്പിയിൽ നിന്നും നാനാഭാഗത്തേക്കും ചിതറിപ്പോയ വളപ്പൊട്ടുകളെ പോലെ അവളുടെ തലയിൽ നിന്നും പൂർവകാല ഓർമ്മകൾ ചിതറി തിരിച്ചു കിട്ടാത്ത വിധം എങ്ങോ അപ്രത്യക്ഷമായി.

തന്റെ കഴിഞ്ഞുപോയ ദിവസങ്ങളിലെ ആളുകളെയോ സ്ഥലങ്ങളെയോ എന്തിന് സ്വന്തം പേരുപോലും അവളുടെ ഓർമ്മകളിൽ നിന്നും മാഞ്ഞുപോയി. ഒരർത്ഥത്തിൽ മരണത്തോളം തന്നെ ഭീകരമായ അവസ്ഥയാണത്.

നമ്മളെ  സ്നേഹിച്ചവരെ, നമ്മൾ സ്നേഹിച്ചവരെ അവരുടെ പേരോ മുഖമോ പോലും ഓർത്തെടുക്കാൻ പറ്റാത്തത് മരണതുല്യമല്ലാതെ മറ്റെന്താണ്..? 

ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലാതെ അനാഥാലയത്തിൽ നിന്നും വളർന്ന പെൺകുട്ടി ആയതുകൊണ്ടുതന്നെ അവളുടെ മുഖം വെച്ച് കൊടുത്ത പത്ര പരസ്യങ്ങളൊന്നും തന്നെ പ്രയോജനപ്പെട്ടില്ല. അവളിലേക്കെത്താനുള്ള ചൂണ്ടുപലകയുമായി ഒരു ഫോൺകോൾ പോലും അവളെ അന്വേഷിച്ചെത്തിയില്ല.

അപ്പോൾ ജനിച്ച ഒരു കുഞ്ഞിനെ പോലെ ശൂന്യമായ മനസ്സുമായി നിന്ന അവൾക്ക് ഒരു പുതിയ പേര് സമ്മാനിച്ചത് അയാളായിരുന്നു. ശരത്.. അവളെ ചികിത്സിക്കുന്ന ഡോക്ടർ സന്ധ്യയുടെ മകൻ. 

ഒറ്റക്കാവുന്ന പെൺമനസ്സ് ഒരു അലസമായ പൂവള്ളി പോലെയാണ്. അതിന് താങ്ങ് കിട്ടുന്ന വൃക്ഷങ്ങളിലേക്ക് അത് തീർച്ചയായും പടർന്നു കയറാൻ ശ്രമിക്കും.

അതുപോലെയായിരുന്നു ഗൗരിയും. ഏറെക്കാലമായി സ്വന്തം സ്വത്വത്തെ പോലുമറിയാതെ ഓർമ്മകളിൽ പിടിവള്ളി പോലെ ഏതെങ്കിലും മനുഷ്യ മുഖങ്ങളോ പേരുകളോ എങ്കിലും കിട്ടുമോയെന്ന് പരാതി പരാജയപ്പെട്ട് ഒറ്റപ്പെട്ട പോലെ കഴിഞ്ഞിരുന്ന അവളുടെ നിറം മങ്ങിയ ജീവിതത്തിലേക്ക് സ്നേഹത്തിന്റെ വർണ്ണവസന്തം സമ്മാനിച്ച് കടന്നു വന്നയാളായിരുന്നു ശരത്.

ആരും തേടിവരാത്ത, തേടിപ്പോകാനാരുമില്ലാത്ത ആ “ആർക്കുമറിയാപെൺകുട്ടിയെ ” ജീവിതത്തിലേക്ക് കൈ പിടിച്ചു കൂട്ടാൻ തീരുമാനിച്ച ശരത് അവൾ അപകടത്തിന് മുമ്പ് ഒരു മാസത്തോളം മറ്റൊരാളുടെ ഭാര്യ ആയിരുന്നെന്ന് അറിയുന്നത് അവരുടെ വിവാഹനിശ്ചയത്തിന്റെ തലേ ദിവസമായിരുന്നു.

എങ്കിലും ശരത് ഈ വിവരമൊരിക്കലും അവളെ അറിയിക്കാൻ ആഗ്രഹിച്ചില്ല. അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന, താൻ മനസ്സാ വരിച്ചു കഴിഞ്ഞ ആ പെൺകുട്ടിയെ എന്ത് കാരണം കൊണ്ടും വിട്ടുകൊടുക്കാൻ അയാൾ തയ്യാറായില്ല.

അവളോടുള്ള അഗാധമായ സ്നേഹം ശരതിനെ തീർത്തും സ്വാർത്ഥനാക്കി മാറ്റുകയായിരുന്നു. സ്നേഹത്തോളം വലിയ സ്വാർത്ഥത ഭൂമിയിൽ തന്നെ വേറെയില്ലല്ലോ..

എന്നാൽ മായയോട് (ഗൗരിയോട് )ശരത്തിനുള്ള അതേ സ്നേഹം തന്നെയായിരുന്നു നരേന്ദ്രനും അവളോട് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് അവളുടെ ഓർമ്മപ്പൊട്ടുകളെല്ലാം തന്നെ മാഞ്ഞുപോയെന്നറിഞ്ഞിട്ടും ഒരു തുകൽപേഴ്സിൽ തങ്ങളുടെ വിവാഹചിത്രങ്ങളുമായി അയാൾ തന്റെ നഷ്ടപ്പെട്ടുപോയ സ്നേഹത്തെ തിരക്കി വന്നത്.

അവളുടെ ഓർമ്മകൾ എത്ര തന്നെ നശിച്ചെന്ന് പറഞ്ഞാലും തന്നെ കണ്ടാൽ, തന്റെ സ്വരം കേട്ടാൽ അവളുടെ ഒഴുകിപ്പോയ ഓർമ്മകളെല്ലാം തിരിച്ചൊഴുകി വരും എന്ന പൂർണ വിശ്വാസത്തോടെയായിരുന്നു അയാൾ ശരത്തിനെ കണ്ടതും തനിക്ക് ഗൗരിയെ കാണണമെന്ന ആവശ്യമുന്നയിച്ചതും.

നരേന്ദ്രന്റെ വരവിൽ നീരസം പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ ശരത് നരേന്ദ്രനെ ഗൗരിയുടെ മുന്നിലെത്തിക്കാൻ നിർബന്ധിതനായി.

“മായ നിങ്ങളവളുടെ ഭർത്താവാണെന്ന് പറഞ്ഞാൽ ആ നിമിഷം അവൾ നിങ്ങളുടെയായിരിക്കും “എന്ന ഉറപ്പിന്മേലാണ് ശരത് നരേന്ദ്രനെ അവളുടെ മുന്നിലെത്തിച്ചത്.

ഒരേ പെൺകുട്ടിക്ക് വേണ്ടി മിടിക്കുന്ന ഹൃദയവുമായാണ് അവർ രണ്ടുപേരും ആ വീട്ടിൽ കയറിയതും അവളെ എതിരേറ്റതും. 

എന്നാൽ നരേന്ദ്രൻ കരുതിയത് പോലുള്ള അദ്ഭുതമൊന്നും സംഭവിച്ചില്ല. അയാളെ കണ്ടപ്പോഴും ശരത്തിന്റെ സുഹൃത്തെന്ന നിലയിൽ കാപ്പിയെടുക്കാൻ അടുക്കളയിലേക്ക് പോയപ്പോഴും അവളിപ്പോ ശരത്തിന്റെ മായ മാത്രമാണെന്നും അവൾക്കിനി തന്റെ ഗൗരിയിലേക്ക് ഒരിക്കലുമൊരു തിരിച്ചുപോക്കില്ലെന്നും അയാൾ വേദനയോടെ മനസ്സിലാക്കി.

ഗൗരിക്ക് പിറകെ സന്തോഷാധിക്യത്തോടെ അടുക്കളയിലേക്ക് പോയ ശരത് ഷർട്ടിൽ അവളുടെ ചുംബനപ്പാടുമായി വന്ന് ആഹ്ലാദത്തോടെ “നിങ്ങളുദ്ദേശിച്ച പെൺകുട്ടി ഇവളല്ല അല്ലേ..?”എന്ന് ചോദിക്കുമ്പോൾ നരേന്ദ്രൻ അവളെ കാണിക്കാനായി കൊണ്ടുവന്ന അവരുടെ കല്യാണഫോട്ടോകൾ തിരികെ വെക്കുകയായിരുന്നു.

അല്ലെന്ന് തലയാട്ടി ലോകത്തിൽ വെച്ചേറ്റം പരാജിതനെ പോലെ തിരിച്ചു നടക്കുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായിരുന്നു. അയാൾക്ക് രുചിപരിചിതമായ ചായയുമായി അവൾ വരും മുമ്പേ ദൂരേക്ക്… ഈ ലോകത്ത് ഒറ്റക്കായി പോകുന്ന ഒരാൾക്ക് പോകാവുന്നത്രയും ദൂരേക്ക് അയാൾ പോയിരുന്നു.

വാസന്തിയുടെ ജനനം” എന്ന തമിഴ് നോവലിനെ ആസ്‌പദമാക്കി പത്മരാജൻ സംവിധാനം ചെയ്ത ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി വന്നത് ജയറാം, ശോഭന, സുരേഷ് ഗോപി എന്നിവരാണ്. ഇതിൽ പ്രേക്ഷകരുടെ ഉള്ളു നോവിച്ചു കൊണ്ട് കടന്നുപോവുന്ന സുരേഷ്ഗോപി അവതരിപ്പിച്ച നരേന്ദ്രൻ എന്ന കഥാപാത്രത്തിനാണ് കൂടുതൽ ജനസ്വീകാര്യത ഉള്ളത്.

ഒരു പത്മരാജൻ ക്ലാസിക് എന്നതിലുപരി എക്കാലവും പ്രേക്ഷകരുള്ള, ചർച്ച ചെയ്യപ്പെടുന്ന ഒരു കവിത പോലെ മനോഹരചിത്രമാണിത്.

നഷ്ടസ്വപ്നങ്ങളുടെ “ഇന്നലെ”കൾ: ഒരു പത്മരാജൻ ക്ലാസ്സിക്.
മുബഷിറ നസ്‌റിൻ

You may also like

Leave a Comment